പ്രതാപ് പോത്തൻ പറഞ്ഞു, എ ആർ റഹ്മാൻ സംഗീത സംവിധായകനായി

Cafe Special

1992-ൽ 'റോജ' എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവൻ ഒരു തരംഗമായി മാറി എ ആർ റഹ്മാൻ്റെ സംഗീതം. അതിന് പിന്നിൽ ചെറുതല്ലാത്ത ഒരു പങ്ക് പ്രതാപ് പോത്തനും ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അതൊരു യാഥാർത്ഥ്യം ആണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യൻ സംഗീത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന മ്യൂസിക് ബ്രാൻഡ് ആയിരുന്നു മാഗ്നസൗണ്ട്. മാഗ്നസൗണ്ടിലെ ഒരു സുഹൃത്ത് പറഞ്ഞാണ് അന്ന് ദിലീപ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന എ ആർ റഹ്മാനെക്കുറിച്ച് അറിയുന്നത്. അക്കാലത്ത് റഹ്മാൻ സംഗീതം നൽകിയ ചില പരസ്യങ്ങൾ കാണാനിടയായ പ്രതാപ് പോത്തൻ നാഗാർജുനയെ നായകനാക്കി താൻ സംവിധാനം ചെയ്യാൻ പോകുന്ന 'ചൈതന്യ' എന്ന തെലുങ്ക് സിനിമയുടെ സംഗീത സംവിധായകനായി റഹ്മാനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു. പക്ഷേ ഇളയരാജ തന്നെ വേണമെന്ന നിർമ്മാതാക്കളുടെ നിർബന്ധത്തിന് വഴങ്ങി പ്രതാപ് പോത്തന് ആ തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു.

ആയിടയ്ക്കായിരുന്നു സംവിധായകൻ മണിരത്നം തൻ്റെ വീട്ടിൽ വച്ച് ഒരു അത്താഴവിരുന്ന് നടത്തിയത്. അവിടെ വച്ച് പ്രതാപ് പോത്തൻ ഈ പുതിയ സംഗീത പ്രതിഭയെക്കുറിച്ച് മണി രത്നത്തോട്  സൂചിപ്പിച്ചു. ദളപതിക്ക് ശേഷം ഇളയരാജയുമായി പിണങ്ങി നിന്നിരുന്ന മണിരത്നം തൻ്റെ അടുത്ത  സിനിമയ്ക്കായി പുതിയ സംഗീത സംവിധായകനെ അന്വേഷിച്ച് കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. ആ പ്രോജക്ട് നിർമ്മിക്കുന്ന ബാലചന്ദറും ഇളയരാജ തൻ്റെ സിനിമയിൽ വേണ്ട എന്ന തീരുമാനം എടുത്തിരിക്കുകയായിരുന്നു. എല്ലാം കൊണ്ടും കൃത്യമായ സമയത്താണ് പ്രതാപ് പോത്തൻ മണി രത്നത്തോട് റഹ്മാനെക്കുറിച്ച് പറഞ്ഞത്. അതിന് ശേഷം റഹ്മാൻ സംഗീതം നൽകിയ പരസ്യ ചിത്രങ്ങൾ മണിരത്നം കാണുകയും അതിൽ ആകൃഷ്ടനാവുകയും ചെയ്തു. ഇതും കഴിഞ്ഞാണ് പരസ്യചിത്ര സംവിധായാകനായ ത്രിലോകിൻ്റെ ഒരു പാർട്ടിയിൽ വച്ച് മണിരത്നം എ ആർ റഹ്മാനെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. അങ്ങനെ റഹ്മാൻ്റെ സിനിമാ പ്രവേശത്തിൽ ചെറുതല്ലാത്തതും പരോക്ഷവുമായ ആയ ഒരു പങ്ക് പ്രതാപ് പോത്തനുണ്ട്. 

എന്തുകൊണ്ട് ഇക്കാര്യം എവിടെയും പറഞ്ഞില്ല എന്ന് ഒരു സ്വകാര്യ സംഭാഷണത്തിൽ ചോദിച്ചപ്പോൾ പ്രതാപ് പോത്തൻ്റെ മറുപടി ഇതായിരുന്നു "റഹ്മാൻ്റെ പേര് മണിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു എന്ന ചെറിയൊരു കാര്യമേ ഞാൻ ചെയ്തുള്ളൂ...റഹ്മാനെ ഇൻട്രൊഡ്യൂസ്  ചെയ്യാനുള്ള അവസരം എനിക്ക് നഷ്ടമായി എന്നത് സത്യം.. പക്ഷേ മണി റഹ്മാൻ്റെ പ്രതിഭ മനസ്സിലാക്കുകയും നിർമ്മാതാക്കൾ ആയ കവിതാലയയെ അത് ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുകയും ചെയ്തു"

അല്ലെങ്കിലും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ മുമ്പൻ ആയിരുന്നു പ്രതാപ് പോത്തൻ. ഛായാഗ്രാഹകൻ പി സി ശ്രീറാം ശ്രദ്ധ നേടിയത് തന്നെ പ്രതാപ് പോത്തൻ്റെ 'മീണ്ടും ഒരു കാതൽ കതൈ' സിനിമയിലൂടെ ആണ്. തെലുങ്ക് സിനിമയായ 'ചൈതന്യ'യിലൂടെ രാജീവ് മേനോനെ സ്വതന്ത്ര ഛായാഗ്രാഹകൻ ആക്കി മാറ്റിയതും പ്രതാപ് പോത്തൻ തന്നെ. സലിം ഗൗസ് എന്ന മികച്ച അഭിനേതാവിനെ 'വെട്രി വിഴാ' സിനിമയിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലേക്ക് കൊണ്ടു വന്നു. സച്ചിൻ ടെണ്ടുൽക്കറിനെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിച്ചു. എന്തിന് പറയുന്നു? തമിഴ് ചാനൽ ആയ കലൈഞ്ജർ ടി.വി - യിലെ 'നാളെയ ഇയക്കുനർ' എന്ന പരിപാടിയിലെ പ്രധാന ജൂറി അംഗം എന്ന നിലയിൽ പ്രതാപ് പോത്തൻ തെരഞ്ഞെടുത്ത, പ്രോത്സാഹിപ്പിച്ച എത്ര പേരാണ് ഇന്ന് സിനിമയുടെ മുൻനിരയിൽ ഉള്ളത് എന്നത് മാത്രം നോക്കിയാൽ മതി. നടന്മാരായ വിജയ് സേതുപതി, ബോബി സിംഹ, സംവിധായകർ കാർത്തിക് സുബ്ബരാജ്, അൽഫോൺസ് പുത്രൻ, നളൻ കുമാരസ്വാമി, ബാലാജി ധരണീധരൻ... 

"ഇതൊന്നും പറഞ്ഞു നടക്കാൻ മാത്രം വലിയ കാര്യം ഒന്നുമല്ല" എന്ന് പറഞ്ഞു കണ്ണിറുക്കി ചിരിക്കുന്ന പ്രതാപ് പോത്തൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആയിരുന്നത് ഇങ്ങനെയൊക്കെ കൂടിയാണ്.

Relates to: 
പ്രതാപ് പോത്തൻ