''എവിടെയാണെങ്കിലും ഞാനെന്റെ നൂറുശതമാനവും നൽകും'' - അഭിനേത്രി അഭിരാമി സംസാരിക്കുന്നു

Interviews

ഇന്നലെയും കണ്ടതേയുള്ളൂവെന്ന് തോന്നും നടി അഭിരാമിയെ വീണ്ടും സ്‌ക്രീനിൽ കാണുമ്പോൾ. 'ഗരുഡൻ'എന്ന സിനിമയിൽ രണ്ടറ്റങ്ങളിലായി രണ്ടുനായകർക്കൊപ്പം നിൽക്കുന്ന സ്‌നേഹപ്പാതികളിൽ ഒരാൾ. ശ്രീദേവി എന്ന കഥാപാത്രം ഒരുപാട് സംസാരിക്കുന്ന, കുറേയേറെ സമയങ്ങളിലുള്ള ഒരാളല്ല. പക്ഷേ, അതിനേക്കാളേറെ സാന്നിദ്ധ്യം പ്രേക്ഷകരിലെത്തിക്കാൻ കയ്യടക്കത്തോടെ അഭിനയിച്ച അഭിരാമിക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലെ ചില നോട്ടങ്ങളും സംഭാഷണങ്ങളും പോലും ഓർത്തെടുത്ത് സിനിമ കണ്ടവർ മെസേജ് അയക്കുമ്പോൾ അഭിരാമി നിറഞ്ഞ ഹൃദയത്തോടെ അതെല്ലാം സ്വീകരിക്കുന്നു. ജീവിതത്തെ അതു വരുന്നമട്ടിൽ ഉള്ളിലേക്കെടുക്കുന്ന, സന്തോഷത്തിലും സങ്കടത്തിലും ഒരേ  പോലെ തുടരുന്ന ഒരാൾ കൂടിയാണ് അഭിരാമി. ജീവിതത്തെ താൻ അടുക്കിപ്പെറുക്കുന്നവിധം പറയുമ്പോൾ, മറ്റുള്ളവർക്കില്ലാതെ പോകുന്ന പ്രിവിലേജുകളെ കുറിച്ച് കൂടി അവർ സംസാരിക്കുന്നുണ്ട്.

കുറേ നാളുകൾക്ക് ശേഷം അഭിരാമിയെ കണ്ട പ്രേക്ഷകർ എന്താണ് പറയുന്നത്?
പടം ഗംഭീരമായെന്ന അഭിപ്രായങ്ങൾ ഒരുപാട് പേർ പറഞ്ഞു. ഒിക്കലും പ്രതീക്ഷിക്കാത്ത കുറേ ട്വിസ്റ്റുകളുള്ളത് അവർക്ക് സർപ്രൈസായെന്ന് തോന്നുന്നു. എല്ലാവരും ഒരേ പോലെയുള്ള അഭിപ്രായങ്ങൾ തന്നെയാണ് പറയുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം എന്നെ സ്‌ക്രീനിൽ കണ്ടതിന്റെ സന്തോഷവും അവർ പങ്കുവയ്ക്കുന്നുണ്ട്. സുരേഷേട്ടന്റെ കൂടെയുള്ള പെയറിംഗും നന്നായെന്നും മെസേജുകൾ വന്നിട്ടുണ്ട്. സുരേഷ് ഗോപി, ബിജു മേനോൻ ചിത്രമാണെങ്കിൽ പോലും രണ്ടു സ്ത്രീ കഥാപാത്രങ്ങൾക്കും കൃത്യമായ സ്‌പേസും പ്രാധാന്യവും നൽകിയിട്ടുണ്ട്. സുരേഷേട്ടന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് കുറച്ചുകൂടെ മനസിലാവുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അന്തരീക്ഷം കൂടി കാണിക്കുന്നതുകൊണ്ടു കൂടിയാണ്. ബിജു ചേട്ടന്റെ കുടുംബത്തെ കൂടി കാണിക്കുന്നതു കൊണ്ട് ആ കഥാപാത്രം എങ്ങനെയാണെന്നും പറഞ്ഞുപോകുന്നുണ്ട്. ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാതെ പോകുമ്പോൾ എന്തോ ഒരു മിസ്സിംഗ് വരും. അവർ കൂടി വരുമ്പോഴാണ് പൂർണമാകുന്നതെന്ന രീതിയിലും അഭിപ്രായങ്ങൾ വരുന്നുണ്ട്. നൂറുശതമാനവും പോസിറ്റീവായ രീതിയിലാണ് ആളുകൾ പറയുന്നത്.

സുരേഷ് ഗോപിയെ ഏറെ കാലത്തിനുശേഷമല്ലേ കാണുന്നത്?
അതേ... 'അപ്പോത്തിക്കിരി' ശേഷം വീണ്ടും ഒന്നിക്കുന്നത് ഇപ്പോഴാണ്. പക്ഷേ, അദ്ദേഹവുമായി കോൺടാക്ട് ഉണ്ടായിരുന്നു. എല്ലാവരുമായും നല്ല സൗഹൃദം പുലർത്തുന്ന ഒരാളാണ്. എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കാൻ പറ്റുമായിരുന്നു. കൊവിഡ് കാലത്ത് ഞാൻ യു.എസിലായിരുന്നു. ആ സമയത്ത് അദ്ദേഹം വിളിച്ചിരുന്നു. ക്ഷേമാന്വേഷണവും വിശേഷങ്ങളുമെല്ലാം തിരക്കിയത് ഇപ്പോഴും ഓർമ്മയിലുണ്ട്. സുരേഷേട്ടൻ ഒരു ലിസ്റ്റ് ഉണ്ടാക്കി നേരത്തെ കൂടെ അഭിനയിച്ചവർ ഉൾപ്പെടെ എല്ലാവരെയും ഫോൺ വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു. ആ കൂട്ടത്തിലായിരുന്നു എനിക്കും കോൾ വന്നത്. അദ്ദേഹത്തിന്റെ മനസിന്റെ നന്മ കാരണം ചെയ്യുന്ന കാര്യമാണത്. അതുകൊണ്ട് അത്ര കാലം കണ്ടില്ല എന്ന തോന്നലൊന്നുമുണ്ടായിരുന്നില്ല. സുരേഷട്ടന്റെ കൂടെ ഇത് ആറാമത്തെ തവണയാണ് വർക്ക് ചെയ്യുന്നത്. കംഫർട്ടബിൾ സോൺ ആണത്.

സംവിധായകൻ അരുൺ വർമ്മ വിളിച്ചപ്പോൾ തന്നെ ഓകെ പറഞ്ഞിരുന്നോ?
അരുണിന്റെ ഒറ്റവിളിയിൽ തന്നെ യെസ് പറഞ്ഞു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആണ് ആദ്യം എന്നെ വിളിച്ചത്. പുതിയ ചിത്രത്തിൽ ഒരു കാരക്ടർ ഉണ്ട്, അഭിരാമി ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നുന്നു, അരുണിനെ കൊണ്ട് വിളിപ്പിക്കട്ടെ എന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്. അരുൺ വിളിക്കുമ്പോൾ ഞാൻ ഒരു ഷോപ്പിംഗ് മാളിലായിരുന്നു. അതിനിടെ ഒരു പത്തുമിനുറ്റ് ബ്രേക്കെടുത്ത് ഒരു മൂലയ്ക്ക് പോയാണ് കഥ കേട്ടത്. വൺലൈനായിരുന്നു അരുൺ പറഞ്ഞത്. ശ്രീദേവി എന്ന കഥാപാത്രത്തെക്കുറിച്ചാണ് കൂടുതൽ സംസാരിച്ചത്. അപ്പോൾ തന്നെ തൊണ്ണൂറ് ശതമാനം ഞാൻ ഓകെയായിരുന്നു. അന്നേരം തന്നെ കഥയിലൊരു കൗതുകം തോന്നിയിരുന്നു. എന്തെങ്കിലും ഒരു സ്‌പെഷ്യൽ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു.

സിനിമയിലേക്ക് വിളിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ നോക്കും?
കഥാപാത്രങ്ങളോട് യെസ് പറയാൻ പല കാരണങ്ങളുണ്ടാകും. ചിലപ്പോൾ ആ വേഷം അത്ര ഇഷ്ടപ്പെട്ടതുകൊണ്ടാവാം, അല്ലെങ്കിൽ ആ ടീമിന്റെ കൂടെ വർക്ക് ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാവാം. പല കാരണങ്ങൾ ഇങ്ങനെയുണ്ട്. അതെല്ലാം ഒത്തുവരേണ്ടത് പ്രധാനമാണ്. കഥകൾ നേരത്തെയും കേൾക്കുന്നുണ്ട്. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ പോലെയുള്ളവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒന്നാമത് എനിക്കൊരു ചാലഞ്ച് ഉണ്ടാകില്ല, രണ്ടാമത് പ്രേക്ഷകർ തന്നെ ഇവരെ ഇതേ പോലെ മറ്റൊരു സിനിമയിൽ കണ്ടിട്ടുണ്ടല്ലോ എന്ന് ആലോചിക്കും. അവർക്ക് മടുപ്പു വരും. അത് ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ ഒരേ  പോലെയുള്ള കാരക്ടറുകളിൽ എന്തെങ്കിലും മാറ്റം, രൂപഭാവങ്ങളിലോ മറ്റോ കൊണ്ടു വരാൻ ശ്രമിക്കും.

ഹാപ്പിയായി ഇരിക്കുന്നതിന്റെ രഹസ്യം പറയാമോ?
പരമാവധി സന്തോഷത്തോടെ കഴിയാനാണ് ഞാനെപ്പോഴും ശ്രമിക്കാറുള്ളത്. അതിന് പ്രത്യേകിച്ച് രഹസ്യങ്ങളൊന്നുമില്ല. ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ വ്യത്യസ്തമാണല്ലോ. പൊതുവായി അതിനെ സമീപിക്കാൻ കഴിയില്ല. ഞാൻ പിന്തുടരുന്ന ഒരു ഫിലോസഫി നല്ല കാലമാണെങ്കിലും മോശം കാലമാണെങ്കിലും ഒരുപാടങ്ങ് തീവ്രതയിലേക്ക് എത്തിക്കാതെ ഒരു കയ്യടക്കത്തിൽ കൈകാര്യം ചെയ്യുക എന്നതാണ്. എത്ര വലിയ ടെൻഷൻ വന്നാലും വേവലാതിപ്പെടാത്ത ഒരാളാണ് ഞാൻ. അതേ പോലെ തന്നെ ഒരുപാട് സന്തോഷം വരുമ്പോഴും ഒരു പരിധിക്കപ്പുറം പോകാറില്ല. ഇതു രണ്ടായാലും ഒരേ മനസോടെയാണ് കൈകാര്യം ചെയ്യുന്നത്. വർഷങ്ങളായി മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ജീവിതത്തിലെ ഓരോ ഘട്ടത്തെയും വേവേറെ കംപാർട്ടുമെന്റുകളായാണ് കാണുന്നത്. കുടുംബം, സൗഹൃദം, എന്റെ സമയം അങ്ങനെയാണ് സമീപിക്കുന്നത്. ഓരോ ഇടത്തായിരിക്കുമ്പോഴും അവിടെ നൂറുശതമാനവും നൽകും. എല്ലാത്തിനെയും കൂട്ടിക്കുഴച്ച് അവിയൽ പരുവമാക്കാറില്ല. പിന്നെ മറ്റൊന്നുള്ളത് ഉയർന്ന പ്രിവിലേജ് ഉണ്ടെങ്കിലേ ഇതൊക്കെ സാധിക്കൂ എന്നതാണ്. ഞാൻ പുറത്തായിരിക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ നടത്തികൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്തിട്ടുണ്ടാകും. അതെന്റെ പ്രിവിലേജ് ആണ്. അത് എല്ലാവർക്കും കഴിയണമെന്നില്ല. പറ്റുന്നതു പോലെ അവരവരുടെ സാഹചര്യമനുസരിച്ച് ഇങ്ങനെ ചെയ്യുന്നെങ്കിൽ നന്നായിരിക്കും.

കൽക്കി കുസൃതിയാണ് അല്ലേ?
അയ്യോ... കുസൃതി മാത്രമേയുള്ളൂ. ഒരിടത്തും അടങ്ങി നിൽക്കില്ല. ഓരോന്നും എന്താണ്, എങ്ങനെയാണ് എന്നറിയാൻ ആകാംക്ഷയാണ്. നാച്വർ വലിയ ഇഷ്ടമാണ്. പുറത്തു പോകാനാണ് ഇഷ്ടം. ഒന്നരവയസായി.

മറ്റു ഇഷ്ടങ്ങൾ എന്തൊക്കെയാണ്?
മോൾ വരുന്നതിന് മുമ്പ് ഒരുപാട് വായിക്കാറുണ്ടായിരുന്നു. കൊവിഡ് കാലത്ത് ഓരോ മാസവും മൂന്നോ നാലാ പുസ്തകങ്ങൾ വായിക്കുമായിരുന്നു. ഒരുപാട് വർഷങ്ങൾക്കുശേഷമായിരുന്നു അങ്ങനെ പുസ്തകങ്ങളുമായുള്ള അടുപ്പമുണ്ടാകുന്നത്. അതെനിക്ക് വലിയ സന്തോഷമാണ് തന്നത്. യാത്ര വളരെ ഇഷ്ടമാണ്. സമയം കിട്ടുമ്പോഴൊക്കെ പുതിയ സ്ഥലങ്ങൾ കാണാൻ ഇഷ്ടമാണ്. പാചകം വലിയ ഇഷ്ടമാണ്. എന്നെ സംബന്ധിച്ചിടത്തോളം കുക്കിംഗ് ഒരു റിലാംക്‌സിംഗായ കാര്യമാണ്. മനസിൽ ഒരു വിഭവമുണ്ടെങ്കിൽ സമയം കിട്ടുമ്പോൾ അതു ചെയ്യും. പാചകം മാത്രമല്ല, അതിനൊപ്പം ഗ്രോസറി ഷോപ്പിൽ പോകുന്നതുൾപ്പെടെ എല്ലാ കാര്യവും ആസ്വദിച്ച് ചെയ്യാറുണ്ട്.

യു.എസിലായിരുന്നല്ലോ ഏറെ നാൾ. ആ സമയത്ത് പഴയ സൗഹൃദങ്ങളൊക്കെ ഉണ്ടായിരുന്നോ?
യു.എസിലായിരുന്നപ്പോൾ ഞാൻ സൗഹൃദങ്ങൾ അത്ര കണ്ട് നിലനിറുത്തിയിരുന്നില്ല. ദിവ്യ ഉണ്ണിയുമായി അടുത്തബന്ധുണ്ട്. അന്നും ഇന്നും സംസാരിക്കാറുണ്ട്. പിന്നെ അങ്ങനെ ഇടയ്ക്ക് കോൺടാക്ട് ചെയ്യുന്ന ഒരാൾ ഇന്ദ്രജിത്താണ്. പിന്നെ സുരേഷേട്ടൻ.

പുതിയ പ്രൊജക്ടുകൾ ഏതൊക്കെയാണ്?
ചില പ്രൊജക്ടുകളാണ്. അവ അനൗൺസിംഗ് സ്‌റ്റേജിലാണ്. 'ഗരുഡന്' ശേഷം കഥകൾ പറയാൻ വിളികൾ വരുന്നുണ്ട്.

Garudan Official Trailer | Suresh Gopi | Biju Menon | Arun Varma | Midhun Manuel Thomas |Jakes Bejoy

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക