മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അഭിനേതാവ് ഇന്നസെന്റ് വിട പറഞ്ഞു

News

അനിതര അസാധാരണമായ അഭിനയത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അർബുദരോഗികൾക്ക് സ്വന്തം ജീവിതം കൊണ്ട്  പ്രത്യാശപകർന്ന് അതിജീവനപാഠമാവുകയും ചെയ്ത നടൻ ഇന്നസെന്റ് (75) അന്തരിച്ചു .രണ്ടു തവണ അർബുദ ബാധിതനായ അദ്ദേഹം അസാമാന്യമനക്കരുത്തോടെയാണ്  രോഗത്തോടു പോരാടിയത്.  തന്റെ രോഗകാലത്തെ പോലും  ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ച ഇന്നസന്റ്  ഒരുപാട് രോഗികൾക്ക്  പ്രത്യാശ പകർന്നു.സിനിമയുടെ കഥ, നിർമ്മാണം, ആലാപനം തുടങ്ങി​യ വി​വി​ധ മേഖലകളിൽ ഇന്നസെന്റ് തന്റെ  പ്രതിഭയെ അടയാളപ്പെടുത്തിയിട്ടുണ്ട്.  2014 ലെ ചാലക്കുടി​ ലോക്‌സഭാ ഇലക്ഷനിൽ എൽ.ഡി. എഫ്  സ്വതന്ത്ര സ്ഥാനാർത്ഥിയായി  വി​ജയി​ച്ച് എം.പി​യായി​.

raamjiraav.jpg

റാംജിറാവ് സ്‌പീക്കിങിലെ മാന്നാർ മത്തായി

1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. ആ കാലത്ത് അദ്ദേഹം തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു  തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ആ സമയത്ത് ദാവൺഗരെയിലുള്ള കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ ഇന്നസെന്റ് അഭിനയിക്കുകയും അവിടെയുള്ളവരുടെ അംഗീകാരം നേടുകയും ചെയ്തു. ദാവൺഗരെയിൽനിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ഇവിടെ ചില ബിസിനസുകൾ ചെയ്യുകയും, അതോടൊപ്പം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി.

ഇന്നസെന്റ് ആ കാലത്ത്  സിനിമകളിൽ ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നത് . 1986 മുതലാണ് അദ്ദേഹം സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ്  ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിൽ  ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും  ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു. തുടർന്ന് ഗജകേസരിയോഗം, ഗോഡ് ഫാദർ, കിലുക്കം, വി​യറ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല തുടങ്ങി​ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്‌ത ഇന്നസെന്റി​ന്റെ നി​രവധി​ കഥാപാത്രങ്ങൾ മലയാളി​കളുടെ മനസി​ലുണ്ട്. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും നിലനിറുത്താൻ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ അഭിനയത്തിന് സാധി​ച്ചി​രുന്നു. എല്ലാതരം റോളുകളും ചെയ്തിട്ടുണ്ടെങ്കിലും കോമഡി റോളുകളാണ് ഇന്നസെന്റിനെ പ്രേക്ഷകഹൃദയങ്ങളിൽ പ്രിയങ്കരനാക്കിയത്.

1948 മാർച്ച് 4 ന്  തെക്കേത്തല വറീതിന്റെയും, മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ളവർ കോൺവന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ഡോൺ ബോസ്‌കോ ഹയർ സെക്കൻഡറി സ്‌കൂൾ, ശ്രീ സംഗമേശ്വര എൻ.എസ്.എസ് സ്‌കൂളിൽ എന്നിവിടങ്ങളിലായിരുന്നു പഠിച്ചത്.  പഠനശേഷം മദ്രാസിലേയ്ക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി പ്രവർത്തിക്കുകയും ചെയ്തു. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു.പന്ത്രണ്ട് വർഷം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി​രുന്നു. മലയാളത്തിനുപുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. ധാരാളം സ്റ്റേജ്‌ഷോകളിലും  ടെലിവിഷൻഷോകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നടൻ എന്നതിനുപുറമെ ഇന്നസെന്റ് നിർമ്മാതാവുകൂടിയാണ്. വിടപറയും മുമ്പേ,​ ഇളക്കങ്ങൾ,​ ഓർമ്മയ്ക്കായി,​ ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്,​
ഒരു കഥ ഒരു നുണക്കഥ എന്നീ സി​നി​മകൾ നി​ർമ്മി​ച്ചു. പാവം ഐ.എ. ഐവാച്ചൻ, കീർത്തനം എന്നീ സി​നി​മകൾക്ക്  അദ്ദേഹം കഥ എഴുതി.

നല്ലൊരു എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് നാലു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നിൽ (ആത്മകഥ),കാൻസർ വാർഡിലെ ചിരി.. എന്നിവയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർത്ഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം. ഭാര്യ ആലീസ്. മകൻ സോണറ്റ്.

ഇന്നസെന്റിന്റെ പ്രൊഫൈൽ

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക