"അലയ് പായുതേ മാധവനും അലയ്ക്ക് മേലേ പായും വേദാന്തും"

News

മദ്ധ്യപ്രദേശിൽ സമാപിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023-ൽ നൂറ്റി അറുപത്തി ഒന്ന് പോയിന്റ്  നേടി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ അതിലെ നീന്തൽ വിഭാഗത്തിൽ അഞ്ച് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും നേടിയ ഒരു കൗമാരക്കാരന്റെ അച്ഛൻ അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു : "ദൈവാനുഗ്രഹത്താൽ 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ എന്നിവയിൽ സ്വർണ്ണവും 400 മീറ്ററിലും 800 മീറ്ററിലും വെള്ളിയും നേടി". വേദാന്ത് എന്ന ആ കൗമാരക്കാരൻ മെഡലുകൾ അണിഞ്ഞു നിൽക്കുന്ന ഫോട്ടോയും അഭിമാനത്തോടെ പോസ്റ്റ് ചെയ്ത ആ അച്ഛൻ മറ്റാരുമല്ല..നടൻ മാധവൻ ആണ്.

2022-ലെ ജൂനിയർ നാഷണൽ അക്ക്വാറ്റിക് ചാമ്പ്യൻഷിപ്പിലും 1500 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ വിഭാഗത്തിൽ പുതിയ നാഷണൽ റെക്കോർഡ് സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു പതിനേഴുകാരനായ വേദാന്ത് മാധവൻ. അതിന് മുമ്പ് കോപ്പെൻഹേഗനിൽ വച്ച് നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ മൽസരത്തിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു വേദാന്ത്. ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയെ നീന്തൽ വിഭാഗത്തിൽ പ്രതിനിധീകരിക്കണം എന്ന ലക്ഷ്യത്തോടെ വേദാന്തിന് മികച്ച പരിശീലനം ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് മാധവൻ.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment