കമ്പിളിപ്പുതപ്പേ...കമ്പിളിപ്പുതപ്പേ... ഗോപാലകൃഷ്ണൻ ഒടുവിൽ കടം വീട്ടി | അഭിനേത്രിയും നർത്തകിയുമായ അമൃതം ഗോപിനാഥ് സംസാരിക്കുന്നു

Interviews

''ഹലോ ഗോപാലകൃഷ്ണാ... കേൾക്കാമോ?''
''ആ... ഇല്ലില്ല കേൾക്കുന്നില്ല...''
''കൽക്കട്ടയിൽ നിന്നും പോരുമ്പോഴേ കമ്പിളിപ്പുതപ്പ് വാങ്ങിച്ചോണ്ടു പോരാൻ....''
''ഹലോ.. ഉറച്ചു പറ കേൾക്കുന്നില്ല....''
''കമ്പിളിപ്പുതപ്പേ... കമ്പിളിപ്പുതപ്പ്... കൽക്കട്ടയിൽ നിന്നും പോരുമ്പോൾ വാങ്ങിച്ചോണ്ടു പോരാൻ....''
''ഹലോ കേൾക്കുന്നില്ലാ കേൾക്കുന്നില്ല...''
''കമ്പിളിപ്പുതപ്പേ കമ്പിളിപ്പുതപ്പേ...''

സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത 'റാംജി റാവ് സ്പീക്കിംഗ്' എന്ന സിനിമയിൽ ഗോപാലകൃഷ്ണൻ  ഹോസ്റ്റൽ വാർഡനെ  മനോഹരമായി പറ്റിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം ആ കടം വീട്ടി. ഒരു കെട്ട് കമ്പിളിപ്പുതപ്പായിരുന്നു ആ കടം. 'പെൻഡുലം' സിനിമ ഒരുക്കിയ റജിൻ എസ്. ബാബു സംവിധാനം ചെയ്ത പുതിയ പരസ്യചിത്രമാണ് മലയാളികളുടെ  ജീവിതത്തിലെ നിത്യഹരിതമായഡയലോഗിൽ അസാദ്ധ്യ ബ്രില്യൻസും ചേർത്തപ്പോൾ വൈറലായത്. മിഥുൻസ് മണി മാർക്കറ്റിന് വേണ്ടി തയ്യാറാക്കിയതാണ് ഈ പരസ്യം. എല്ലാവർക്കും കാണും കൊടുക്കാൻ ബാക്കിവച്ച ചില കൊച്ചു സന്തോഷങ്ങൾ എന്ന ഓർമ്മപ്പെടുത്തലോടെ പരസ്യത്തിനൊടുവിൽ പുതപ്പ് സമ്മാനിക്കുന്ന രംഗത്തെത്തുമ്പോൾ നമ്മുടെ മനസും നിറയും. നടൻ മുകേഷിനൊപ്പം ഈ പരസ്യത്തെ ഗംഭീരമാക്കിയത് പണ്ട് ഗോപാലകൃഷ്ണൻ  'റാംജി റാവു സ്പീക്കിംഗ്' എന്ന സിനിമയിൽ പറ്റിച്ച വാർഡന്റെ വേഷം കയ്യടക്കത്തോടെ കൈകാര്യം ചെയ്ത അമൃതം ടീച്ചറാണ്. എഴുപത്തഞ്ച് വർഷമായി നൃത്ത സപര്യയെ നെഞ്ചോട് ചേർത്താണ് ജീവിതസഞ്ചാരം. എൺപത്തഞ്ചുവയസിന്റെ ചുറുചുറുക്കുണ്ട് ഇപ്പോഴും ടീച്ചർക്ക്. നൃത്തമേഖലയിൽ ആലപ്പുഴയിലെ സജീവസാന്നിദ്ധ്യം ഇപ്പോൾ സ്‌കൂൾ യുവജോത്സവങ്ങൾക്കായി കുട്ടികളെ പഠിപ്പിച്ച് ഒരുക്കുന്നതിന്റെ തിരക്കിലാണ്. പ്രായത്തോട് പാട്ടിന് പോകാൻ പറഞ്ഞ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഈ മിടുമിടുക്കി.

കമ്പിളിപ്പുതപ്പ് വന്ന വഴി

'റാംജി റാവു' സിനിമയിലെ ഒരായിരം കിനാക്കൾ എന്ന പാട്ട് ചിട്ടപ്പെടുത്താനാണ് ഡാൻസ് ടീച്ചറായ ഞാനെത്തിയത്. ഒപ്പനപാട്ടിൽ വരുന്നതൊക്കെ എന്റെ ശിഷ്യകളും മക്കളുമൊക്കെയുണ്ട്. സിദ്ദിഖ് സാറാണ് ഹോസ്റ്റൽ വാർഡന്റെ വേഷമുണ്ട്, ചേച്ചിക്ക് അഭിനയിക്കാമോ എന്ന് ചോദിച്ചത്. അതിനെന്താ... അഭിനയിക്കാമെന്ന് ഞാൻ പറഞ്ഞു. അക്കൂടെ ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞു. ഒടുവിൽ സിനിമ പുറത്തിറങ്ങുമ്പോൾ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ഉണ്ടാകണം, അവസാനം കട്ടു ചെയ്ത് പോകരുതെന്ന്. പക്ഷേ, അതെന്റെ സംശയം മാത്രമായിരുന്നു. കുറച്ച് സെക്കന്റുകളേ ഉള്ളൂവെങ്കിൽ പോലും ആ സീനിലെ തമാശ കൊണ്ടു തന്നെ മലയാളികൾ ഇപ്പോഴും ഓർക്കുന്ന ഭാഗമാണത്. കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്ന് ഇപ്പോഴും തമാശ മട്ടിൽ നമ്മൾ ഉപയോഗിക്കാറുണ്ടല്ലോ... കഴിഞ്ഞ ജനുവരിയിൽ കൂടെ മഴവിൽ മനോരമയിൽ 'കിടിലം ' പ്രോഗ്രാമിൽ പോയപ്പോൾ മുകേഷത് പറയുകയും ചെയ്തു, അമൃതം ചേച്ചി മലയാളികൾ ഉള്ളിടത്തോളം കാലം ആ സീൻ മറക്കില്ല എന്ന്. സത്യമല്ലേ.. അത്. മുപ്പത്തഞ്ച് വർഷമായിട്ടും ആരും മറന്നില്ലല്ലോ...

കമ്പിളിപുതപ്പ് കമ്പിളിപുതപ്പ് .... ഹലോ കേൾക്കുന്നില്ല | Mukesh Hit Comedy Scene | Non Stop Comedy

 

വീണ്ടും തേടിയെത്തിയ ഓർമ്മപ്പുതപ്പ്

പരസ്യത്തിന്റെ കാര്യം റജിൻ പറഞ്ഞപ്പോൾ തന്നെ ഞാൻ ഓകെയായിരുന്നു. നല്ലൊരു ആശയമാണല്ലോ എന്ന് മനസിൽ ഓർക്കുകയും ചെയ്തു. ഞാറയ്ക്കലിലെ ഒരു വലിയ ക്രിസ്ത്യൻ കുടുംബത്തിന്റെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. ഞാനവിടെ എത്തിയപ്പോൾ തന്നെ എല്ലാവരും ഹൃദ്യമായി സ്വീകരിച്ചു. വീട്ടുകാരൊക്കെ തന്നെയാണ് ആ പരസ്യത്തിൽ അഭിനയിച്ചതും. ഡാൻസ് ഒക്കെ ചെയ്ത് കുറച്ച് ഡയലോഗുകളൊക്കെ ഉണ്ടായിരുന്നു. പിന്നെയത് എഡിറ്റ് ചെയ്തതാവണം. സംവിധായകൻ പിന്നെ വിളിച്ചു പറഞ്ഞു, എല്ലാവർക്കും ഇഷ്ടപ്പെട്ടു, കുറേ പേർ വിളിച്ചെന്നൊക്കെ പറഞ്ഞു.\

Amrutham Gopinath 1.jpg

മുകേഷ്, അമൃതം ഗോപിനാഥ്

തൊണ്ട പൊട്ടിച്ച  ഡയലോഗ്

കമ്പിളിപ്പുതപ്പേ  ഡയലോഗ് കുറേയെടുത്ത ശേഷമാണ് ശരിയായത്. കമ്പിളിപ്പുതപ്പേ, കമ്പിളിപ്പുതപ്പേ എന്ന് പറഞ്ഞു പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റി. എ്ത്ര പറഞ്ഞാലും ചേച്ചി ഒന്നൂടെ പറ ഒന്നൂടെ പറ എന്ന് സിദ്ദീഖ് ആവശ്യപ്പെടുന്നതൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്. സുകുമാരി ചേച്ചിയും തൊട്ടടുത്തുണ്ടല്ലോ. പറഞ്ഞു പറഞ്ഞു തളർന്നപ്പോൾ എന്റെ മേശപ്പുറപ്പത്ത് വച്ചിരുന്ന വെള്ളം ആരോടും ചോദിക്കാതെ ഒറ്റ വലിക്ക് കുടിച്ചു. അങ്ങനെ കഷ്ടപ്പെട്ട സീനായിരുന്നു. പിന്നീട് മുകേഷിന്റെ കൂടെ മക്കൾ മാഹാത്മ്യം സിനിമ ചെയ്തു. മുകേഷിന്റെ അമ്മ വിജയകുമാരി, ചേച്ചി സന്ധ്യ എന്നിവരെ നേരത്തെ നാടക രംഗത്ത് വച്ച് പരിചയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കിടിലം പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പിന്നെ കണ്ടത്. അന്ന് നൃത്തവേഷത്തിലായതു കൊണ്ട് മുകേഷിന് എന്നെ മനസിലായില്ല. ഞാൻ പരിചയപ്പെടുത്തിയപ്പോൾ സ്‌നേഹത്തോടെ അന്നത്തെ ഓർമ്മകളൊക്ക പങ്കുവച്ചു.

പത്തുവയസിൽ നല്ല തുടക്കം

പത്താം വയസിലാണ് 'വേലക്കാരൻ' എന്ന സിനിമയിൽ ഞാൻ ആദ്യമായി അഭിനയിക്കുന്നത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ  ജോസഫ് നായകൻ. എന്റെ ഗുരുനാഥൻ രാമുണ്ണി സാറായിരുന്നു ആ സിനിമയുടെ നൃത്തസംവിധായകൻ. അങ്ങനെ ഞാനും  മൂന്നു കൂട്ടുകാരും ആ സിനിമയിൽ നൃത്തം ചെയ്തു. അതിനുശേഷം 'ശരിയോ തെറ്റോ' എന്ന ചിത്രത്തിൽ തിക്കുറിശ്ശിയുടെ സഹോദരിയുടെ വേഷം ലഭിച്ചു. ഈണം മറന്ന കാറ്റ്, പൊലീസ് ഡയറി, മക്കൾ മാഹാത്മ്യം എന്നീ ചിത്രങ്ങൾ.തച്ചോളി അമ്പു, മാമാങ്കം തുടങ്ങിയ പതിനാലു മലയാളം ചിത്രങ്ങളിൽ നൃത്തസംവിധാനം ചെയ്തു. ബാക്ക് വാട്ടർ എന്ന ഇംഗ്‌ളീഷ് ചിത്രത്തിനും ആട്ടോഗ്രാഫ് എന്ന തെലുങ്ക് ചിത്രത്തിനും നൃത്തമൊരുക്കി.

Amrutham Gopinath 2.jpg

പ്രേം നസീർ, കലാമണ്ഡലം ക്ഷേമാവതി, പ്രേമാചന്ദ്രൻ എന്നിവരുമായി അമൃതം ഗോപിനാഥ്

നൃത്തമാണ് പ്രാണൻ

'നൃത്യതി' എന്നാണ് ആലപ്പുഴയിലെ എന്റെ ഡാൻസ് സ്‌കൂളിന്റെ പേര്. നൃത്യതി എന്ന പേരിട്ടത് കാവാലം നാരായണപ്പണിക്കരാണ്. എന്റെ അച്ഛനും അമ്മയും എന്റെ കുട്ടിക്കാലത്തേ മരിച്ചു. അച്ഛൻ കൃഷ്ണപ്പിള്ളയാണ് അമൃതം എന്ന പേരിട്ടതെന്നാണ് കേട്ടിട്ടുള്ളത്. അമ്മയുടെ പേര് നാരായണിയമ്മ. അച്ഛൻ വായിച്ച പുസ്തകത്തിൽ നിന്നാണ് അമൃതം എന്ന് പേരിട്ടത്. ഒരു പെൺകുട്ടിയുണ്ടായാൽ ഈ പേരിടണമെന്ന് അദ്ദേഹം പറയുമായിരുന്നത്രെ. ആ വിയോഗങ്ങൾ എന്റെ ജീവിതത്തെ ബാധിക്കേണ്ട എന്നു കരുതി കുഞ്ഞമ്മയാണ് എന്നെ നൃത്തത്തിലേക്ക് കൊണ്ടു വന്നത്. അമ്പലപ്പുഴയിലെ അമ്പലപ്പുഴ ബ്രദേഴ്‌സിലെ രാമുണ്ണി സാറിന്റെയടുത്ത് നൃത്തം പഠിക്കാൻ കൊണ്ടു വിട്ടു. അവിടെ നിന്ന് ആർ. എൽ.വിയിലേക്ക് പോയി ഭരതനാട്യം കോഴ്‌സ് പാസായി, പിന്നെ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ അടുത്ത് നിന്നും മോഹിനിയാട്ടം പഠിച്ചു പാസായി. ഗുരു കുഞ്ചുകുറുപ്പ്, തകഴി അയ്യാമ്പിള്ള എന്നീ ആശാൻമാരുടെയടുത്തു നിന്നാണ് കഥകളി പഠിച്ചത്. നിരവധി സ്‌റ്റേജുകളിൽ കഥകളിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ജനുവരി പതിനാലാം തീയതി അർജുന വേഷം കെട്ടി. കുറേക്കാലം നാടകരംഗത്തും സജീവമായിരുന്നു. മന്ത്രി വീണാ ജോർജ്, ജലജ, കുഞ്ചാക്കോ ബോബൻ എന്നിവരെയൊക്കെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. വീണ മന്ത്രിയായപ്പോൾ മോഹിനിയാട്ട വേഷത്തിൽ എന്റെ കൂടെയുള്ള ഒരു ചിത്രം ഷെയർ ചെയ്തിരുന്നു. കുഞ്ചാക്കോ ബോബനെ കഴിഞ്ഞ ജനുവരിയിൽ കണ്ടു. എന്റെ മുടി തോളൊപ്പം വെട്ടിയശേഷം എന്നെ ഇന്ദിരാഗാന്ധി എന്നാണ് വിളിക്കുന്നത്. എല്ലാ ഞായറാഴചയും ഒമ്പതുമണിക്കാണ് ക്ലാസ്. ഞാൻ എട്ടേമുക്കാലിനേ എത്തുമെങ്കിലും പതിനൊന്നരമണിവരെ കുഞ്ചാക്കോ ബോബനെ കാണില്ലായിരുന്നു. വീട്ടിലെ ഏതെങ്കിലും മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. പിന്നെ അവിടെ നിന്ന് ആരെങ്കിലും തപ്പിയെടുത്തു കൊണ്ടു വരും. വന്നുകഴിഞ്ഞാലും ഉഴപ്പാണെന്ന് ഞാൻ വിചാരിക്കും. പക്ഷേ, കളിക്കാൻ തുടങ്ങിയാൽ ആൾ ഉഷാറാണ്. കയ്യൊക്കെ ഭംഗിയായി വിരിയിച്ച് പിടിക്കും. കുഞ്ചാക്കോയുടെ അരങ്ങേറ്റം വലിയ പരിപാടിയായിരുന്നു. പ്രേം നസീറും ശ്രീവിദ്യയുമൊക്കെ വന്നു. ഭാവിയിലെ കമലഹാസൻ എന്നായിരുന്നു ചടങ്ങിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴും ആ സ്‌നേഹം എന്നോടുണ്ട്.


അനുഭവങ്ങളുടെ ജീവിതച്ചുവടുകൾ

എത്രയോ കുട്ടികൾക്ക് നൃത്തച്ചുവടുകൾ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞു എന്നത് എപ്പോഴും സന്തോഷം തരുന്ന കാര്യമാണ്. സൗത്ത് ഇന്ത്യയിലെ ഹിറ്റ് ഡാൻസർ ആയിരുന്ന പുലിയൂർ സരോജ, ടി. ആർ. ഓമന, ദേവരാജൻ മാഷിന്റെ ഭാര്യയായ പെരുന്ന ലീലാമണി എന്നിവരൊക്കെ സഹപാഠിയായിരുന്നു. എന്റെ പന്ത്രണ്ടാം വയസിലാണ് എന്റെ ഗുരുനാഥൻ രാമണ്ണി സാറിന്റെ നിർദ്ദേശപ്രകാരം ഡാൻസ് ടീച്ചറായി മാറുന്നത്. ഒരു കുട്ടിക്ക് അഞ്ചുരൂപയായിരുന്നു പ്രതിഫലം. പതിനായിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ നൃത്താദ്ധ്യാപനം ഇപ്പോൾ ഈ എൺപത്തിയഞ്ച് വയസിലും തുടരുന്നു. യൂത്ത് ഫെസ്റ്റിവലുകൾക്കായി ഭരതനാട്യം, മോഹിനിയാട്ടം, ഗ്രൂപ്പ് ഡാൻസ് എന്നിവ പരിശീലിപ്പിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. കുച്ചിപ്പുഡി, കഥക്, മണിപ്പുരി എന്നിവയും ഞാൻ പഠിച്ചിട്ടുണ്ട്. നാടക മേഖലയിലും സജീവമായിരുന്നു. പത്തുവയസിൽ തന്നെയായിരുന്നു അതും. നൃത്തം അവതരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് എസ്. എൽ. പുരത്തിന്റെ മകളായി ഒരു നാടകത്തിൽ അവതരിപ്പിച്ചു. പി.ജെ. ആന്റണിയുടെ അഞ്ച് നാടകങ്ങളിലും അഭിനയിക്കാൻ  സാധിച്ചു. യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസ്ഫ സംവിധാനം ചെയ്ത അറുപതിൽ കണ്ടോളാം എന്ന നാടകത്തിൽ യേശുദാസിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. സഹോദരങ്ങളുടെ വേഷമായിരുന്നു ഞങ്ങൾക്ക്. ഒരു വർഷത്തോളം ഞങ്ങൾ അഭിനയിച്ചു. ഈയടുത്ത് കൊച്ചുപെങ്ങളായി അഭിനയിച്ചയാളെ ഓർമ്മയുണ്ടെന്ന് യേശുദാസ് പറഞ്ഞു. ട്രാവൻകൂർ സിസ്‌റ്റേഴ്‌സിലെ ലളിതയെ ആലപ്പുഴയിലാണ് വിവാഹം ചെയ്തു കൊണ്ടുവന്നത്. ആ വീട്ടിൽ ഞാൻ നൃത്തം പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ചേച്ചിയെ പരിചയപ്പെട്ടു. ആർട്ടിസ്റ്റുകളോട് വലിയ കാര്യമാണ് ചേച്ചിക്ക്. പത്മിനിയെ ഒന്നു കണ്ടാൽ കൊള്ളാമെന്ന് ലളിത ചേച്ചിയോട് പറയുമായിരുന്നു. ഒരിക്കൽ പത്മിനി അവിടെ വന്നപ്പോൾ പിള്ളേരെ പഠിപ്പിക്കാൻ തയ്യാറെടുകയായിരുന്നു. വിവരമറിഞ്ഞപ്പോൾ തന്നെ കയ്യിലുള്ള വടിയും കളഞ്ഞ് ഞാൻ ഓടിപ്പോയി. അങ്ങനെ പരിചയപ്പെട്ടു. ഞാൻ വന്ന് ഡാൻസ് കണ്ടോട്ടെ എന്ന് പത്മിനി പറഞ്ഞു. അങ്ങനെ പഠിപ്പിക്കുന്നയിടത്തേക്ക് വന്നു. രാഗിണി, അംബിക, സുകുമാരി എന്നിവരും ഉണ്ടായിരുന്നു. പിന്നീട് എന്നോട് നൃത്തം ചെയ്യാൻ പറഞ്ഞു. ചങ്ങമ്പുഴയുടെ കാവ്യനർത്തകിയായിരുന്നു ഞാൻ ചെയ്തത്. നല്ല വാക്കുകളായിരുന്നു പത്മിനി പറഞ്ഞത്. പിന്നെ ഭരതനാട്യം പഠിക്കണമെന്നും പറഞ്ഞു. പിറ്റേദിവസം തന്നെ ഞാൻ ലളിത ചേച്ചിയുടെ അടുത്തേക്ക് പോയി ഭരതനാട്യം പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ചേച്ചി അതു കേൾക്കേണ്ട താമസം സമ്മതം പറഞ്ഞു. ഞാൻ കാൽതൊട്ടപ്പോൾ പപ്പിയെ പോലെയാവണം എന്നു പറഞ്ഞായിരുന്നു എന്നെ ചേച്ചി അനുഗ്രഹിച്ചത്. ഗീതോപദേശമായിരുന്നു എന്നെ പഠിപ്പിച്ചത്. ആലപ്പുഴയിൽ ദേവദാസി എന്ന നൃത്ത നാടക അവതരണ ചടങ്ങിൽ ശശി കപൂർ, പ്രേം ചോപ്ര, രേഖ എന്നിവർ അതിഥികളായി എത്തിയിരുന്നു. ഇവർ മൂന്നുപേരും മേക്കപ്പ് റൂമിലെത്തി ഞങ്ങളെ പരിചയപ്പെട്ടതും ഫോട്ടയെടുത്തതുമൊക്കെ ഇപ്പോഴും സ്വപ്‌നം പോലെ തോന്നുന്നു.

Amrutham Gopinath 4.jpg

ആരോഗ്യ മന്ത്രി വീണാ ജോർജും ഗുരു അമൃതം ഗോപിനാഥും

കുടുംബമാണ് ഫുൾ സപ്പോർട്ട്

നാലു മക്കളും ഏഴു ചെറുമക്കളും ചേർന്നതാണ് എന്റെ കുടുംബം. തൃപ്പുണിത്തുറ ആർ. എൽ.വി കോളേജ് പ്രൊഫസറായ ഗോപിനാഥമേനാൻ ആണ് ഭർത്താവ്. ഷാഡോ ഗോപിനാഥ് എന്നറിയപ്പെടുന്ന ഷാഡോ പ്ലേ കൊണ്ടു വന്നത് അദ്ദേഹമാണ്.ഈ കലയിൽ ഒട്ടനവധി മാജിക്കുകൾ അവതരിപ്പിച്ചത്‌.പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ആമ്പലും അമ്പിളിയും മുക്കുവനും ഭൂതവും എന്നിവയെല്ലാം അവയിൽ ചിലതാണ്. കാഴ്ചക്കാർ അമ്പരക്കുന്ന വിധം ഭീമാകാരനായ ഭൂതത്തെയൊക്കെ വേദിയിൽ കൊണ്ടു വന്ന് കൈയടി നേടി. പി.ജെ. ആന്റണിയുടെ നാടകം ചെയ്യുന്ന സമയത്താണ് ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടത്. കലാരംഗത്ത് സ്വന്തം പേര് അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. സംഗീതാമേനോൻ, സബിതാ മേനോൻ, സന്ധ്യാമേനോൻ, സന്തോഷ് മേനോൻ എന്നിവരാണ് മക്കൾ. പാർവ്വതി കൃഷ്ണ, ഗോപികൃഷ്ണ, ശ്രീഹരി, ശ്രീലക്ഷ്മി, ഹരി ഗോവിന്ദ മേനോൻ, വിനായക്, കാർത്തിക് എന്നിവരാണ് പേരക്കുട്ടികൾ. സംഗീത പൂജപ്പുരയിൽ നൃത്യതി എന്ന സ്ഥാപനം നടത്തുന്നുണ്ട്. മക്കളൊക്കെ നൃത്തം പഠിച്ചിട്ടുണ്ട്. അത് മറ്റൊരു സന്തോഷം. 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക