ജീവിതം, സിനിമ, സൗഹൃദങ്ങൾ, 'സ്‌ഫടിക'ത്തിലെ ബഷീർ മാഷ് സംസാരിക്കുന്നു

Interviews

'സ്‌ഫടിക'ത്തേക്കാൾ തിളക്കമുള്ള ഓർമ്മകളുണ്ട് നടൻ നിസാറിന്. ആ സിനിമയിലെ ബഷീർ എന്ന മാഷിന്റെ റോൾ മതി നിസാറിനെ എന്നുമോർക്കാൻ. ബഷീറിലൂടെയാണ് സ്‌ഫടികത്തിന്റെ  കഥയ്ക്ക് വഴിത്തിരിവും വേഗതയും ഉണ്ടാകുന്നതും.  ഈ മുഖം, നമ്മൾ എത്രയോ സിനിമകളിൽ കണ്ടതാണ്!
സിനിമയിൽ പലവഴികളിലായി ഒഴുകിയിട്ടുള്ള, ഇത്രയധികം സൗഹൃദപച്ചപ്പുകളുള്ള മറ്റൊരാൾ മലയാള സിനിമയിലുണ്ടാകുമോ എന്നറിയില്ല. അഭിനയം, പാട്ട്,  പോപ്പ് സംഗീതം, അസിസ്റ്റന്റ് ഡയറക്‌ടർ,അസോസിയേറ്റ് ഡയറക്ടർ, റെക്കാഡിംഗ് സ്റ്റുഡിയോ, സൗഹൃദങ്ങൾ.... എന്നിങ്ങനെ നീണ്ടു നീണ്ടുപോകുന്നതാണ് നിസാറിന്റെ മേൽവിലാസങ്ങൾ. സിനിമയോട്  ഇത്രയധികം ആത്മബന്ധമുള്ള ഒരാൾ കുറച്ചുവർഷങ്ങൾ ഇവിടെ നിന്ന്  വിട്ടുനിന്നതിനും ഒരു കാരണമുണ്ട്. വീണ്ടും സിനിമയിലേക്ക് വരാൻ മമ്മൂക്ക ഉൾപ്പെടെയുള്ള സ്‌നേഹങ്ങൾനിസാറിനെ വിളിച്ചു കൊണ്ടിരിക്കുന്നു. ഭദ്രൻ, സിബിമലയിൽ എന്നിവരും തിരിച്ചു വരണമെന്ന് തന്നെ ഓർമ്മിപ്പിക്കുന്നു. അടുത്ത പടത്തിൽ നിനക്കൊരു വേഷമുണ്ടെന്ന് ഭദ്രൻ ഉറപ്പിച്ചു കഴിഞ്ഞു. സിനിമയിൽ നമ്മൾ കണ്ട അതേ സൗമ്യതയോടെയും ചിരിയോടെയുമാണ്  നിസാർ ഈ അടുപ്പങ്ങളെ  ഏറ്റുവാങ്ങുന്നതും. അധികം താമസിയാതെ അഭിനയിച്ചു തുടങ്ങണമെന്ന്  ഉള്ളിൽ തോന്നി തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഒന്നും പ്ലാൻ ചെയ്തതല്ല നടന്നത്, ബാക്കിയും അങ്ങനെ ആവട്ടെ  എന്നദ്ദേഹം ശാന്തമായി ചിന്തിക്കുന്നു. നിസാർ സംസാരിക്കുന്നു, ജീവിതം, സിനിമ, സൗഹൃദങ്ങൾ, സ്‌ഫടികം ഓർക്കാൻ ഒരുപാടുണ്ട് നിസാറിന്. സ്‌ഫടികം പോലെ നല്ല തെളിച്ചമുള്ള ഓർമ്മകൾ.

'സ്‌ഫടിക' ത്തിലെ ബഷീർ മാഷെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ?
വല്ലാത്തൊരു അനുഭവമാണത്. സ്‌ഫടികത്തിന്റെ പ്രീമിയർഷോ കണ്ടതുമുതൽ അന്നത്തെ ആ കാലം ഇങ്ങനെ മുന്നിൽ വന്നു നിൽക്കുകയാണ്. കാൽനൂറ്റാണ്ട് അത്ര ചെറുതല്ലല്ലോ... ആളുകൾക്ക് ഇപ്പോഴും സിനിമയിലെ ഓരോ സീനും ഡയലോഗുമൊക്കെ  കാണാപാഠമാണ്.  "ഒരു ബന്ധവുമില്ലാത്ത എനിക്കു വേണ്ടി തോമാച്ചായൻ ജീവൻ വച്ച് വിലപറഞ്ഞു.. പ്രതിഭ തുടങ്ങാനുള്ള എന്റെ  ആവേശം, തുടർന്നു പഠിക്കാനുള്ള എന്റെ ആഗ്രഹമായിരുന്നു.."ഈ ഡയലോഗുകളൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. പുതിയ തലമുറയ്‌ക്ക് കൂടി ഇഷ്‌ടമായി എന്നതാണ് ആ സിനിമയുടെ ഒരു റേഞ്ച്. ഭദ്രേട്ടൻ ഇന്ന് രാവിലെ കൂടി വിളിച്ചപ്പോൾ പറഞ്ഞതേയുള്ളൂ,മോഹൻലാലിന്റെ  കൂടെയുള്ള പുതിയ സിനിമയിൽ ഒരു വേഷം എനിക്ക് വച്ചിട്ടുണ്ടെന്ന്.

ഈ മുഖം ആളുകൾ മറന്നിട്ടില്ലല്ലോ?
ഒരുപാട് പേർ എന്നെ കാണുമ്പോൾ 'സ്‌ഫടിക'ത്തിലെ ഡയലോഗുകൾ  പറയുന്നു, ആറാം തമ്പുരാനിലെ ജയിംസിനെ ഓർക്കുന്നു... ഇതൊക്കെ കാണുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. ആളുകളെ കഥാപാത്രങ്ങൾ സ്വാധീനിക്കുന്നതിനെ കുറിച്ചൊക്കെ ഓർത്ത്. ഒരിക്കലും കഥാപാത്രങ്ങൾ മരിക്കുന്നില്ലല്ലോ. അതിങ്ങനെ ഓരോ കാലത്തിലൂടെയും സഞ്ചരിക്കുകയാണല്ലോ... സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ്.

'സ്‌ഫടികം' ദിവസങ്ങളൊക്കെ ഓർക്കാറുണ്ടോ
എപ്പോഴും ഓർക്കും.  'സ്‌ഫടികം'   അത്രയധികം ആസ്വദിച്ച് ചെയ്‌ത, കൂടെ നിന്ന സിനിമയാണ്. കോട്ടയം, ചങ്ങനാശേരി, കുമരകം എന്നിവിടങ്ങളിലായിരുന്നു  ഷൂട്ടിംഗ്.ബോട്ടുസീനൊക്കെ കുമരകത്തായിരുന്നു എടുത്തത്. ഭദ്രേട്ടൻ  കഥ മുഴുവൻ പറഞ്ഞു തന്നിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ്  എന്നും വൈകുന്നേരം റൂമിലിരിക്കും ഞങ്ങൾ. അപ്പോൾ ഈ സീനുകളൊക്കെ പറഞ്ഞു തരും. പുള്ളിയുടെ മനസിലുള്ള വിഷ്വൽസ് ഒക്കെ നമുക്കും കിട്ടും. അതുകൊണ്ട് എനിക്കത് മന:പാഠമായിരുന്നു. എല്ലാം തുറന്നുപറയുന്നയാളാണ്  ഭദ്രേട്ടൻ. സിനിമയിലെപോലെ വല്ലാത്ത ഒരു കാരക്ടറാണ് അദ്ദേഹം. പിന്നെ ലാലേട്ടൻ. എന്തൊരു എഫേർട്ടാണ് അദ്ദേഹം ആടുതോമയ്‌ക്ക് വേണ്ടി എടുത്തത്. ഫൈറ്റ് സീനുകളൊക്കെ അത്രയും റിസ്‌ക്കിലാണ് ചെയ്‌ത്. പെർഫെക്ഷന് വേണ്ടി അത്ര അദ്ധ്വാനിക്കും. ചാടുന്നതൊക്കെ കാണുമ്പോൾ നമുക്ക് പേടി തോന്നും. കാമറ ഓൺ ആയാൽ അദ്ദേഹം വേറെ ഒരാളാണ്. എന്റെ ഭാഗം ചിത്രീകരിച്ചാലും  ഞാൻ പോകാതെ അവിടെ തന്നെ നിൽക്കും. എനിക്ക് അത്ര ഇഷ്ടമാണ് സിനിമ. ഭദ്രേട്ടൻ അസാദ്ധ്യ ഫിലിംമേക്കറാണ്. അദ്ദേഹത്തിന്റെ വർക്ക് കണ്ടു നിൽക്കുന്നതു തന്നെ നല്ല രസമാണ്. ഒരു കഥ കിട്ടിയാൽ പുള്ളി ഒന്നായിട്ടതിനെ മനസിലേക്ക് കയറ്റിക്കഴിഞ്ഞു, പിന്നെ  വിഷ്വലൈസേഷൻ അവിടെയാണ് നടക്കുന്നത്. ഷോട്ട് എടുക്കുന്നതൊക്കെ ഒന്നു കാണണം.

ഭദ്രൻ സാർ ജീവിതത്തിന്റെ ഭാഗം തന്നെയാണല്ലേ?

തീർച്ചയായും. സുഹൃത്തെന്നോ, സഹോദരനെന്നോ ഒക്കെ പറയാം.
ഹരിഹരൻ സാറിന്റെ 'അടിമക്കച്ചവടം' പടം മുതൽ ഞാൻ ഭദ്രേട്ടന്റെ അസിസ്റ്റന്റായിരുന്നു. ഹരിഹരൻ സാറിന്റെ കൂടെ ഫസ്റ്റ് അസോസിയേറ്റായി ഭദ്രേട്ടനും സെക്കന്റ് അസിസ്റ്റന്റായി ഞാനും.  യാഗാശ്വം, ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മുത്തുച്ചിപ്പികൾ, അംഗുരം, ശ്രീമാൻ, ശ്രീമതി, വെള്ളം എന്നിവ ചെയ്‌തു. ഭദ്രന്റെ ' ചങ്ങാത്തം' എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു ഞാൻ. അത്രയ്‌ക്കടുത്ത ബന്ധം.

സിൽക്ക്  സ്‌മിതയെ ഓർക്കുന്നുണ്ടോ?
അത്ര നല്ലൊരു വ്യക്തിത്വമാണ്  സിൽക്ക് സ്മിതയുടേത്. പ്രൊഫഷണലായ നടി. അവർക്ക് രണ്ടു മൂന്നു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ്മ. എല്ലാവരോടും നന്നായാണ് പെരുമാറുക.  

സിനിമയിലേക്കുള്ള എൻട്രി എങ്ങനെയായിരുന്നു ?
1973 ലാണ് എന്റെ ആദ്യപടം 'അമ്മിണിയമ്മാവൻ' എന്ന ചിത്രം ഇറങ്ങിയത്. ഹരിഹരൻ സാറിന്റെ സിനിമ.  ഷൊർണൂരിനടുത്ത്‌ ദേശമംഗലത്തായിരുന്നു ഷൂട്ടിംഗ്. ഹരിഹരൻസാറിന്റെ സുഹൃത്തായിരുന്നു എന്റെ ജ്യേഷ്ഠൻ സുബൈർ. അങ്ങനെയാണ് സിനിമയിലേക്ക് വാതിൽ തുറന്നത്. അതിന് മുമ്പ് സിനിമ ഇഷ്‌ടമായിരുന്നു.

എം.ടി സാറിന്റെ 'മഞ്ഞി'  ലും അഭിനയിച്ചു?
നടി കൽപ്പനയുടെ ആദ്യസിനിമ. എന്റെ ജോഡിയായിരുന്നു. 1982 ലായിരുന്നു ഷൂട്ടിംഗ്, 83 ൽ പടം ഇറങ്ങി.ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു ഞാൻ. ചുറുചുറുക്കോടെ കൽപ്പന വന്നതൊക്കെ ഓർമ്മയുണ്ട്.  തന്നെ ആദ്യമായി അഭിനയം പഠിപ്പിച്ച അസിസ്റ്റന്റ് ഡയറക്‌ടർ എന്നു പറഞ്ഞായിരുന്നു കൽപ്പന  പിന്നെ എന്നെ പരിചയപ്പെടുത്താറുള്ളത്.ആദ്യഷോട്ടിൽ തന്നെ കൽപ്പന നന്നായി അഭിനയിച്ചു. എം.ടി സാർ ഒക്കെ അഭിനന്ദിച്ചത് ഓർക്കുന്നുണ്ട്. കൽപ്പന അവതരിപ്പിച്ച പത്താം ക്ളാസുകാരി രശ്മിയുടെ  കാമുകൻ ദിനേശന്റെ വേഷമായിരുന്നു എനിക്ക്. ബോർഡിംഗിൽ  താമസിക്കുമ്പോൾ സഹോദരനാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകാൻ എത്തുന്നതും വാർഡനുമായി സംസാരമാകുന്നതുമൊക്കെ അതിലുണ്ട്. എൻ.എൽ.ബാലകൃഷ്‌ണൻ അന്ന് ലൊക്കേഷനിൽ നിന്നും പകർത്തിയ ഞങ്ങളുടെ ചിത്രം എന്റെ കയ്യിലുണ്ടായിരുന്നു. അത് വേണമെന്ന് കൽപ്പന പറഞ്ഞിരുന്നു. അതായിരുന്നു അവസാനത്തെ കൂടിക്കാഴ്‌ച.

 

ഇനി എപ്പോഴാണ് സിനിമയിൽ വരുന്നത്?
ഭദ്രേട്ടൻ നിന്നെ ഇനി വിടില്ലെന്ന്  പറഞ്ഞിട്ടുണ്ട്. 'അമ്മ' യോഗത്തിലൊക്കെ കാണുമ്പോൾ മമ്മൂക്ക എപ്പോഴും  പറയും, നീ  സിനിമ ചെയ്യണം എന്ന്.  മമ്മൂക്കയെ കുറിച്ച്  ഇപ്പോഴും ഞാൻ ഓർക്കുന്ന കാര്യമുണ്ട്. 'ചങ്ങാത്തം' സിനിമയിൽ അദ്ദേഹമാണ് നായകൻ. ഞാൻ അസിസ്റ്റന്റാണ്. അന്ന് എന്റെ മ്യൂസിക്ക് ഗ്രൂപ്പിന് ഒരു ഡ്രംസ് വാങ്ങണം. അന്ന് പ്രതിഫലമൊക്കെ പ്രൊഡ്യൂസറുടെ കയ്യിൽ നിന്നും കിട്ടണ്ടേ... ആകെ പ്രതിസന്ധിയിലായി. എന്റെ വിഷമമറിഞ്ഞ്  മമ്മൂക്കയാണ്  പണമെടുത്തു തന്നത്. പിന്നീട്  ആ പണം തിരിച്ചു കൊടുത്തെങ്കിലും എനിക്കത് മറക്കാൻ കഴിയാത്ത ഒരു നിമിഷമാണ്.  'സ്‌ഫടിക' ത്തിന്റെ കഥയെഴുതിയ രാജേന്ദ്രബാബു സാർ  ഇവരൊക്കെ സ്‌നേഹം കൊണ്ട് സിനിമ ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരാണ്. അഭിനയത്തിലേക്ക് വീണ്ടും ഒന്ന് ഇറങ്ങിയാലോ എന്ന് ഇപ്പോൾ ആലോചിക്കാൻ തുടങ്ങിയിട്ടുണ്ട്. നല്ലവേഷങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും. ഈയടുത്ത്  'ഓർമ്മകളിൽ സ്‌ഫടികം' എന്ന പരിപാടി കൊച്ചിയിൽ നടന്നപ്പോൾ സിബി മലയിൽ സാറിനെ കണ്ടു, സാറും  അഭിനയം എന്തിനാണ്  നിറുത്തിയതെന്നാണ്‌ ചോദിച്ചത്. രഞ്ജിയേട്ടൻ സംവിധാനം ചെയ്ത 'ഞാൻ' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അന്ന് ഞാൻ ദുബായിൽ പോയി മടങ്ങി വരികയായിരുന്നു. അവിടെ രണ്ടു ബിസിനസ് സംരംഭങ്ങളുണ്ട്. ഫ്ളൈറ്റിറങ്ങിയപ്പോൾ  രഞ്ജിയേട്ടന്റെ കോൾ. ''നീ നേരെ സരോവരത്തിലേക്ക് വാ''.... എന്നു മാത്രമേ പറഞ്ഞുള്ളൂ. എന്താ പരിപാടി എന്ന്‌ ചോദിച്ചപ്പോൾ നീ ഇവിടെ വാ, വന്നിട്ട് പറയാമെന്നായിരുന്നു മറുപടി. അങ്ങനെ ചെയ്തവേഷമാണ്. ഒരൊറ്റ സീനിൽ നീ അഭിനയിക്കണം എന്ന് അവിടെ എത്തിയപ്പോൾ ചെയ്‌തു.

 

മിക്ക സിനിമകളിലും അടി കിട്ടുന്നുണ്ടോ?
(പൊട്ടിച്ചിരിക്കുന്നു )  അതിൽവേറൊരു രസമുള്ള കാര്യമുണ്ട്. എനിക്ക് അടി കൊള്ളുന്ന സിനിമ സൂപ്പർഹിറ്റാകുമെന്നാണ് വിശ്വാസം. അതു കൊണ്ട്  ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന് എന്തായാലും ഒരടി ഉറപ്പാണ്. സിനിമയിൽ വിശ്വാസത്തിന് വലിയ പ്രസക്തിയല്ലേ....

സിനിമയിൽ ഉറ്റ സൗഹൃദങ്ങളേറെയുണ്ടല്ലോ?
സംവിധായകരായ ജയരാജ്, വി.എം. വിനു, രഞ്ജിത്തുമായൊക്കെ സൗഹൃദമുണ്ട്. എനിക്ക്‌ 'കോഴിക്കോട്  മ്യൂസിക്ക് സിറ്റി' എന്നൊരു റെക്കാർഡിംഗ് സ്റ്റുഡിയോ ഉണ്ടായിരുന്നു. ജയരാജിന്റെ ദേശാടനം, കളിയാട്ടം സിനിമകളിലെ പാട്ടുകളൊക്കെ ഇവിടെയാണ് റെക്കാർഡ് ചെയ്തത്. ഉസ്താദ്, സിന്ദൂരരേഖ, വി.എം. വിനുവിന്റെ കൺമഷി, മയിലാട്ടം എന്നീ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചു. ഫാസിലിക്കയുടെ മാനത്തെ വെള്ളിത്തേര്, സിബി സാറിന്റെ സിന്ദൂരരേഖ. ഉസ്താദിലൊക്കെ നല്ലവേഷമാണ്. എനിക്ക് വലിയ ഇഷ്ടമുള്ളറോളാണ്. ലാലേട്ടനും എന്നെ വലിയ ഇഷ്ടമാണ്. ഞാൻ 'സ്‌ഫടിക' ത്തിൽ  പറക്കെട്ടുകൾക്കിടയിലൂടെ ഓടി വന്നു കരയുന്ന രംഗമുണ്ടല്ലോ. ആ സീൻ അഭിനയിച്ചപ്പോൾ ലാലേട്ടൻ ഭദ്രേട്ടനോട് പറഞ്ഞു, നന്നായിട്ടവൻ ചെയ്തിട്ടുണ്ട്. ഇത്രയും വലിയ നടനല്ലേ, ആ വാക്കുകൾ നമ്മുടെ ഭാഗ്യമല്ലേ,...

ദൂരദർശനിൽ മഞ്ഞക്കുപ്പായമിട്ട് പാട്ടുപാടുന്നയാളെ ഇപ്പോഴും ആസ്വദകർ ഓർക്കുന്നുണ്ട് ?
ദൂരദർശൻ വലിയൊരു ഓർമയാണ്. പാശ്ചാത്യ  പാട്ടുകളായിരുന്നു ഏറെയും പാടിയത്.. Zeus എന്ന ബാൻഡ്. അന്ന് വെസ്റ്റേൺ മ്യൂസിക്ക് എന്റെ ഹരമായിരുന്നു. അങ്ങനെയാണ് മലയാളംപോപ്പിലെത്തിയത്. പോപ്പ് ഇൻകേരള എന്നായിരുന്നു പേര്,പിന്നെ സ്ഥിരമായി ദൂരദർശനിൽ പാടുമായിരുന്നു. സംവിധായകൻ ശ്യാമപ്രസാദ് അന്ന് ദൂരദർശനിലെ പ്രോഗ്രാം എക്‌സിക്യുട്ടീവ് ആയിരുന്നു. 'ജൂലായ്‌മോർണിംഗ്'  ഒക്കെ ഈ  കാലത്താണ് ചെയ്തത്.

'ആറാം തമ്പുരാനി' ലെ ഹരിമുരളീരവമൊക്കെ കോഴിക്കോട്ടെ താങ്കളുടെ സ്റ്റുഡിയോയിലായിരുന്നല്ലോ  റെക്കാർഡ് ചെയ്‌തത്?

മലയാളത്തിലെ ആദ്യത്തെ പന്ത്രണ്ടുമിനുറ്റ് ദൈർഘ്യമുള്ള മലയാളം പാട്ടായിരുന്നല്ലോ  'ഹരിമുരളീരവം'. ഇത് റെക്കാർഡ് ചെയ്തത്‌
കോഴിക്കോട്ടെ എന്റെ  സ്റ്റുഡിയോയിലായിരുന്നു. അത് മിക്‌സ് ചെയ്‌തത് ഞാനും കൂടെയുള്ള അജിത് മേനോനും ചേർന്നാണ്.
സിംഗൂപ്പൂരിൽ സൗണ്ട് എൻജിനിയറിംഗ് ഞാൻ പഠിച്ചിരുന്നു. ആറാംതമ്പുരാൻ, ദേശാടനം,  കളിയാട്ടം എന്നിവയൊക്കെ ഈ സ്റ്റുഡിയോയിൽ മിക്സ് ചെയ്തത് ഞാനാണ്. 'ആറാം തമ്പുരാൻ' ഷൂട്ട് നടക്കുമ്പോൾ അതിൽ വർക്ക് ചെയ്തതൊക്കെ സുഖമുള്ള ഓർമ്മയാണത്. ഷാജി കൈലാസും രഞ്ജിയേട്ടനുമൊക്കെ അത്രമാത്രം ഇൻവോൾവ്ഡ് ആയിരുന്നു. മിക്സ് ചെയ്തു കൊടുക്കുമ്പോൾ അവർ പറയും, ഇവിടെ കുറച്ചു കൂടെ നന്നാക്കിയാലോ എന്ന്. അങ്ങനെ ഞാൻ വണ്ടിയെടുത്ത്‌ കോഴിക്കോട്ട് വരും, അതു കഴിഞ്ഞ്  വീണ്ടും ലൊക്കേഷനിലെത്തും. അതുകേൾക്കുമ്പോൾ അവർ ഓ കെ പറയും.  പിന്നെ വീണ്ടും പറയും ഇത് ഒന്നുകൂടെ ഉഷാറാക്കിയാലോ.  നാലും അഞ്ചും തവണ അങ്ങനെ വന്നുംപോയും പൂർണമാക്കിയ പാട്ടാണത്.

മക്കളും പാട്ടിന്റെ വഴിയാണല്ലോ?
രേഷ്‌മയാണ് ഭാര്യ. മൂത്തമകൾ ഷിറീൻ ഷഹാന ഗായികയാണ്. ലയോളയിൽ  വിഷ്വൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞു ബുട്ടീക്കും നട‌ത്തുന്നു. ഭർത്താവ് ഒമർ ലത്തീഫ് പ്രഭുദേവയുടെയും എ.എൽ. വിജയ്‌യുടെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ്. ഇദ് എന്ന മായം, വനമഗൻ എന്ന ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടാമത്തെ മകൾ അമാനി സിമ്രാൻ നന്നായി വരക്കും. 'നിഫ്റ്റി' ലെ പഠനശേഷം റിയലൻസിൽ ഫാഷൻ ഡിപ്പാർട്ട്‌മെന്റിൽഅസി. മാനേജർ ആണിപ്പോൾ. മൂന്നാമത്തെയാൾ ഇഷാൻ സാക്കി ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. പിന്നെ ഇരട്ടക്കുട്ടികളാണ് സിയാദ് സാക്കി നല്ല കലാകാരനാണ്, സായിദ് സാക്കി  ബാസ്‌ക്കറ്റ് ബാൾ പ്ളേയറും.

ഇത്രയധികം സിനിമകളുടെ പിന്നണിയിലുണ്ടായിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയില്ലേ?
അന്ന് അങ്ങനെ തോന്നിയില്ല. ഇപ്പോൾ ഒരു കഥ ഞാൻ കേട്ടു. അതിന്റെ വൺ ലൈൻ എന്റെ സുഹൃത്തും അസി. തഹസിൽദാറുമായിരുന്ന ആനന്ദ് എഴുതി കൊണ്ടിരിക്കുകയാണ്. കഥ കേട്ടപ്പോൾ ഒരു പ്രത്യേകത തോന്നി. വൺലൈനായശേഷം ഒന്നു ഡെവലപ്പ് ചെയ്‌തു നോക്കണം. ഇന്ന് മത്സരാധിഷ്ഠിതമാണല്ലോ ഈ മേഖല. സിനിമയിലൂടെ നല്ലൊരു മെസേജ് നൽകാൻ കഴിയണം.

അഭിനയിക്കാനാണോ, കാമറയുടെ പിന്നിൽ നിൽക്കാനാണോ ഇഷ്ടം?
രണ്ടും അത്രയേറെ ഇഷ്ടമാണ്. പിന്നെ പാട്ട്.... അതും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എനിക്ക് ‌ഈ നല്ല വാക്കുകളും ഓർമ്മകളുമൊക്കെ തന്നത് സിനിമയാണ്.

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക