സോഷ്യൽ മീഡിയയിൽ നിന്ന് സിനിമയിലേക്ക് - സോഷ്യൽ മീഡിയയിലെ മിന്നും താരമായ സഞ്ജു സംസാരിക്കുന്നു

Interviews

എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഒന്നു കൂടെ നമ്മൾ ഓർക്കുന്ന മുഖവും അത്ര അടുപ്പം തോന്നുന്ന ശബ്ദവുമാണ് സഞ്ജുവിന്റേത്. Sanju& Lekshmi  എന്ന പേരിൽ സോഷ്യൽ മീഡിയയിലെ വീഡിയോകളിലൂടെ മലയാളികൾ വർഷങ്ങളായി  ഇഷ്ടപ്പെടുന്ന മുഖം.  ഈ ക്യൂട്ട്  കപ്പിൾസിന്റെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നത്  ഒന്നും രണ്ടുമല്ല, പത്തുലക്ഷത്തിലേറെ ഫോളോവേഴ്സാണ്. സോഷ്യൽ മീഡിയയിലെ മിന്നും താരമായ സഞ്ജു 'മധുരമനോഹര മോഹം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ലാൻഡ് ചെയ്‌തിരിക്കുകയാണ്. ആ എത്തിപ്പെടലിന് പിന്നിൽ അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്. തലയ്ക്കു പിടിച്ച അഭിനയമോഹവുമായി സിനിമയിൽ മുഖം കാണിക്കാനായി അലഞ്ഞ ഒരു കാലം സഞ്ജുവിനുണ്ടായിരുന്നു. അതൊന്നും നടക്കാതായപ്പോൾ സ്‌ക്രിപ്റ്റ് എഴുതാൻ തുടങ്ങി. അതുവഴിയെങ്കിലും നടനാകാമെന്നായിരുന്നു കണക്കുക്കൂട്ടൽ. അതും സഫലമായില്ല. അങ്ങനെയാണ് സ്വന്തം നിലയിൽ വീഡിയോകളൊരുക്കി സംവിധാനം ചെയ്ത് അഭിനയത്തിലോട്ട്  കടന്നത്. '''എന്തുവാ?'' എന്ന ഹിറ്റ് ഡയലോഗിലൂടെ ഭാര്യ ലക്ഷ്മിയും കട്ടയ്ക്ക് കൂടെ നിന്നതോടെ ഈ ദമ്പതികൾ മിന്നും താരങ്ങളായി. സ്വപ്നം കണ്ട് കണ്ട് സിനിമയിലെത്തിയ കഥ സഞ്ജു പറയുന്നു.

സിനിമ തന്നെയായിരുന്നു മോഹം അല്ലേ?

അതേ. ചെറുപ്പം മുതൽ ആഗ്രഹം സിനിമയാണ്. സിനിമയിലോട്ട് കേറണം എന്ന ഉദ്ദേശ്യത്തിലാണ് ഞാൻ സോഷ്യൽ മീഡിയയിൽ വീഡിയോകളിട്ട് തുടങ്ങിയത്. കാരണം നേരിട്ട് പോയി അഭിനയിക്കണമെന്ന് പറയുമ്പോൾ ആരും നമുക്ക് അവസരങ്ങൾ തരത്തില്ല. നമുക്ക് നമ്മുടേതായ എന്തെങ്കിലും കഴിവുകൾ കാണിച്ചിട്ട് പോകാമെന്നതു കൊണ്ടാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായത്. സംസാരശൈലി കൊണ്ടും അഭിനയരീതി കൊണ്ടുമാവണം ആളുകൾ ആ വീഡിയോ ഇഷ്ടപ്പെട്ടതും ഞങ്ങളെ പ്രോത്സാഹിപ്പിച്ചതും. നല്ലൊരു റീച്ചിലേക്ക് അങ്ങനെയാണ്  പോയത്.

പത്തനംതിട്ട ഭാഷയാണോ സിനിമയിൽ സഞ്ജുവിനെ എത്തിച്ചത് ?

പത്തനംതിട്ട കൊല്ലം ബോർഡറിലാണ് വീട്. നമ്മുടെ വീഡിയോ കണ്ടാണ് ഈ സിനിമയ്‌ക്ക്  തിരക്കഥയെഴുതിയ ജയ് വിഷ്ണു വിളിച്ചത്. ഈ സിനിമയിൽ കുറേ പത്തനംതിട്ട ഭാഷാശൈലിയുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ തിരക്കി. അപ്പോൾ തന്നെ സിനിമയിൽ എനിക്കൊരു റോളുണ്ടെന്ന്  പറഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞ്  ഒന്നൊന്നര വർഷം കഴിഞ്ഞാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്.

സോഷ്യൽമീഡിയ, സിനിമ... അഭിനയം എളുപ്പമായിരുന്നോ, ബുദ്ധിമുട്ടിയോ?

സിനിമയിലെത്തിയപ്പോൾ വലിയ വ്യത്യാസം തോന്നി. ഞങ്ങൾ  വീഡിയോ ചെയ്യുന്ന കാമറാ രീതികളോ, ടെക്‌നിക്കുകളോ ഒന്നുമല്ല. ഇതിൽ നിന്നും വ്യത്യസ്തമായി. വേറൊരു പാറ്റേണിൽ ലൈവായിട്ടാണ്  സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അഭിനയിക്കുന്നതാണെങ്കിലും അല്ലാത്ത കാര്യങ്ങൾക്കാണെങ്കിലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. പക്ഷേ, പെട്ടെന്ന് തന്നെ എനിക്ക്  പിടികിട്ടി. കാമറയുടെ മുന്നിൽ പെട്ടെന്ന് സെറ്റാകാൻ സഹായിച്ചത് നേരത്തെ ചെയ്‌ത വീഡിയോകൾ തന്നെയാണ്. അതിന്റെ ഒരു എക്‌സ്‌പീരിയൻസ്  സഹായിച്ചു. പിന്നെ ഇത് തികച്ചും മറ്റൊരു മീഡിയ ആണ്. അഭിനയിക്കുമ്പോൾ  എന്തെങ്കിലും ശരിയാകാതെ വരുമ്പോൾ തന്നെ ഡയറക്ടറോ, സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സോ അത് പറയുകയും അവരുദ്ദേശിക്കുന്ന രീതിയിൽ ചെയ്‌തു കാണിക്കുകയും ചെയ്യും. എവിടെയെങ്കിലും നമുക്ക്  കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഇതോടെ മാറിക്കിട്ടും. ഈ രീതിയിൽ പോയാൽ മതിയായിരിക്കുമെന്ന്  മനസിലാക്കി അതേ പോലെ മുന്നോട്ടു പോയി. 

 സ്റ്റെഫി സേവ്യർ കൂൾ ഡയറക്ടറായിരുന്നില്ലേ?

പിന്നേ... വളരെ കൂൾ ആയിരുന്നു. വീണ്ടുമൊരു സംവിധായിക വന്നു എന്നതിനൊപ്പം തന്നെ അവർ ഏറ്റവും പ്രായം കുറഞ്ഞ വനിതാസംവിധായിക കൂടി ആണെന്ന് തോന്നുന്നു. ആദ്യമായി സിനിമ ചെയ്യുന്നതിന്റെ യാതൊരു വിധ കൺഫ്യൂഷനുകളും ഉണ്ടായിരുന്നില്ല. വളരെ സപ്പോർട്ടീവ് ആയിരുന്നു താനും. ഇപ്പോൾ ഏതെങ്കിലും ഒരു ഡയലോഗ്  സ്‌ക്രിപ്റ്റിൽ എഴുതിയതിനുമപ്പുറം, സ്വന്തം കയ്യിൽ നിന്നുമിട്ട് ഈ രീതിയിൽ ചെയ്യാമോ  എന്ന് ചോദിക്കുമ്പോൾ പുള്ളിക്കാരി ഓകെയാണ്. കൊള്ളാമെങ്കിൽ അത് ചെയ്യാമെന്നും അതല്ലെങ്കിൽ നമുക്ക് ഒന്നു കൂടി മാറ്റിപ്പിടിക്കാമെന്നും പറയും. എല്ലാം നമുക്ക് പറയാനുള്ള സ്‌പേസ് അവിടെ ഉണ്ട്. മറ്റുള്ളവരെ കേൾക്കാനും അവർ പറയുന്നത് സ്വീകരിക്കാനുമുള്ള മനസുണ്ട്. 

വിജയരാഘവനുമായാണല്ലോ കൂടുതലും സീനുകൾ?

അതേ... അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഇത്രയും വലിയ അഭിനേതാക്കളുടെ തൊട്ടടുത്ത് നിൽക്കാനും  അവരോടൊപ്പം അഭിനയിക്കാനും കഴിഞ്ഞത് അത്രത്തോളം കൊതിച്ചൊരു കാര്യമായിരുന്നു. ഷറഫുദ്ദിക്കയുമായിട്ടും വലിയ അടുപ്പമായിരുന്നു. അഭിനയിക്കുമ്പോൾ എന്തെങ്കിലും ശരിയാകാതെ വരുമ്പോൾ, ഇങ്ങനെ നോക്കെടാ എന്നൊക്കെ സപ്പോർട്ട് ചെയ്യും. അല്ലേൽ ഈ രീതിയിൽ പിടിക്ക് എന്ന്  പറയും. അവരൊക്കെ അത്രയും അടുപ്പം കാണിക്കുമ്പോൾ നമ്മളും ഒന്നു കൂടെ കൂളാകും. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയ്‌വിഷ്ണുവുമായും വലിയ സൗഹൃദമാണ്. നേരത്തെ മുതലേ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരേ നാട്ടുകാരാണ്. 

സഞ്ജു വീഡിയോകളിലൂടെ എല്ലാവർക്കും പരിചയമുണ്ടല്ലോ അല്ലേ?

അതേ. അതായിരുന്നു ഏറ്റവും വലിയ കാര്യം. നമ്മളായിട്ട്  സ്വയം പരിചയപ്പെടുത്തേണ്ടതായി വന്നിട്ടില്ല. സൗഹൃദത്തോടെയാണ് എല്ലാവരും പെരുമാറിയത്. സെറ്റിനെക്കുറിച്ച്  പറഞ്ഞാൽ മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ആയിരുന്നെന്ന് പറയാം. ലളിതവും സുന്ദരവുമായ ഒരു സെറ്റ് എന്നു തന്നെ പറയാം. 

സഞ്ജുവിന്റെ ഭാഷയാണ്  സോഷ്യൽ മീഡിയ വീഡിയോകളിലെ ഒരു ഹൈലൈറ്റ്. അത് ഈ സിനിമയിൽ നന്നായി ഉപയോഗിച്ചല്ലോ?

ജയ്‌വിഷ്‌ണുവിന്റെ വീട്  എന്റെ വീടിൽ നിന്നും കുറച്ചകലെയാണ്. പക്ഷേ, ഈ രണ്ടു സ്ഥലങ്ങളിലെ സംഭാഷണ രീതികൾ തമ്മിൽ വ്യത്യാസമുണ്ട്. പത്തനംതിട്ടയാണെന്ന് പറഞ്ഞാലും വലിയ മാറ്റം വരും.  സിനിമയിലെ ചില സംഭാഷണങ്ങളിലെ ശൈലികൾ ഉപയോഗിക്കുന്ന വിധം കുറച്ചു പറഞ്ഞു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. എൻ.എസ്.എസ് കരയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സിനിമയിൽ വരുന്നുണ്ട്. അങ്ങനെയുള്ള വീടുകളിലുള്ളവർക്ക് നന്നായി കണക്റ്റ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സിനിമയിലുണ്ട്. സിനിമ കാണുമ്പോൾ ഇതൊക്കെ ഞങ്ങളുടെ വീട്ടിലും നടന്നിട്ടുണ്ടല്ലോ എന്നൊരു ചിന്ത വരും. 

സഞ്ജുവിന് വലിയ ഫാൻസ് തന്നെയുണ്ട്. അവരൊക്കെ സിനിമ കണ്ട് എന്തു പറഞ്ഞു?

തിയേറ്റർ സന്ദർശിക്കാൻ സിനിമാടീമിനൊപ്പം ഞാനുമുണ്ടായിരുന്നു. ഞങ്ങളുടെ വീഡിയോയ്‌ക്ക് ഫാമിലി ഓഡിയൻസാണ് കൂടുതൽ. സിനിമ കാണുന്നത് കൂടുതലും ഫാമിലിയാണ്.  അവരുടെ വലിയ സ്‌നേഹവും നല്ല വാക്കുകളും ലഭിച്ചിട്ടുണ്ട്. എന്നെ പ്രത്യേകിച്ച്  പരിചയപ്പെടുത്തേണ്ടതില്ലെന്നത് ഭാഗ്യമായി കാണുന്നു. അവർക്ക് കാണുമ്പോൾ വലിയ സ്‌നേഹമാണ്. ലക്ഷ്‌മിയും ഹാപ്പിയായി. ഹൗസ് ഫുൾ ബോർഡ് കാണുമ്പോൾ അതിന്റെ ഭാഗമെന്ന നിലയിൽ എനിക്കും സന്തോഷം. 

ആദ്യസിനിമ അങ്ങനെ സ്വപ്‌നസാഫല്യമായി അല്ലേ..?

എന്റെ തിയേറ്ററിൽ വരുന്ന ആദ്യസിനിമയാണ് മധുരമനോഹരമോഹം. നേരത്തെ ഉണ്ണി മുകുന്ദൻ, അപർണാബാലമുരളി താരങ്ങളുടെ 'മിണ്ടിയും പറഞ്ഞും' എന്നൊരു സിനിമയിൽ ഉണ്ണിയുടെ അളിയന്റെ വേഷത്തിൽ അഭിനയിച്ചിരുന്നു. ഇനി കുറച്ചു ചിത്രങ്ങൾ വരാനുണ്ട്. മാരിവില്ലിൻ ഗോപുരങ്ങൾ, ദിലീഷ് പോത്തന്റെ മനസാവാചാ, അപ്പാനി ശരതിന്റെ ഓഫ് റോഡ്, ബിനു പപ്പുവിന്റെ ഗരുഡ കൽപ്പ  തുടങ്ങിയ ചിത്രങ്ങളാണ്. ഇതിൽ രണ്ടു ചിത്രങ്ങളൊഴിച്ച്  ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ് കിട്ടിയിരിക്കുന്നത്. ഈ സിനിമകൾ വരുന്നതോടെ കുറച്ചൂടെ ചിത്രങ്ങൾ വരുമെന്നാണ്  പ്രതീക്ഷ.

ഷൂട്ടിന്റെ സമയത്ത്  സോഷ്യൽ മീഡിയയ്‌ക്ക് ഇടവേള നൽകിയോ?

നമ്മൾ നല്ലൊരു റീച്ചിലോട്ട് വരുന്ന സമയത്തായിരുന്നു ഷൂട്ടിംഗ് വന്നത്. അതുകൊണ്ട് വീഡിയോകൾ ഇത്തിരി വൈകി. ഒരുമാസം നേരത്തെ അഞ്ചു വീഡിയോ ആയിരുന്നു എടുത്തിരുന്നു. ഷൂട്ടിംഗ് തിരക്കായപ്പോൾ രണ്ടും മൂന്നുമൊക്കെയായി. ചാനലുകൾ കുറച്ച് ഡൗണായിപ്പോയി. സഞ്ജുവിനെയും ലക്ഷ്‌മിയെയും ആളുകൾ കണ്ടതും ഞങ്ങളുടെ വീഡിയോ ഇഷ്‌ടപ്പെട്ടതുമെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ്. അതെപ്പോഴും കൂടെ തന്നെയുണ്ടാകും. 

പ്ളസ്ടു മുതലുള്ള സിനിമ എന്ന ശ്രമം മനോജ് എന്ന കഥാപാത്രത്തിലെത്തി നിൽക്കുമ്പോൾ എന്തു തോന്നുന്നു?

സന്തോഷം മാത്രമേയുള്ളൂ. കുവൈറ്റിൽ നിന്നൊക്കെ ആളുകൾ വിളിച്ച്  ഹൗസ്‌ഫുൾ ആണെന്ന് പറയുമ്പോൾ ഞാനും ആ സിനിമയുടെ ഭാഗമാണല്ലോ എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്.സിനിമയിൽ അഭിനയിക്കാൻ പ്ളസ്ടു കഴിഞ്ഞപ്പോൾ മുതൽ ഞാൻ ശ്രമിച്ചു തുടങ്ങിയ ആളാണ് ഞാൻ.  ഒന്നും നടന്നില്ല. ഹൈദരബാദിൽ എൻജിനിയറിംഗിന് ചേർന്നപ്പോഴും മനസ് അഭിനയത്തിൽ തന്നെയായിരുന്നു. പഠനം കഴിഞ്ഞ് വീണ്ടും ശ്രമിക്കാമെന്ന് വിചാരിച്ചു. കാരണം സർട്ടിഫിക്കറ്റ്  കയ്യിൽ കിട്ടുമല്ലോ. പഠനം കഴിഞ്ഞു നോക്കിയിട്ടും നോ രക്ഷ. പിന്നെ സ്‌ക്രിപ്റ്റ് എഴുതി തുടങ്ങി. അങ്ങനെ വരുമ്പോൾ അതിലെ ഏതെങ്കിലും റോൾ കിട്ടുമല്ലോ എന്നായിരുന്നു ആലോചന. സ്‌ക്രിപ്റ്റുകളുമായി ഒരു വർഷം നടന്നിട്ടും എവിടെയും എത്തിപ്പെടാൻ സാധിച്ചില്ല. പിന്നെ ജോലിക്ക്  പോയി. അവിടെ പോയിട്ടും അഭിനയം എന്ന ആഗ്രഹം മാറുന്നില്ല. കണ്ടന്റുകളും സ്റ്റോറികളും ഇങ്ങനെ മനസിൽ വന്നു കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ടിക്ക് ടോക്ക് എന്ന പ്ളാറ്റ് ഫോം വന്നത്. എന്റെ കല്യാണവും ആ സമയത്തായിരുന്നു. ആദ്യമൊന്നും ലക്ഷ്‌മിക്ക് വീഡിയോ ചെയ്യാൻ താത്പര്യക്കുറവുണ്ടായിരുന്നു. പിന്നെ എന്നെ സപ്പോർട്ട്  ചെയ്യാൻ അവളും കൂടി വന്നു. എന്തുവാ ഇത് എന്ന ലക്ഷ്‌മിയുടെ ഡയലോഗ്  വൈറലായതോടെ ഞങ്ങളും ശ്രദ്ധിക്കപ്പെട്ടു. ടിക്ക് ടോക്ക് ബാൻ ആയപ്പോഴാണ്  ഫേസ് ബുക്ക്, യൂട്യൂബുകളിലേക്ക് മാറിയത്. അപ്പോഴേക്കും കൊവിഡ് വന്നു. കണ്ണടച്ചു തുറക്കുമ്പോഴേക്കും ഞങ്ങളൊരു പോക്കാണ്. 

വീഡിയോ കണ്ടന്റും നിങ്ങൾ തന്നെയല്ലേ?

അതേ... ഞാനും വൈഫും ഡെവലപ്പ് ചെയ്‌താണ്  കണ്ടന്റുണ്ടാക്കുന്നത്. ലക്ഷ്‌മി, 'ഒരു തെക്കൻ തല്ലു കേസ്' എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതിനിടയിൽ രണ്ടു സിനിമകൾ വന്നു. ഡെലിവറി കഴിഞ്ഞ സമയമായതു കൊണ്ട് പോകാൻ കഴിഞ്ഞില്ല. ഞങ്ങൾ പരസ്‌പരം സപ്പോർട്ട് ചെയ്‌താണ് മുന്നോട്ടു പോകുന്നത്. നാലുവർഷം മുമ്പ്  പി.ഡബ്ളു.ഡി കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു ഞാൻ. ലൈസൻസ് ഉണ്ടായിരുന്നു. പിന്നെ പൂർണമായും ഇതിലോട്ടങ്ങ് ഇറങ്ങുകയായിരുന്നു. ടെൻഷനുണ്ടായിരുന്നു ആദ്യമൊക്കെ. പിന്നെ വരുന്നിടത്തു വച്ച് കാണാമെന്ന ധൈര്യവുമായി മുന്നോട്ട് പോകുകയായിരുന്നു. 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക