"തിരക്കഥ പകുതി വായിച്ചപ്പോൾ തന്നെ ഇത് ചെയ്യാം എന്ന് പറഞ്ഞു" - പ്രണയവിലാസത്തെക്കുറിച്ച് നടൻ മനോജ് കെ യു

Interviews

''ഈ പ്രായം എത്രയാന്ന് പറഞ്ഞാലും പഴയ കാമുകിയെ വീണ്ടും കാണുമ്പോ ഏതൊരു മനുഷ്യനും തോന്നുന്ന ഫീലിംഗ്. അത്രയേയുള്ളൂ''....
അച്‌ഛന്റെ കൂട്ടുകാരിയെ നേരത്തെ തന്നെ അറിയാമെന്ന് മകൻ പറയുമ്പോൾ ഒരൽപ്പം നൊസ്റ്റാൾജിയയിൽ കുളിർന്ന്, നാണച്ചുവയുള്ള അച്‌ഛന്റെ മറുപടി. പിന്നെ മകന്റെ പ്രണയം തനിക്കുമറിയാമെന്ന ഒന്നാന്തരമൊരു ട്വിസ്റ്റ് മകനു നേരെ നീട്ടിയെറിയുന്നു. എന്നിട്ടൊരു ഒന്നൊന്നര തഗ്.''ഈ ഐഡിയയൊക്കെ നമ്മൾ കുറേ കണ്ടതാ... പണ്ട് കൃഷ്‌ണന്റമ്പലത്തിൽ നമ്മളും കുറേ പോയതാണേ....''
ഇടയ്‌ക്ക് അമ്മ കുറിച്ചിട്ട പ്രണയത്തെ നൊസ്റ്റാൾജിയയുടെ സുഗന്ധത്തിൽ ഒന്നു ലളിതമാക്കാൻ മകൻ നോക്കുമ്പോൾ ഉള്ളിൽ പിടഞ്ഞാണെങ്കിലും മറ്റൊരു കൗണ്ടർ കൂടി പായിക്കുന്നുണ്ട്, വില്ലേജ് ഓഫീസറായ അച്‌ഛൻ.
''അതത്ര ആസ്വദിക്കാൻ പറ്റുന്ന നൊസ്റ്റാൾജിയ അല്ലെനിക്ക്... ''
എന്നിട്ട് ലോകത്തോടു മുഴുവൻ പിണങ്ങിയ മട്ടിൽ ഒരു തിരിഞ്ഞു നടത്തവും.കാർക്കശ്യക്കാരനായ, ഒരു തുളളി സ്‌നേഹം പോലും എടുക്കാനില്ലാതെ വറ്റിപ്പോയ ഭർത്താവ്, പഴയ കാമുകിയെ കാണുമ്പോൾ ആർദ്രനായി, നഷ്‌ടപ്പെട്ട സകലവസന്തങ്ങളും വാരിയണിയുന്നയാൾ, യുവാവായ മകന്റെ തീപ്പൊരി അച്‌ഛൻ. ഒടുവിൽ നൊസ്റ്റാൾജിയയുടെ മധുരവും നോവും ഓർക്കാപ്പുറത്തെത്തി ജീവിതത്തെ ഉലച്ചു കളയുന്ന മുഹൂർത്തങ്ങളിൽ സകല അലങ്കാരങ്ങളും ഉപേക്ഷിച്ച് മനുഷ്യനാകാൻ നോക്കുന്ന ആൾ. നിഖിൽ മുരളി സംവിധാനം ചെയ്‌ത 'പ്രണയ വിലാസം' എന്ന ചിത്രത്തിലെ രാജീവൻ എന്ന കഥാപാത്രത്തിന്റെ പല അടരുകളാണ് 'തിങ്കളാഴ്‌ച നിശ്ചയം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ അമ്പരപ്പിച്ച കെ.യു. മനോജ് എന്ന മിടുക്കനായ നടൻ അവതരിപ്പിച്ച് പൊലിപ്പിച്ചത്. മനോജിനൊപ്പം അൽപ്പനേരം.

എന്തൊരു സിനിമയാണ്  'പ്രണയ വിലാസം'? എന്തൊരു സാദ്ധ്യതയുള്ള കഥാപാത്രമാണ്  രാജീവന്റേത്!
അതേ... അങ്ങനെ തന്നെ ചെയ്‌തതാണത്. ഒ.ടി.ടിയിൽ വന്നതോടു കൂടി കുറേ പേർ അഭിപ്രായം പറയുന്നുണ്ട്. രാജീവന്റെ കഥ കേട്ടപ്പോഴോ, തിരക്കഥ വായിച്ചപ്പോഴോ ഇത്രയധികം ഡെപ്‌ത്തുള്ള കാരക്ടർ ആണെന്ന് തോന്നിയിരുന്നില്ല. ഡെപ്‌ത്തുണ്ടായത് എന്റെ കഴിവ് കൊണ്ടു മാത്രമല്ല. സംവിധായകന്റെ വലിയ കോൺട്രിബ്യൂഷൻ ഉണ്ട്, സ്ക്രിപ്റ്റ് റൈറ്ററുടേതുണ്ട്, ഡി.ഒ.പി ചെയ്‌ത ആളുടേതുമുണ്ട്. എല്ലാം ഒത്തു ചേർന്ന് വന്ന സിനിമ തന്നെയാണിത്. നമ്മുടെ മാനറിസം എന്നു പറയുമ്പോൾ കാമറയിൽ അതോരോന്നും കൊടുക്കുന്നതു പോലെ പതിയുമ്പോഴല്ലേ അത് പ്രേക്ഷകരിലേക്കെത്തി അവരെ ഫീൽ ചെയ്യിക്കുന്നത്. അതേ പോലെ എഡിറ്റിംഗ്. എവിടെ എന്തു വേണം എന്നു വരുമ്പോഴാണല്ലോ നമുക്കത്  ആസ്വദിക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് ഒരു കൂട്ടായ്‌മയുടെ വിജയം എന്ന നിലയിൽ രാജീവനെ ഞാൻ നോക്കി കാണുന്നത്.

രാജീവനെ ആളുകൾക്ക് ഇഷ്ടപ്പെട്ടോ?
അയ്യോ... ഞാൻ വിചാരിച്ചതിന്റെ അപ്പുറത്ത്. എന്താണ് വിചാരിച്ചത് എന്നു ചോദിച്ചാൽ പ്രത്യേകമായി ഒന്നും ചിന്തിച്ചു എന്നല്ല. എല്ലാവരും മോശമായില്ല എന്നു പറയുമെന്ന് തോന്നിയിരുന്നു. അതിന്റെയൊക്കെ എത്രയോ മടങ്ങ് മുകളിലാണ്  എനിക്ക് റെസ്‌പോൺസ് കിട്ടുന്നത്. ശരിക്കും രാജീവന്റെ കാരക്ടർ നോക്കുകയാണെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കുന്ന ആളാണ്. പിന്നീടത് നിരാശയാകുന്നുണ്ട്. നല്ല കാമുകനുമാകാൻ പറ്റിയില്ല, നല്ല ഭർത്താവുമാകാൻ പറ്റിയില്ല എന്ന് അയാൾക്ക് അറിയാം, അത് പറയുന്നുമുണ്ട്.  എന്നാലും അയാളുടെ ഈഗോ വിടുന്നുമില്ല.

കഥ പറയുമ്പോൾ നിഖിൽ എന്താണ് പറഞ്ഞത്?
ഇങ്ങനെ ഒരു കഥാപാത്രത്തെ നമുക്ക് അത്ര കണ്ട് പരിചയമില്ല. സിനിമ മുന്നോട്ടു പോകുമ്പോൾ രാജീവനും വളരുന്നുണ്ട് അല്ലേ...അതേ അതേ.... തിരക്കഥ വായിച്ച്  ഇന്റർവെൽ എന്ന് എഴുതിയിടത്ത്
ഞാൻ എഴുന്നേറ്റ് നിഖിലിന് കൈ കൊടുത്തു. ഓകെ നമുക്ക് ചെയ്യാം എന്നു പറഞ്ഞു. വ്യത്യസ്‌ത വേഷം, ഒരു പരീക്ഷണം നടത്താമെന്ന് വിചാരിച്ചു, അത് വിജയിച്ചു. ഏതൊരു മനുഷ്യനിലും രാജീവനെ കാണാം.  അങ്ങനെയല്ലേ. ബേസിക്കലി എല്ലാ മനുഷ്യരും സ്വാർത്ഥൻമാരാണല്ലോ. അല്ലേ. ആണുങ്ങൾ പിടിച്ച കൊമ്പ് എന്ന് പൊതുവേ ഒരു പറച്ചിലുണ്ടല്ലോ. പിന്നീടത് മാറുന്നത് മകന്റെ ഇടപെടലിലൂടെ മാറി വരുന്നുണ്ട്. നമ്മൾ വിചാരിച്ച പോലല്ല മനുഷ്യരൊന്നും എന്നൊരു ഡയലോഗും അവിടെയുണ്ട്. ഇവിടെ ഒരാളെ കുറിച്ച് വിചാരിക്കുന്ന നമ്മളായിരിക്കും ഒരു പക്ഷേ തെറ്റ്. നമ്മളാണ് ശരി എന്ന് ചിന്തിച്ചാണ് മറ്റൊരാളെ മോശം പറയുന്നത്. അവർ മോശക്കാരാകണമെന്നില്ല. അവരെ അങ്ങനെയാക്കുന്നത് ചിലപ്പോൾ നമ്മുടെ തെറ്റായിരിക്കും. അങ്ങനെയാണ് രാജീവനും. മാറി വരികയാണ്, മകനിലൂടെയാണെങ്കിലും മനസിലാക്കുന്നിടത്താണ് അയാളും മാറുന്നത്.

വളരെ ലളിതമായാണ്, സിനിമയിൽ പല  സങ്കീർണസാഹചര്യങ്ങളെയും അവതരിപ്പിക്കുന്നത് അല്ലേ?
പൊതുവേ പ്രേക്ഷകർക്ക് ഇപ്പോൾ എന്തും ലൈറ്റായി കാണാനുള്ള ഒരു താത്പര്യമുണ്ട്. ചിലപ്പോൾ കൊവിഡിന് ശേഷമായിരിക്കാം ഇങ്ങനെ ഒരു കാഴ്‌ചാട് വന്നത്. പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് അറിഞ്ഞ് മുന്നോട്ടു പോകുന്നതാണ് നല്ലത്. അങ്ങനെയാണോ ഈ സിനിമ എന്നെനിക്കറിയില്ല. ഈ സിനിമയുടെ ലാളിത്യമാണ് എനിക്കിഷ്‌ടപ്പെട്ടത്. ഒരു തൂവൽ പോലെ പ്രണയം പോലെ തന്നെ പറയാവുന്ന ഒരു ഭാരമില്ലായ്‌മ ഉണ്ട്. നല്ല ആഴമുണ്ട്. കാണുമ്പോഴല്ല ഒരു പക്ഷേ നമ്മൾക്കത് അനുഭവപ്പെടുക, സിനിമ കണ്ട് നമ്മൾ വീട്ടിൽ പോയി ഒന്നു കൂടെ ആലോചിക്കുന്ന സമയത്താണ്  സമയത്താണ് അതിന്റെ ഡെപ്‌ത്ത് മനസിലാവുക. ഞാനും പ്രേക്ഷകനായി നിന്നു കൊണ്ടാണ് ഈ കാര്യം സംസാരിക്കുന്നത്.

പഴയ കാമുകിയുമായി സിഗരറ്റ് വലിക്കുന്ന സീൻ തന്നെ രസകരമുണ്ട് കാണാൻ?

അത് ശരിയാണ്. സ്ക്രിപ്റ്റിന്റെ മികവാണത്. വളരെ മനോഹരമായാണ് ഓരോ സീനുകളും എഴുതിയിട്ടുള്ളത്. സംഭാഷണങ്ങൾ പഠിച്ചു തന്നെയാണ് ചെയ്‌തതെങ്കിലും  അത്ര ഉള്ളിലേക്കെടുത്താണ് ആ വേഷം ചെയ്‌തത്. നമ്മൾ ജീവിതത്തിൽ പല സന്ദർഭങ്ങളിലും പറയുന്ന കടുകട്ടിയില്ലാത്ത ഭാഷയാണ്  സിനിമയിൽ.  ശ്രദ്ധിച്ചാലറിയാം.

ശരാശരി മലയാളിയുടെ സ്വഭാവമെല്ലാം ചേർന്ന ഒരാളാണല്ലോ രാജീവൻ?
സ്ക്രിപ്റ്റ് കേട്ടശേഷം പലതവണ ഞാൻ സംവിധായകനെ വിളിച്ചു.സത്യം പറഞ്ഞാൽ രാത്രി ഒരുമണിക്കും രണ്ടുമണിക്കും വിളിച്ച സന്ദർഭങ്ങളുമുണ്ട്. രാജീവന് ബാഗുണ്ടാകില്ലേ, അത് ഇങ്ങനെ പിടിച്ചാലോ എന്നൊക്കെ നിഖിലിന്റെയടുത്ത് ചോദിക്കും. പിന്നെയാണ് സമയത്തെക്കുറിച്ച് ഓർമ്മ വന്ന് അയ്യോ രണ്ടുമണിയായല്ലോ സോറീ എന്നു പറയുക. ഇല്ല  മനോജേട്ടാ നിങ്ങള് പറഞ്ഞോ എന്നാവും അപ്പോൾ നിഖിലിന്റെ മറുപടി. രാജീവനിലെത്താൻ  അങ്ങനെ പല അന്വേഷണങ്ങളും ഞാൻ നടത്തി.

ഭാര്യ അനു അടർന്നു പോകുമ്പോഴാണ്  മറ്റൊരു രാജീവനെ  കാണുന്നത്. അതും ഹൃദ്യമായിരുന്നു?
രാജീവൻ ഒരിക്കലും ഭാര്യ അനുവോട് സംസാരിക്കുന്നില്ല. ഒരു പക്ഷേ, അവർ മനസ് തുറന്നു സംസാരിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നമുണ്ടാകില്ല.പ്രശ്‌നങ്ങളില്ലാത്ത കുടുംബങ്ങളില്ലല്ലോ. അതേ പോലെ പ്രണയമില്ലാത്ത മനുഷ്യരുമില്ലല്ലോ. ഒരു പക്ഷേ രാജീവന്റെയോ അനുവിന്റെയോ പ്രശ്നമായിരിക്കാം, എങ്കിലും അവർ ഒന്നു മനസു തുറന്നെങ്കിൽ എന്ന് ആലോചിക്കുന്നു. ഇങ്ങനെ തുറന്നു പറഞ്ഞെങ്കിൽ ഈ സിനിമ ഉണ്ടാവില്ലല്ലോ എന്നായിരിക്കും നിങ്ങൾ ചോദിക്കുന്നത്. ഇവിടെ
 സിനിമ എന്നല്ല ഞാൻ പറയുന്നത് ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്ന നിലയ്‌ക്കാണ്. ഈ കാര്യം ഞാൻ നിഖിലിന്റെയടുത്ത് പല തവണ ചോദിച്ചിരുന്നു. അങ്ങനെ സംസാരിക്കുമ്പോൾ അഭിനയിക്കാനായി കിട്ടുന്ന കുറേ ലെയറുകളുണ്ട്.

അപ്പോ സിനിമ കണ്ടു കഴിയുമ്പോൾ കുറേ പേർക്ക് വെളിച്ചം കിട്ടുമല്ലേ?
കിട്ടുമല്ലോ. കിട്ടട്ടെ എന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. ആ വെളിച്ചത്തിലൂടെ അവർ ജീവിതത്തെ ഒന്നു കൂടെ കാണട്ടെ.

ഇന്റർവെല്ലിന് ശേഷം വണ്ടിയും വയനാട് യാത്രയും. മടുപ്പിക്കുമെന്ന്
ആശങ്കയുണ്ടായിരുന്നോ?

ഞാൻ നേരത്തെ സ്ക്രിപ്റ്റ് വായിച്ച കാര്യം പറഞ്ഞില്ലേ.ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് ബോറടിക്കുമോ എന്ന് ഞാനും സംവിധായകനോട് ചോദിച്ചിട്ടുണ്ട്. കാരണം കുറേ നേരത്തേക്ക് ഞാനും അർജുൻ അശോകനും കാറും മാത്രം. അപ്പോഴാണ് അങ്ങനെയല്ല, ഫ്ളാഷ് ബാക്കും കൂടി വരുന്നുണ്ടെന്ന്  നിഖിൽ പറഞ്ഞത്.  പിന്നെ വിഷ്വലി നല്ല ട്രീറ്റും വന്നു. എഡിറ്റിംഗ് മികവും സീനുകളിലുണ്ട്. നിങ്ങളെ പോലെ ഞാനും ഞെട്ടിപ്പോയത് ആ ഫ്ളാഷ് ബാക്കിലാണ്. അനശ്വര, ഹക്കീം എല്ലാ അഭിനേതാക്കളും അത്ര നന്നായാണ് സിനിമയിൽ അഭിനയിച്ചത്. കുഞ്ഞുവേഷങ്ങളിൽ പോലും ആ മാജിക്ക് ഉണ്ട്.

അർജുൻ അശോകന്റെ സൂരജും താങ്കളുടെ രാജീവനും. അച്‌ഛനും മകനുമായി അത്ര ചേർന്നു നിന്നു?
അർജുൻ അശോകന്റെ ഗുണമാണ് ആ സീനുകളിലൊക്കെ കാണുന്നത്. അത്ര  എക്‌സ്‌പീരിയൻസ് ഉള്ള ആർട്ടിസ്റ്റല്ലേ. വന്നു ചെയ്‌തു പോയാൽ മതി. പക്ഷേ, അങ്ങനെയല്ല നടന്നത്. നമ്മൾ രണ്ടാളും ഇരുന്ന് ഡയലോഗുകൾ പറഞ്ഞു നോക്കി.അങ്ങനെ പറഞ്ഞു നോക്കുമ്പോൾ എനിക്കൊരു താളമാണ്, അർജുന് മറ്റൊരു താളമാണ്. പക്ഷേ ഇതു രണ്ടും സിങ്ക് ആകുന്നുണ്ടെന്ന് മനസിലായി. നമ്മൾ സിനിമയിൽ അച്‌ഛനും മകനുമല്ലേ, ഒന്നിച്ച് ജീവിക്കുന്നവർ. അപ്പോൾ താളം ഒരേ പോലെയാകണമല്ലോ.  പിന്നെയാണ് ആ താളത്തിന് മുകളിൽ, ഡയലോഗിന് മുകളിൽ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നത്.  അങ്ങനെ എക്‌സ്‌പ്രഷനിലേക്ക് വന്നു. ഏതു ഡയലോഗിൽ എവിടെ നോട്ടം വരുമെന്ന്  ഞങ്ങൾ രണ്ടാൾക്കും അറിയാം. എന്റെ ഒരു ചലനം പോലും അവനറിയാം. തിരിച്ച് അവൻ എന്തു ചെയ്യുമെന്ന് എനിക്കും അറിയാം. അങ്ങനെ വന്നത് ആ താളം ഞങ്ങൾ പുറത്തു നിന്നും  ചെയ്‌തു നോക്കി ഉണ്ടാക്കിയതു കൊണ്ടാണ്. ചിലരേ അങ്ങനെ മെനക്കെടാൻ തയ്യാറാവൂ. അർജുൻ അശോകന്റെത് അങ്ങനെ ഒരു പ്രയത്‌നമായിരുന്നു. അതുകൊണ്ടാണ് ആ സീനുകളൊക്കെ നന്നായത്.

ഇരട്ടയിലും ഇടയ്‌ക്ക് കണ്ടല്ലോ?
'ഇരട്ട' യിൽ അഭിനയിച്ചതു കൊണ്ടാണ് 'പ്രണയവിലാസ' ത്തിലെത്തിയത്. ഇരട്ടയുടെ നിർമ്മാതാവ്  മാർട്ടിൻ പ്രക്കാട്ട്  ഒരു ദിവസം ഒരു കഥ കേൾക്കുമോ എന്ന്  എന്നോട് ചോദിച്ചു. സത്യത്തിൽ കേൾക്കാൻ പറ്റുമോ എന്ന് ചോദിക്കേണ്ട കാര്യമില്ലെന്ന്  ഞാൻ പറഞ്ഞു, കേൾക്കണം എന്നു പറഞ്ഞാൽ മാത്രം മതി. അഭിനയത്തോട്, കഥാപാത്രങ്ങളോട് അത്ര കൊതിയാണ്.

വ്യത്യസ്‌ത കഥാപാത്രങ്ങൾ തേടി വരുന്നതും സിനിമാക്കാർ നോട്ട് ചെയ്‌തു എന്നതു കൊണ്ടല്ലേ?
വ്യത്യസ്‌ത വേഷങ്ങൾ കുറേ വരുന്നുണ്ട്. സത്യമാണത്. ഇനിയും വരട്ടെ. നിങ്ങളിനി എന്നെ അധികം പുകഴ്‌ത്തേണ്ട, അഹങ്കാരം കേറിയാലോ (ചിരിക്കുന്നു)
 

പുതിയ സംവിധായകനാണ്. അനുഭവം?
ഇപ്പോ ചില സീനുകളിൽ ഡയറക്ടർ തന്നെ പറഞ്ഞിട്ടുണ്ട്, മനോജേട്ടാ നമുക്ക് അത്ര അധികം വേണ്ട, കുറച്ച് താഴേക്ക് പിടിക്കാം എന്ന്. അവർക്ക്  ഒരു സംശയവും ഇല്ല, ഏത് വേണം വേണ്ട എന്നതിനെ കുറിച്ച്. സിനിമ എന്നു പറയുമ്പോൾ നമ്മൾ ചെയ്യുന്ന ചില റിയാക്ഷൻസ് അവർ കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്.അത് നേരത്തെ പ്ളാൻ ചെയ്യാതെ  ആ സിറ്റുവേഷനിൽ ചെയ്‌തു പോകുന്നതാണ്. സിനിമ കാണുമ്പോഴാണ് ആ സീൻ നന്നായി എടുത്തിട്ടുണ്ടല്ലോ എന്ന് എനിക്കും മനസിലാകുന്നത്. നമ്മൾ കളിമണ്ണ് പോലെ നിന്നു കൊടുക്കുക ഉളളതാണ്.അവരത് കുഴച്ച് കഥാപാത്രമാക്കിക്കൊള്ളും.
ഞാൻ നിരന്തം നിഖിലുമായി സംസാരിക്കും.ഈ സിനിമയിൽ തന്നെ ഞാനും അർജുനും തമ്മിലുള്ള യാത്രയ്‌ക്കിടെയിലെ ഒരു സീനിൽ ഒരു കുഞ്ഞ് സാധനമുണ്ട്. എനിക്കത് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല.ചെയ്യുമ്പോഴെല്ലാം നിഖിൽ പറഞ്ഞു, മനോജേട്ടാ അത് കിട്ടുന്നില്ല, കിട്ടുന്നില്ല. ഒരു കുഞ്ഞുസാധനമാണ് വേണ്ടത്. അവർ മനസിൽ കണ്ട ആ ചെറിയ കാര്യം എന്റടുത്ത് നിന്നും കിട്ടാതെ ഷൂട്ടിംഗ് മുന്നോട്ട് പോകില്ല. അത്രയേയുളളൂ.  എങ്ങനെയാണോ നിഖിൽ മനസിൽ കണ്ടത് അതേ പോലെ  ഔട്ട്പുട്ട് കിട്ടാനും അവർ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ അഭിനയിക്കണമെന്നല്ല അവർ പറയുന്നത്, അത് അഭിനേതാക്കൾ ചെയ്യേണ്ടതാണ്, അവർ ആ ഒൗട്ട്  പുട്ടിനാണ് നോക്കുന്നത്. ഈ പറഞ്ഞ സംഭവം കിട്ടാൻ ഞാൻ കാമുകിയെ മീരയെ ആലോചിച്ച് ചെയ്യട്ടെ എന്ന് നിഖിലിനോട് ചോദിച്ചു. അങ്ങനെ മതി എന്ന് നിഖിലും പറഞ്ഞു. സത്യത്തിൽ മീരയെ ആലോചിച്ച്  ചെയ്യേണ്ട സീനല്ല അത്. പക്ഷേ, എനിക്കത് അങ്ങനെയാണ് കിട്ടുന്നുണ്ടായിരുന്നത്.

മിയയുടെ  മീരയും നല്ല രസമുണ്ട്?

അവർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം ഒരുപാട് സീനിയർ ആർട്ടിസ്റ്റല്ലേ. എന്നോ പരിചയമുളള ആളെ പോലെയാണ് അവർ പെരുമാറിയും സംസാരിച്ചതും. അതുകൊണ്ട് ആ സീനുകളിൽ  എനിക്കൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

ഏതു സിനിമകളാണ്  ഇനി വരാനുള്ളത്?
ചാവേറിൽ നല്ല വേഷമാണ്. പിന്നെ എൽ.എൽ.ബി, ബുള്ളറ്റ് ഡയറീസ്, അന്ത്രു ദി മാൻ, പ്രാവ്  തുടങ്ങിയ ചിത്രങ്ങളും.

അഭിനയയാത്രയുടെ തിരക്കിലാണിപ്പോൾ?
അതേ. ഞാൻ പോലും പ്രതീക്ഷിക്കാത്ത വലിയൊരു യാത്രയാണ്. വീട്ടിലുണ്ടാവുന്നത് കുറവാണ്, അതു മാത്രമേ മിസ്സാകുന്നുള്ളൂ.  പയ്യന്നൂർ അന്നൂരിലാണ് താമസം.

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment