ഒരു വ്യത്യസ്ത സിനിമാ പരസ്യം

Albums

ആദ്യകാല മലയാള  സിനിമാ പരസ്യങ്ങളിൽ വ്യത്യസ്തമായി പ്രയോഗിച്ചു കണ്ട ഒരു പരസ്യമാണ് "വിശപ്പിന്റെ വിളി" എന്ന സിനിമയുടേത്. 

 

ഈ സിനിമ ഇറങ്ങിയ സമയത്ത് ഇതിന്റെ Call of Hunger എന്ന ഇംഗ്‌ളീഷിലെ പേരും ഇതിനോടൊപ്പം പരസ്യം ചെയ്യപ്പെട്ടിരുന്നു. ആദ്യകാല ചിത്രങ്ങളിൽ ബോക്സ് ഓഫീസ് വിജയം നേടിയതിനാൽ ഈ ചിത്രം തമിഴിലേക്ക് റീമേക്കും ചെയ്യപ്പെട്ടു. ശേഷം തെലുങ്കിൽ ഡബ്ബിംഗ് വേർഷനും ഇറക്കി. അമ്പതിൽപ്പരം നാടകങ്ങളും കഥകളിയുമുൾപ്പടെ എഴുതിയ മുതുകുളം രാഘവൻ പിള്ളയുടെ രചനയിൽ മോഹൻ റാവു സംവിധാനം ചെയ്ത ചിത്രമാണ് ഈ വിധം പരസ്യം ചെയ്യപ്പെട്ടത്. 

Call of Hunger എന്ന് പരസ്യം ചെയ്തിരുന്ന ഈ സിനിമയ്ക്ക്, പ്രേംനസീറിന്റെ രണ്ടാമത്തെ ചിത്രം, ജോസ്പ്രകാശ് ആദ്യമായി പാടി റിലീസ് ചെയ്യപ്പെട്ട സിനിമ എന്നീ പ്രത്യേകതകൾ കൂടിയുണ്ട്.  പിന്നീട് പ്രശസ്തയായിത്തീർന്ന അംബിക ഒരു നർത്തകിയായി അരങ്ങേറ്റം കുറിച്ചതും ഈ സിനിമയിലാണ്.

പ്രശസ്ത സിനിമാ നിരൂപകനായിരുന്ന സിനിക്ക്, പ്രേംനസീറിനെപ്പറ്റി അന്ന് ഇങ്ങനെയെഴുതി:

"പ്രത്യേകം പറയേണ്ടൊരു മേന്മയാണ് പ്രേം നസീറിന്റെ സമുചിതഭാവാവിഷ്കരണവും നീട്ടിവലിച്ച് അലങ്കോലപ്പെടുത്താത്ത സംഭാഷണ  രീതിയും. ആ ചെറുപ്പക്കാരന്റെ മുഖത്തു നിന്നും മൈനർച്ഛായ മാഞ്ഞുപോയിട്ടില്ല, ഇനിയും പ്രായപൂർത്തി വന്ന്, തെല്ല് പൌരുഷം കൂടി കൈവന്നാൽ പ്രേം നസീർ മലയാളചലച്ചിത്രവേദിയിലെ ഗണനീയനടന്മാരിൽ ഒരാളാകാനിടയുണ്ട്"

 

Relates to: 
വിശപ്പിന്റെ വിളി
മുതുകുളം രാഘവൻ പിള്ള