നല്ല ബെസ്റ്റ് പെണ്ണാ അണ്ണാ ഞാൻ കണ്ടിട്ടുണ്ട് !

Trivia

ഉർവശി തിയറ്റേഴ്സിന്റെ നാടകം സിനിമയാക്കുകയാണെന്ന ഉറപ്പിൽ ഗർവാസീസാശാൻ തന്റെ നാടകത്തിലെ നായികയെ സിനിമയിൽ നായികയായി കൊടുക്കാമെന്ന് പറഞ്ഞ് സന്ധ്യാവിനെ വിളിക്കുന്നതും ഇത്  കേൾക്കുന്ന പൊന്നപ്പനായ ഇന്ദ്രൻസ് സന്ധ്യാവ് ആശാന്റെ കസ്റ്റഡിയിൽത്തന്നെ ഉള്ള പെണ്ണാണെന്നും ബെസ്റ്റ് പെണ്ണാണെന്നും മുകേഷിന്റെ ഗോപാലകൃഷ്ണനോട് വച്ച് കാച്ചുന്നതും നമ്മൾ കാണുന്നു.

അവസാനം സന്ധ്യാവ് താടിയും മീശയും വച്ച ഹരിശ്രീ അശോകന്റെ രൂപത്തിൽ ജനലിനരികെ വന്ന് നിന്ന് പൊന്നപ്പനെയും ഗോപാലകൃഷ്ണനെയും ഞെട്ടിപ്പിക്കുന്നതും കാണികൾ ചിരിച്ച് മറിയുന്നതും രസകരമാണ്. 

സന്ധ്യാവെന്ന് എങ്ങനെയാണൊരു ആണിനു പേരു വരിക എന്ന് ചിന്തിച്ചവർക്ക് ഒരുത്തരം ആയിരിക്കുകയാണ്. m3dbയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ സുനിൽ കുമാർ തുടക്കമിട്ട ഉറുമീസ് തമ്പാൻ ചർച്ചയിൽ സിദ്ധിഖ്-ലാൽ നാടകക്കമ്പനികളിൽ സന്ധ്യാവെന്ന പേരുള്ള ഒരാളെ കണ്ടിരുന്നു എന്ന്  അഭിപ്രായമുയർന്നെങ്കിലും ഡേവിഡ് മളാട്ടിന്റെ കമന്റിലൂടെയാണ് സന്ധ്യാവിനൊരു പുണ്യാള ചരിത്രമുണ്ടെന്ന കൗതുകം വ്യക്തമാവുന്നത്. ക്രിസ്തുവിന്റെ ശിഷ്യനായ യാക്കോബാ ശ്ലീഹക്ക് സ്പാനിഷിൽ വിളിക്കുന്ന പേരായിരുന്നു സാന്റിയാഗോ, അതാണ് സന്ധ്യാപുണ്യാളനും സന്ധ്യാവുമൊക്കെ ആയിമാറുന്നത്. 

യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിലെ പ്രധാനിയായൊരു ശിഷ്യനും അപ്പോസ്തലനുമായിരുന്നു യാക്കോബ് ശ്ലീഹാ. സുവിശേഷങ്ങളെഴുതിയ യോഹന്നാൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്. ഇദ്ദേഹം സെബദി പുത്രനായ യാക്കോബ് എന്നും 'വലിയ യാക്കോബ്' (James the Great അഥവാ James the Elder) എന്നും അറിയപ്പെടുന്നു. മറ്റൊരു യാക്കോബ് കൂടി അപ്പോസ്തല സംഘത്തിൽ ഉണ്ടായിരുന്നതിനാലും ഇവരിൽ പ്രധാനി സെബദി പുത്രനായ ഈ യാക്കോബായിരുന്നതിനാലുമാവാം 'വലിയ യാക്കോബ്' എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നത്.

സ്പെയിന്റെ അപ്പോസ്തലനും പിതാവുമായി അറിയപ്പെടുന്നതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കപ്പെട്ടതും സൂക്ഷിക്കപ്പെട്ടതും സ്പെയിനിലെ  ഗലീസിയയിൽ സാന്റിയാഗോ ഡി കൊമ്പോസ്റ്റെലയിലാണ്. സ്പെയിനിൽ സാന്റിയാഗോ എന്ന പേര് കൊച്ചിയിൽ വിളിപ്പേരുകൾ ലോപിച്ച് സന്ധ്യാപുണ്യാളനെന്നും സന്ധ്യാവെന്നുമൊക്കെ ആയി മാറി. 

Relates to: 
മാന്നാർ മത്തായി സ്പീക്കിംഗ്
Comment