കുട്ടനാടിന്റെ പച്ചപ്പിലൂടെ നായികയും കൂട്ടുകാരും കലപില സംസാരിച്ച് പാലത്തിലൂടെ നടന്നു വരുന്ന ഒരു സീനുണ്ട് 'കരുമാടിക്കുട്ടനി'ൽ. നടി നന്ദിനി അവതരിപ്പിച്ച നന്ദിനിക്കുട്ടിയോടൊപ്പം രണ്ടു കൂട്ടുകാരുമുണ്ട്. നന്ദിനിക്കുട്ടിയുടെ പ്രണയത്തെക്കുറിച്ച് ഇരുവരുടെയും കൊച്ചു കൊച്ചുകളിയാക്കലുകൾ. ഒട്ടേറെ സിനിമകളിൽ കണ്ടുപരിചയമുള്ള സീനാണെങ്കിലും കുട്ടനാടിന്റെ ഭംഗി ആവോളമുണ്ടായിരുന്നു ആ കാഴ്‌ചയ്‌ക്ക്. ഈയടുത്താണ് മലയാളം പാട്ടുകളുടെയും സിനിമകളുടെയും ഡാറ്റാബേസായ m3db ഈ സിനിമ ഒന്നുകൂടി റീവൈൻഡടിച്ചു നോക്കി ആ കൂട്ടുകാർ ആരാണെന്ന അന്വേഷണം തുടങ്ങിയത്. അങ്ങനെ നാട്ടിൻപ്പുറത്തിന്റെ മുഖച്ഛായ നന്നായുള്ള ആ കൂട്ടുകാരിൽ ഒരാൾ സോഫിയാ കലാമണ്ഡലം ആണെന്ന് കണ്ടെത്തി. അറിയപ്പെടുന്ന നർത്തകിയായ സോഫിയ പ്രശസ്‌ത ഗായകൻ സുദീപ് കുമാറിന്റെ പത്നിയാണ്. 'കരുമാടിക്കുട്ടന്' മുമ്പേ ഒരു സിനിമയിലെ നായികയായിരുന്നു സോഫിയ. കെ.പി. കുമാരന്റെ 'തോറ്റം' എന്ന സമാന്തരചിത്രമായിരുന്നു അത്. ഓർക്കാപ്പുറത്താണ് ആ സമാന്തരസിനിമയിലേക്കുള്ള അവസരം ലഭിച്ചത്. നൃത്തമറിയുന്ന ഒരാൾ തന്നെ വേണമായിരുന്നു. സിനിമയെക്കുറിച്ച് അന്ന് വലിയ ധാരണകളൊന്നുമില്ലെങ്കിലും അഭിനയിച്ചു തുടങ്ങിയപ്പോൾ അപരിചിതത്വമൊന്നും സോഫിയയ്ക്ക് തോന്നിയില്ല.
kalamandalam sofia m3db4.jpg
തിരുവനന്തപുരം ജില്ലയിലെ അഗസ്‌ത്യാർകൂടമായിരുന്നു ഷൂട്ടിംഗ്. വടക്കൻപുരാവൃത്തമായ പൂമാതൈ പൊന്നമ്മയുടെ കഥയായിരുന്നു 'തോറ്റം'. പൂമാതൈയുടെ വേഷമായിരുന്നു സോഫിയയ്ക്ക്. എം.ആർ. ഗോപകുമാർ, ശിവജി തുടങ്ങിയവരും സിനിമയിലുണ്ട്. കാവും തെയ്യവും തിറയുമൊക്കെ പശ്ചാത്തലത്തിൽ വരുന്ന ചിത്രം ദേശീയപുരസ്‌കാരത്തിന്റെ അവസാന റൗണ്ട് വരെ എത്തി. പിന്നീട് കുറച്ചു സിനിമകൾ കൂടി സോഫിയ ചെയ്തു. കരുമാടിക്കുട്ടൻ, മീനത്തിൽ താലികെട്ട്, അണുകുടുംബം ഡോട്ട് കോമിൽ നാദിർഷയുടെ ജോഡി ആയും വേഷമിട്ടു. നൃത്തമായിരുന്നു അന്ന് സോഫിയയുടെ പ്രാണൻ. അതുകൊണ്ട് സിനിമയുടെ നിറക്കൂട്ടുകൾ അത്ര വലുതായി ആകർഷിച്ചില്ല. നല്ല വേഷങ്ങളിലേക്ക് ഇടയ്‌ക്ക് വിളി വന്നെങ്കിലും സ്വീകരിച്ചില്ല.ലോഹിതദാസിന്റെ 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലേക്ക് മയൂരി അഭിനയിച്ച വേഷവും ഇതിലൊന്നായിരുന്നു. ഈയടുത്തും ബ്ളെസ്സി സുദീപിനെ കണ്ടപ്പോൾ ഈ കാര്യം ഓർത്തെടുത്തു.
kalamandalam sofia m3db 2.jpg
നൃത്താവതരണത്തിന്റെ തിരക്കുള്ള നാളുകളായിരുന്നു പിന്നീട്. ഇതിനിടയിൽ വിവാഹിതയായി, കുടുംബജീവിതത്തിന്റെ തിരക്കായി. എങ്കിലും ഇടയ്‌ക്ക് സീരിയലുകൾ ചെയ്‌തു. ഏഷ്യനെറ്റിലെ സ്വരരാഗം, സൂര്യ ടി.വിയിലെ ലാലു അലക്‌സ് അഭിനയിച്ച അവർ ബിലോവ്ഡ് പപ്പ, ശ്രീകുമാരൻ തമ്പിയുടെ ബന്ധുവാര്, ശത്രുവാര്, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്‌തു. ചങ്ങനാശ്ശേരിയാണ് സ്വദേശമെങ്കിലും സോഫിയ ഏഴാം ക്ളാസ് വരെ സുൽത്താൻ ബത്തേരിയിലായിരുന്നു. അച്‌ഛൻ ബത്തേരിയിൽകെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായിരുന്നു. ഏഴാം ക്ളാസ് കഴിഞ്ഞ് സോഫിയ കലാമണ്ഡലത്തിൽ ഡിപ്ളോമ പഠനത്തിന് ചേർന്നു. കലാമണ്ഡലം സർവകലാശാലയായപ്പോൾ അവിടെ നിന്നും മോഹിനിയാട്ടത്തിൽ ബിരുദവുമെടുത്തു. കൊച്ചി വാഴക്കാലയിലെ 'സമർപ്പൺ' ഡാൻസ് സ്‌കൂൾ സോഫിയുടേതാണ്. ഡാൻസ് പ്രോഗ്രാമുകളും നടത്തുന്നു. മക്കൾ മിൻസാര, നിഹാര.