"തല്ലിന് തിരി കൊളുത്തിയ രതീഷ് അഥവാ സിറാജുദ്ദീൻ" നടൻ സിറാജുദ്ദീൻ നാസർ സംസാരിക്കുന്നു

Interviews

പള്ളിപ്പെരുന്നാളിന്റെ സകല സന്തോഷങ്ങളും ആരവങ്ങളും നിറഞ്ഞിടത്തേക്ക് വീണ്ടും വീണ്ടും ബീഫ് ചോദിച്ചു സീൻ കോൺട്രയ്ക്ക് തുടക്കമിടുന്ന ഒരാളുണ്ട്. വിളമ്പുകാരനിൽ നിന്നും തവി പിടിച്ചെടുത്ത് സ്വന്തം പാത്രത്തിലേക്ക് ഇഷ്ടമുള്ളതെല്ലാം കോരി ഇടുമ്പോൾ അയാൾക്കിട്ട് ഒരൊറ്റ അടി കൊടുക്കാൻ ആർക്കും തോന്നും. രതീഷ്  എന്ന ഈ കഥാപാത്രം 'ആർ.ഡി.എക്‌സ്' സിനിമയിലെ ഒന്നൊന്നര വില്ലനാണ്. സിറാജുദീൻ  നാസർ ആണ് ഈ കഥാപാത്രത്തിന് ജീവൻ നൽകിയത്.ഭാര്യ വിലക്കിയിട്ടും പുറത്തേക്ക് പോകാൻ ചാടി ഇറങ്ങുന്ന രതീഷ് അമ്പരന്നു പോകുന്ന ഒരു സീൻ സിനിമയിലുണ്ട്. നിർണായകമായ ആ രംഗത്തെ രതീഷിന്റെ മുഖഭാവം ശ്രദ്ധിച്ചാലറിയാം, ആ വേഷത്തെ കളറാക്കിയ സിറാജുദീൻ നല്ല നടനാണെന്ന്. കുട്ടിക്കാലത്ത്, ഒരു കാരണമില്ലെങ്കിൽ പോലും സിനിമയാണ് തന്റെ വഴിയെന്ന് ഉറക്കെ പ്രഖ്യാപിച്ച സിറാജിനൊപ്പം നിന്ന വീട്ടുകാർക്ക് കൊടുക്കണം കയ്യടി. വീട്ടുകാരും കൂട്ടുകാരും കൂടെ നിന്നപ്പോൾ, സ്വപ്നമായ സിനിമയിലെത്തിയ സിറാജുദ്ദീന്റെ വിശേഷങ്ങൾ..

നഹാസുമായുള്ള സൗഹൃദം രതീഷിലേക്ക് എത്തിച്ചു അല്ലേ?

2015 തൊട്ടേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. നഹാസ് ആദ്യം ചെയ്യാനിരുന്ന ആരവത്തിൽ ഞാനുമുണ്ടായിരുന്നു. നഹാസിനെ പോലെ ഒരു സിനിമാ കൊതിയനായിരുന്നു ഞാനും. ഞാൻ മാത്രമല്ല ഞങ്ങൾ കുറേ പേർ ആ സൗഹൃദക്കൂട്ടത്തിൽ സിനിമയ്ക്ക് പിന്നാലെയുണ്ടായിരുന്നു. ആരവം പെട്ടെന്ന് നിന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായിരുന്നില്ല. എപ്പോഴെങ്കിലും വീണ്ടും തുടങ്ങാമെന്ന് വിചാരിച്ചിരുന്നു ആദ്യം. പിന്നീടാണ് സിനിമ നിലച്ചതായുള്ള വാർത്ത വരുന്നത്. ആരവത്തിന് പ്രശ്നമുണ്ട്, അടുത്ത സിനിമ വരട്ടെ എന്ന് നഹാസ് അന്ന് പറഞ്ഞിരുന്നു. ഈ സിനിമ സെറ്റ് ആയപ്പോൾ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് കഥ കേൾക്കാൻ വിളിക്കുകയായിരുന്നു. കേട്ടപ്പോൾ തന്നെ ഞാൻ ഓകെയായിരുന്നു. നഹാസ് നന്നായി കഥ പറഞ്ഞു തരും. കഥയും കാരക്ടറുമെല്ലാം നന്നായി മനസിലാക്കി തരുന്ന അവതരണമാണ്. നല്ല ആക്ടർ കൂടിയാണ് നഹാസ്. അഭിനയിച്ചും കാണിച്ചു തരും. അവന് വേണ്ട കാര്യം എന്താണെന്ന്  ഞങ്ങളിലേക്കെത്തുന്നത് ഇങ്ങനെയാണ്.

ആദ്യം കഥ കേട്ടപ്പോൾ തന്നെ ആർ.ഡി. എക്സ് തിയേറ്ററിൽ പൂരത്തിരക്ക് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഉറപ്പായും. ആക്ഷൻ രംഗങ്ങളൊക്കെ കിടിലനാണെന്ന് അപ്പോഴേ തോന്നിയിരുന്നു. അതിന് മുമ്പ്  ഇത്രയും വലിയ സംഘട്ടനരംഗങ്ങളിലൊന്നും ഞാൻ അഭിനയിച്ചിട്ടില്ല. എനിക്കത് വലിയ അനുഭവമായിരുന്നു.സിനിമ ഔട്ടായാൽ അത്രയും വലിയൊരു ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. നഹാസിന്റെ കഥ പറച്ചിലിൽ തന്നെ ആ മാസ് എലമെന്റുകൾ കിട്ടിയിരുന്നു. എന്റെ റോളിനെ കുറിച്ചാണ് കൂടുതലായും പറഞ്ഞതെങ്കിലും പ്രത്യേകതയുള്ള സിനിമയാണെന്ന് തോന്നിയിരുന്നു. പറ്റുന്നതിന്റെ പരമാവധി ചെയ്യണമെന്ന് നഹാസ് തുടക്കത്തിലേ പറഞ്ഞു. നഹാസിന്റെ കൂടെ ഉള്ളവരാണ് ഈ സിനിമയിൽ ഏറെയും. സിനിമ സ്വപ്നം കാണുന്നവരുടെ എല്ലാവരുടെയും ജീവിതത്തിൽ ആ ലക്ഷ്യത്തിലെത്താനുള്ള ഒരു യാത്ര ഉണ്ടാകുമല്ലോ... ആ സ്പേസിൽ ഒന്നിച്ചുണ്ടായവരെയെല്ലാം നഹാസ് കൂടെ നിറുത്തിയിട്ടുണ്ട്. നഹാസിന്റെ സ്വപ്നവും കൂടെയുള്ളവരുടെ സ്വപ്നവും ഒന്നായതുകൊണ്ട് നൂറുശതമാനം ഇട്ടാണ് എല്ലാവരും ജോലി ചെയ്തത്. കഥയെഴുതിയപ്പോഴാകട്ടെ, അത് മേക്ക് ചെയ്തപ്പോഴാകട്ടെ എല്ലാ റോളുകൾക്കും കൃത്യമായ ഒരു സ്പേസ് നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്, അത് നന്നായി വർക്കാകുകയും ചെയ്തു. ചില സിനിമകൾക്ക് അങ്ങനത്തെ സത്യസന്ധതയുണ്ട്. അതിന്റെ ഔട്ട് നല്ല രസമായിരിക്കും. ആ സന്തോഷത്തിലാണ് ആർ.ഡി.എക്സിൽ പ്രവർത്തിച്ച എല്ലാവരുമുള്ളത്.

അടി പഠിക്കണമെന്നോ മറ്റോ നേരത്തെ  പറഞ്ഞിരുന്നോ?

ഏയ് ഇല്ല. അങ്ങനെ പറഞ്ഞില്ല. എനിക്ക് കഥ പറഞ്ഞു തന്നു, രതീഷിന്റെ മോഡ് പറഞ്ഞു തന്നു. എന്നെ കൊണ്ട് ചെറുതായി റോൾ ചെയ്യിപ്പിച്ചു നോക്കി. വേറെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞതു കൊണ്ട് എക്സ്ട്രാ പരിപാടിയൊന്നും പിടിച്ചില്ല.

ബീഫ് കോരിയെടുക്കുന്ന രംഗം പടത്തിലേക്കുള്ള നല്ലൊരു എൻട്രിയായിരുന്നു?

തിയേറ്ററിൽ ഭയങ്കരമായി വർക്കായ സീനാണത്. പള്ളിപ്പെരുന്നാൾ ആണ് ആദ്യം ഷൂട്ട് ചെയ്തത്. അതിൽ ഞാനുമുണ്ടല്ലോ.  ഒരു വലിയ ആൾക്കൂട്ടവും കാര്യങ്ങളുമൊക്കെ പശ്ചാത്തലത്തിലുള്ളതു കൊണ്ട് കുറേ ടേക്കുകൾ പോകേണ്ടി വന്നു. വൈഡായി പോകുന്ന സീനാണത്. ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ നിന്നും ഒരാളുടെ മുഖത്തെ റിയാക്ഷൻ മാറിപ്പോയാൽ പോലും വീണ്ടും എടുക്കേണ്ടി വരും. ബീഫ് സീൻ ഇതിനിടയിലാണ് വരുന്നത്. സിനിമയിലേക്കുള്ള ഒരു കൊളുത്തായിരുന്നു ആ സീൻ.

അടിയൊക്കെ പഠിച്ചാണോ ചെയ്യുന്നത്?

അങ്ങനെയല്ല. സീനിന്റെ സമയത്ത് സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റ്‌സ്, ആക്ഷനുകൾ കാണിച്ചു തരും. നമ്മളത്  നോക്കി ചെയ്താൽ മാത്രം മതി. അല്ലാതെ നേരത്തെ പഠിക്കുകയൊന്നും വേണ്ട. എല്ലാവരും അങ്ങനെ തന്നെയാണ് ചെയ്തതും. അൻപറിവ് മാസ്റ്ററുടെ വലിയ പ്രത്യേകത അടിയ്ക്കിടയിൽ നമ്മുടെ സുരക്ഷ കൃത്യമായി നോക്കുമെന്നാണ്. നമ്മളെ അത്ര കെയർ ചെയ്താണ് ഓരോ ചെറിയ ചലനവും നോക്കുന്നത്.

പെപ്പെ, ഷെയ്ൻ, നീരജ് ഇവർക്കൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

പെപ്പെയുമായിട്ടായിരുന്നു എന്റെ കൂടുതൽ സീനുകളും. മൂന്നുപേരും അടിപൊളി ആക്ടേഴ്സ് ആണ്. എല്ലാവരും നല്ല കമ്പനിയായിരുന്നു. പരസ്പരം സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ബോണ്ടിംഗ് സിനിമയിലും നന്നായി വന്നു.

കോളനി രംഗങ്ങളൊക്കെ പുതുമയോടെയാണല്ലോ അവതരിപ്പിച്ചത്?

അലക്സ് ചേട്ടന്റെ ഡി. ഒ.പി വർക്ക് ഗംഭീരമായിരുന്നു. നേരത്തെ കണ്ട സ്ഥലമാണെന്ന് തോന്നാത്ത വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ സൈഡാണെങ്കിലും ടെക്നിക്കൽ സൈഡാണെങ്കിലും നൂറുശതമാനമാണ് നൽകിയിരിക്കുന്നത്. ഇങ്ങനെ എല്ലാവിഭാഗങ്ങളും കട്ടയ്ക്ക് നിന്നതിന്റെ ഒരു ഫലം കൂടിയാണ് പിന്നെ സംഭവിച്ചതെല്ലാം.

സിനിമ സ്വന്തം വഴിയാണെന്ന് എപ്പോഴാണ് തോന്നിയത്?

സ്‌കൂളിൽ  പഠിക്കുമ്പോഴെ അഭിനയമാണ് എന്റെ വഴി എന്ന് ഉറപ്പിച്ചിരുന്നു. അതെങ്ങനെ ഉണ്ടായി എന്നു ചോദിച്ചാൽ അറിയില്ല. ആഗ്രഹം സിനിമയായിരുന്നു, അവിടെ എത്തിച്ചേരുമെന്ന ഒരു തോന്നലും ഉണ്ടായിരുന്നു. സിനിമയിലെത്താൻ അന്നൊന്നും പരിശ്രമിച്ചിരുന്നില്ലെങ്കിലും എന്തോ ഒരു വിശ്വാസം ഉള്ളിലുണ്ടായിരുന്നു. അവസരം കിട്ടിയാൽ ഒന്നു നോക്കാൻ ഞാൻ തയ്യാറുമായിരുന്നു. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമാപ്രവേശനം. ബിജു മേനോൻ നായകനായ 'ഭരതൻ എഫക്ട്' എന്ന സിനിമയിൽ കോളേജ് കാലം കാണിക്കുമ്പോൾ ആ ക്ലാസ് റൂമിൽ ഞാനുമുണ്ട്. എന്റെ നാടായ ആലപ്പുഴയിലായിരുന്നു ഷൂട്ട്. രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്ന സമയത്ത് ഷൂട്ടിംഗ് കണ്ട് കയറിയതാണ്. ചോദിച്ചപ്പോൾ ക്ലാസിൽ കേറി ഇരുന്നോളാൻ പറഞ്ഞു. അന്നത് വലിയ സന്തോഷമായിരുന്നു. ആ സിനിമ കാണാൻ തിയേറ്ററിൽ പോയതൊക്കെ ഓർമ്മയുണ്ട്. അന്നുമുതൽ കൂട്ടുകാരൊക്കെ സിനിമാ നടൻ എന്നാണ് വിളിക്കുന്നത്. അങ്ങനെയുള്ള വിളികളും നമ്മുടെ ആഗ്രഹവും ഒക്കെ സിനിമ ആയതുകൊണ്ട് ഞാനും സിനിമാക്കാരനായ ഫീലിംഗ് ആയിരുന്നു. പിന്നീട് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന ആളെ പരിചയപ്പെട്ടു. അങ്ങനെ ചില അവസരങ്ങൾ ലഭിച്ചു. ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു, കളി, അഭി എന്ന ചിത്രങ്ങളും ചെയ്തിരുന്നു. അവിയൽ എന്ന ചിത്രത്തിൽ ജോജു ചേട്ടന്റെ ചെറുപ്പകാലം ചെയ്തിരുന്നു. നാലു കാലത്തെ ഗെറ്റപ്പുകളും ചെയ്യാൻ കഴിഞ്ഞു.

ഈ സിനിമ എത്ര തവണ സിനിമ കണ്ടു?

ഇതിനകം നാലുതവണ സിനിമ കണ്ടു. ആദ്യ സിനിമ ക്രൂവിന്റെ കൂടെയായിരുന്നു കണ്ടത്. ഒന്നിച്ചു പ്രവർത്തിച്ചവരുടെ കൂടെ സിനിമ തിയേറ്ററിലെത്തുമ്പോൾ സെലിബ്രേഷൻ മോഡിലാണത് കാണുന്നത്. അത്ര സന്തോഷമായിരുന്നു ആ നിമിഷങ്ങൾ. ഞാൻ ഫൈനൽ ഔട്ട് കാണുന്നതും തിയേറ്ററിൽ വച്ചാണ്. ആദ്യത്തെ പത്തുമിനുറ്റ് കഴിഞ്ഞപ്പോൾ തന്നെ തൊട്ടടുത്തിരുന്ന, കൂടെ അഭിനയിച്ച ഹരിയോട്, പടം സെറ്റാണ്, ഇത് ആൾക്കാർ കൊണ്ടുപോകും ഉറപ്പായും ഹിറ്റാകുമെന്നും ഞാൻ പറഞ്ഞു. എല്ലാവർക്കുമത് ഉറപ്പായിരുന്നു. തുടർന്നുള്ള ഷോകളുമായപ്പോഴേക്കും വിളികളും മെസേജുകളും വന്നു തുടങ്ങി. പ്രേക്ഷകരുടെ പൾസറിഞ്ഞ്, ആ പ്ലാറ്റ്ഫോമറിഞ്ഞ് ജോലി ചെയ്യുന്നയാളാണ് നഹാസ്. ഈ സമയത്ത് മലയാളികൾക്ക് ഇങ്ങനെ ഒരു സിനിമ കൊടുത്താൽ അത് കൊണ്ടാടപ്പെടുമെന്ന് നഹാസിന് നന്നായി അറിയാം. ആ ആത്മവിശ്വാസത്തിനൊപ്പം ഉറച്ചു നിന്നവരാണ് സോഫിയാപോൾ മാം. വീക്കെൻഡ് ബ്ളോക്ക്ബസ്റ്റർ എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ അവർ കൊടുത്ത പിന്തുണ വളരെ വലുതാണ്. നഹാസ് സെലക്ട് ചെയ്ത ഒരു കാസ്റ്റ് പോലും മാറ്റാൻ അവർ തയ്യാറായിരുന്നില്ല. ഇങ്ങനെയുള്ള മാസ് പടങ്ങൾ വരുമ്പോൾ ഹിന്ദിയിൽ നിന്നോ മറ്റോ വില്ലൻമാരെ കൊണ്ടു വന്നാണല്ലോ ബിസിനസ് കണ്ടെത്തുന്നത്. ഈ പടത്തിൽ അതൊന്നും ഉണ്ടാകാത്തത് നഹാസിൽ പ്രൊഡ്യൂസർക്കുള്ള ഉറപ്പു കൊണ്ടു കൂടിയാണ്.

വീടിന് പുറത്തേക്ക് പോകാൻ സമ്മതിക്കാതെ മിനി തടയുന്ന സീനും നന്നായി വന്നല്ലോ?

കുറച്ച് പരിശ്രമിക്കേണ്ടി വന്ന സീനായിരുന്നു അത്. മിനിയായി വരുന്ന മഹിമ അതിലൊരു സ്‌കിൽ ചെയ്യുന്നുണ്ട്, ഒരു ചെറിയ ആക്ഷൻ. മാസ്റ്റേഴ്സ് തന്നെ വന്നു നിന്ന് കൊറിയോഗ്രാഫി ചെയ്ത സീനാണ്. നേരത്തെ പ്രാക്ടീസ് ചെയ്തെങ്കിലും അത് ചെയ്തെടുക്കുന്ന പ്രോസസിന് ഇത്തിരി സമയം വേണ്ടി വന്നു. ആ സീൻ അവിടെ വേണോ എന്നൊരു സംശയം ഉണ്ടായിരുന്നു. അത്ര നിർണായകമായ ആക്ഷൻ രംഗങ്ങൾ നടക്കുമ്പോൾ പെട്ടെന്ന് ഒരു കട്ട് ഇങ്ങോട്ട് വേണമോ എന്ന രീതിയിൽ. പക്ഷേ, നന്നായി വർക്കായ ഒരു സീനായി അത് മാറി. ആ സീൻ പല രീതിയിലാണ് പ്രേക്ഷകർ കണ്ടത്. എന്തുകൊണ്ട് മിനി രതീഷിനെ വിട്ടില്ല എന്നൊക്കെയുള്ള കുറേ മെസേജുകളും കണ്ടിരുന്നു. രതീഷ് എന്ന കാരക്ടർ ഒരിക്കലും പ്രതീക്ഷിക്കുന്ന ഇടപെടലായിരുന്നില്ല മിനിയുടേത്. നഹാസ് ആ കാര്യം പ്രത്യേകം മെൻഷൻ ചെയ്തിരുന്നു. ഇരിക്കുമ്പോൾ എന്തെങ്കിലുമൊന്ന് കൺവേ ചെയ്യുന്ന രീതിയിൽ നീ നോക്കണമെന്നായിരുന്നു പറഞ്ഞത്. എന്തെങ്കിലും കാര്യം തിരിച്ചറിയുന്ന, അമ്പരപ്പൊക്കെ എന്തായാലും രതീഷിൽ വന്നു. പ്രേക്ഷകർ നന്നായി ആസ്വദിച്ച രംഗമായിരുന്നു അത്.

സിനിമയിലേക്ക് വരാൻ ആരായിരുന്നു ഏറ്റവും വലിയ പിന്തുണ?

വീട്ടിലെല്ലാവരും കൂടെ നിന്നു. കാരണം സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ സിനിമ എന്നു പറയുന്നത് അവർ കേൾക്കുന്നത് കൊണ്ടാവാം. എന്റെ സുഹൃത്തുക്കളാകട്ടെ, ബന്ധുക്കളാകട്ടെ ഞാൻ എന്തായാലും അവിടെത്തന്നെ എത്തിച്ചേരുമെന്ന വിശ്വാസത്തിലായിരുന്നു. വലിയ സാമ്പത്തികാവസ്ഥയിലുള്ള കുടുംബമല്ല എന്റേത്. എന്നിട്ടു പോലും എന്നോട് ജോലിക്ക് പോകാൻ പറയുകയോ, നിർബന്ധിക്കുകയോ ചെയ്തിട്ടില്ല. നിനക്ക് ഇഷ്ടമുള്ള വഴിയേ പോയ്ക്കോ എന്നൊരു പിന്തുണ ലഭിച്ചിരുന്നു.  ചേട്ടൻ എന്റെ  വലിയ ഭാഗ്യമാണ്. പിന്നെ സുഹൃത്തുക്കൾ. അവരുള്ളതുകൊണ്ടാണ് അഞ്ചുവർഷമായി കൊച്ചിയിൽ നിൽക്കുന്നത്. കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ ഉള്ളതും ഭാഗ്യമാണ്.

നഹാസ് അഭിമുഖങ്ങളിൽ പറയുന്നതുപോലെ കുറേ നിമിഷങ്ങൾ ഉണ്ട്  'ആർ.ഡി. എക്സിൽ'?

അങ്ങനെ തന്നെയാണ് ഓരോ പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുന്നത്. തിയേറ്ററിൽ സിനിമ കണ്ട്, ഒന്നൂടെ സന്തോഷിക്കാനും ആസ്വദിക്കാനും മാത്രം വീണ്ടും ടിക്കറ്റെടുത്തവർ ഏറെയുണ്ട്. രണ്ടും മൂന്നും വട്ടം സിനിമ കണ്ട കുറേ പേർ എന്നെ വിളിച്ചിട്ടുണ്ട്. അപ്പോഴും നേരത്തെ കണ്ട പടമാണെന്ന് തോന്നാത്ത വിധത്തിൽ ആസ്വദിക്കാൻ കഴിയുന്നു എന്നാണ് അവരെല്ലാവരും പറയുന്നത്. ഞാനുള്ള പടമായതുകൊണ്ട് പറയുന്നതല്ല ഇത്. എപ്പോഴും ഒരു ഫ്രഷ്നസ്സ് കൊണ്ടുവരുന്നുണ്ട് ഈ സിനിമ.

ഒരു കുടുംബം വിഷമിക്കേണ്ടി വരുന്ന സാഹചര്യം തങ്ങളുടേതുമാണെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്നുണ്ട്?

 നഹാസ് ഇതിൽ ഇമോഷനുകളിലാണ് കൂടുതലും വർക്ക് ചെയ്തിരിക്കുന്നത്. വില്ലൻമാരോടു പോലും പ്രേക്ഷകന് കണക്ഷൻ കിട്ടുന്നത് ഈ വികാരങ്ങളിലൂടെയാണ്. അത് ചിലപ്പോൾ ദേഷ്യമായിരിക്കും. പക്ഷേ, ആ ദേഷ്യം പോലും കൃത്യമായി കാഴ്ചക്കാരിലേക്ക് എത്തി. ഈ സിനിമയിലെ എല്ലാ കാരക്ടറുകളോടും പ്രേക്ഷകർക്ക് ഒരു അടുപ്പം ഉണ്ടാകുന്നുണ്ട്. അങ്ങനത്തെ കുറേ സീനുകളുള്ളതുകൊണ്ടാണ്. എഴുത്തിന്റെ ശക്തി കൂടിയാണത്. തിരക്കഥാകൃത്തുക്കളായ ഷബാസും ആദർശും ബ്രില്ല്യന്റായി എഴുതിയിട്ടുമുണ്ട്. അതിനൊപ്പം ഉയർന്ന സാങ്കേതിക മികവും കൂടിയായപ്പോൾ പ്രേക്ഷകർ അത് ഏറ്റെടുത്തു. പണ്ടൊക്കെ 'മീശമാധവൻ' പോലെയുള്ള ചിത്രങ്ങളൊക്കെ കണ്ടിറങ്ങുമ്പോൾ ആ സിനിമ നമ്മുടെ കൂടെ തന്നെയുണ്ടാവും. പിന്നെയത് ടി.വിയിൽ വന്നു കാണാനായുള്ള കാത്തിരിപ്പായിരിക്കും. അതേ പോലെ സിനിമ തിയേറ്ററിൽ നിന്നും കണ്ട് ഇറങ്ങിപ്പോകുമ്പോൾ സിനിമ കൂടെ കൊണ്ടു പോകുന്ന അനുഭവമാണ് ഈ സിനിമയ്ക്കും. വളരെ വല്ലപ്പോഴും ഇങ്ങനെ സംഭവിക്കുമ്പോഴാണ് ആളുകളത് ഉത്സവം പോലെ ആഘോഷിക്കുന്നത്.

RDX - Official Trailer | Shane Nigam, Antony Varghese, Neeraj Madhav | Nahas Hidhayath | Sam C S

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment