നായകനെ കാണാതെ അയാളുടെ പാട്ട് മാത്രം കേട്ടുകൊണ്ട് അയാളുമായി മുട്ടൻ പ്രണയത്തിൽ വീഴുന്ന നായിക! അതാണ് സുഖമോദേവി എന്ന ചിത്രത്തിലെ "ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ..." എന്ന ഗാനം. ശങ്കർ അവതരിപ്പിച്ച നന്ദനും, നന്ദനെ പ്രണയിച്ച ദേവിയെ അവതരിപ്പിച്ച ഉർവശിയും. ഒരു പാട്ടു കൊണ്ട് നായകനിൽ പൂർണ്ണമായി അനുരക്തയാകുന്ന നായികയെ സംവിധായകൻ വേണു നാഗവള്ളി വളരെ കൃത്യമായി ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
അനുജൻ ക്ഷണിച്ചിട്ടും റസിഡൻസ് അസോസിയേഷന്റെ ഗാനമേളക്ക് പോകാതെ വീട്ടിലിരിക്കുകയാണ് ദേവി. പാട്ട് തുടങ്ങുമ്പോൾ കാണിക്കുന്നത് നന്ദൻ സ്റ്റേജിൽ പാടുന്നതാണെങ്കിലും ഉടനെതന്നെ അത് കട്ട് ചെയ്തു കാണിക്കുന്നത് വീടിന്റെ ബാൽക്കണിയിൽ നിന്ന് ആ ആലാപനത്തിന്റെ മാസ്മരഭാവത്തിൽ മയങ്ങുന്ന ദേവിയെയാണ്. "വാ കിളിമകളേ..." എന്ന വരികൾ അവൾക്കുള്ള വിളിയായാണ് അവൾ സ്വീകരിക്കുന്നത്. ആ ഗന്ധർവ്വസ്വരത്തിൽ മയങ്ങി ഗന്ധർവ്വബാധയേറ്റ യുവതിയെ പോലെ ദേവി ആ ഗാനത്തിൻറെ ശ്രോതസ്സിന് അടുത്തേക്ക് നടന്നടുക്കുകയാണ്. ഏഴു സാഗരങ്ങളും ഏറ്റുപാടുന്ന ആ രാഗപ്രവാഹത്തിലേക്ക് കണ്ണനെ തേടുന്ന രാധയെ പോലെ ദേവി നടന്നടുക്കുന്നതായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. പാറക്കെട്ടുകളിൽ വീണടിയുന്ന തിരമാലകളും, സംഗീത ഉപകരണങ്ങളും, ദിവ്യമായ സംഗീതത്തെ ഉപാസിക്കുന്നവരും, നർത്തകരും ഒക്കെയാണ് സീനിൽ വരുന്നത്. ദേവി തേടി പോകുന്നത് സംഗീതത്തെ തന്നെയാണ്. പാട്ടിന്റെ ചരണം തുടങ്ങുന്നതിനുമുൻപ് ഗാനമേള നടക്കുന്ന മൈതാനത്തിന്റെ മതിലിനു പുറത്തുനിന്നും ദേവി ദൂരെ സ്റ്റേജിൽ പാടുന്ന നന്ദനെ ആദ്യമായി കാണുകയാണ്. നായികക്ക് ഏറ്റവും പ്രിയപ്പെട്ട പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂരക്കാഴ്ച പോലെയായിരുന്നു അതെന്നാണ് സംവിധായകൻ ചിത്രീകരിക്കുന്നത്. മതാതീതമാണ് സംഗീതത്തിന്റെ സാർവലൗകികത എന്നതിനെ എടുത്തുപറയാനായി ക്രിസ്ത്യൻ ചർച്ചിന്റെയും മുസ്ലിം പള്ളിയുടെയും ഇമേജറികൾ പാട്ടിൽ ചേർത്തിട്ടുണ്ട്.
പ്രണയം ദേവിയുടെ ഉള്ളിൽ കയറി കഴിഞ്ഞു. അത് തുറന്നു പറയാൻ പറ്റുന്നുമില്ല. അതിനാൽ തന്നെ അവൾ നന്ദനെ അവഗണിക്കുകയാണ്, അവനോട് ഉടക്കുകയാണ്. ഉർവശി മനോഹരമായി ഈ ഭാഗങ്ങൾ ചെയ്തിരിക്കുന്നു. ശ്രീലതികകൾ മൂളി കൊണ്ടാണ് ദേവി വീട്ടിലെ കോണിപ്പടി ഇറങ്ങി വിസിറ്റിംഗ് റൂമിലേക്ക് വരുന്നത്. അനിയന്റെ കൂടെ വന്ന നന്ദൻ അമ്മയോട് സംസാരിച്ചിരിക്കുന്നതാണ് അവൾ കാണുന്നത്. ദേവിയും അത്യാവശ്യം പാടുമെന്ന് അമ്മ പറയുന്നു.
നന്ദൻ: ഇന്നലെ പാട്ട് കേട്ടിരുന്നോ?
ദേവി: ഞാൻ ഇവിടെ ഇരുന്നു കേട്ടു (കള്ളം!). എനിക്ക് ഗാനമേളക്കാരെ പുച്ഛമാണ്. ചുമ്മാ യേശുദാസിന്റെ പാട്ട് അതുപോലെ അനുകരിച്ച് പാടും. എന്നാ പിന്നെ റേഡിയോ വച്ചാൽ പോരെ...
ഡോക്ടർ അങ്കിൾ (സോമൻ) ആവശ്യപ്പെട്ടപ്രകാരം സൈക്യാട്രിക് അസോസിയേഷന്റെ പ്രോഗ്രാമിൽ നന്ദനും ദേവിയും യുഗ്മഗാനം പാടേണ്ടതായി വരുന്നു. റിഹേഴ്സലിൽ നന്ദനോട് സഹകരിക്കാത്ത ദേവിയെയാണ് നാം കാണുന്നത്. ഒരുമിച്ച് പാടേണ്ട ഡ്യുവറ്റ് ഒരുമിച്ച് പ്രാക്ടീസ് ചെയ്യാൻ പറ്റില്ല എന്നും മെയിൽ വോയ്സ് ഹാർമോണിയത്തിൽ വായിച്ചാൽ മതി എന്നും ദേവി. റിഹേഴ്സൽ ക്യാമ്പിൽ ദേവിയുമായുള്ള വാക്തർക്കത്തിന് ശേഷം നന്ദൻ ഭക്ഷണം കഴിക്കാതെ ഇറങ്ങുന്നു. പ്രോഗ്രാമിന് തൊട്ടുമുമ്പ് ദേവി താൻ പാടുന്നില്ല എന്ന് ബോംബ് പൊട്ടിക്കുന്നു! ഒടുവിൽ ടെൻഷനടിച്ച് നിൽക്കുന്ന നന്ദനോട് ദേവി തന്റെ പ്രണയം തുറന്നുപറയുകയാണ്...
മനോഹരമായ കവിതയാണ് ഒഎൻവി കുറുപ്പ് ഇതിനായി എഴുതിയിരിക്കുന്നത്. പാട്ടിൽ പറഞ്ഞ പോലെ കനകലിപികളിൽ എഴുതിയ കവിത. രേവതി രാഗത്തിൽ പല കർണാട്ടിക് കൃതികളും തില്ലാനകളും ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ സംഗീതപരമായി അവയെക്കാളൊക്കെ മികച്ചുനിൽക്കുന്നു രവീന്ദ്രന്റെ ഈ കമ്പോസിംങ്. സിനിമാപാട്ട് എന്ന് മുദ്രകുത്തിയതുകൊണ്ട് മാത്രമാണ് ഇത്തരം കൃതികളൊന്നും കച്ചേരികളിൽ പാടാത്തത്.
https://youtu.be/lit5cg12-7c https://m3db.com/lyric/9969
By: Kishor kumar
Attachment | Size |
---|---|
IMG_20210330_125124.jpg | 60.02 KB |