കലാലയ ജീവിതവും പ്രണയ നഷ്ടങ്ങളും ഗൃഹാതുരത്വവും നിറയുന്ന '4 Years'

Reviews

കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും പ്രണയ നഷ്ടങ്ങളും ഗൃഹാതുരത്വവും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് '4 Years'. മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ്, വർഷം , പ്രേതം തുടങ്ങിയ സിനിമകൾ ഒരുക്കിയ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഈ സിനിമ പ്രിയ വാര്യർ, സാർജനോ ഖാലിദ് എന്നിവർ അവതരിപ്പിക്കുന്ന ഗായത്രി, വിശാൽ എന്നീ കഥാപാത്രങ്ങളുടെ പ്രണയ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. കലാലയ ഗൃഹാതുരതകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്ക് ആ മനോഹര കാലത്തേക്കുള്ള മടങ്ങിപ്പോക്കിന് വഴിതെളിയിക്കുന്ന ഒരു സിനിമ കൂടിയാണ് '4 Years'. എൻജിനീയറിങ് വിദ്യാർത്ഥികളായ വിശാലും ഗായത്രിയുമാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. ഇവരുടെ ക്യാമ്പസ് ജീവിതത്തിലെ അവസാനത്തെ രണ്ടു ദിവസങ്ങളിലെ സംഭവ വികാസങ്ങളാണ് '4 Years' ൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

                      വളരെ സ്വാഭാവികമായ രീതിയിലാണ് സിനിമയുടെ സഞ്ചാരം. പ്രേക്ഷകർക്ക്, പ്രത്യേകിച്ച് കലാലയ ജീവിതം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്ത് ശങ്കർ പൂർണമായി വിജയിച്ചിരിക്കുന്നു എന്ന് പറയാം. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ പൂർണതയ്‌ക്ക്‌ ഏറെ സഹായകമായി.
 നായികാ നായകന്മാരുടെ ജീവിതത്തിലേക്ക് ഫോക്കസ് ചെയ്യപ്പെട്ടിരിക്കുന്ന സിനിമയിൽ അധികം കഥാപാത്രങ്ങളില്ല. പ്രിയ വാര്യർ, സാർജനോ ഖാലിദ് എന്നിവർ തികഞ്ഞ കയ്യടക്കത്തോടെയാണ് തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈകാരികമായ മുഹൂർത്തങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞു. അഭിനേതാക്കൾ കഥാപാത്രങ്ങളായി ജീവിക്കുന്ന തരം സിനിമകളുടെ പട്ടികയിൽ '4 Years' ഇടം പിടിക്കുന്നതിൽ ഇരുവരുടേയും പ്രകടനം സവിശേഷ പരാമർശം അർഹിക്കുന്നു.  

                         വ്യക്തി ബന്ധങ്ങളിലും സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിലുമൊക്കെ കാലാനുസൃത്യമായി ഉണ്ടായ മാറ്റങ്ങൾ കഥാപാത്രങ്ങളിലും കഥാസന്ദർഭങ്ങളിലും കൃത്യമായി പ്രതിഫലിക്കുന്നു. എഴുത്തിലും അവതരണത്തിലും രഞ്ജിത്ത് ശങ്കർ പുലർത്തിയ സൂക്ഷ്മത '4 Years'ൽ ആദ്യാവസാനം പ്രകടമാണ്. പ്രമേയം ആവശ്യപ്പെടുന്ന വേഗത്തിലാണ് സിനിമയുടെ സഞ്ചാരം. കഥാപാത്രങ്ങളുടെ വൈകാരിക തലം കാഴ്ചക്കാർക്ക് കൃത്യമായി അനുഭവവേദ്യമാക്കുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങുമടക്കം സാങ്കേതികവശങ്ങളിലും '4 Years' മികച്ചു നിൽക്കുന്നു.എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന തരം സിനിമ എന്നതിനേക്കാൾ കലാലയ ജീവിതവും സൗഹൃദവും പ്രണയവുമൊക്കെ ഗൃഹാതുര സ്മരണകളായി മനസ്സിൽ സൂക്ഷിക്കുന്നവർക്കും, ജീവിത ഗന്ധിയായ പ്രണയ ചിത്രങ്ങളുടെ ആരാധകർക്കും ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന വിശേഷണമാണ് '4 Years' ന് ചേരുക. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച പ്രണയ സിനിമകളിലൊന്ന് തന്നെയാണ് '4 Years'.

4 Years Official Trailer | Sarjano Khalid, Priya Prakash Varrier | Sankar Sharma | Ranjith Sankar