വെള്ളിത്തിരയിൽ വന്നുപോകുന്ന ചില കഥാപാത്രങ്ങൾക്ക് അധികം സീനുകൾ ഒന്നും വേണമെന്നില്ല പ്രേക്ഷക മനസ്സിൽ ഇടം നേടാൻ. പറയാൻ പോകുന്നത് ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ ഒരു സിനിമയിലെ ഒരു ഗാനത്തിൽ മുഖംമൂടി വെച്ച് തൻ്റെ നൃത്ത ചുവടുകൊണ്ട് ഇന്നും ആളുകൾ ഓർക്കുന്ന തരത്തിൽ ശ്രദ്ധ നേടിയ ഒരു ഡാൻസറെ പറ്റിയാണ്.
90 കളുടെ ഒടുവിലും 2000 ങ്ങളുടെ തുടക്കത്തിലുമായി സംവിധായകൻ കമൽ ഒരുപിടി യുവ നടന്മാരെയും നടികളെയും കൂട്ടി കുറച്ചു ക്യാമ്പസ് ചിത്രങ്ങൾ ഒരുക്കിയത് എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. യുവാക്കളെ ഹരം കൊള്ളിക്കുന്ന ഗാനങ്ങളും അവയ്ക്ക് ഇണങ്ങുന്ന ചടുല നൃത്തച്ചുവടുകളും ഈ ചിത്രങ്ങളുടെ വിജയത്തിന് നിർണായകമായിരുന്നു.
കമലിൻ്റെ ഈ ശ്രേണിയിലുള്ള ചിത്രമായിരുന്നു 2003ൽ പുറത്തിറങ്ങിയ നമ്മൾ. നമ്മളിലെ അന്നത്തെ ഏറേ തരംഗമായിരുന്ന രാക്ഷാസീ ( എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി) എന്ന ഗാനത്തിൽ രാക്ഷസിയായി വേഷംകെട്ടി മുഖംമൂടി ഇട്ട് വന്ന് ഡാൻസ് ചെയ്ത നടൻ, അതിൽ ഒരു സീനിൽ സെക്കൻഡുകൾ മാത്രം മുഖം കാണിച്ച ആ മികച്ച നർത്തകൻ ആരാണ് എന്ന് ചോദിച്ചു നമ്മുടെ ഗ്രൂപ്പിൽ 20 വർഷത്തിനു ശേഷം ഒരു പോസ്റ്റ് വരിക എന്നത് കൗതുകം ഉണ്ടാക്കിയ ഒന്നായിരുന്നു. പോസ്റ്റിനു താഴെ നിമിഷങ്ങൾക്കകം ഉത്തരം വന്നു. പലരിൽ നിന്ന്. അദ്ദേഹത്തിൻ്റെ ഭാര്യ തന്നെ നേരിട്ട് വന്നു. ജിനോ വർഗീസ് എന്നായിരുന്നു ഉത്തരം!! ഡാൻസർ മാത്രമായി സിനിമകളിൽ വന്ന ഒരാളെ പറ്റി ആവേശപൂർവം ഒരുപാട് ആളുകൾ കമൻ്റ് ചെയ്യുന്നത് കണ്ടപ്പോൾ എന്നാൽ ആളെ പറ്റി കൂടുതൽ അറിയണമല്ലോ എന്ന് ഉറപ്പിച്ചു ഫെയ്സ്ബുക്ക് മെസ്സഞ്ചരിൽ ഒരു സന്ദേശം അങ്ങ് കൈമാറി. അദ്ദേഹം വളരെ താല്പര്യത്തോടെ വിശേഷങ്ങൾ പങ്കുവെച്ചു.
JINO-WITH-WIFE.jpg
ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ ജിനോ വര്‍ഗീസ് ' ഫൂട്ട് ലൂസേഴ്‌സ് ' എന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാൻസ് ട്രൂപ്പിൻ്റെ ചെങ്ങന്നൂർ ചാപ്റ്ററിലെ അംഗം ആയിരുന്നു. ഇതുവഴിയാണ് സിനിമയിൽ എത്തിയതും. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലെ ശീർഷകഗാനത്തിലാണ് ജിനോ ആദ്യമായി ഡാൻസർ ആയി സിനിമയിൽ വേഷമിടുന്നത്.
നമ്മളിലെ രാക്ഷസി ആയി വേഷമിടുന്നത് ആകസ്മികമായാണ്. വേറൊരു ഡാൻസർ മാസ്ക്ക് ഇല്ലാതെ ചെയ്യേണ്ട വേഷമായിരുന്നു അത്. പക്ഷേ സംവിധായകൻ കമലും നിർമ്മാതാവ് ഡേവിഡ് കാച്ചപള്ളിയും പുറത്തുപോയപ്പോൾ രാക്ഷസിയുടെ മാസ്ക് കാണുകയും അത് ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. മാസ്കിന് അനുയോജ്യമായ ഉടുപ്പ് കൂടി തയ്യാറാക്കി വന്നപ്പോൾ അതണിഞ്ഞ് ചുവടുവെയ്ക്കാൻ ഉള്ള നിയോഗം ജിനോയ്ക്ക് ലഭിച്ചു.
rakshasi nammal.png
വളരെ മനോഹരമായി ഡാൻസ് ചെയ്യുകയും രാക്ഷസിയുടെ ചില തമാശകൾ അവതരിപ്പിക്കുകയും ചെയ്ത ജിനോയ്ക്ക് ഏതാനും സെക്കൻഡുകൾ മാസ്ക് മാറ്റി തൻ്റെ മുഖം ക്യാമറയിൽ കാണിക്കാൻ അവസരം സംവിധായകൻ നൽകി. അതിനെ പറ്റി ജിനോ തന്നെ പറയുന്നത് ഇങ്ങനെ: ' രാക്ഷസിയുടെ വേഷം അണിഞ്ഞാൽ പിന്നെ ഏറേ നേരം മൂത്രം പോലും ഒഴിക്കാൻ കഴിയാതെ അതിൽ തന്നെ ചൂടോക്കെ സഹിച്ചു നിന്ന് വളരെ കഷ്ടപ്പെട്ടാണ് പാട്ട് ചിത്രീകരിച്ചത്. ഈ കഷ്ടപ്പാട് മനസ്സിലാക്കിയ കമൽ സാർ തന്നെയാണ് മുഖം കാണിക്കാൻ ഉള്ള സജഷൻ വെച്ചതും.'
ആയിരത്തിൽ ഒരുവൻ, ഫ്രീഡം, റെയിൻ റെയിൻ കം എഗൈൻ തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ ഡാൻസർ ആയി വേഷമിട്ടിട്ടുണ്ട് ജിനോ.
ജിനോ നിലവിൽ ഭാര്യ ഷെറിനോടോപ്പം കുടുംബസമേതം ന്യൂസിലാൻഡിൽ ആണ് താമസം. ഡാൻസ് രംഗത്ത് നിന്നും ചെറിയൊരു ഇടവേളയിൽ ഉള്ള ജിനോ ഉടൻ തിരിച്ചു വരവ് പ്രതീക്ഷിക്കാം എന്നും ഉറപ്പ് നൽകുന്നു.