m3dbcafe യിൽ ചാക്കോച്ചനൊപ്പം

Interviews

1981 ൽ ഇറങ്ങിയ ‘ധന്യ‘ സിനിമയിലെ ബാലതാരമായിട്ടുള്ള ചെറുവേഷത്തിൽ തുടങ്ങി, 1997 ൽ ലെ സൂപ്പർ ഹിറ്റ് 'അനിയത്തിപ്രാവ്‘ലൂടെ മലയാളിയുടെ മനസിലേക്ക് ചോക്ലേറ്റ് ഹീറോ ആയി ചേക്കേറിയ കുഞ്ചാക്കോ ബോബൻ എന്ന നമ്മുടെ സ്വന്തം ചാക്കോച്ചൻ. ഇന്ന് 41 വർഷങ്ങൾക്കിപ്പുറം റഫ് & ടഫ് ആയ നായകവേഷങ്ങളുടെ പുതിയ പാതയിലൂടെ സഞ്ചരിച്ച് നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാവും, ചാക്കോച്ചൻ നായകനും നിർമ്മാതാവും ആയി ഓഗസ്റ്റ് 12നു റിലീസ് ആവാൻ പോകുന്ന ‘ന്നാ താൻ കേസ് കൊട്‘.

m3dbcafe യുടെ ലോഞ്ചിനോട് അനുബന്ധിച്ച് കുഞ്ചാക്കോ ബോബനുമയി നടത്തിയ ഈ അഭിമുഖത്തിൽ നിന്നും അറിയാം ചാക്കോച്ചനേക്കുറിച്ചും സിനിമയെക്കുറിച്ചും കൂടുതൽ വിശേഷങ്ങൾ...

m3db യുടെ ഡേറ്റാബേസിൽ നിന്നും തുടങ്ങട്ടെ... m3db യിൽ രേഖപ്പെടുത്തിയിരിക്കുന്ന ചാക്കോച്ചൻ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് നോക്കിയാൽ ചാക്കോച്ചൻ്റെ പേരിലുള്ള നൂറാമത്തെ സിനിമയാവും ‘ന്നാ താൻ കേസ് കൊട്“. അങ്ങനെ എണ്ണം അറിയാമോ?

ചാക്കോച്ചൻ: 99 മത്തെ സിനിമയാണ് ‘ന്നാ താൻ കേസ് കൊട്‘. റിലീസ് ആയ പടങ്ങൾ എന്നത് വച്ചല്ല, അഭിനയിച്ച സിനിമകളുടെ എണ്ണം നോക്കിയാൽ 99 ആമത് വരുന്ന സിനിമ ആയിരിക്കും ‘ന്നാ താൻ കേസ് കൊട്‘. ഇതിനിടക്ക് ‘മായാമോഹിതചന്ദ്രൻ‘ പോലെ റിലീസ് ആവാത്ത ഒന്ന് രണ്ട് പടങ്ങളും ഉണ്ട്. ഷൂട്ട് തുടങ്ങാത്തത് കൂടി കൂട്ടിയാൽ 100ൽ കൂടുതൽ ആയേക്കാം.

ചാക്കോച്ചൻ ഒരു കാലഘട്ടത്തിലെ ഞങ്ങളുടെ ചോക്ലേറ്റ് ഹീറോ ആയിരുന്നു. ആ ചോക്ലേറ്റ് ഹീറോയിൽ നിന്നും ഉണ്ടായ മാറ്റം (അതും ഗംഭീരമായ മാറ്റം) സ്വയം തീരുമാനിച്ചെടുത്തതാണോ? അതോ അതിൽ കുടുംബത്തിൽ ഉള്ളവരുടെ പ്രത്യേകിച്ച് പ്രിയയുടെ കൂടി ഇൻവോൾമെൻ്റ് ഉണ്ടോ?

ചാക്കോച്ചൻ: സ്വയം എടുത്ത തീരുമാനങ്ങൾ ഉണ്ട്... പ്രിയയുടെ അഭിപ്രായങ്ങളുണ്ട്... സ്വഭാവികമായി സംഭവിക്കുന്ന പരിണാമങ്ങൾ ഉണ്ട്... ഇങ്ങനെ പല ഘടകങ്ങൾ ഉണ്ടിതിനു പിന്നിൽ. പിന്നെ പ്രായം ഒരു വലിയ ഘടകമാണ്. പ്രായം കൂടുന്നതിനനുസരിച്ച് നമ്മളിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് വിധേയനായി ചോക്ലേറ്റ് എന്നതിൽ നിന്ന് മാറി, രൂപത്തിലും ഭാവത്തിലും ഉണ്ടായ മാറ്റങ്ങൾക്കനുസരിച്ച് വളരെ കമ്മിറ്റഡ് ആയിട്ട് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച് എടുത്ത തീരുമാനമാണ്.

ഇങ്ങനെ ഒരു മാറ്റത്തിന് ശ്രമിക്കുമ്പോൾ ആളുകൾ പഴയതുപോലെ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായില്ലേ?

ചാക്കോച്ചൻ: സമയമെടുക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. എനിക്കുണ്ടായിരുന്ന ഒരു ഇമേജിനെ ബ്രെയ്ക്ക് ചെയ്ത് മുന്നോട്ട് പോകുക എന്നത് അത്ര എളുപ്പമല്ലാ എന്ന് അറിയാമായിരുന്നു. അതിനുള്ള സമയം കൊടുക്കണം, അതുപോലെ എഫ്ഫർട്ട് എടുക്കണം... ഹാർഡ് വർക്കും കമ്മിറ്റ്‌മെൻ്റും ഉണ്ടാവണം എന്നൊക്കെ അറിയാമായിരുന്നു. ഒപ്പം അതിനുള്ള ഒരു പാഷൻ കൂടി ഉണ്ടാവണം. അതെല്ലാം മനസിലാക്കികൊണ്ടുള്ള തിരിച്ച് വരവിൽ, കൃത്യമായ സമയാസമയങ്ങളിൽ അതിനുവേണ്ടി ആഗ്രഹിക്കുകയും വർക്ക് ചെയ്യുകയും ചെയ്ത്, അങ്ങനെയാണ് ഇപ്പോൾ 99 മത്തെ സിനിമയിറങ്ങുമ്പോൾ ഒരു താരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്തിയിട്ടുള്ളത്.

കുഞ്ചാക്കോ ബോബൻ എന്ന നടൻ എത്രത്തോളം ഈ മാറ്റത്തിൽ വിജയിച്ചു എന്നാണ് തോന്നുന്നത്?

ചാക്കോച്ചൻ: ഇതിലെനിക്ക് റിലീഫും, സന്തോഷവും അഭിമാനവും, മുന്നോട്ടുള്ള യാത്രക്കുള്ള ഊർജ്ജവും തരുന്നത്, ഒരു സിനിമ കണ്ടിട്ട് ആളുകൾ അതിൽ ചാക്കോച്ചനെ അല്ലാ കണ്ടത്, അതിലെ കഥാപാത്രത്തെയാണ് കണ്ടത് എന്ന് പറയുന്നത് കേൾക്കുമ്പോൾ ആണ്. അപ്പോൾ ഒരു പരിധിവരെ വിജയിച്ചു എന്നാണെൻ്റെ വിശ്വാസം.

1999ൽ ചന്ദാമാമ ഇറങ്ങിയപ്പോൾ അതിലെ പാട്ടും ഡാൻസുമാണ് സിനിമയേക്കാൾ കൂടുതൽ ജനഹൃദയങ്ങളിൽ കയറിക്കൂടിയത്. എവിടെപ്പോയി മലയാളത്തിലെ എക്കാലത്തേയും മികച്ച ആ സ്റ്റാർ ഡാൻസർ? ആ ഡാൻസറെ വീണ്ടും ക്യാമറക്ക് മുന്നിൽ കൊണ്ടുവരാൻ തോന്നാറില്ലേ?

ചാക്കോച്ചൻ: ഞാൻ ഒരു ട്രയിൻഡ് ഡാൻസറല്ലാ എന്നതാണ് എനിക്ക് ആദ്യമേ പറയാനുള്ളത്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എൻ്റെ അമ്മൂമ്മയുടെ നിർബന്ധത്താൽ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയതാണ്. പക്ഷേ അതിനുശേഷം അതിലേക്ക് നോക്കിയിട്ടേയില്ലാ. പിന്നെ കോളേജിൽ ആയിരിക്കുമ്പോ ഡാൻസ് എൻജോയ് ചെയ്യുമായിരുന്നു. പക്ഷെ ക്ലാസികൽ ഡാൻസ് മറന്നിരുന്നു. ബ്രേക് ഡാൻസൊക്കെ ഇഷ്ടമായിരുന്നു... ആസ്വദിക്കുമായിരുന്നു. അതിൻ്റെ ഒരു പ്രതിഫലനമാവാം നല്ല പാട്ടുകളുടെ ഒക്കെ ഒപ്പം എത്തിയപ്പോൾ ഒരു നല്ല ഡാൻസർ ആണെന്നുള്ള പേര് വരാനുള്ള കാരണം. അല്ലാതെ ഞാൻ ഒരിക്കലും ആ രീതിയിലുള്ള ഡാൻസ് അഭ്യസിച്ചിട്ടൊന്നുമില്ലാ.

ഒരുപക്ഷെ, ഡാൻസിനു പ്രാധാന്യമുള്ള ഒരു സിനിമ വന്നേക്കാം. അങ്ങനെ ഒരെണ്ണം ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷെ അതിനുമുൻപ് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ചെയ്യണമെന്നുള്ള നിർബന്ധവുമുണ്ട്.

അപ്പോൾ അങ്ങനെ ഒരു സിനിമ ഉടൻ ഉണ്ടെന്നല്ലേ ഉദ്ദേശിച്ചത്?

ചാക്കോച്ചൻ: യെസ് യെസ്... അങ്ങനെ ഒരുസിനിമക്കുള്ള രൂപരേഖ ഒക്കെ ആയി വരുന്നുണ്ട്. അത് കറക്റ്റ് ആയിട്ട് ലാൻഡ് ആയാലാണ്, ഈ പറഞ്ഞതുപോലെ പ്രൊജക്റ്റ് ഓണാവുന്നതിന് മുൻപ് ഒരു മൂന്ന് മാസം അതിനനുസൃതമായ രീതിയിലുള്ള, ഏത് സ്റ്റയിൽ ഡാൻസ് ആണെന്നത് നോക്കി ട്രയിനിംഗ് ഒക്കെ ചെയ്യണം.

ന്നാൽ പിന്നെ ഇനി “ന്നാ താൻ കേസ് കൊട്“ ലേക്ക് വരാം...

ഏറെ വ്യത്യസ്തമായ ശരീരഭാഷയും അപ്പിയറൻസുമായിട്ടാണ് ഈ ചിത്രത്തിൽ ചാക്കോച്ചൻ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച് താഴെത്തെ പല്ലുകൾ ഒക്കെ എക്സ്‌ട്രാ വച്ച് മുഖത്തിൻ്റെ രൂപത്തിൽ തന്നെ വ്യത്യാസം ഒക്കെ കാണുന്നു... എന്താണ് സംഭവം?

ചാക്കോച്ചൻ: ജസ്റ്റൊരു വ്യത്യസ്തക്ക് വേണ്ടി, ഒരു മാറ്റത്തിനു വേണ്ടി മാത്രമായിട്ടുള്ള മെയ്ക്ക്-ഓവർ ആവരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. മൊത്തതിൽ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അത് മുഖത്തിൻ്റെ ഷെയ്പ്പായാലും, അയാൾ യൂസ് ചെയ്യുന്ന ഭാഷ ആയാലും, അയാളുടെ ശരീരഭാഷ ആയാൽ പോലും വ്യത്യസ്തത കൊണ്ടുവരാനായിട്ട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ അത് സിനിമക്ക്, കഥക്ക്, കഥാപാത്രത്തിന് ആവശ്യമായ രീതിയിൽ അതിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. അത് ഏറ്റവും നാച്വറൽ ആയിട്ട് വേണമെന്ന നിർബന്ധമുണ്ടായിരുന്നു.

അത് ബോഡി മുഴുവൻ ടാൻ ചെയ്ത്, മുടിയൊക്കെ എണ്ണ തേച്ച് സൈഡിലേക്ക് വകഞ്ഞ്, കുറച്ച് നര ഒക്കെ ആക്കി, താഴത്തെ പല്ല് എക്സ്ട്രാ ഫിറ്റ് ചെയ്ത് കീഴ്ത്താടി കുറച്ച് തള്ളി നിൽക്കുന്ന രീതിയിൽ ആക്കി. പിന്നെ സ്ഥലം പ്ലെയിസ് ചെയ്തിരിക്കുന്നത് കാസർകോട് ആണ്, അതിൻ്റെ ഭൂപ്രകൃതിക്കനുസരിച്ചുള്ള ഒരു ടോണും കാര്യങ്ങളും ഒക്കെയാണ് യൂസ് ചെയ്തിരിക്കുന്നത്.

ഇതിൻ്റെ ടീസർ ഇറങ്ങിക്കഴിഞ്ഞപ്പോൾ ആളുകൾ എന്നെയതിൽ കണ്ട് നല്ലത് പറയുന്നത് കേൾക്കുമ്പോൾ വലിയ ആശ്വാസമാണ്. കാരണം എന്നെ ആ രൂപത്തിലും ശൈലിയിലും ആ സിനിമയിൽ ത്രൂ ഔട്ട് കാണേണ്ടിയിരിക്കുന്നു. അതിൻ്റെ ഒരു ചെറിയ ഫീൽ ആണ് ടീസറിൽ കാണുന്നത്. അതിഷ്ടപ്പെട്ടു എന്നറിയുന്നത് വലിയ ഒരു റിലീഫ് ആണ്. ഈ മാറ്റം ആളുകൾക്ക് ഇഷ്ടമാവും എന്ന ഫീൽ കിട്ടുന്നുണ്ട്.

ടീസറിലും ആടലോടകം സോംഗിൻ്റെ വീഡിയോയിലും ഒരു ചെറുകഥ തന്നെ കാണിച്ചുതരുന്ന ഒരു ട്രീറ്റ് മെൻ്റ് കാണുന്നു...! ?

ചാക്കോച്ചൻ: നമ്മൾ ആ ടീസറിൽ നോക്കിയാൽ കാണാം, ഷട്ടിൽ കളി, വാക്ക് തർക്കം, കൈയ്യാങ്കളി, പിന്നെ അത് കൊലപാതകത്തിലവസാനിക്കുന്നു. ഏകദേശം ആ ഒരു ടോൺ തന്നെയാണ് ത്രൂഔട്ട് സിനിമയിലും പോകുന്നത്. ബ്ലാക് ഹ്യൂമർ ഉണ്ട്, സട്ടയർ ഉണ്ട്, ഹ്യൂമർ ഉണ്ട്, ഡ്രാമയും ത്രില്ലും കാര്യങ്ങളും എല്ലാം പാകത്തിന് ചേർന്ന് ഒരു പക്കാ തിയറ്റർ എക്സ്പീരിയൻസ് തരുന്ന ഒരു എൻ്റർടെയിനർ മൂവി ആയിരിക്കും ‘ന്നാ താൻ കേസ് കൊട്‘. ആടലോടകം പാട്ടിൻ്റെ കാര്യത്തിലും ഇങ്ങനെതന്നെ വളരെ നല്ല വരികളും സംഗീതവുമൊക്കെയാണ്. ആളുകൾ ഇഷ്ടപ്പെടുന്നു എന്നറിയുന്നു.

ആരാണ് ഈ കൊഴുമ്മല്‍ രാജീവന്‍ അല്ലെങ്കില്‍ അംബാസ് രാജീവന്‍ ? ഒരു കള്ളനാണെന്ന് ചീമേനിയിലെ MLA പറഞ്ഞ് കേട്ടു... ശരിയാണോ?

ചാക്കോച്ചൻ: അതെ... ഒരു എക്സ്-കള്ളനാണ്. കളവൊക്കെ നിറുത്തി അത്യാവശ്യം ജോലിയൊക്കെ എടുത്ത് ജീവിക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഒരു ഇഷ്യൂ ഉണ്ടാവുകയും, അത് മന്ത്രിക്കെതിരെ നീങ്ങുന്ന അവസ്ഥ വരെ പോകുകയും ചെയ്യുന്ന ഒരു ലൈനാണ്. സത്യത്തിൽ രാജീവനിലൂടെ ഒരു ശരാശരി മലയാളി ദിവസേന കടന്നുപോകുന്ന പ്രശ്നങ്ങളുടെ ഒക്കെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ സിനിമയിൽ പറയുന്നത്. ദിവസവും പത്രത്തിലൊക്കെ എന്തെല്ലാം വാർത്തകളാണ് കാണുന്നത്... അതൊക്കെ ഹ്യൂമറിൻ്റെ അകമ്പടിയോടെ സംസാരിച്ചുപോകുന്ന, സട്ടയറായിട്ട് വളരെ ശക്തമായിട്ടുള്ള ഒരു അടിത്തറയിലൂടെയാണ് സിനിമ പോകുന്നത്.

MLA യുടെ വീട്ടിലെ കിങ്ങിണിയും പൈങ്കിളിയും ആണ് ഇപ്പോൾ ചീമേനിയിലെ താരങ്ങൾ എന്നും കേട്ടല്ലോ...! എന്താണ് രാജീവൻ്റെ അഭിപ്രായം?

ചാക്കോച്ചൻ: (ചിരിക്കുന്നു...) കിങ്ങിണിയും പൈങ്കിളിയും MLA യുടെ വീട്ടിലെ നായ്ക്കളുടെ പേരാണ്. (വീണ്ടും ചിരിക്കുന്നു..) ഇതിൽ രസകരമായ കാര്യമെന്താണെന്ന് വച്ചാൽ ഈ കഴിഞ്ഞ ദിവസം ഒരു ഇൻ്റർവ്യൂവിന് ചെന്നപ്പോൾ ഇൻ്റർവ്യൂ എടുക്കാൻ വന്ന പെൺകുട്ടിയുടെ പേര് കിങ്ങിണി എന്നായിരുന്നു. “കിങ്ങിണിയെന്നാ പേരെങ്കിൽ സൂക്ഷിക്കണമല്ലോ... കടി കിട്ടാതെ സൂക്ഷിക്കണമല്ലോ...!!“ എന്ന് പറഞ്ഞപ്പോൾ, അതെന്താ അങ്ങനേന്ന് ആ കുട്ടി. ശരിയാണ് ചീമേനിയിൽ അവർ താരങ്ങളാണ്.

പോസ്റ്ററിലെ വാർത്ത കൂടാതെ ആ ടൈറ്റിൽ ശ്രദ്ധിച്ചു കാണുമല്ലോ... തുലാസും കടി കിട്ടീയതും ഒക്കെ കാണാം.

ഞങ്ങൾ ശ്രദ്ധിച്ചിരുന്നു... ടൈറ്റിൽ ഡീകോഡ് ചെയ്ത് m3db യിൽ ഒരു പോസ്റ്റും ഇട്ടിരുന്നു.

ചാക്കോച്ചൻ: ഓഹ് അത് ശരി. അപ്പോൾ നിങ്ങൾ നേരത്തെ ചർച്ച തുടങ്ങിയല്ലേ. സന്തോഷം.

നല്ല സൂപ്പർ ഒരു ടീമാണല്ലോ ഈ സിനിമയിൽ... അതിപ്പോ, രതീഷ് പൊതുവാള്‍ സംവിധാനം മുതൽ ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസ്, ഡോൺ വിൻസൻ്റിൻ്റെ സംഗീതം... നായിക ഗായത്രി ശങ്കർ... എന്തായിരുന്നു എക്സ്പീരിയൻസ്?

ചാക്കോച്ചൻ: രതീഷിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ്റെ കഥ ആദ്യം പറഞ്ഞത് എന്നോടായിരുന്നു. ആ കഥ ചെയ്യാൻ പറ്റാതെ പോവുകയും, പിന്നീട് ആണ് ‘ന്നാ താൻ കേസ് കൊട്‘ ൻ്റെ കഥയുമായി വരുന്നത്. അദേഹത്തിൽ ഭയങ്കരമായ ഒരു നല്ല ഹ്യൂമർ സെൻസ് കാണാൻ സാധിക്കും, അതിപ്പോൾ ആൻഡ്രോയിഡ് ആയാലും, കനകം കാമിനി ആയാലും... കനകം കാമിനി വേറൊരു ടൈപ്പ് ഹ്യൂമർ ആണെങ്കിലും.... അങ്ങനെ ‘ന്നാ താൻ കേസ് കൊട്‘ ലേക്ക് വരുമ്പോൾ എല്ലാവർക്കും മനസിലാവുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഹ്യൂമർ രീതിയിൽ സീരിയസ് വിഷയം കൈകാര്യം ചെയ്യുകയാണ്. പിന്നെ പുള്ളി ഒരു പ്രൊഡക്ഷൻ ഡിസൈനർ ആണ്. കുറെ ആഡ് ഫിലിമിൽ ഒക്കെ വർക്ക് ചെയ്തിട്ടുള്ള ആളാണ്. അപ്പോ അതിൻ്റെ ഒരു ക്വാളിറ്റി ഉണ്ട്. യാതൊരു കാര്യത്തിലും കോമ്പ്രമൈസ് ചെയ്യാൻ തയാറാവാത്ത ഒരാൾ. അതുകൊണ്ട് തന്നെയാണ് രാകേഷ് ഹരിദാസിനെപ്പോലെയുള്ള ബെസ്റ്റ് DOP യെ കൊണ്ട് വരികയും അതിൻ്റെ ഒരു ഭംഗി ഉണ്ടാവുകയും ചെയ്യുന്നത്. അതുമല്ല, ഇതിനിടയിലാണ് പുള്ളി മലയാളി ആണെന്നും, കൂടാതെ ചങ്ങനാശേരി കോളേജിൽ, എൻ്റെ ജൂണിയർ ആയിട്ട് പഠിച്ച ആളാണെന്നുമൊക്കെയുള്ള രസകരമായ ബന്ധങ്ങൾ മനസിലാവുന്നത്.

പിന്നെ ഗായത്രി ശങ്കറിൻ്റെ കാര്യം പറയുകയാണെങ്കിൽ, നമുക്ക് പരിചിതമായിട്ടുള്ള ആള്... നല്ല പല തമിഴ് സിനിമകളുടേയും ഭാഗമായിട്ടുള്ള ഗംഭീര അഭിനേത്രി. തമിഴിൽ നിന്നും മലയാളത്തിൽ അഭിനയിക്കാനെത്തുമ്പോൾ കരുതുന്ന പോലെ ഒരു എക്സാജുറേറ്റഡ് ആയിട്ടുള്ള അഭിനയം ഒന്നുമല്ലാ ഇതിൽ. വളരെ നാച്വറൽ ആയിട്ടുള്ള റിയലിസ്റ്റിക് പെർഫോമൻസാണ് ഗായത്രി ചെയ്തിരിക്കുന്നത്. നമ്മക്ക് വേറൊരാളെ വച്ച് സങ്കൽപ്പിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു പെർഫോമൻസാണ് പുള്ളിക്കാരി ചെയ്തിരിക്കുന്നത്.

ജോതിഷ് ആണിതിൻ്റെ ആർട്ട് ചെയ്തിരിക്കുന്നത്. വളരെ മികച്ച വർക്കാണ് ജോതിഷ് ഇതിൽ ചെയ്തിരിക്കുന്നത്. പിന്നെ പാട്ടുകളുടെ കാര്യം പറഞ്ഞാൽ എല്ലാവർക്കും പാടിനടക്കാൻ പറ്റുന്ന, ആസ്വദിക്കാൻ പറ്റുന്ന മ്യൂസിക്കാണ് ഡോൺ വിൻസൻ്റ് ചെയ്തിരിക്കുന്നത്.

ഇതൊന്നും കൂടാതെ, ജോസ്മോൻ നേരത്തെ ചോദിച്ച എൻ്റെ ചില നൃത്തചുവടുകൾ ഈ സിനിമയിൽ ഇടക്ക് കാണാൻ കഴിയും. അത് കാത്തിരുന്ന് കാണുക. (സൂപ്പർ ചിരി...)

ന്നാ താൻ കേസ് കൊട് സിനിമയിൽ അഭിനയിക്കുന്നതോടൊപ്പം നിർമ്മിക്കാനുമുള്ള തീരുമാനം എങ്ങനെ ഉണ്ടായി?

ചാക്കോച്ചൻ: ഈ കഥ എൻ്റെ അടുത്ത് വന്ന് പറയുമ്പോൾ മുതൽ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. അതിനുശേഷം സിനിമ ഷൂട്ടൊക്കെ ആരംഭിച്ചതിനുശേഷം ഇതിൻ്റെ ബഡ്ജറ്റ് നമ്മൾ വിചാരിച്ചതിനേക്കാൾ വലിയ രീതിയിൽ മുന്നോട്ട് പോയി, ഇത് ഒരു വലിയ സിനിമയായി മാറാൻ തുടങ്ങി. പതിയെ പതിയെ ഞാൻ ഈ സിനിമയേയും കഥാപാത്രത്തേയും വല്ലാണ്ടങ്ങ് ഇഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ, ഞാൻ ഇതിൻ്റെ നിർമ്മാണത്തിൽ പങ്കാളിയാവുന്നതിൽ വിരോധമുണ്ടോ എന്ന് സന്തോഷേട്ടനോട് ചോദിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. സന്തോഷേട്ടനേക്കുറിച്ച് പറഞ്ഞാൽ, അദ്ദേഹം നല്ല സിനിമക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ്. അതുകൊണ്ട് ആ ഒരു അസോസിയേഷൻ വളരെ ഈസിയായിരുന്നു. ഔട്ട്കം എന്താണെന്ന് അറിയില്ലായെങ്കിലും... ഒരു ക്വാളിറ്റി എൻ്റർടെയിൻമെൻ്റ് പ്രൊഡക്റ്റ്, തിയറ്ററുകളിൽ ആളുകൾക്ക് ഇഷ്ടമാവുന്ന രീതിയിൽ വേണം എന്ന നിർബന്ധത്തോടെ, ഒന്നിനും ഒരു കോമ്പ്രമൈസ് ചെയ്യില്ലായെന്നുള്ള ഉറപ്പുമുള്ള ഒരു ടീമുമാണ് കൂടെയുള്ളത് എന്നതൊക്കെ ഒരു ഭാഗ്യമായിരുന്നു.

കരിയറിൽ ആദ്യമായിട്ടാവും ഒരേ സമയം രണ്ട് ഭാഷകളിൽ ചിത്രീകരിക്കുന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത് - രണ്ടകം / ഒറ്റ്... ആ അനുഭവത്തെക്കുറിച്ച് പറയാമോ?

ചാക്കോച്ചൻ: രണ്ടകം / ഒറ്റ്... ബൈലിംങ്വൽ സിനിമയാണ്. ഒരേസമയം രണ്ട് ഭാഷകളിൽ ചെയ്യുന്നു. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുകയാണ്. ഞാൻ ആദ്യമായിട്ട് തമിഴിൽ ചെയ്യാൻ പോകുന്നു. പഴയ രണ്ട് ചോക്ലേറ്റ് നായകന്മാര് അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ത്രില്ലർ എൻ്റർടെയിൻമെൻ്റ് റോഡ് മൂവിയിൽ ഒന്നിക്കുന്നു. എൻ്റെ സിനിമ ജീവിതത്തിൽ നോക്കിയാൽ ബഡ്ജറ്റ് വച്ച് നോക്കുമ്പോൾ അത്യാവശ്യം വലിപ്പമുള്ള സിനിമയാണ് ഒറ്റ്.

ലൊക്കർണോ ഫിലിം ഫെസ്റ്റിവലിൻ്റെ മൽസര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും, ഇൻഡ്യയിൽ നിന്ന് 17 വർഷങ്ങൾക്ക് ശേഷമൊരു സിനിമയും ആണല്ലോ മഹേഷ് നാരായണൻ സംവിധാനം ചെയ്ത "അറിയിപ്പ്"... ആ സിനിമയുടെ ട്രെയിലർ കണ്ടപ്പോൾ ഒരു പാൻ ഇന്ത്യൻ ലുക്കും ഫീലും കിട്ടുന്നുണ്ട്. നിർമ്മാതാവ് എന്ന നിലയിൽ കൂടി എത്രത്തോളം പ്രധാനപ്പെട്ട സിനിമ ആണ് അറിയിപ്പ്?

ചാക്കോച്ചൻ: എൻ്റെ സിനിമാജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് “അറിയിപ്പ്“. രണ്ട് മൂന്ന് കാരണങ്ങളുണ്ട്, ഒന്ന് ‘ഉദയ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രൊഡ്യൂസ് ചെയ്യുന്നത്. രണ്ട്, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യത്തെ സിനിമ. മറ്റൊന്ന്, ഏത് രീതിയിലുള്ള സിനിമയാണോ എടുക്കാൻ ശ്രമിക്കുന്നത് അത് അങ്ങനെ എടുക്കാനും പ്ലെയിസ് ചെയ്യാനും സാധിച്ചു എന്നൊരു സന്തോഷമുണ്ട്. അതായത് ജോസ്മോൻ നേരത്തെ പറഞ്ഞത് പോലെ, ഒരു പാൻ ഇൻഡ്യ ഫീൽ എന്ന വാക്കാണിപ്പോ കൂടുതലും കേൾക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്... പക്ഷെ ഞാൻ ഉദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതും, പാൻ ഇൻഡ്യ എന്നതിൽ നിറുത്താതെ ‘ഗ്ലോബലി‘ എന്ന രീതിയിൽ നമ്മടെ സിനിമ ഇൻ്റർനാഷണൽ തലത്തിലേക്ക് എത്തിക്കാൻ കഴിയുന്ന രീതിയിൽ ടാലൻ്റഡായിട്ടുള്ള ഒരുപാട് പേർ ഇപ്പോൾ മലയാളസിനിമയിൽ ഉണ്ട്. അപ്പോ അങ്ങനെ ‘അറിയിപ്പ്‘ എന്ന സിനിമ വളരെ ഹിസ്റ്ററിയുള്ള ലൊക്കർണോ ഫിലിം ഫെസ്റ്റിവലിൻ്റെ മൽസര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനെ നമ്മുടെ സിനിമയുടെ വളർച്ചയുടെ ഒരു സ്റ്റെപ്പിംഗ് സ്റ്റോണായിട്ട് ഞാൻ കാണുന്നു. ഇറ്റ്സ് ജസ്റ്റ് എ ബിഗനിംഗ്.

ഇതിൻ്റെ ചുവട് പിടിച്ച് തന്നെ ചോദിക്കട്ടെ, ഒരു നടൻ, നിർമ്മാതാവ് എന്നൊക്കെയുള്ള നിലയിൽ, KGF, വിക്രം പോലെയുള്ള ബിഗ് ബഡ്ജറ്റ് പാൻ ഇൻഡ്യൻ സിനിമ മലയാളത്തിൽ ചെയ്യുന്നതിനെക്കുറിച്ച് എന്താണ് ചിന്ത...? അങ്ങനെ വല്ല പ്ലാനും ഉണ്ടോ?

ചാക്കോച്ചൻ: അടുത്ത വർഷം സംഭവിക്കും..!!

സീരിയസിലി...?? കൂടുതൽ എന്തെങ്കിലും പറയാൻ പറ്റുമോ?

ചാക്കോച്ചൻ: യെസ്... സീരിയസിലി അടുത്ത വർഷം ഉണ്ടാവും...!! കൂടുതൽ ഒന്നും പറയാറായിട്ടില്ലാ.

പിന്നെ ഞാൻ നേരത്തെ പറഞ്ഞല്ലോ... കണ്ടൻ്റിൻ്റെ കാര്യത്തിൽ ആയാലും, ടെക്നികിലി ആയാലും ആ രീതിയിൽ അസൂയപ്പെടുത്തുന്ന റിസോഴ്സ് ഇന്ന് മലയാളസിനിമയിൽ ഉണ്ട്. അതുകൊണ്ട് തന്നെ മലയാളത്തിൽ നിന്നും അങ്ങനെ ചിത്രങ്ങൾ ഉണ്ടാവും എന്നതിൽ യാതൊരു സംശയവുമില്ല.

കുറച്ച് കാര്യങ്ങൾ കൂടി...

പഴയ ചോക്ലേറ്റ് ഹീറോയെ മറക്കാത്ത ആരുടെയെങ്കിലും പ്രണയലേഖനങ്ങൾ ഇപ്പോഴും കിട്ടാറുണ്ടോ?

ചാക്കോച്ചൻ: പ്രേമലേഖനങ്ങൾ ഒക്കെ മാറിയില്ലേ? ഇപ്പോ നമ്മക്ക് ഡയറക്റ്റായിട്ട് കോളുകളും വാട്ട്സാപ്പും മെസേജും (ചിരി) സംഭവങ്ങളും ഒക്കെയല്ലേ വരുന്നത്...!!

അപ്പോൾ വരവുണ്ടല്ലേ...?

ചാക്കോച്ചൻ: ഉറപ്പായും.... അത് ഞാൻ പ്രിയയോട് ‘രാമൻ്റെ ഏദൻ തോട്ടം‘ റിലീസ് ആയപ്പോ പറഞ്ഞ ഒരു കാര്യമുണ്ട്. ആ സമയത്ത് ഒരുപാട് വർഷങ്ങൾക്ക് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകൾ എനിക്ക് വന്നു. അപ്പോ ഞാൻ പ്രിയയോട് പറഞ്ഞു... “എന്നെയൊന്ന് ശ്രദ്ധിച്ചോണേ... ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്...“ (പൊട്ടിച്ചിരി).

പിന്നെ, ഞാൻ എന്ന ആളോട് എന്നതിൽ നിന്ന് മാറി, ഞാൻ ചെയ്യുന്ന ആ കഥാപാത്രത്തോട് സ്നേഹം, ഇൻഫറ്റുവേഷൻ എന്ന രീതിയിൽ ഉള്ള ഒരു മാറ്റം വന്നിട്ടുണ്ട്... അത് നല്ലതായി കാണുന്നു.

ഭീമൻ്റെ വഴിയിലെ വേഷമെടുക്കുമ്പോൾ, അതിലെ ചില രംഗങ്ങൾ കാണുമ്പോൾ തൻ്റെ പ്രേഷകർ എങ്ങനെ എടുക്കും എന്ന് ചിന്തിച്ച് ടെൻഷൻ തോന്നിയില്ലേ?

ചാക്കോച്ചൻ: ഹേയ് ഇല്ലാ...! എന്നെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കണമെന്നുണ്ടായിരുന്നു. അതിൻ്റെ ഭാഗമായിട്ട് ശ്രമിച്ചു എന്നതാണ്. അതിൽ ഇന്നത്തെ കാലത്തെ ഡിഫറൻ്റായിട്ടുള്ള കുറെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടല്ലോ. അതിനിടയിൽ എൻ്റെ കഥാപാത്രം അതങ്ങനെ വേണമെന്ന് തോന്നി. അത് നന്നാവുകയും ചെയ്തു.

m3db യുടെ പുതിയ സംഭരംഭമായ m3dbcafe വായനക്കാരോട് എന്തെങ്കിലും...?

കലയേയും കലാകാരന്മാരേയും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുകയും, കലാകാരന്മാരെ ചേർത്ത് നിറുത്തുകയും ചെയ്യുന്ന ഒരു സംരംഭമാകും m3dbcafe എന്നതിൽ സംശയമൊന്നുമില്ല. അതിൽ ഒരുപാട് സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. m3db ഫെയ്സ്ബുക്ക് പേജിലായാൽ പോലും വളരെ ഡിഫറൻ്റ് ആയിട്ടുള്ള കണ്ടെത്തലുകളും ചിന്തകളും ഒക്കെ സിനിമയിൽ നിന്നും മറ്റും കണ്ടെത്തിയവതരിപ്പിക്കുന്നത് സംതിംഗ് കമൻ്റബിൾ തന്നെയാണ്. അതിൻ്റെ തുടർച്ചയും, അതിനേക്കാൾ ബെസ്റ്റ് ആയതുമായ സംഭവങ്ങൾ കഫേയിലും ഉണ്ടാവുമെന്ന് മനസിലാക്കുന്നു. ആശംസിക്കുന്നു.

നന്ദി ചാക്കോച്ചൻ...! “ന്നാ താൻ കേസ് കൊട്“ ഒരു വൻ വിജയമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു.