''ഇങ്ങനങ്ങ് പോട്ടെ''... മമ്മൂട്ടി പറഞ്ഞു ആ സീനിൽ അഭിനയിക്കാൻ ഞാൻ മറന്നു - 'കാതൽ' സിനിമയിലൂടെ ശ്രദ്ധ നേടിയ അഭിനേതാവ് ആർ എസ് പണിക്കർ സംസാരിക്കുന്നു

Interviews

നിസ്സഹായത മനുഷ്യരെ എത്ര മാത്രം മുറിവേൽപ്പിക്കുമെന്ന് മനസിലാക്കാൻ ചാച്ചന്റെ മുഖത്തേക്ക് നോക്കിയാൽ മതി. 'കാതൽ ദി കോറി'ലെ പല സീനുകളിലും ആ മുഖം തോറ്റു പോയവനെ പോലെ താണു തന്നെയാണിരിക്കുന്നത്. മരുമകൾക്ക് കടലമിഠായി മറക്കാതെ കൊണ്ടു ചെല്ലുന്ന സ്‌നേഹം, അവൻ എന്റെ മകനാണ് എന്ന ഇനി മറ്റൊരു ചോദ്യം ഉയരാത്ത വിധത്തിൽ ഉള്ളിന്റെയുള്ളിൽ നിന്നുള്ള പ്രസ്താവന, മകന്റെ മുന്നിൽ തെറ്റു പറ്റി പോയെന്ന കുറ്റസമ്മതം... ഇങ്ങനെ കുറേ സീനുകളിൽ ചാച്ചനായി ജീവിക്കുകയായിരുന്നു ആർ. എസ്. പണിക്കർ എന്ന പുതുമുഖ നടൻ. സിനിമ ആദ്യമാണെങ്കിലും നേരത്തെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. 2005 ൽ പി.എസ്.സി അംഗമായിരുന്ന അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  ജീവനക്കാരനായിരുന്നു. അപ്രതീക്ഷിതമായെത്തിയ സിനിമ, മമ്മൂട്ടി, അനുഭവങ്ങൾ, ജീവിതം... ആർ. എസ്. പണിക്കർ സംസാരിക്കുന്നു.

വിശ്രമജീവിതത്തിൽ നിന്നും നാടകം പിന്നെ കാതൽമധുരം
കാലിക്കറ്റ് സർവകലാശാലയിൽ 38 വർഷം ജോലി ചെയ്തു. സംഘടനാപ്രവർത്തകനായിരുന്നു. 2005ൽ  പി. എസ്.സി അംഗമായി. കലാമണ്ഡലം ഭരണസമിതിയിലും പ്രവർത്തിച്ചു. അത് കഴിഞ്ഞ് രണ്ടുവർഷം യൂണിവേഴ്‌സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി. ഞങ്ങൾ പലപ്പോഴും സംഘടനാ വാർഷികത്തിനും മറ്റും നാടകം അവതരിപ്പിച്ചിരുന്നു. വളരെ ഗൗരവത്തിലുള്ള ശ്രമമാണെന്ന് പറയാൻ വയ്യ. കിട്ടുന്ന സമയത്തിൽ ലഭ്യമയാവരെ വച്ചുള്ള ഒരു സന്തോഷം എന്നേ പറയാൻ കഴിയൂ. കടമ്പനാട് സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. സംസ്ഥാന യുവജനോത്സവത്തിൽ ഒരിക്കൽ പങ്കെടുത്തു. അവിടെ സമ്മാനം കിട്ടിയില്ല. പക്ഷേ, എപ്പോഴും മനസിൽ സൂക്ഷിക്കുന്ന ഒരു ഓർമ്മയാണത്. അപാരകഴിവുള്ള അദ്ധ്യാപകരായിരുന്നു അവിടെ. ടിക്കറ്റ് വച്ചൊക്കെ നാടകം അവർ കളിച്ചത് ഓർമ്മയുണ്ട്. അദ്ധ്യാപകരെ അനുകരിച്ചായിരുന്നു ഞങ്ങളുടെ കലാപ്രവർത്തനങ്ങൾ. പിന്നീട് യൂണിവേഴ്‌സിയിൽ ജോലി കിട്ടി ഇങ്ങോട്ടു വന്നു. അവിടെയുള്ള ഗാന്ധി ചെയർ സ്ഥാപകരിൽ ഒരാളാണ് ഞാൻ. വിരമിച്ച ശേഷം പെൻഷനേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു. യൂണിവേഴ്‌സിറ്റിയുടെ കഥയാണ് സാക്ഷി എന്ന പേരിൽ ലഘുനാടകമാക്കിയത്. പ്രായം ചെന്ന സർവകലാശാലയുടെ ഓർമ്മകൾ മനസിൽ പേറുന്ന അതേ സമയം ബോധം വന്നും പോയുമിരിക്കുന്ന ഒരു കഥാപാത്രമായാണ് ഞാൻ അഭിനയിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു അത്. സുഹൃത്തുക്കളൊക്കെ അത് കണ്ടു കരഞ്ഞു. അതു കഴിഞ്ഞ് ഞങ്ങളുടെ സംഘടന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ അമ്പതാംവാർഷികത്തിൽ ആ ചരിത്രവും നാടമാക്കി. അതും ഹിറ്റായി.

മുസ്തഫയ്ക്ക് തോന്നി ഓർക്കാപ്പുറത്തെത്തി ക്ഷണം
നടനും സംവിധായകനുമായ മുസ്തഫ തൊട്ടടുത്താണ് താമസിക്കുന്നത്. എന്റെ യുവസുഹൃത്താണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ കുട്ടിയായിരിക്കുമ്പോൾ മുസ്തഫ ഞങ്ങളുടെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ച് സിനിമാക്കാർ കാണാൻ വരുന്നുണ്ടെന്ന് ഒരു ദിവസം മുസ്തഫ എന്നെ വിളിച്ചു പറഞ്ഞു. എന്താ പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ അവർ നേരിട്ടു വരുമെന്നായിരുന്നു മറുപടി. അങ്ങനെ ഒരു ദിവസം മുസ്തഫയും ജിയോ ബേബിയും തിരക്കഥയെഴുതിയ ആദർശ്, പോൾസൺ, അഖിൽ എന്നിവർ വീട്ടിലെത്തി. ജിയോ ബേബിയെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. മറ്റുള്ളവരെ പരിചയപ്പെട്ടു. കാതൽ എന്ന സിനിമയെക്കുറിച്ചാണ് ആദ്യം പറഞ്ഞത്.  അതിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാൻ ഒരു പുതുമുഖത്തെ നോക്കി നടക്കുകയാണെന്നും രൂപം കൊണ്ടും ഭാവം കൊണ്ടും സാർ പറ്റുമെന്ന് മുസ്തഫ പറഞ്ഞെന്നും സാറിനെ ഒന്നു നോക്കിയാൽ കൊള്ളാമെന്നും ജിയോ ബേബി പറഞ്ഞു. മമ്മൂട്ടിയെ പോലെ ഒരു മഹാനടന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്നത് പോലും എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്, എനിക്കും അതേ പോലെയാണ്, അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യാൻ ഓഫർ വന്നാൽ ആരാണ് വേണ്ട എന്ന് പറയുന്നത്. എനിക്ക് നൂറുശതമാനം സമ്മതം, എന്നെ പറ്റുമോ എന്ന് നോക്കിയാൽ മതി എന്ന് ഞാനും പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ജിയോ വിളിച്ച് മമ്മൂട്ടി ഓകെ പറഞ്ഞെന്ന് അറിയിച്ചു.  


ഷൂട്ടിംഗിന് മുമ്പെത്തിയ അതിഥി ആശുപത്രിയും കടന്ന് അഭിനയം 
ഒക്‌ടോബർ പത്താം തീയതി ഞാൻ സുഹൃത്തുക്കൾക്കൊപ്പം സബർമതിയിലേക്ക് പോയി. തിരിച്ചു വരുന്ന വഴിക്ക് കണ്ണൂരിലെത്തിയപ്പോൾ ഒരു അസ്വസ്ഥത. രാത്രി പന്ത്രണ്ടുമണിയായി കാണും. നേരെ ആശുപത്രിയിലേക്ക് പോയി. സർജറി വേണമായിരുന്നു. കോഴിക്കോട് ചെന്നിട്ട് മതിയോ എന്ന് ചോദിച്ചെങ്കിലും റിസ്‌ക്ക് എടുക്കാൻ ഡോക്ടർ തയ്യാറായിരുന്നില്ല. അങ്ങനെ സർജറി ചെയ്തു. വിവരമറിഞ്ഞ് ബന്ധുക്കളെത്തി.  പിറ്റേദിവസം വൈകീട്ടായപ്പോൾ ഡോക്ടറുടെ സമ്മതം വാങ്ങി ഞാൻ കോഴിക്കോട്ടേക്ക് മടങ്ങി. അവിടെ മെട്രോ ഹോസ്പിറ്റലിൽ അഡ്മിറ്റായി. പന്ത്രണ്ടാം തീയതി ഡിസ് ചാർജായി. 26  ന്‌ ഷൂട്ടിംഗിന് പോകാൻ കഴിയുമോ, ഡോക്ടർമാർ സമ്മതിക്കുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ചെറിയൊരു ആരോഗ്യപ്രശ്‌നമുണ്ടെന്നല്ലാതെ ഈ കാര്യങ്ങളൊന്നും വിശദമായൊന്നും സിനിമയിലുള്ളവരോട് പറഞ്ഞിരുന്നുമില്ല. അടുത്തതവണ ചെക്കപ്പിന് പോയപ്പോൾ ഡോക്ടറുടെ അടുത്ത് പറഞ്ഞു, എനിക്ക് എറണാകുളത്തൊന്നു പോകണം. അവിടെ ഒരു കോൺഫറസുണ്ട്. കുറച്ച് സംസാരിക്കുകയൊക്കെ വേണ്ടി വരും. ബുദ്ധിമുട്ടുണ്ടാകുമോ. സിനിമയുടെ കാര്യം ലജ്ജ കൊണ്ട് പറയാതിരുന്നതാണ്. സൂക്ഷിച്ച് യാത്ര ചെയ്യണം, ഇടയ്ക്ക് വിശ്രമിക്കണം, അധികം നേരമൊന്നും സംസാരിക്കരുത്, മരുന്ന് മുടക്കരുത് എന്നൊക്കെ ഓർമ്മിപ്പിച്ച് ഡോക്ടർ സമ്മതം മൂളി. അങ്ങനെയാണ് ധൈര്യത്തിൽ ഷൂട്ടിംഗിന് പോയത്. വീട്ടിൽ മൂത്തമകൻ പിന്തുണച്ചു. ഭാര്യയ്ക്ക് രണ്ടു മനസായിരുന്നു, വയ്യായ്മ കാരണം ആശങ്കയും മമ്മൂട്ടിയുമൊന്നിച്ചുള്ള സിനിമ എന്നോർക്കുമ്പോൾ വിട്ടുകളയാൻ ഒരുമടിയും. അങ്ങനെ എല്ലാവരുടെയും സമ്മതത്തോടെ തന്നെ പുറപ്പെട്ടു. എന്നോടൊപ്പം യുവസുഹൃത്തായ ഹസീബ് മുഴുവൻ സമയവും ഉണ്ടായിരുന്നു. അതായിരുന്നു വീട്ടുകാരുടെ ധൈര്യം.

ഞങ്ങൾക്കൊരാളെ കിട്ടിയല്ലോ മമ്മൂട്ടി പറഞ്ഞത് പ്രോത്സാഹനമായി
പറഞ്ഞദിവസം രാവിലെ തന്നെ ലൊക്കേഷനിലെത്തി. ജിയോ ബേബി എല്ലാവരെയും പരിചയപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോൾ മമ്മൂട്ടിയെത്തി. മേക്കപ്പിലായിരുന്നു ഞാൻ. ആ മേക്കപ്പോടെ തന്നെ ഞാൻ അദ്ദേഹത്തെ കണ്ടു. ആർ. എസ്. പണിക്കരാണ്. അങ്ങയോടൊപ്പം ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് ഇതായിരുന്നു എന്റെ ആദ്യത്തെ ഡയലോഗ്. ഞങ്ങൾക്കൊരാളെ കിട്ടിയല്ലോ എന്നായിരുന്നു സന്തോഷത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രോത്സാഹനമായിരുന്നു. ആ ദിവസം തന്നെ ഞങ്ങൾ തമ്മിലുള്ള ഒരു കോംബിനേഷൻ ഉണ്ടായിരുന്നു.  ഞാൻ വീട്ടിലേക്ക് കയറി ചെല്ലുന്നു, എന്നെ കണ്ട് മമ്മൂട്ടി എഴുന്നേറ്റ് പോകുന്നു, ഞാൻ നോക്കുന്നു....ഓമനയ്ക്ക് കടലമിഠായി കൊടുക്കുന്നു. അതായിരുന്നു ഷൂട്ട് ചെയ്തത്. അതുകഴിഞ്ഞ് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, എന്താണ് എന്റെ അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായം, ഇങ്ങനങ്ങ് പോട്ടെ എന്നായിരുന്നു മറുപടി. അത് എനിക്ക് വലിയ ആത്മവിശ്വാസമായി. ജിയോ ബേബിയും കൂടെ തന്നെ നിന്നു. സീൻ കഴിഞ്ഞ് എന്തെങ്കിലും അപാകത തോന്നിയെങ്കിൽ നമുക്ക് ഒന്നുകൂടെ നോക്കിയാലോ എന്ന് ചോദിക്കും. അല്ലാതെ ഇടയ്ക്ക് കട്ട് പറയില്ല. എന്നോട് മാത്രമല്ല എല്ലാവരോടും അങ്ങനെയാണ്. ഇരുപത് ദിവസത്തോളം ഞാൻ അവിടെയുണ്ടായിരുന്നു.

കരച്ചിൽ വന്നു നെഞ്ചിൽ തട്ടി വിഭ്രമിപ്പിച്ചു പോയി ആ സീനിൽ
ജിയോ ആദ്യം സീനും സിറ്റുവേഷനും വിവരിച്ചു തന്നു. മമ്മൂക്ക ഇങ്ങനെ വരും. ഈ ഡയലോഗുകൾ പറയും, അന്നേരം ഞാൻ എഴുന്നേറ്റ് തോളിൽ കൈവയ്ക്കണം. അത്രയേ എന്നോട് പറഞ്ഞിട്ടുള്ളൂ. പിന്നെ എന്തു സംഭവിച്ചു എന്ന് എനിക്ക് യാതൊരു ധാരണയുമില്ല. ഞാൻ പ്രതീക്ഷിക്കുന്നത് അദ്ദേഹം എന്തെങ്കിലും പറയും എന്നാണ്. വളരെ കൂളായിരുന്നു ഞാൻ. തോളിൽ കൈവച്ച ഉടനെ ഇദ്ദേഹം എന്നെ അങ്ങോട്ട് കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചിൽ. ഞാൻ സത്യത്തിൽ അവിടെ അഭിനയം മറന്നു. വിസ്മയിപ്പിക്കുന്ന അഭിനയം എന്ന് ആളുകൾ അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്. പക്ഷേ എന്നെ അദ്ദേഹം വിഭ്രമിപ്പിച്ചു. പൊട്ടിയങ്ങോട്ട് കരയുകയാണ്. അതും ഭയങ്കര ബലത്തിൽ, ശ്വാസം മുട്ടുന്ന രീതിയിലാണ് എന്നെ പിടിച്ചിരിക്കുന്നത്. ആ മാജിക്കിൽ ഞാനെല്ലാം മറന്നു പോയി. പിന്നെ ഒരു സെക്കന്റ് കൊണ്ട് മേക്കപ്പ് ചെയ്തിട്ടാണ് തിരിച്ച് എന്നെ വിളിക്കുമ്പോഴുള്ള മിന്നലിലേക്ക് വന്നത്. അതിന് മുമ്പ് വിങ്ങലായിരുന്നോ, വെട്ടലായിരുന്നോ, അതെല്ലാം ചേർന്നുള്ള വികാരമായിരുന്നോ എന്നൊന്നും അറിയില്ല. വല്ലാത്തൊരു അനുഭവമായിരുന്നു.

''അവനെന്റെ മകനാണ്'' വല്ലാതെ ഉലഞ്ഞു പോയ സീൻ
സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീനാണത്. ഒരപ്പൻ ഏറ്റവും സംഘർഷഭരിതമായ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്നു. ശാരീരികമായി തളർന്ന അവസ്ഥയിലാണ് അയാൾ കോടതിയിലെത്തുന്നത്. പക്ഷേ, എന്തു പറയണമെന്നത് അയാളുടെ മനസിലുണ്ട്. അത് ചാച്ചനെ സംബന്ധിച്ചിടത്തോളം തെറ്റു തിരുത്തലാണ്‌.  ആദ്യം  ചെയ്തപ്പോൾ  അവനെന്റെ മകനാണ് എന്ന ഡയലോഗ് കുറച്ചൂടെ ശക്തിയായാണ് പറഞ്ഞത്. അപ്പോൾ അത്ര സ്ട്രോംഗ് ആക്കേണ്ടെന്ന് ജിയോ പറഞ്ഞു. ഞാൻ ഒരു വാശിയിൽ എന്ന പോലെയായിരുന്നു ആദ്യം പറഞ്ഞത്. എന്നെ ആരും ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കേണ്ട എന്നൊരു രീതിയിൽ. പിന്നീടത് മാറ്റി ചെയ്തതാണ്. അതു കഴിഞ്ഞ് ഞാൻ തിരിച്ചു നടക്കുമ്പോൾ ഓമന വന്ന് എന്റെ കൈപിടിക്കുന്ന രംഗമുണ്ടല്ലോ... അതെന്നെ ഉലച്ചു കളഞ്ഞ സീനാണ്. ഏറ്റവും പ്രിയപ്പെട്ടൊരാൾക്കെതിരെ സംസാരിക്കേണ്ടി വന്ന സംഘർഷം വയ്യാത്ത ആ നടത്തത്തിലുണ്ട്. അത് മോശമല്ലാതെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

തങ്കനെ നോക്കുന്ന നോട്ടം ചെറുതായി പോകുന്ന ചാച്ചൻ
കടല മിഠായിയ്ക്കായി കടയിലേക്ക്‌  വരുമ്പോൾ അവിടെ തങ്കനെ കാണുമ്പോൾ ചാച്ചന്റെ ഒരു നോട്ടമുണ്ട്. അത് വല്ലാത്ത നോട്ടം തന്നെയാണ്. ഒന്നും പറയുന്നില്ലെങ്കിലും ഉള്ളിലുള്ളതെല്ലാം അവിടെ മുഖത്ത് വരണം. സിനിമ കണ്ട കുറേയാളുകൾ അത് പ്രത്യേകം എടുത്തു പറയുമ്പോൾ സന്തോഷമുണ്ട്. ദേഷ്യമാണോ, നിസ്സഹായതയാണോ എന്നൊന്നും തിരിച്ചറിയപ്പെടാത്ത ഒരു പ്രതികരണമാണത്. അതേ സമയം വോട്ട് ചെയ്യാൻ ക്യൂ നിൽക്കുമ്പോൾ തങ്കനെ കാണുമ്പോൾ നേരിയ ഒരു ചിരി മുഖത്ത് വരുന്നുണ്ട്. സിനിമയിലെ ഉപതിരഞ്ഞെടുപ്പിൽ പോലും ജിയോ ബേബി ഒരു രാഷ്ട്രീയം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു കാഴ്ചപ്പാടിൽ ഇവരുടെ ജീവിതത്തിലും ഒരു ബൈ ഇലക്ഷനാണത്, ബൈ സെലക്ഷൻ എന്നും പറയാം. ഈ ഉപതിരഞ്ഞെടുപ്പിലെ, സ്വന്തം തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പോകുന്നവരായിരുന്നു അവർ. പക്ഷേ, അവിടെ നിന്നും അവർ ചരിത്രവിജയം നേടുകയാണ്. അതൊരു വലിയ സന്ദേശമാണ്. കുറേയാളുകൾ മാറി ചിന്തിക്കുന്ന കാഴ്ചകളുമുണ്ട്. ഓമനയുടെ കച്ചവടക്കാരനായ ആങ്ങള പോലും മനുഷ്യനായി വളരുന്നുണ്ട്. അതേ പോലെ ഓമനയോട് ഇതിൽ നിന്നും പിൻമാറാൻ പറ്റുമോ എന്ന് അപേക്ഷിക്കുന്ന സീൻ. അതിന് ഓമന മറുപടി പറയുമ്പോൾ ചാച്ചനങ്ങ് ചെറുതാകുകയാണ്, തല കുനിയുകയാണ്. ഒന്നും പറയാനാകാതെ നിൽക്കുകയാണ്. അതും എനിക്കിഷ്ടപ്പെട്ട സീൻ ആണ്.

ബാൽക്കണിയിൽ നിന്നെത്തിയ ചാച്ചാ എന്ന ആ വിളി അവാർഡ്
കഴിഞ്ഞദിവസം കോഴിക്കോട് കൈരളി തിയേറ്ററിൽ ഞങ്ങൾ പോയിരുന്നു. ജിയോ ബേബി, പോൾസൺ ഇവരൊക്കെ കൂടെ ഉണ്ട്. ഇന്റർവെല്ലിനാണ് തിയേറ്ററിനകത്ത് കയറുന്നത്. സിനിമ കഴിഞ്ഞ് ശേഷം ലൈറ്റുകൾ തെളിഞ്ഞപ്പോൾ കുറേ പേർ അടുത്തെത്തി പരിചയപ്പെട്ടു. അങ്ങനെ സിനിമയുടെ വിശേഷങ്ങളൊക്കെ പറഞ്ഞശേഷം മുന്നോട്ടു നടക്കുമ്പോഴാണ് ബാൽക്കണിയിൽ നിന്നും വിളി വന്നത്, ചാച്ചാ.... ആ വിളി എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് ആണ്. അതു ഞാൻ സന്തോഷത്തോടെ ഏറ്റുവാങ്ങി. സിനിമ കണ്ട് പലരും മാത്യുവിന് സുഹൃത്തുമായുള്ള ബന്ധം അത്രയടുത്ത് കാണിക്കുന്നില്ലല്ലോ എന്ന് ചോദിക്കുന്നത് ഞാൻ കാണുന്നുണ്ട്. എന്തിനാണത്. രണ്ടോ മൂന്നോ സീനുകളിൽ തന്നെ അവരുടെ ഗാഢമായ അടുപ്പം മനസിലാകുന്നുണ്ടല്ലോ... ഫോൺ വിളിക്കാൻ നോക്കി കട്ട് ചെയ്യുന്നതും മഴയിലെ സീനുമൊക്കെ അത് പറയുന്നുണ്ട്. ഇങ്ങനെ സൂക്ഷ്മമായി കാണേണ്ടതും വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുമായ കുറേ കാര്യങ്ങൾ ജിയോ ഈ സിനിമയിൽ ചെയ്തു വച്ചിട്ടുണ്ട്. പുതിയ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുന്ന ആളുകളൊക്കെ ഇത് ചർച്ച ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്.

ഒരു തിയേറ്ററിൽ ഞങ്ങൾ ഒന്നിച്ച് കണ്ട സിനിമ
രാമനാട്ടുകരയിലെ തിയേറ്ററിലാണ് ഞാൻ സിനിമ കണ്ടത്. സുഹൃത്തുക്കളും വീട്ടുകാരും നാട്ടുകാരും ഒക്കെയായി എഴുപതോളം ആൾക്കാരുമുണ്ടായിരുന്നു. എല്ലാവർക്കും വേണ്ടി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഒരിക്കലും സിനിമ കണ്ടിട്ടില്ലാത്തവർ, വർഷങ്ങൾക്ക് മുമ്പ് സിനിമ കണ്ടു നിറുത്തിയവർ അങ്ങനെ പല ആളുകളുണ്ടായിരുന്നു. സംഘടനാരംഗത്തും സാമൂഹിക രംഗത്തെയും പ്രവർത്തനങ്ങളിലൂടെ ഒരു വലിയ സൗഹൃദക്കൂട്ടം എനിക്ക് ചുറ്റുമുണ്ട്. അവരെല്ലാവരും സിനിമ കണ്ട് നല്ല അഭിപ്രായങ്ങൾ പറഞ്ഞതും സന്തോഷിപ്പിക്കുന്നുണ്ട്. സിനിമ ഒരിക്കലും എന്റെ സ്വപ്നമേ അല്ലായിരുന്നു. നാടകരംഗത്ത് സജീവമായി നിൽക്കുമ്പോൾ പോലും അങ്ങനെ ഒരു ആഗ്രഹം വന്നിട്ടില്ല. ഒരു എം.എൽ.എ ആകണമെന്നൊക്കെ ഒരു പക്ഷേ, ചിന്തിച്ചിട്ടുണ്ടാകാം. തിരഞ്ഞെടുപ്പൊക്കെ അടുക്കുമ്പോൾ കുറേ പേർ സീറ്റ് കിട്ടുമോ എന്നൊക്കെ നോക്കണമെന്ന് വന്നു പറയും. രണ്ടായിരത്തിയഞ്ചിൽ പി.എസ്.സി അംഗമായതൊക്കെ ഇങ്ങനെ ഒരു രാഷ്ട്രീയ തീരുമാനത്തിലൂടെയാണല്ലോ.

കുഞ്ഞുലക്ഷ്മിയുടെ രസകരമായ കമന്റ്
കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ സഹപ്രവർത്തകയായിരുന്ന ജിനചന്ദ്രികയാണ് എന്റെ പങ്കാളി. മൂത്തമകൾ കുഞ്ഞുലക്ഷ്മി സ്വിറ്റ്‌സർലണ്ടിലാണ്. രണ്ടാമത്തെയാൾ രഘു ഐ.ടി മേഖലയിലാണ്. ഭാര്യ ബാംഗ്‌ളൂർ സ്വദേശിയായ ഇന്ദിര. ഇളയയാൾ രാകേഷ് സ്വകാര്യ കമ്പനിയിലാണ്, ഭാര്യ അസിത. ഞങ്ങൾ രാമനാട്ടുകരയിലാണ് താമസം. കുഞ്ഞുലക്ഷ്മി സിനിമ കണ്ടിട്ടില്ല. യൂ ട്യൂബിലും മറ്റുമൊക്കെ വന്ന ഭാഗങ്ങളേ കണ്ടുള്ളൂ. അവൾ അതിനുശേഷം ഒരു കമന്റ് പറഞ്ഞു, ജീവിതത്തിൽ അച്ഛൻ പരാജയപ്പെട്ട റോൾ, സിനിമയിൽ നന്നാക്കിയിട്ടുണ്ടല്ലോ എന്ന്. സർക്കാസ്റ്റിക്കായി പറഞ്ഞതാണെങ്കിലും അതിലൊരു യാഥാർത്ഥ്യമുണ്ട്. ഞാൻ തിരക്കുള്ള സംഘടനാ പ്രവർത്തകനായതുകൊണ്ടു തന്നെ എപ്പോഴും തിരക്കായിരുന്നു. കുട്ടികളുടെ കാര്യത്തിലൊന്നും വലുതായി ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. ഞാനും ഭാര്യയും കൂടെ ഇത്രയും കാലത്തിനുള്ളിൽ ഒന്നിച്ച് പത്തുസിനിമകൾ കണ്ടിട്ടുണ്ടെങ്കിലായി. അന്നൊക്കെ ഒരു മെയിൽഷോവനിസ്റ്റ് തന്നെയായിരുന്നു ഞാൻ. നമ്മൾ ജീവിച്ചു വളർന്ന സാഹചര്യമൊക്കെ രൂപപ്പെടുത്തിയതാണ് അന്നത്തെ എന്നെ. പിന്നീട് സ്വയം തിരുത്തിയതും മനസിലാക്കിയും മുന്നോട്ട് നടന്നു. 

Kaathal The Core Official Trailer | Mammootty | Jyotika | Jeo Baby | Mammootty Kampany

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment