മുത്ത് പോലൊരു സിനിമ...തങ്കം പോലെ കുറേ മനുഷ്യർ - വിഘ്നേശ്വർ സംസാരിക്കുന്നു

Interviews

നാലര മിനിറ്റ് മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു നടൻ ആ ചുരുങ്ങിയ സമയം കൊണ്ട് ഒരു ഓളം സൃഷ്ടിക്കുക...സിനിമ കണ്ട പ്രേക്ഷകരൊക്കെ "ഏതാണ് ഈ മുതല്?" എന്ന് അന്വേഷിക്കുക...തങ്കം സിനിമയിൽ വിക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഘ്‌നേശ്വർ സുരേഷിനെക്കുറിച്ചാണ് പറയുന്നത്. ചെറിയ സ്ക്രീൻ ടൈമിൽ വലിയ സ്വീകാര്യത നേടിക്കൊടുത്ത ആ അനുഭവത്തെക്കുറിച്ച് വിഘ്‌നേശ്വർ സംസാരിക്കുന്നു...

തങ്കം സിനിമയിലേക്കും വിക്കി എന്ന കഥാപാത്രത്തിലേക്കും എങ്ങനെയാണ് എത്തിച്ചേർന്നത്?

സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയ രാജീവ് ചേട്ടൻ ആണ് എന്നെ ആ കഥാപാത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഇങ്ങനെ ഒരു റോൾ ഉണ്ടെന്നും ആ ക്യാരക്ടർ എനിക്ക് സെറ്റ് ആകുമെന്നും പറഞ്ഞ അദ്ദേഹം ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. കൂടാതെ അറാഫത്ത് ഇക്കയെ എനിക്ക് അഞ്ചാറ് കൊല്ലം മുമ്പേ പരിചയമുണ്ട്. എൻ്റെ സുഹൃത്തുക്കളെ കാണാനായി ഞാൻ ഇടയ്ക്കിടെ ആലപ്പുഴ വരാറുണ്ട്. അങ്ങനെ ഒരു വരവിലാണ് അറാഫത്ത് ഇക്കയെ ആദ്യമായി പരിചയപ്പെടുന്നത്.

ഓഡിഷൻ എങ്ങനെ ഉണ്ടായിരുന്നു?

എന്റെ ഓഡിഷൻ വളരെ സിമ്പിൾ ആയിരുന്നു. ഡയറക്ടർ അറാഫത്ത് ഇക്ക, ശ്യാം പുഷ്കരൻ സർ, കോ ഡയറക്ടർ പ്രിനിഷേട്ടൻ, രാജീവേട്ടൻ എന്നിവരാണ് ഓഡിഷൻ നടത്തിയത്. സിനിമയിലെ സീനിന് സമാനമായ ഒരു സന്ദർഭം ആണ് അഭിനയിക്കാൻ പറഞ്ഞത്. ഡയലോഗ് ഒക്കെ ആ നിമിഷത്തിൽ ഡെവലപ്പ് ചെയ്ത് സംസാരിക്കുന്ന രീതിയിൽ ആയിരുന്നു. അത് കഴിഞ്ഞതും എല്ലാവരും സംതൃപ്തരായി എന്ന് മനസ്സിലായി. ശ്യാം സർ "നീ തന്നെ ചെയ്തോ" എന്ന് അവിടെ വച്ച് തന്നെ പറയുകയും ചെയ്തു. അങ്ങനെ ഒറ്റ റൗണ്ടിൽ എന്റെ ഓഡിഷൻ കഴിഞ്ഞു.

ഗിരീഷ് കുൽക്കർണിയെപ്പോലെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ പ്രതിഭയുമായിട്ടാണല്ലോ സിനിമയിൽ ആ രംഗത്ത് അഭിനയിച്ചത്? അതിലുപരി നിങ്ങൾ രണ്ടാളും തമ്മിലുള്ള ഒരു മൈൻഡ് ഗെയിം പോലെയാണ് ആ സീനിന്റെ ഘടനയും. പരിഭ്രമം ഉണ്ടായിരുന്നോ?

സത്യം പറഞ്ഞാൽ തുടക്കത്തിൽ കുറച്ച് പരിഭ്രമം ഉണ്ടായിരുന്നു. ആ സീനിൽ അഭിനയിച്ച ഗിരീഷ് കുൽക്കർണി, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരൊക്കെ പ്രതിഭ തെളിയിച്ചവരും വർഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ളവരുമാണ്. എനിയ്ക്ക് ആകട്ടെ ഇത് ആദ്യ സിനിമയും. എന്റെ  അഭിനയം നന്നായി വന്നിട്ടുണ്ടെങ്കിൽ അതിന് കാരണം എല്ലാവരും എനിക്ക് നൽകിയ സ്പേസ് ആണ്. പരിഭ്രമം വേണ്ടെന്നും ആ സാഹചര്യത്തിൽ സ്വാഭാവികമായി എങ്ങനെ പെരുമാറുമോ ആ രീതി പിടിച്ചാൽ മതിയെന്നുമാണ് എനിക്ക് തന്ന നിർദ്ദേശം. എന്റെ  ഒരേ ഒരു പരിഭവം മോണിറ്റർ നോക്കാൻ പറ്റിയിരുന്നില്ല എന്നതാണ്. ആദ്യമായി അഭിനയിക്കുന്നതല്ലേ? എങ്ങനെ വന്നിട്ടുണ്ട് എന്നറിയാൻ ഒരു കൗതുകം ഉണ്ടായിരുന്നു. പക്ഷേ മോണിറ്റർ ഇടയ്ക്കിടെ നോക്കിയാൽ കോൺഷ്യസ് ആയേക്കാമെന്നും അഭിനയിക്കുമ്പോൾ സ്വാഭാവികതയുടെ ഫീൽ നഷ്ടപ്പെട്ടേക്കാമെന്നും പറഞ്ഞപ്പോൾ ഞാൻ അത് അനുസരിച്ചു. അവർ പറഞ്ഞത് എത്ര ശരിയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.

വിക്കി എന്ന കഥാപാത്രം സ്ക്രീനിൽ വരുന്നത് തന്നെ അത്യാവശ്യം ബിൽഡ് അപ്പും ആയിട്ടാണ്. താള മേളത്തിന്റെ അകമ്പടിയോടെ സ്ക്രീനിന്റെ  ഒരു കോണിൽ നിന്നുള്ള പ്രവേശം... ആ കഥാപാത്രത്തിന് വേണ്ട ശരീര ഭാഷ, ആറ്റിറ്റ്യൂഡ് എന്നിവയെക്കുറിച്ച് സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവരിൽ നിന്ന് എന്ത് ബ്രീഫ് ആണ് ലഭിച്ചത്?

വിക്കിയെക്കുറിച്ച് വ്യക്തമായി പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. അയാൾ ധൈര്യശാലിയാണ്. ആരെയും, ഒന്നിനെയും പേടിയില്ലാത്ത വ്യക്തിയാണ്. തന്നെ അന്വേഷിച്ച് മുംബൈയിൽ നിന്നും പോലീസ് തൻ്റെ സ്ഥലത്ത് വരുന്നത് പോലും അഭിമാനമായിട്ടാണ് അയാൾ കണക്കാക്കുന്നത്. അവർക്ക് തന്നെ ഒന്നും ചെയ്യാനാവില്ല എന്ന മനോഭാവത്തോടെ വേണം പെരുമാറാൻ എന്നും പറഞ്ഞ് തന്നിരുന്നു. ആ ക്യാരക്ടറിന് വേണ്ടി തയ്യാറാവാൻ അത്യാവശ്യം സമയവും ലഭിച്ചിരുന്നു. അറാഫത്ത് ഇക്കയും ശ്യാം സാറും പറഞ്ഞത് ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ട. എന്താണോ ഷോട്ടിന്റെ  സമയത്ത് സ്വാഭാവികമായി വരുന്നത് അത് ആത്മവിശ്വാസത്തോടെ ചെയ്യുക എന്നാണ്. ഒരൊറ്റ കാര്യം ശ്രദ്ധിക്കാൻ പറഞ്ഞത് എന്തൊക്കെ ആക്ഷൻസ് ആണോ ചെയ്യുന്നത് അതൊന്ന് ഓർത്ത് വയ്ക്കണം എന്നാണ്. കാരണം അടുത്ത ഷോട്ട് എടുക്കുമ്പോൾ, ഫ്രെയിം മാറുമ്പോൾ ചെയ്ത ആക്ഷൻസ് തുടരേണ്ടതുണ്ട് എന്നതാണ്. അഭിനയിച്ച് തുടങ്ങിയപ്പോൾ ഒരിടത്തും സ്റ്റോപ്പ് ചെയ്യാൻ പറഞ്ഞില്ല. അത് കൊണ്ട് ആ ഫ്ലോയിൽ അങ്ങ് പോയി. എന്റെ പ്രകടനം നന്നായിട്ടുണ്ടെങ്കിൽ 90 ശതമാനം ക്രെഡിറ്റും അറാഫത്ത് ഇക്കാക്കും ശ്യാം സാറിനും ആണ്.

ഈ രംഗം മുഴുവൻ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ വിഘ്‌നേശ്വറിന്റെ  പ്രകടനത്തെക്കുറിച്ച് ഗിരീഷ് കുൽക്കർണി എന്തെങ്കിലും പ്രതികരിച്ചോ?

യഥാർത്ഥത്തിൽ ഗിരീഷ് സർ മറുവശത്ത് ഉള്ളത് കൊണ്ടാണ് എനിക്ക് ഇത്രയും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ അഭിനയത്തിന് അസാമാന്യമായ കരുത്തുണ്ട്. അദ്ദേഹം കഥാപാത്രത്തിലേക്ക് കയറിക്കഴിഞ്ഞാൽ ആ കരുത്ത് നമ്മളിലേക്കും പകരും. അദ്ദേഹം ചെയ്യുന്നതിന് പ്രതികരിക്കുക എന്നത് മാത്രമേ എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ രണ്ട് പേരും മുഖാമുഖം വരുന്ന ഒരു ഷോട്ടുണ്ട്. "Vicky..I am going to tell you a secret" എന്ന് പറഞ്ഞ് എന്നെ വളരെ അടുത്തേക്ക് വിളിക്കുന്ന ഷോട്ട്. അത് കഴിഞ്ഞതും സെറ്റിലെ എല്ലാവരും കയ്യടിച്ചു. അദ്ദേഹത്തെ നോക്കി ഞാനും കയ്യടിച്ചപ്പോൾ ഗിരീഷ് സർ പറഞ്ഞത് "buddy... ആ കയ്യടി എനിക്കുള്ളത് അല്ല..നിനക്ക് ഉള്ളതാണ്" എന്നാണ്.

ഗിരീഷ് സർ മാത്രമല്ല ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരും അത്രയും സഹകരണ മനോഭാവത്തോടെയാണ് ഇടപഴകിയത്. ഒരു സിനിമാ സെറ്റിനേക്കുറിച്ചുള്ള എന്റെ  ധാരണകളെ തകിടം മറിക്കുന്ന അനുഭവമായിരുന്നു. ഒരു ടെൻഷനുമില്ലാതെ, സമാധാനത്തോടെയാണ് എല്ലാവരും അവരവരുടെ ജോലി ചെയ്തിരുന്നത്. അത് സിനിമയിലും പ്രതിഫലിച്ചു എന്നാണ് എൻ്റെ വിശ്വാസം. സിനിമയിൽ മുത്തേ എന്ന് വിളിക്കുന്നത് പോലെ ഈ സെറ്റിലെ എല്ലാവരും മുത്ത് ആയിരുന്നു എന്ന് പറയാം. ഷോട്ട് കഴിഞ്ഞ് ഞാൻ എങ്ങാനും മാറി ഇരുന്നാൽ ബിജു മേനോൻ ചേട്ടനൊക്കെ "നീ എന്താടാ അവിടെ പോയിരിക്കുന്നത്..ഇങ്ങോട്ട് വാ" എന്ന് പറഞ്ഞ് കൂടെ ഇരുത്തും. എല്ലാം കൊണ്ടും അഭിനേതാവ് എന്ന നിലയിലും സിനിമാ വിദ്യാർത്ഥി എന്ന നിലയിലും നല്ലൊരു പഠനം ആയിരുന്നു തങ്കം.

സിനിമാ റിലീസ് ആയ ശേഷം പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണം എങ്ങനെ ആയിരുന്നു?

സിനിമ റിലീസ് ആയപ്പോൾ ഞാൻ കേരളത്തിൽ വന്നിരുന്നു. നാല് തവണ അവിടെ തിയേറ്ററിൽ നിന്ന് തന്നെ സിനിമ കണ്ടു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ തിരിച്ചറിഞ്ഞ് അടുത്ത് വരുന്നതും നല്ല വാക്കുകൾ പറയുന്നതും ഒക്കെ വളരെയധികം സന്തോഷം നൽകി. സത്യം പറയാമല്ലോ.. അംഗീകാരങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്ന ഒരു മനസ്സാണ് എന്റേത് . തങ്കം ഞാൻ ആഗ്രഹിച്ചതിലും അധികം പേരും സ്നേഹവും നേടിത്തന്നു കൊണ്ടിരിക്കുകയാണ്. ഭാവന സ്റ്റുഡിയോ എന്നെ ടാഗ് ചെയ്ത് എന്റെ  പോസ്റ്റർ ഷെയർ ചെയ്തിരുന്നു. അതിന് ശേഷം നിരവധി പേരാണ് ഓരോ ദിവസവും എനിക്ക് മെസ്സേജ് അയക്കുന്നത്. എന്റെ  കഴിവിന്റെ പരമാവധി എല്ലാവർക്കും ഞാൻ മറുപടി നൽകുന്നുമുണ്ട്. സിനിമ കാണാനും പിന്നീട് എന്നിലേക്ക് റീച്ച് ചെയ്ത് ഒരു മെസ്സേജ് അയക്കാനും ഒരു പ്രേക്ഷകൻ സമയം ചിലവഴിക്കുന്നുണ്ടെങ്കിൽ അതിന് മറുപടി നൽകേണ്ട ഉത്തരവാദിത്വം ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ എനിക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

വിഘ്നേഷ്വറിന്റെ  അടുത്ത പദ്ധതികൾ എന്തൊക്കെയാണ്?

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ആണ് ഞാൻ ഡിഗ്രി ചെയ്തത്. സിനിമ സംവിധാനം ചെയ്യുക എന്നത് തന്നെയാണ് ലക്ഷ്യം. പഠനം കഴിഞ്ഞ ശേഷം അതിനുള്ള ശ്രമങ്ങളിൽ ആയിരുന്നു. ആ ഇടവേളയിൽ കുറച്ച് പരസ്യ ചിത്രങ്ങൾ ഒക്കെ ചെയ്തു. ഇപ്പൊൾ തങ്കത്തിനു ശേഷം അഭിനയിക്കാനുള്ള ചില ഓഫറുകൾ വന്നിട്ടുണ്ട്. അത് കൊണ്ട് തൽക്കാലം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് പ്ലാൻ.

ഇൻസ്റ്റാ ഗ്രാമിൽ വിഘ്നേഷ്വറിന്റെ  ഒരു mashup song കണ്ടിരുന്നു. സംഗീതം അഭ്യസിച്ചിട്ടുണ്ടോ?

ഇല്ല...പാട്ട് പഠിച്ചിട്ടോന്നുമില്ല. അതൊരു രസത്തിന് ചെയ്തതാ... പാട്ട് കേൾക്കാനും പാടാനും ഒക്കെ ഇഷ്ടമാണ്. സുഹൃത്തുക്കളുമായി ഒത്ത് കൂടിയപ്പോൾ പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ആയിരുന്നു അത്. ഞാൻ വിസ്കോം ചെയ്ത സത്യഭാമ ഇൻസ്റ്റിറ്റിയൂട്ടിലെ എന്റെ  അടുത്ത സുഹൃത്തുക്കളിൽ ഭൂരിഭാഗവും മലയാളികൾ ആണ്. അവരെയൊക്കെ കാണാൻ ഞാൻ ഇടയ്ക്കിടെ കേരളത്തിൽ വരും. ഈ പാട്ട് റെക്കോർഡ് ചെയ്തതും ആലപ്പുഴ ഓഡിയോമാട്രിക്സ് സ്റ്റുഡിയോയിൽ വച്ചായിരുന്നു. അവിടത്തെ എബിയും വിനോദും ആയിരുന്നു അതിന് സംഗീതം നൽകിയത്.

2022 Valentine's Day Mashup l Featuring Vigneshwar Suresh Ramachandran

 

സിനിമ, സംഗീതം... വേറേ എന്തൊക്കെയാണ് വിഘ്നേഷ്വറിന്റെ ഇഷ്ടങ്ങൾ?

യാത്ര...പ്രത്യേകിച്ച് യാതൊരു തയാറെടുപ്പും കൂടാതെ ബൈക്കുമെടുത്ത് ദീർഘ ദൂര യാത്രകൾ നടത്താൻ ഭയങ്കര ഇഷ്ടമാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും അങ്ങനെ പോയിട്ടുണ്ട്. അടുത്തിടെ ലഡാക്കിൽ പോയിരുന്നു. അടിസ്ഥാനപരമായി സഹമനുഷ്യരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ഇഷ്ടമുള്ള കൂട്ടത്തിലാണ്. പുതിയ ആൾക്കാരെ പരിചയപ്പെടുക, അവരോട് സംസാരിക്കുക, അവർ പറയുന്നത് കേൾക്കുക...ഇതൊക്കെ എനിക്ക് ഊർജം നൽകുന്ന കാര്യങ്ങളാണ്. ഓരോ മനുഷ്യൻ്റെ ജീവിതത്തിലും കുറഞ്ഞത് ഒരു സിനിമയ്ക്കുള്ള കഥയുണ്ട്. അത് explore ചെയ്യുന്നത് എന്ത് ആത്മസംതൃപ്തി നൽകുന്ന വിഷയം ആണെന്നോ!

വിഘ്നേശ്വറിന്റെ  ഈ പ്രശസ്തി കുടുംബത്തിലെ മറ്റുള്ളവർ എങ്ങനെ സ്വീകരിക്കുന്നു?

ഇത് ചോദിച്ചത് നന്നായി. എനിക്ക് പറയേണ്ട കാര്യം തന്നെയാണ്. എൻ്റെ കുടുംബത്തിലെ odd man out ആണ് ഞാൻ. ബാക്കിയുള്ളവർ പഠനം, ജോലി, സെറ്റിൽ.. ആ ലൈൻ ആണ്. തങ്കം റിലീസ് ആയ ശേഷം വരുന്ന പോസിറ്റീവ് പ്രതികരണങ്ങൾ കാണുമ്പോൾ ഞാൻ ശരിയായ പാതയിൽ ആണെന്ന വിശ്വാസം അവർക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. എന്റെ  അമ്മയെക്കുറിച്ച് പ്രത്യേകം പറയണം. അമ്മ ടീച്ചർ ആണ്. എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ എന്റെ  അച്ഛൻ മരണമടഞ്ഞു. അതിന് ശേഷം സിംഗിൾ മദർ ആയി, എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഞങ്ങളെ ഒരു കരയെത്തിക്കാൻ അമ്മ നടത്തിയ പോരാട്ടങ്ങളെ അദ്ഭുതത്തോടെയും ബഹുമാനത്തോടെയും കൂടിയേ എനിക്ക് ഓർത്തെടുക്കാൻ കഴിയൂ. ഇതിനിടയിലും എന്റെ  സ്വപ്നങ്ങൾക്ക് പിറകെ പായാൻ എനിക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്ന അമ്മയ്ക്കാണ് എനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ എല്ലാം ഞാൻ സമർപ്പിക്കുന്നത്.

vicky-m3db-interview 6.jpg

വിഘ്നേശ്വറും അമ്മയും
വിഘ്നേശ്വറും അമ്മയും

M3DB-യുമായി അനുഭവങ്ങൾ പങ്ക് വച്ചതിന് നന്ദി വിഘ്നേശ്വർ

എന്നോട് ഈ ഇന്റർവ്യൂവിനേക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ M3DB എന്ന പേര് പരിചിതമായി തോന്നി. പിന്നെ നോക്കിയപ്പോൾ ആണ് സിനിമയുടെ DOP ഗൗതം ശങ്കർ ഒരു M3DB പോസ്റ്റ് ഷെയർ ചെയ്തിരുന്നത് ഞാൻ കണ്ടിരുന്നു. ഇത് എന്റെ രണ്ടാമത്തെ ഇന്റർവ്യൂആണ്. M3DB-ക്കും എന്റെ  ഹൃദയം നിറഞ്ഞ നന്ദി"

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment