അഭിനയിക്കാനെത്തിയാൽ നടൻ മാത്രമാണ് അവിടെ സംവിധായകനല്ല - സിദ്ധാർത്ഥ് ഭരതൻ സംസാരിക്കുന്നു

Interviews

സിനിമയിൽ വെറുതെ വന്നു പോകുന്നവരുടെ കൂട്ടത്തിൽപ്പെടാത്ത എസ്.ഐ അശോകൻ സാർ. പതിഞ്ഞ സംസാരവും നീണ്ട കരിയറിലെ അനുഭവങ്ങളിൽ നിന്നുള്ള ഉപദേശങ്ങളുമെല്ലാമായി സ്‌നേഹം കൊണ്ട് ചെവിക്ക് പിടിച്ച് വഴി നടത്തിക്കുന്നതു പോലെ തോന്നിപ്പിക്കുന്ന ഉദ്യോഗസ്ഥൻ. 'വേല' എന്ന ചിത്രം കാണുമ്പോൾ ഒരു വേള പ്രേക്ഷനും വല്ലാത്തൊരു അടുപ്പം തോന്നും  ഈ കഥാപാത്രത്തോട്. ആ മൂളലിനും നോട്ടത്തിനും ഒരുപാട് അർത്ഥതലങ്ങളുണ്ട്. അശോകൻ സാറിനെ ഗംഭീരമാക്കിയ സിദ്ധാർത്ഥ് ഭരതൻ കഥ കേട്ടപ്പോൾ ഓകെ പറഞ്ഞത് ഈ കഥാപാത്രത്തിന്റെ ചില പ്രത്യേതകൾ കൊണ്ടു കൂടിയാണ്. അഭിനയത്തിൽ കുറച്ചു കാലമായുള്ള ഇടവേളയ്ക്കുശേഷമാണ് അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത ഒരു വേഷത്തിൽ സിദ്ധാർത്ഥ് വീണ്ടുമെത്തുന്നത്. സിദ്ധാർത്ഥിന്റെ ഭാഷയിൽ പറഞ്ഞാൽ, വേല തിരി കൊളുത്തിക്കഴിഞ്ഞു, മൂന്നോളം പുതിയ സിനിമകൾ ഇതിന് പിന്നാലെ വന്നു. അടുത്തവർഷം സിനിമ സംവിധാനം ചെയ്യുമെന്നും സിദ്ധാർത്ഥ് പറയുന്നു.

'വേല'യുടെ കഥ കേട്ടപ്പോൾ പെട്ടെന്ന് തന്നെ ചെയ്യാമെന്ന് തീരുമാനിച്ചോ?
ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ്. പൊലീസുകാരനായുള്ള ആദ്യത്തെ റോൾ. പക്ഷേ, കൺഫ്യൂഷൻ ഉണ്ടായിരുന്നില്ല. ചെയ്യാമെന്ന് തന്നെയാണ് പറഞ്ഞത്. പ്രത്യേകതയുള്ള റോളാണെന്ന് തോന്നി. ഇന്ററസ്റ്റിംഗ് ആയുള്ള കഥാപാത്രമാണ്. വെറുതെ വന്നു പോകുന്നതല്ല. ഇത്തിരി പ്രായമുള്ള ഒരാൾ, വ്യത്യസ്തമായ വേഷം പുതാമ ഉണ്ടെന്ന് തോന്നി തന്നെയാണ് ചെയ്തത്. പൊലീസ് വകുപ്പിലെ കൺട്രോൾ റൂം എന്ന വിംഗും അവിടെയുള്ള പ്രശ്‌നങ്ങളും ഓഫീസർമാർക്കിടയിലുള്ള ഈഗോയും മറ്റും  ഇതിന് മുമ്പ് സിനിമയിൽ കാണിച്ചിട്ടില്ലെന്നാണ് എന്റെ അറിവ്. സബ്ജക്ട് നോക്കുകയാണെങ്കിൽ വളരെ പ്രത്യേകതയുള്ള ഒരു സിനിമയാണിത്. വ്യത്യസ്തമായ ഒരു മൂഡിലാണ് സിനിമ പോകുന്നത്. ഒരു സീരിയൽ കില്ലറെ തപ്പി പോയി അവനെ കണ്ടുപിടിക്കുന്ന രീതിയല്ല. സണ്ണി വയ്‌നിന്റെ മല്ലിക എന്ന കഥാപാത്രത്തിലൊക്കെ നല്ല ഡെപ്ത്ത് കൊണ്ടു വന്നിട്ടുണ്ട്. ജാതി, അയാളുടെ ഉള്ളിലുള്ള പ്രശ്‌നങ്ങൾ ഇതൊക്കെ ഇന്ററസ്റ്റിംഗും പടത്തിന്റെ ഹൈലൈറ്റുമാണ്.

അശോകൻ സാർ എന്ന കഥാപാത്രത്തിന്റെ പൊലീസ് സ്‌റ്റേഷനിൽ വച്ചുള്ള ഡയലോഗുകളും രസമുണ്ട്?

ഈ രീതിയിൽ ചെയ്യുമ്പോഴാണ് ഞാൻ കംഫർട്ടബിളാവുന്നത്. വളരെ സ്വാഭാവികമായി, ഞാൻ സംവിധാനം ചെയ്ത സിനിമകളിലെ പോലെ തന്നെയുള്ള സമീപനമാണ് കൊണ്ടു വരാൻ ശ്രമിച്ചിട്ടുള്ളത്. എന്റെ ആക്‌ടേഴ്‌സിനെയും സ്വാഭാവികമായി തന്നെയുള്ള അഭിനയത്തിലേക്കാണ് എപ്പോഴും വിടാൻ ഞാൻ ശ്രമിക്കുന്നതും. ഞാൻ ഒരു ആക്ടറായി മാറിയപ്പോഴും എന്റെ ഉള്ളിൽ ആ സ്വാഭാവികതയ്ക്ക് തന്നെയാണ് മുൻതൂക്കം. പരമാവധി അങ്ങനെയാണ് ചെയ്യാൻ ശ്രമിക്കാറുള്ളത്. പിന്നെ എന്തെങ്കിലും മാറ്റം വേണമെങ്കിൽ സംവിധാകർ പറഞ്ഞു തരുമല്ലോ. ശ്യാമും സജാസും രണ്ടുപേരും അത്രയധികം ഫീഡ്ബാക്കുകൾ തന്നിട്ടുണ്ട്. ആ കാര്യങ്ങൾ മനസിലാക്കുമ്പോൾ നാടകത്തിൽ ഉപയോഗിക്കുന്ന രീതിയിലുള്ള ഡയലോഗ് ഡെലിവറി പോലെയല്ലാതെ, സ്വാഭാവികത കൊണ്ടു വരാൻ സാധിക്കും. നാടകത്തെ കുറ്റം പറഞ്ഞതല്ല, രണ്ടിടത്തെയും വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചതാണ്.

സ്വാഭാവികതയാണ് കുറച്ചു കൂടെ വഴങ്ങുന്നത് അല്ലേ?
അതേ. ഞാൻ അത്ര എക്‌സ്പീരിയൻസ്ഡ് ആക്ടർ അല്ല. അതുകൊണ്ട് എനിക്ക് ആദ്യം പറഞ്ഞ രീതി അത്ര നന്നായി വരണമെന്നില്ല. സ്വാഭാവികതയാണ് എനിക്ക് കുറച്ചുകൂടെ നന്നായി വഴങ്ങുന്നത്. നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും കുറേ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അശോകൻ സാറിലും ഇതെല്ലാമുണ്ട്. അവിടെ ഏത് വാക്കിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതെന്ന് സംവിധായകനും തിരക്കഥാകൃത്തും പറയും. അവരുടെ ഫീഡ് ബാക്കിലൂടെയാണ് കുറച്ചു കൂടെ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുത്തത്. എന്നെ വിളിച്ച് ഈ വേഷം അടിപൊളിയായിട്ടുണ്ട്, നന്നായി ചെയ്തിട്ടുണ്ടെന്ന് പറയുമ്പോൾ അതിലൊരു ശതമാനം ഇവർക്കുള്ളതാണ്. കാരണം അവർ ചെയ്യിപ്പിച്ചെടുത്തതാണ്. നമ്മൾ ചെയ്യുന്നതെല്ലാം നൂറുശതമാനം ശരിയാകണമെന്നില്ലല്ലോ.

തട്ടുകട രംഗമാണെങ്കിൽ പോലും വളരെ സ്വാഭാവികത തോന്നും?
അതങ്ങനെ തന്നെ പറഞ്ഞ് എടുത്തിട്ടുള്ളതാണ്. രണ്ടുപേർക്കിടെയിൽ അവിടെയുണ്ടാകുന്ന സംഭാഷണങ്ങളെല്ലാം സാധാരണ ജീവിതവുമായി സാമ്യമുളളതാണ്. അതാവാം കാരണം.

അശോകൻ സാർ എന്ന സിദ്ധാർത്ഥിന്റെ കഥാപാത്രം കുറേ കൂടി വിശദമായ രീതിയിൽ തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്?
അശോകൻ സാർ എന്ന കഥാപാത്രത്തിന്റെ തുടർന്നുള്ള യാത്രയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് ആകർഷിച്ചത്. നേരത്തെ പറഞ്ഞ മറ്റു ഡീറ്റെയ്‌ലിംഗൊക്കെ സംവിധായകന്റെയും എഴുത്തുകാരന്റെയും കയ്യിലാണ്. ഈ കഥാപാത്രത്തിന്റെ രീതി ഇങ്ങനെയാണ് എന്ന് തീരുമാനിക്കുന്നത് അവരാണ്.

സംവിധായകൻ നടനാകുമ്പോൾ ഏതെങ്കിലും രീതിയിലുള്ള നിർദ്ദേശങ്ങൾ നൽകുമോ?
ഒരു കഥ ഇഷ്ടപ്പെടുമ്പോഴാണല്ലോ ചെയ്യുന്നത്. അതിനാവശ്യമായ കാര്യങ്ങളൊക്കെ ചോദിച്ച് മനസിലാക്കി വയ്ക്കും. കാരണം ചെയ്യുന്നത് ശരിയാകണമല്ലോ. കഥ എങ്ങോട്ടാണ് പോകുന്നത്, ഇനി എന്തെങ്കിലും കാര്യം മറയ്ക്കുന്നുണ്ടോ... ഇങ്ങനെ വിശദമായി കാര്യങ്ങളൊക്കെ തിരക്കും. അത് ചോദിക്കാൻ സംവിധായകൻ ആകേണ്ട, അഭിനേതാവിനും ചോദിക്കാം. ഇങ്ങനെ ചോദിച്ചു മനസിലാക്കുമ്പോഴാണ് എങ്ങനെയാണ് ആ കഥാപാത്രം നിൽക്കേണ്ടത്, അയാളുടെ ഉള്ളിലെന്താണ് എന്നൊക്കെ നമുക്കും കണക്കുക്കൂട്ടാൻ പറ്റുന്നത്. കഥാപാത്രങ്ങളുടെ നടപ്പിന് പോലും പ്രാധാന്യമുണ്ട്. നമ്മളത് കൃത്യമായി മനസിലാക്കിയാൽ അഭിനയിക്കുമ്പോൾ കൊണ്ടുവരാൻ സാധിക്കും. എപ്പോഴെങ്കിലും നിയമം തെറ്റിക്കുമെന്നും അപ്പോൾ സഹായിച്ചതിന് പ്രത്യുപകാരം നൽകിയാൽ മതിയെന്നുമുള്ള സിസ്റ്റത്തിനകത്തെ ഗിവ് ആൻഡ് ടേക്ക് പോളിസിയൊക്കെ സിനിമയിൽ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ നന്നായി കൊണ്ടു വന്നിട്ടുണ്ട്. സിസ്റ്റം ഇങ്ങനെയാണ് യുദ്ധം ചെയ്യാൻ പോകരുതെന്ന് ജൂനിയറെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇതെല്ലാം സഹജമാണ് തമ്പീ, നമ്മൾ കണ്ണടച്ചാൽ ജീവിച്ചു പോകാമെന്ന് പറയാതെ പറയുന്നതൊക്കെ നിലനിൽക്കുന്ന സിസ്റ്റത്തിന്റെ നേർക്കാഴ്ചകളായി തന്നെ അനുഭവപ്പെടും. അത്തരം രാഷ്ട്രീയമൊക്കെ ഈ സിനിമ നന്നായി അവതരിപ്പിക്കുന്നുണ്ട്.

പാലക്കാടിന്റെ വേലയും പൊലീസിന്റെ വേലയും നന്നായി ചേർത്തിണക്കിയിട്ടുണ്ട്?
'വേല' എന്ന ടൈറ്റിൽ സിനിമയ്ക്ക് അത്രയധികം യോജിക്കുന്നത് തന്നെ വേല ഉത്സവത്തെയും സിനിമയിലെ പൊലീസ് ഉദ്യോഗത്തെയും ഒരേ പോലെ കാണിക്കുന്നതുകൊണ്ടാണ്. സിനിമയിൽ പാലക്കാട്ടെ വേല ഉത്സവം കഥയ്ക്കനുസരിച്ച് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

തിരക്കഥ വായിച്ചപ്പോഴുള്ള അതേ ഫീൽ തന്നെയായിരുന്നോ സിനിമ ആയപ്പോഴും?
ഞാൻ എന്റെ കാഴ്ചപ്പാടിലാണ് സിനിമ കാണുന്നത്. ഞാൻ അഭിനയിച്ച സിനിമ ഒരു സംവിധായകനായിട്ടുമല്ല ആസ്വദിക്കുന്നത്. ഒരു നടനായി തന്നെയാണ് അവിടെ പങ്കെടുക്കേണ്ടത്. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ കഥാപാത്രങ്ങൾ വരുന്നു, പോകുന്നു ആ രീതിയിലാണ്. പിന്നെ ഡബിംഗും ബാക്കി ഭാഗങ്ങളും പൂർത്തിയാകുമ്പോഴാണ് രൂപവും ഭാവവും നമുക്ക് കിട്ടുന്നത്. അവിടെ നമുക്ക് സംവിധായകന്റെ കാഴ്ചപ്പാട് സ്വീകരിക്കേണ്ട കാര്യമില്ല. കാരണം ഇവിടെ ഞാൻ നടനാണ്. സിനിമ ചെയ്യാൻ വേറെ ഒരു സംവിധായകനുണ്ടല്ലോ...

സിനിമ ഇടയ്ക്ക് ചെയ്യാതിരുന്നത് നല്ല കഥാപാത്രങ്ങൾ   വരാത്തതു കൊണ്ടാണോ?

ഒരുപാട് വിളികളൊന്നും വന്നിട്ടില്ല.  വന്നതിൽ ഭൂരിഭാഗവും ചെയ്യാൻ വലുതായിട്ടൊന്നുമില്ലാത്തവ  ആണ്. 

പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ഇനി എപ്പോഴാണ്?
അടുത്തവർഷമേ പുതിയ സിനിമയുള്ളൂ. 'വേല' എനിക്കെന്തോ തിരി കൊളുത്തിയ പോലെയായിട്ടുണ്ട്. രണ്ടുമൂന്ന് പടങ്ങൾ അടുപ്പിച്ച് വന്നിട്ടുണ്ട്. 

Vela Trailer | Shane Nigam | Sunny Wayne | Sidharth B |Sam CS | Cyncyl C | Wayfarer films

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment