സൂപ്പർ സെബാസ്റ്റ്യൻ പണ്ടേ സൂപ്പറാ..

Interviews

''നമുക്ക് നമ്മളെ തെളിയിക്കാനോ, എക്‌സ്‌പ്ളോർ ചെയ്യാനോ ഉളള അവസരം കിട്ടിയിരുന്നില്ല. അത് ആരുടെയും കുറ്റമല്ല. അങ്ങനെ ആകാൻ പാകത്തിൽ എത്തിപ്പെടുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ചിലപ്പോ എനിക്ക് ബുദ്ധി ഉദിച്ചത് ഇപ്പോഴായിരിക്കും.'''പുരുഷപ്രേതം' എന്ന സിനിമയിൽ സൂപ്പർ സെബാസ്റ്റ്യന് സൂപ്പർ ഡ്യൂപ്പറായി ജീവൻ നൽകിയ നടൻ പ്രശാന്ത് അലക്സാണ്ടർ പറയുന്നു. സിനിമ റിലീസായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ആളുകൾ ആ എസ്.ഐയുടെ പിന്നാലെ തന്നെയുണ്ട്. ഈഗോയും അഹങ്കാരവും നിസ്സഹായതയും എല്ലാമുള്ള മനുഷ്യജീവിതത്തിൽ നിന്നും ചീന്തിയെടുത്ത സെബാസ്റ്റ്യൻ എന്ന കാരക്ടർ കയ്യടക്കത്തോടെ അവതരിപ്പിച്ചവിധം അവർ കീറി മുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ കൊതിച്ചു കാത്തിരുന്ന് മിന്നിച്ച വേഷത്തെക്കുറിച്ച് രണ്ടുപതിറ്റാണ്ടായി ഇവിടെയുണ്ടായിരുന്ന പ്രശാന്ത് അല‌ക്‌സാണ്ടർ സംസാരിക്കുന്നു.

സിനിമയിൽ സെബാസ്റ്റ്യനെ മാത്രമേ കാണാനാകൂ. ഏതു നടനാണെന്ന് പോലും ഓർക്കില്ല?
എന്നെ ഇതിന് മുമ്പ് ഡയറക്ട് ചെയ്തിട്ടുള്ള ചില ഡയറക്ടേഴ്സും ഫോൺ ചെയ്ത് ഇതു തന്നെയാണ് പറഞ്ഞത്. നിന്നെ കാണാൻ പറ്റിയില്ല, ആ കാരക്ടർ മാത്രമേ കാണാൻ പറ്റിയുള്ളൂ എന്ന്. അതെങ്ങനെ ഇത്ര നന്നായി വർക്കായി എന്ന് സത്യത്തിൽ എനിക്കറിയില്ല. 2018 മുതലേ ഈ സിനിമയുടെ ഭാഗമാണ് ഞാൻ. അന്നേ സിനിമയുടെ തിരക്കഥ പൂർത്തിയായിരുന്നു. ഈ സിനിമ യാഥാർത്ഥ്യമാകാനുള്ള ഓട്ടത്തിൽ, പ്രൊഡ്യൂസർമാരെ കാണുന്നതുമുൾപ്പെടെ എല്ലാ പരിപാടികളിലും കൂടെ ഞാനുമുണ്ട്. ഈ സിനിമ ഒന്ന് വർക്ക് ആക്കി എടുക്കണ്ടേ? അതിനായുള്ള പരിശ്രമത്തിലായിരുന്നു ഞങ്ങളെല്ലാവരും.

കൃഷാന്തിന്റെ ശ്രദ്ധയുടെ പരിധിയിൽ എങ്ങനെ വന്നു?
കൃഷാന്തിന്റെ 'വൃത്താകൃതിയിലുള്ള ചതുരം' എന്ന സിനിമയിൽഞാൻ അഭിനയിച്ചിട്ടുണ്ട്. തേവര എസ്.എച്ച് കോളേജിൽ കൃഷാന്തിന്റെ സഹപ്രവർത്തകനായ കിരൺ ശശിയുടെ വെബ് സീരിയലിൽ ഞാനും മുത്തുമണിയും അഭിനയിച്ചിരുന്നു. അങ്ങനെ ആ സെറ്റിൽ വച്ചാണ് കൃഷാന്തിനെ പരിചയപ്പെട്ടത്. ആക്ച്വലി അവർക്ക് അറിയാവുന്ന ഒരേ ഒരു സിനിമാനടൻ ഞാനായിരുന്നു. അങ്ങനെയാണ് വൃത്താകൃതിയിലുള്ള ചതുരത്തിലെത്തുന്നത്. 'പുരുഷപ്രേത'ത്തിൽ സെബാസ്റ്റ്യൻ എന്ന റോളിന് എന്റെ ഇമേജ് ചേരുമെന്ന് കൃഷാന്തിന് ബോദ്ധ്യമുണ്ടായിരുന്നു. ഇയാൾ തട്ടിപ്പാണോ എന്ന് കാണുന്നവർക്ക് തോന്നണം. എന്റെ സ്ഥിരം വേഷങ്ങളൊക്കെ അങ്ങനയുള്ളതല്ലേ. ആ ഒരു ഇമേജ് ഈ സിനിമയ്ക്ക് ഗുണകരമാണെന്ന് കൃഷാന്ത് പറഞ്ഞു. നമ്മൾ ഇതിലോട്ടു എത്തുന്ന വഴി ഇതാണ്.

ആ വീട്ടിൽ നിന്നും സുജാതയും എസ്.ഐയും ഇറങ്ങി വരുന്ന രംഗമില്ലേ. അതിനുശേഷമുള്ള എസ്.ഐ സാറിന്റെ ചിരി?
ആ രംഗത്തെ കുറിച്ച് ഒരുപാടു പേർ എടുത്തു പറയുന്നുണ്ട്. കൃഷാന്ത് എന്ന സംവിധായകന്റെ മിടുക്കാണത്. കൃഷാന്ത് ആദ്യമേ എന്റെടുത്ത് പറഞ്ഞിരുന്നു, ഈ സിനിമ കാണുന്നവർക്ക് തുടക്കത്തിൽ ചേട്ടനെ ഇഷ്ടപ്പെടില്ല, ഇയാൾ എന്താണ്, ആരാണ് എന്നതിനെ കുറിച്ച് വലിയ പിടി അവർക്ക് ഉണ്ടാകില്ല. പക്ഷേ, നിങ്ങൾ സുജാതയുമായി വീട്ടിൽ പോയി ഇറങ്ങി വരുമ്പോൾ അവർ ചിരിക്കും. ആ ചിരിക്കുന്നിടത്തു വച്ചാണ് ആളുകൾക്ക് നിങ്ങളോട് ഇഷ്‌ടം തോന്നിത്തുടങ്ങുന്നത്. ഈ സീനിനെ കുറിച്ച് ആളുകൾ വീണ്ടും വീണ്ടും പറയുമ്പോൾ കൃഷാന്തിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു. ആ കാരക്ടർ കാഴ്‌ചക്കാരോട് കണക്റ്റ് ആകുന്നത് എവിടെ വച്ചാണെന്ന് സംവിധായകന് വ്യക്തമായ ബോദ്ധ്യമുണ്ട്. എന്തൊരു മിടുക്കാണത്!

ഇങ്ങനെ ഒരു വേഷത്തിലേക്ക് എത്താനും ഭാഗ്യം വേണം അല്ലേ?
സിനിമയിൽ ഇതെന്റെ 22ാം വർഷമാണ്. പെട്ടെന്നാരു ദിവസം ഭാഗ്യം വന്നതല്ല. അത്ര വലിയൊരു കാത്തിരിപ്പുണ്ട്, പരിശ്രമമുണ്ട് സെബാസ്റ്റ്യനിലേക്ക്.

എറണാകുളം ഭാഗത്തായിരുന്നല്ലോ ഷൂട്ടിംഗ്?
എറണാകുളം, കടുമക്കുടി ഭാഗങ്ങളിലായിരുന്നു ഷൂട്ട്. കഴിഞ്ഞ ജൂലായിൽ പതിനഞ്ചുദിവസം ഷൂട്ട് ചെയ്തു. ആ സമയത്ത് സെറ്റിൽ കുറേ പേർക്ക് പനി വന്നു. അങ്ങനെ ഒരു ബ്രേക്കടുത്തു. പിന്നീട് ആഗസ്റ്റിലാണ് ബാക്കി സീനുകൾ തീർത്തത്. ആക്‌ടേഴ്സിന്റെ സീനുകളൊക്കെ എടുത്തശേഷം വേറെ എസ്റ്റാബ്ളിഷ്‌മെന്റ് സീനുകളുടെ ഷൂട്ടിംഗും ഉണ്ടായിരുന്നു. ആ സീനുകൾ സിനിമയിൽ വേർതിരിച്ചു മനസിലാകാത്തത് കഥയിൽ അത്രയധികം ബ്‌ളെൻഡ് ചെയ്യപ്പെട്ടതു കൊണ്ടാണ്.

അഭിനേതാക്കളെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നോ?
തീരുമാനിച്ചിരുന്നു. എന്നാൽ ദർശനാ രാജേന്ദ്രന്റെ എൻട്രി ഷൂട്ടിംഗിന്റെ മൂന്നുദിവസം മുമ്പായിരുന്നു. മറ്റൊരു നടിയായിരുന്നു ഈ വേഷം ചെയ്യാനിരുന്നത്. അവരുടെ പുതിയ ചിത്രത്തിന്റെ പ്രമോഷനും മറ്റുമായി ഡേറ്റിൽ അവസാന നിമിഷം ചില പ്രശ്നങ്ങൾ വന്നു. ചെറിയ സിനിമകളിൽ ഡേറ്റ് ക്ളാഷ് വരുമ്പോൾ ഷൂട്ടിംഗ് നീട്ടിവച്ച് കാത്തിരിക്കുന്നതിന് പരിമിതികളുണ്ട്. അങ്ങനെ പുതിയ ആളെ വച്ച് ചെയ്യാമെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ ഒരു റിസ്‌ക്ക് എടുത്ത് ദർശനയിലെത്തുകയായിരുന്നു. ദർശനയെ എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല, എന്നിട്ടും രണ്ടും കൽപ്പിച്ച് വിളിച്ച് കാര്യം പറഞ്ഞു. 'ആവാസവ്യൂഹം' സംവിധായകൻ എന്ന് കേട്ടപ്പോഴേ ദർശന ഓകെയായി. അപ്പോൾ ഞാൻ പറഞ്ഞു. അതല്ല പ്രശ്നം, നാലു ദിവസം കഴിഞ്ഞ് ഷൂട്ട് തുടങ്ങും, പിന്നെ.... മറ്റൊരു പ്രശ്നം കൂടിയുണ്ട്... മാർക്കറ്റൊന്നുമില്ലാത്ത ഞാനാണ് ലീഡ് റോൾ ചെയ്യുന്നത്... തന്റെ റോളിന്റെ സ്‌പേസാണ് നോക്കുന്നത്, മറ്റുകാര്യങ്ങൾക്ക് പ്രാധാന്യമില്ലെന്നായിരുന്നു ദർശനയുടെ മറുപടി. പിന്നെ കൃഷാന്ത് കഥ പറഞ്ഞു കൊടുത്തു. 'ഹൃദയം' സിനിമയൊക്കെ കഴിഞ്ഞ് ദർശന സൂപ്പർസ്റ്റാർഡമ്മിൽ നിൽക്കുന്ന സമയമാണ് അതെന്ന് എന്നോർക്കണം. അപ്പോഴും സെറ്റിലെത്തുമ്പോൾ ദർശനയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് കുറച്ചധികം ടെൻഷനുണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒരാൾ അവിടുണ്ട് എന്ന് തോന്നിപ്പിക്കാത്ത വിധമായിരുന്നു അവരുടെ ഇടപെടൽ. അവർ വരുന്നു, ജോലി ചെയ്യുന്നു, കൂട്ടത്തിൽ ഒരാളായി നിൽക്കുന്നു. യാതൊരു ഡിമാൻഡുമില്ല. മുമ്പ് പ്രവർത്തിച്ചിരുന്ന തിയേറ്റർ ഗ്രൂപ്പുകളിൽ ലഭിക്കുന്ന അതേ സന്തോഷമാണ് അവിടെയുമെന്ന് ദർശന പറഞ്ഞു. തിയേറ്റർ കൂട്ടായ്‌മകളിൽ എല്ലാ ജോലിയും എല്ലാവരും ചെയ്യുമല്ലോ. ഞങ്ങളുടെ കാര്യത്തിൽ അത് വളരെ വളരെ ശരിയായിരുന്നു. ഞങ്ങളുടെ സെറ്റിൽ എല്ലാവരെയും പിക്ക് ചെയ്യാൻ രാവിലെ ആറുമണി മുതൽ കാർ ഓടിക്കുന്നത് രണ്ടു പേർ മാറി മാറിയാണ്, ഒന്ന് തിരക്കഥാകൃത്ത്. രണ്ട് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

സിനിമയ്‌ക്കൊടുവിൽ അഭിനയിച്ച എല്ലാവരുടെയും പേര് കൊടുത്ത് വ്യത്യസ്‌തരായല്ലോ?
എല്ലാ ആർട്ടിസ്റ്റുകളുടെയും പേര് ഈ രീതിയിൽ നൽകണമെന്ന് കൃഷാന്ത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നുന്നു. സാധാരണ ആരും അങ്ങനെ കൊടുക്കാറില്ലല്ലോ. ഓരോ ദിവസവും അഭിനയിക്കുന്ന ആർട്ടിസ്റ്റുകളുടെ പേര് എഴുതിയെടുത്താൽ മാത്രമേ അത് നടക്കുമായിരുന്നുള്ളൂ. അഭിനയിക്കാനെത്തിയ എല്ലാ ജൂനിയർ ആർട്ടിസ്റ്റുകളെയും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

പുതിയ കഥാപാത്രങ്ങളായി ഞങ്ങളെ ഞെട്ടിക്കുന്നത് ഇനി എപ്പോഴാണ്?
അതിനെ കുറിച്ച് തീരുമാനമായിട്ടില്ല. 'പുരുഷപ്രേതം' റിലീസിന് കാത്തിരിക്കുന്നതിനിടയിൽ ഇടയ്ക്ക് സിനിമകൾ ചെയ്തു. സൈജു കുറുപ്പ് നായകനാകുന്ന ചിത്രമാണ് ഇപ്പോൾ ചെയ്തത്. ഒരു ഹിന്ദി വെബ് സീരിസിൽ അഭിനയിച്ചു. ഈ സിനിമയുടെ റിസൽട്ട് നല്ല വേഷങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷ.


സിനിമയുടെ വാതിൽ ഇപ്പോൾ എല്ലാവർക്കുമായി തുറന്നു കിടക്കുകയാണെന്ന് തോന്നിയിട്ടുണ്ടോ?
തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും തോന്നിയിട്ടുണ്ട്. ഇതിന്റെ ഒരു പ്രശ്നമെന്താണെന്നുവച്ചാൽ പുതിയ ആൾക്കാർ ധാരാളം വരുന്നുണ്ട്. എന്നാൽ അവർ വരുന്നതല്ലാതെ നിലനിൽക്കുന്നതായി കാണുന്നില്ല. പലരും വരുന്നു, കുറച്ച് സിനിമകളിൽ അഭിനയിക്കുന്നു, പിന്നെ അവരെ കാണുന്നില്ല. എന്റെ ഒക്കെ ഭാഗ്യത്തിന് ഞാൻ 2002 ൽ വന്നതു കൊണ്ട് എന്നെ ഇതുവരെ കാണാതെയാകുന്ന അസ്ഥ ഉണ്ടായിട്ടില്ല. അതിന്റെ കാരണം എനിക്കറിയില്ല. ചിലപ്പോൾ ബന്ധങ്ങൾ കൊണ്ടും സിനിമയിലെ ആൾക്കാരെ അറിയുന്നതുകൊണ്ടുമാവാം. ഏതുതരം വേഷം ചെയ്യുന്നതിനും എനിക്ക് ഇന്നേ വരെ ഒരു മടിയും തോന്നിയിട്ടില്ല. അതുകൊണ്ടൊക്കെയാവാം. പുതിയ ആൾക്കാർ വരുന്നത് നല്ലതാണ്. വരുന്നവർ ചിന്തിക്കേണ്ട കാര്യം ഇതൊരു ഈസി വേ അല്ല എന്നാണ്. പിടിച്ചു നിൽക്കാൻ നന്നായി കഷ്ടപ്പെടേണ്ടി വരും. അതൊരു തടസമായി തോന്നരുത്.

സിനിമയുടെ മറ്റേതെങ്കിലും മേഖലയിൽ പ്രശാന്ത് അലക്സാണ്ടർ എന്ന പേര് തെളിയുന്നത് എപ്പോഴാണ്?
സിനിമയിൽ ഒരു മാതിരിപ്പെട്ട എല്ലാ ജോലികളും ഞാൻ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ... അങ്ങനെ. സ്‌ക്രിപ്റ്റ് ഡിസ്‌കഷനിൽ എല്ലായിടത്തും പോയി ഇരിക്കുന്ന ആളാണ്. സിനിമയിൽ പിടിച്ചു നിൽക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന കുറേയധികം ജോലികൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റേതെങ്കിലും മേഖലയിൽ കാണുമോ എന്നതിന് ഉത്തരം ഇപ്പോൾ പറയുന്നില്ല, ഇല്ലെന്നും പറയാൻ ആഗ്രഹിക്കുന്നില്ല.

സിനിമ എന്ന സ്വപ്നം കണ്ടുതുടങ്ങുമ്പോൾ മുതൽ മനസിലുണ്ടായിരുന്ന ഒരു സ്‌പേസിലേക്ക് എത്തിയതായി തോന്നുന്നുണ്ടോ?
ഉറപ്പായും. 2002ൽ വന്ന ഞാൻ ഇപ്പോഴും സിനിമയിൽ ഉണ്ട് എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഇങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്‌ടം. എന്നെ പുതിയ നടനായി ഇപ്പോഴും കാണുന്നവരുണ്ട്. നമുക്ക് നമ്മളെ തെളിയിക്കാനോ, എക്‌സ്‌പ്ളോർ ചെയ്യാനോ, ഉളള അവസരം കിട്ടിയിരുന്നില്ല. അത് ആരുടെയും കുറ്റമല്ല. എക്‌സ്‌പ്ളോർ ചെയ്യാൻ പാകത്തിൽ എത്തിപ്പെടുക എന്നത് എന്റെ കൂടെ ഉത്തരവാദിത്തമാണ്. ചിലപ്പോൾ എനിക്ക് ബുദ്ധി ഉദിച്ചത് ഇപ്പോഴായിരിക്കും. ഈ പ്രൊജക്ട് വന്നപ്പോൾ അതേറ്റെടുത്ത് പ്രൊഡക്ഷൻ വരെ എത്തിച്ചു, ആ നീണ്ട യാത്രയുടെ ഭാഗമായി, ആ സിനിമ യാഥാർത്ഥ്യമായി... അഭിമാനിക്കാൻ ഏറെയുണ്ട്.


കഥാപാത്രത്തിലേക്ക് കടന്നു ചെല്ലുന്ന രീതി എങ്ങനെയാണ്?
ഇതുവരെ ഒരു സിനിമയ്ക്കു വേണ്ടിയും ഞാൻ ഹോം വർക്ക് ചെയ്തിട്ടില്ല. എന്റെ സംവിധായകനെ പൂർണമായും വിശ്വസിക്കുകയാണ് ഞാൻ ചെയ്യുന്നത്. സംവിധായകൻ ഇങ്ങനെ ചെയ്യണം, ഇതുപോലെ ചെയ്താൽ ഓകെയാണ് എന്നു പറഞ്ഞാൽ ഞാൻ അതേ പോലെ ചെയ്തു കൊടുക്കും. പിന്നെ നമ്മളുടെ ഇത്രയും കാലത്തെ എക്‌സ്‌പീരിയൻസും സിനിമയിലെ അറിവും കഥാപാത്രങ്ങൾ ചെയ്തുവച്ചിട്ടുള്ള പരിചയവും വച്ച് നമ്മളുടേതായ ചില ഫ്‌ളേവറുകൾ ആഡ് ചെയ്യും. പക്ഷേ, അതെല്ലാം ചെയ്യുമ്പോഴും ഞാൻ വിശ്വസിക്കുന്നത് എന്റെ സംവിധായകനെയാണ്, അങ്ങനെയാണ് മുന്നോട്ടു പോകുന്നത്. ഞാൻ ഓപ്ഷനുകൾ കൊടുത്തുകൊണ്ടിരിക്കും. ഞാൻ ചെയ്യുന്നതാണ് ശരി എന്ന അഭിപ്രായം എനിക്കില്ല, ഞാൻ അങ്ങനെ ചിന്തിക്കുകയുമില്ല. സംവിധായകന് ശരി എന്ന് തോന്നുന്നതാണ് ഞാൻ ചെയ്യുക. ഈ കാരക്ടറിനു വേണ്ടിയും ഞാൻ ഒന്നും നേരത്തെ ചെയ്തിട്ടില്ല. പൂർണമായും സംവിധായകനെ വിശ്വസിച്ചു. ഏതാണ്ട് നാലുവർഷമായി സിനിമയ്‌ക്കൊപ്പം ഉള്ളതുകൊണ്ട് ആ കഥാപാത്രത്തെ നന്നായി അറിയാമായിരുന്നു. കൃഷാന്തിനും നല്ല ധാരണയുണ്ടായിരുന്നു. ഈ കഥാപാത്രത്തെ നന്നായി റിസർച്ച് ചെയ്ത്, പഠിച്ചാണ് കൃഷാന്ത് രൂപപ്പെടുത്തിയത്. അതുകൊണ്ട് എനിക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ടതായി വന്നില്ല എന്നും പറയാം. കൃഷാന്ത് ഡയലോഗുകൾ കാരക്ടറായി നിന്ന് പറയും. ക്രിഷാന്തിന്റെ തിരുവനന്തപുരം സ്ളാംഗ് ഞാൻ മദ്ധ്യതിരുവിതാംകൂർ സ്ളാംഗിലേക്ക് മാറ്റും.

മുഖചലനങ്ങൾ കൊണ്ട് കൂടി നന്നായി അഭിനയിക്കുന്ന സൂപ്പർ സെബാസ്റ്റ്യനെ കുറിച്ച് ആളുകൾ ഇപ്പോഴും സംസാരിക്കുന്നുണ്ട്?
നല്ല പ്രതികരണങ്ങളാണ് ഈ നിമിഷവും ലഭിക്കുന്നത്. രാത്രി പതിനൊന്നുമണിക്കാണ് സിനിമ അപ്‌ലോഡ് ആയത്. ഞാൻ നേരത്തെ സിനിമയുടെ പ്രിവ്യൂ ഷോ കണ്ടിരുന്നു. പിറ്റേന്ന് ഒരു ഫംഗ്ഷനുള്ളതു കൊണ്ട് റിലീസ് ദിവസം നേരത്തെ കിടന്നു. വെളുപ്പിന് നാലരയ്ക്ക് എഴുന്നേറ്റപ്പോൾ കുറേയധികം മെസേജുകൾ വന്നിട്ടുണ്ടായിരുന്നു. വലിയ സന്തോഷം തോന്നി. ഇതേ പോലൊരു സിനിമ, പ്രത്യേകിച്ച് ഞാൻ ലീഡ് റോൾ ചെയ്യുന്ന സിനിമ റിലീസാകുമ്പോൾ തന്നെ കണ്ട് രണ്ടുമണിക്കും മൂന്നുമണിക്കും നല്ല വാക്കുകൾ അയക്കുക എന്നത് വലിയൊരു അംഗീകാരമായി തോന്നി. വിശ്വസിക്കാൻ കഴിയാത്ത അനുഭവം. പിറ്റേന്നൊക്കെയാവും ആളുകൾ സിനിമ കാണുക എന്നാണ് ഞാൻ കരുതിയത്. കൃഷാന്തിനോടുള്ള വിശ്വാസമാണ് ഈ സ്വീകാര്യതയ്‌ക്ക് കാരണം.

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക