''മൈക്കിളായത് സന്തോഷത്തോടെ പെർഫോം ചെയ്യുക എന്നതാണ് പ്രധാനം''- അഭിനേതാവ് ശങ്കർ ഇന്ദുചൂഡൻ സംസാരിക്കുന്നു.

Interviews

പ്രൊഫഷൻ കൊണ്ട് അഭിഭാഷകനാണ് ശങ്കർ ഇന്ദുചൂഡൻ. പക്ഷേ, ഇഷ്ടം മുഴുവൻ സിനിമയോടാണ്. ആ പാഷന് പിന്നാലെ കൊതിയോടെ സഞ്ചരിച്ചതുകൊണ്ടാവാം തിയേറ്ററിൽ കയ്യടി നേടുന്ന നേര് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി ശങ്കർ സ്‌കോർ ചെയ്യുന്നത്. പതിയെ പതിയെ എല്ലാ ഗാഢതയോടെയും തെളിഞ്ഞു വരുന്ന മൈക്കിൾ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെയാണ് ശങ്കർ ഭദ്രമാക്കിയത്. ചെറിയ ചെറിയ സൂക്ഷ്മാംശങ്ങളിലൂടെയാണ് ശങ്കർ, ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ ഭംഗിയാക്കിയത്. സിനിമ, അഭിനയം, ജീവിതം. ശങ്കർ ഇന്ദുചൂഡൻ സംസാരിക്കുന്നു.

ജീത്തുവിലേക്കുള്ള എൻട്രി എങ്ങനെയായിരുന്നു?
എന്റെ പ്രൊഫൈൽ ടീം കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെ ജീത്തുസാറിന്റെയടുത്തേക്ക് വിളിച്ചു. ആ സമയത്ത് ഞാൻ ഒരു വെബ് സീരിസ് ചെയ്യുകയായിരുന്നു. ജീത്തുസാറിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അവിടെ അദ്ദേഹത്തിന്റെ ഭാര്യ ലിന്റാ മാമും തിരക്കഥ എഴുതിയ ശാന്തി ചേച്ചിയും ഉണ്ടായിരുന്നു. കണ്ടപ്പോൾ സാർ ഓകെയായിരുന്നു. എനിക്ക് തോന്നുന്നത് ഞാൻ ചെയ്ത പരസ്യങ്ങളൊക്കെ സാർ കണ്ടിട്ടുണ്ടെന്നാണ്. കാണുന്നതിന് മുമ്പ് തന്നെ സാർ കഥ കേട്ടു നോക്കൂ എന്ന് പറഞ്ഞ് കേൾപ്പിച്ചിരുന്നു. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഈ കഥാപാത്രം ചെയ്യാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചു. ജീത്തുജോസഫ് എന്നു പറയുന്ന മാസ്റ്റർക്ലാസ് സംവിധായകന്റെ, എഴുത്തുകാരന്റെ ഒരു കഥാപാത്രം ഭംഗിയായി ചെയ്തു എന്നു കേൾക്കുന്നതാണ് ഒരു അഭിനേതാവ് എന്ന നിലയിലുള്ള സന്തോഷം എന്നായിരുന്നു എന്റെ മറുപടി. നന്നായി ചെയ്ത് ആളുകൾ അംഗീകരിക്കുമ്പോൾ അതായിരിക്കും ബ്‌ളെസിംഗ് എന്നും ഞാൻ പറഞ്ഞു. ഇതും കഴിഞ്ഞായിരുന്നു ഞങ്ങൾ തമ്മിൽ കണ്ടത്.

ലാൽ സാറിനെ കണ്ട അനുഭവം പറയാമോ?
തിരുവനന്തപുരത്തായിരുന്നല്ലോ ഷൂട്ടിംഗ്. ആദ്യം ഞങ്ങളുടെ സീനുകളൊക്കെയായിരുന്നു ഷൂട്ട് ചെയ്തത്. ജയിലർ ഒക്കെ കഴിഞ്ഞ് കുറച്ചുദിവസങ്ങൾ കഴിഞ്ഞാണ് ലാൽ സാർ ജോയ്ൻ ചെയ്യുന്നത്. എനിക്ക് ആ സമയത്ത് ഷൂട്ട് ഉണ്ടായിരുന്നില്ല. രണ്ടുദിവസം ബ്രേക്ക് കിട്ടിയതുകൊണ്ട് വീട്ടിലേക്ക് പോകാൻ നിൽക്കുന്ന സമയമായിരുന്നു അപ്പോൾ. പോകുന്നതിന് മുമ്പ് സാറിനെ കണ്ടുപോകാമെന്ന് കരുതി. ആദ്യമായാണല്ലോ സാറിന്റെ കൂടെ അഭിനയിക്കുന്നത്. സാറിനെ കാണാൻ പോകാൻ നിൽക്കുമ്പോഴേക്കും സാർ ഇങ്ങോട്ടു വന്ന് സംസാരിക്കുകയായിരുന്നു. സെറ്റിലേക്ക് പോകാൻ നിൽക്കുമ്പോൾ എന്നെ കണ്ടപ്പോഴായിരുന്നു അടുത്തെത്തിയത്. ശങ്കറിന്റെ പെർഫോമൻസ് കണ്ടു. നന്നായി ചെയ്തിട്ടുണ്ട്. ഗുഡ് ജോബ് എന്നൊക്കെ പറഞ്ഞു. അപ്പോഴേക്കും ജീത്തു സാർ വന്നു, ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തി. അതൊരു വലിയ പ്രോത്സാഹനമായിരുന്നു. ലാൽ സാറിനെ കുറിച്ച് ഒരുപാട് പേർ  പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഞാൻ സന്തോഷത്തോടെ, അത്ഭുതത്തോടെ അദദേഹം വരുന്നതൊക്കെ കാണുകയാണ്. അദ്ദേഹമെത്തുന്നു, കാരവാനിലേക്ക് പോകുന്നു, വിജയമോഹന്റെ വേഷമിടുന്നു. ഗണേഷേട്ടന്റെയും ജഗദീഷേട്ടന്റെയും ശ്രീധന്യ ചേച്ചിയുടെയും അടുത്ത് തമാശ പറഞ്ഞു ചിരിക്കുന്നു, അതുകഴിഞ്ഞ് പെട്ടെന്ന് ഷോട്ട് പറയുമ്പോൾ ഗംഭീരമായി ചെയ്യുകയാണ്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടൻ എന്തു ചെയ്യുന്നു എന്നൊക്കെ ഞാൻ നോക്കി നിൽക്കുകയാണ്. ലാൽ സാറാണെങ്കിലും മമ്മൂട്ടി സാർ ആണെങ്കിലും ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല. എന്നിട്ടും അവർ ഓരോ സിനിമയിലൂടെയും അത്ഭുതപ്പെടുത്തുകയാണ്. ലാലേട്ടന്റെ അഭിനയത്തെ മാജിക് എന്ന് വിളിക്കുന്നതൊക്കെ എന്തുകൊണ്ടാണെന്ന് അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതൊക്കെ.


സെറ്റിൽ വേറെ ആരുമായിട്ടായിരുന്നു അടുപ്പം?
എല്ലാവരുമായും അടുപ്പമായിരുന്നു ജഗദീഷേട്ടനുമായിട്ടായിരുന്നു കുറച്ചു കൂടെ സംസാരിച്ചത്. ചേട്ടന്റെ പഴയ സിനിമാ അനുഭവങ്ങളൊക്കെ ഷെയർ ചെയ്യുമായിരുന്നു. കേൾക്കാൻ രസമുള്ള കഥകൾ. നന്നായി ആസ്വദിച്ച നിമിഷങ്ങളാണ് അവയൊക്കെ. അതേ പോലെ ഇടയ്ക്ക് ഗണേഷേട്ടനും വരും. അവർ തമ്മിൽ സംസാരിക്കുന്നതുപോലും കേട്ടിരിക്കാൻ രസമാണ്. കുടുംബം പോലെയായിരുന്നു എല്ലാവരും. ജീത്തുസാർ ആണെങ്കിൽ പോലും ശാന്തനാണ്. എല്ലാവർക്കും അവരുടേതായ ഒരു സ്‌പേസ് തരും. അഭിനയിക്കുമ്പോഴാണെങ്കിലും അല്ലെങ്കിലും അപ്പുറത്തുള്ള ആൾക്ക് പറയാനുള്ളതു കേൾക്കും. ഒരിക്കലും സമ്മർദ്ദം തരില്ല. അതൊരു വലിയകാര്യമയാണ് തോന്നുന്നത്.

ശങ്കറിന്റെ അഭിനയരീതി എങ്ങനെയാണ്?
സാർ ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞുതരും. ആക്ച്വലി അതു നേരത്തെ പറഞ്ഞതുപോലെ ഒരു സ്‌പേസ് തരും. വിശദമായാണ് നരേറ്റ് ചെയ്തു തരുന്നത്. ആവശ്യമുള്ളപ്പോൾ സാറിന്റെയടുത്ത് പോയി ചോദിക്കും. ഒ്‌രു അഭിനേതാവ് എന്ന നിലയിൽ നോക്കുമ്പോൾ ഇത്രയും പ്രധാനപ്പെട്ട റോൾ സാർ നമുക്ക് തരികയാണ്, നമ്മളെ വിശ്വസിക്കുകയാണ്. അതൊരു ഭാഗ്യം തന്നെയാണ്. കഥാപാത്രത്തിന്റെ വിശദാംശങ്ങൾ ഞാൻ ഇപ്പോൾ പറയുന്നില്ല. കാരണം തിയേറ്ററലിരുന്ന് തന്നെ പ്രേക്ഷകർ കാണേണ്ട സിനിമയാണ്. പിന്നെ ശാന്തി ചേച്ചി എല്ലാ ദിവസവും തന്നെ ലൊക്കേഷനിൽ വരാറുണ്ട്. ഏതേലും ഭാഗത്ത് കൺഫ്യൂഷനൊക്കെ ഉണ്ടെങ്കിൽ ചേച്ചിയും പറഞ്ഞുതരും.

ആദ്യത്തെ സീനുകളിൽ നിന്നും വ്യത്യസ്തമായി കഥ മുന്നോട്ടു പോകുമ്പോൾ ശങ്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കുറേ കൂടി മാനറിസങ്ങൾ വരുന്നുണ്ട്?
ജീത്തുസാർ എപ്പോഴും റിയാക്ട് ചെയ്യുന്നതിനെ കുറിച്ചാണ് പറഞ്ഞു തരുന്നത്. അതുകൊണ്ടാവാം കുറേ കൂടി പ്രേക്ഷകർക്ക് കഥാപാത്രം കണക്റ്റ് ആവുന്നത്. കുറേ പേർ എന്റെ ചിരിയെ കുറിച്ചൊക്കെ പറയുന്നുണ്ട്. ജീത്തുസാർ ബ്രീഫ് ചെയ്തു തരുമ്പോൾ വിശദാംശങ്ങളെല്ലാമുണ്ടാകും. ഒരു സന്ദർഭം വരുമ്പോൾ ആ കഥാപാത്രം എങ്ങനെ പ്രതികരിക്കുമെന്ന് ആലോചിക്കണമെന്നാണ് സാർ എപ്പോഴും പറയുന്നത്. ചിരി എന്നല്ല സാർ പറയുന്നത്, ആ കഥാപാത്രം അവിടെ എന്തുചെയ്യുമെന്ന് ആലോചിക്കണമെന്നാണ്. സാർ കൂടെ തന്നെ നിൽക്കുമ്പോൾ നമുക്കത് കുറേ കൂടി ഈസിയായി ചെയ്യാൻ കഴിയും.അതൊരു വലിയ കാര്യമാണ്. ഒരു സംവിധായകൻ ആക്ടർക്ക് കൊടുക്കുന്ന സ്‌പേസാണത്. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ഇതുവരെ കേട്ടതെല്ലാം നന്നായെന്ന കമന്റ്‌സാണ്.

ആദ്യദിവസം തന്നെ മികച്ച പ്രതികരണങ്ങൾ. ശങ്കറിന്റെ അനുഭവം പറയാമോ?
സിനിമ റിലീസായ ദിവസം ഞാൻ ഉറങ്ങിയിട്ടില്ല എന്നു തന്നെ പറയാം. ഫോൺകോളുകളും മേസേജുകളുമായിരുന്നു നിറയെ. ഇന്നലെയാണ് വീട്ടുകാർ സിനിമ കണ്ടത്. അവർ ഹാപ്പിയായി. വീടിനടുത്തുള്ള തിയേറ്ററിലെത്തി അവർ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങളും മനസിലാക്കി. വലിയൊരനുഭവമായിരുന്നു അവർക്കത്. പിന്നെ സോഷ്യൽ മീഡിയയിലൊക്കെ വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
സിനിമ എപ്പൊഴോ മനസിൽ കയറി കൂടിയിരുന്നു. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയാണ് ആദ്യം ചെയ്തത്. ബിജു ചേട്ടൻ പിന്തുണച്ച്  ഐ.പി.എല്ലിലെത്തുന്ന റോൾ. 2016 ലായിരുന്നു ആ  ചിത്രം വന്നത്. ഓഡിഷൻ വഴിയായിരുന്നു അന്ന് സെലക്ട് ചെയ്തത്. ഓട്ടർഷ, മാംഗല്യം തന്തുനാനേന, എടക്കാട് ബറ്റാലിയൻ, കോഴിപ്പോര്. ഹൃദയത്തിൽ ഒരു ചെറിയ വേഷം തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങൾ ചെയ്തു. എം.ടി. വാസുദേവൻ നായർ സാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു വേഷമുണ്ട്. പിന്നെ  ഒ.ടി.ടി പ്ലാറ്റ് ഫോമിൽ വരാൻ പോകുന്ന  ഒരു വെബ് സീരിസിൽ നല്ലൊരു വേഷമുണ്ട്.

പേരിലൊരു വ്യത്യസ്തതയുണ്ടല്ലോ.. ശങ്കർ ഇന്ദുചൂഡൻ.  ഇന്ദുചൂഡൻ, നരസിംഹത്തിലെ നായകന്റെ പേര്?
അതേ. ലാലേട്ടന്റെ ഏറ്റവും ജനപ്രിയ കഥാപാത്രമായ പൂവള്ളി ഇന്ദുചൂഡൻ. ഇപ്പോഴും ടി.വിയിൽ വരുമ്പോൾ ആവേശം തോന്നുന്ന സിനിമ. വേറെ ഒരു രസം കൂടിയുണ്ട്. ലൊക്കഷനിൽ എല്ലാവരും എന്നെ ഇന്ദുചൂഡൻ എന്നാണ് വിളിക്കുന്നത്.

ഈ ഇന്ദുചൂഡന്റെ ഫ്യൂച്ചുർ പ്ലാൻസ് എന്തൊക്കെയാണ്?
ഞാൻ ഹൈക്കോർട്ട് അഡ്വക്കറ്റാണ്. ഇപ്പോൾ പക്ഷേ പ്രാക്ടീസ് ചെയ്യുന്നില്ല. നുവാൽസിൽ നിന്നും സൈബർ ലോയിൽ മാസ്‌റ്റേഴ്‌സും കഴിഞ്ഞു. ഇപ്പോൾ മനസിലുള്ളത് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ്. അഭിനയം അത്രയധികം ഇഷ്ടമാണ്. ഇന്റർനാഷണൽ, നാഷണൽ ബ്രാൻഡ്‌സിനുവേണ്ടി ഒരുപാട് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്.

അഭിനയത്തിന് വീട്ടുകാർ ഫുൾ സപ്പോർട്ട് ആയിരുന്നോ?
പണ്ടുമുതലേ അച്ഛൻ സിനിമ കൊണ്ടുപോയി കാണിക്കുമായിരുന്നു. അഭിനയത്തോടുള്ള ഇഷ്ടത്തിന് അവർ നോ പറഞ്ഞില്ല. പഠനം ഉപേക്ഷിക്കരുതെന്നേ പറഞ്ഞുള്ളൂ. നമ്മളേക്കാൾ ഇക്കാര്യത്തിൽ അവർക്കായിരിക്കും ടെൻഷൻ. പക്ഷേ, ഇപ്പോൾ അവർ ഹാപ്പിയാണ്. എന്നോട് നേരിട്ടു പറഞ്ഞില്ലെങ്കിലും നേരിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ടെന്നാണ് എന്റെ തോന്നൽ. എറണാകുളത്താണ് വീട്. അച്ഛൻ ഡോ. എൻ.സി. ഇന്ദുചൂഡൻ. അമ്മ ശ്യാമ, ചേച്ചി പാർവതി.

Neru - Official Trailer | Mohanlal | Jeethu Joseph | Priyamani | Anaswara Rajan | Antony Perumbavoor


m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക
Comment