സൂപ്പർ സെബാസ്റ്റ്യൻ്റെ സുജാത - Dancingly Yours ദേവകി രാജേന്ദ്രൻ

Interviews

"സുജാത എന്തു രസമാണ് ! എന്നോട് ആളുകൾ പറഞ്ഞു കൊണ്ടി​രി​ക്കുന്നു"

ഒരു പൂവ് വി​രി​യുന്നതു പോലെ ഭംഗി​യുണ്ട് സെബാസ്റ്റ്യന്റെയും സുജാതയുടെയും അടുപ്പത്തി​ന്. ഇഴയടുപ്പത്തി​ന്റെ കെട്ടുറപ്പ് കൊണ്ടു കൂടി​യാണ് ആ ബന്ധം 'പുരുഷപ്രേതം' സി​നി​മയുടെ കാഴ്‌ചക്കാരും അതേ പോലെ ഉൾക്കൊണ്ടത്. സുജാതയെന്ന കഥാപാത്രത്തെ അതി​മനോഹരമായി​ അവതരി​പ്പി​ച്ച ദേവകി​ രാജേന്ദ്രൻ നൃത്തം,  തി​യേറ്റർ മേഖലകളി​ൽ സ്വന്തം ഇടം കണ്ടെത്തി​ക്കഴി​ഞ്ഞ, ഓരോ നി​മി​ഷവും സ്വയം പുതുക്കുന്ന, മറ്റുള്ളവരെ കേൾക്കാനും സംസാരി​ക്കാനും ഇഷ്ടമുള്ള  ചി​ന്തി​ക്കുന്ന ആർട്ടി​സ്റ്റാണ്. നൃത്തത്തിലൂടെയാണ് കലാരംഗത്തേക്ക് ദേവകി​ ചുവടു വച്ചതെങ്കി​ലും കലയുടെ വി​വി​ധ മേഖലകൾ പകരുന്ന ആനന്ദമാണ് ദേവകി​യെ മുന്നോട്ട് നടത്തുന്നത്. ദേവകി​യ്‌ക്കൊപ്പം കുറച്ചു നേരം.

ദേവകി​യുടെ മനസി​ലെ സുജാത തന്നെയായി​രുന്നോ സംവി​ധായകൻ കൃഷാന്തി​ന്റെ മനസി​ലുമുണ്ടായി​രുന്നത്?
ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം എന്നൊന്നും കൃഷാന്ത് പറഞ്ഞിരുന്നി​ല്ല. കാരക്ർ ബ്രീഫിംഗ് നടത്തുകയേ ഉള്ളൂ. ഇങ്ങനെയാണ് വേണ്ടത്, ഇതാണ് ഇമോഷൻ, ഇനി​ കാരക്‌ടറി​നെ ഇങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നത് എന്ന് പറഞ്ഞു തരും. നമ്മൾ ചെയ്‌ത് നന്നായി​ട്ടുണ്ടെങ്കി​ൽ അത് കൊള്ളാം വച്ചേക്ക് എന്നു പറയും. ആർട്ടി​സ്റ്റുകൾക്ക് കൃഷാന്ത് കൃത്യമായ ഒരു സ്‌പേസ് തരും. നമ്മൾ ചെയ്‌ത സീൻ നമുക്ക് വർക്കായി​ല്ലെങ്കി​ൽ കൃഷാന്തി​നും വർക്ക് ആവി​ല്ല. റേഷൻ കടയി​ലെ ഒരു സീനുണ്ട്. അതി​ൽ പഞ്ചിംഗ് മെഷീനി​ൽ വി​രൽ വയ്‌ക്കുന്ന ഭാഗം ചെയ്‌തപ്പോൾ എനി​ക്ക് ഓക്കെയായി​ല്ല. ഇത്തി​രി​ കൂടുതലായോ എന്ന് തോന്നി​യതു കൊണ്ട് രണ്ടാമതും ഷൂട്ട് ചെയ്‌തു. അവി​ടെയും നമ്മുടെ അഭി​പ്രായം പരി​ഗണി​ക്കും.

നേരത്തെ തന്നെ അവതരി​പ്പി​ക്കാൻ പോകുന്ന കഥാപാത്രത്തി​ന്റെ ഡെപ്‌ത് പി​ടി​ കി​ട്ടി​യി​രുന്നോ?

സി​നി​മയുടെ സ്ട്രക്‌ചർ, എന്റെ കാരക്ടറി​ന്റെ വളർച്ച എന്നി​വ കൃഷാന്ത് നേരത്തെ തന്നെ പറഞ്ഞി​രുന്നു. സി​നി​മയുടെ പ്ളോട്ട്, ഞാൻ മനസി​ലാക്കേണ്ട ഭാഗങ്ങൾ എന്നി​വയെ കുറി​ച്ച് അങ്ങനെ ഐഡി​യ കി​ട്ടി​. കഥാപാത്രങ്ങളുടെ ലെയേഴ്‌സ് ആണ് ഞങ്ങളെല്ലാവരും കൂടുതലും ചർച്ച ചെയ്‌തത്. ആ ചർച്ച എനി​ക്ക് നന്നായി​ വർക്കായി​. സി​നി​മയുടെ മൊത്തം കഥയുടെ ഡീറ്റെയ്‌ൽസ് ഞാൻ അറി​യേണ്ട ആവശ്യമുണ്ടായി​രുന്നി​ല്ല. ആർട്ടി​സ്റ്റുകളെ കൺ​ഫ്യൂഷൻ ചെയ്യാതി​രി​ക്കാനുള്ള നല്ലൊരു രീതിയാണതെന്ന് എനി​ക്ക് തോന്നുന്നു.

ദർശന രാജേന്ദ്രൻ, ദേവകി രാജേന്ദ്രൻ. സി​നി​മയി​ലെ നായി​കമാരുടെ സാമ്യമുള്ള പേരുകളി​ൽ കൺഫ്യൂഷൻ ഉണ്ടായോ?
പേരുമായി ബന്ധപ്പെട്ട് സിനിമാസെറ്റിലൊന്നും കൺഫ്യൂഷൻ ഉണ്ടായില്ല. കാരണം ഞങ്ങൾ ഒന്നിച്ച് വരുന്ന സീനുകൾ ഇല്ല. പിന്നെ പലരും നിങ്ങൾ സിസ്റ്റേഴ്‌സ് ആണോ എന്ന് ചോദിക്കാറുണ്ട്. അല്ലേയല്ല, മുടിയിലൊക്കെ ചെറുതായി സാമ്യമുണ്ട്.  സാദൃശ്യമുള്ളതു കൊണ്ട് ഞങ്ങൾക്ക്  ഒന്നിച്ച് വർക്ക് ചെയ്യാൻ പറ്റുമായിരിക്കും.

ദേവകിയുടെ പേരിൽ കൗതുകമുണ്ടല്ലോ?
എന്റെ അച്ഛമ്മ ജനിച്ച അതേ മലയാളമാസത്തിൽ അതേ നക്ഷത്രത്തിലാണ് ഞാനും ജനിച്ചത്. അങ്ങനെ എനിക്ക് അച്‌ഛമ്മയുടെ പേര് കിട്ടി. ഇപ്പോൾ ദേവികമാർ കുറേ പേരുണ്ട്. ഈ പേര് അധികം കേട്ടിട്ടില്ല. അത്ര പെട്ടെന്ന് എന്റെ പേര് മറന്നു പോകി​ല്ല എന്ന് തോന്നുന്നു.

സുജാതയുടെ ശബ്‌ദം ദേവകി​യുടേതല്ലേ?
അതേ. ഞാൻ തന്നെയാണ്. എന്റെ ആദ്യത്തെ പടമായ 'കെമിസ്ട്രി' യിൽ മാത്രമാണ് മറ്റൊരാൾ വോയ്‌സ് നൽകി​യത്. അത് എനിക്ക് ഒട്ടും യോജിക്കാത്ത ശബ്‌ദവുമായിരുന്നു. നമ്മുടെ ശബ്‌ദവും കൂടി ചേരുമ്പോഴാണ് ഒരു പൂർണത തോന്നുന്നത്. മറ്റു ആറോളം ചി​ത്രങ്ങളി​ൽ ഞാൻ ഡബ് ചെയ്തു 

നൃത്തം വഴി​, നാടകത്തി​ലൂടെ, സി​നി​മയി​ലേക്ക്. അങ്ങനെയല്ലേ?
തി​രുവനന്തപുരം റിഗാറ്റയി​ലാണ് നൃത്തപഠനം തുടങ്ങി​യത്. എന്റെ ഗുരു ഗിരിജ ടീച്ചറുടെ സഹോദരനാണ് വിനു കിരിയത്ത്. വിനു ചേട്ടൻ എഴുതി വിജി തമ്പി സംവിധാനം ചെയ്‌ത 'കെമിസ്ട്രി' എന്ന സി​നി​മയി​ൽ ആ പരിചയം വച്ചാണ് അവസരം ലഭിച്ചത്. പതിനൊന്നാം ക്ളാസിലായിരുന്നു അന്ന് ഞാൻ. പിന്നെ ഒരു നാടകം ചെയ്‌തു. നൃത്തം പഠി​ച്ച ഒരാൾ വേണമായി​രുന്നു ആ വേഷത്തി​ന്. തി​രുവനന്തപുരം വിമൻസ് കോളേജിലെ സംസ്‌കൃതം അദ്ധ്യാപികയായ അന്നപൂർണ ടീച്ചറാണ് എന്നെ സജസ്റ്റ് ചെയ്‌ത്. അങ്ങനെ നാടകത്തിൽ കേറി. പിന്നെ ഒരു ഷോർട്ട് ഫിലിം ചെയ്‌തു. ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് 'സ്ളീപ്‌ലെസ്ലി യുവേഴ്സ്' എന്നൊരു സിനിമ ചെയ്ത് ഐ. എഫ്. എഫ്. കെയിൽ സ്ക്രീൻ ചെയ്തു. അങ്ങനെ പതുക്കെ പതുക്കെ അഭിനയത്തിലേക്ക് തിരിച്ചു വന്നു. ഇടയ്‌ക്ക് നൃത്താവതരണവുമുണ്ട്.

അഭിനയമാണ് സ്വന്തം മേഖലയെന്ന് അപ്പോൾ ഉള്ളിൽ തോന്നിയിരുന്നോ?
അങ്ങനെ ഒരു തോന്നൽ ശക്തമാകുന്നത് സത്യത്തിൽ ഇപ്പോഴാണ്. ഇതെനിക്ക് പറ്റുന്ന കാര്യമാണെന്ന ഉറച്ച ഒരു ബോദ്ധ്യം വരുന്നതും ഇവിടെയാണ്. എന്താണെന്ന് എനിക്കറിയില്ലെങ്കിലും ഞാൻ ചെയ്യുന്നതിലെന്തോ നല്ലത് ഉള്ളതു കൊണ്ടാണല്ലോ ആൾക്കാർ വീണ്ടും വീണ്ടും വിളിക്കുന്നത്. എനിക്ക് ഓർഗാനിക്കായി പറ്റുന്നത് പെർഫോമൻസ് ആണെന്ന് ഇപ്പോൾ അറിയാം. അതുകൊണ്ട് എന്റെ സ്‌കില്ലുകൾ പരമാവധി പുറത്തേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്നു. വർക്ക് ഷോപ്പുകളിൽ, ചർച്ചകളിൽ എല്ലാം ഞാൻ പങ്കെടുക്കാറുണ്ട്. ആളുകളുമായി സംസാരിക്കാൻ, അവരെ കേട്ടിരിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. ഓരോ ആളുകളുടെയും വീക്ഷണകോണുകളിൽ നിന്നുള്ള കാഴ്‌ചകൾ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സ്വയം വളരാനുള്ള സ്‌പേസുകളാണ്.

ദേവകി സ്വയം തിരിച്ചറിയുന്നത് ഇങ്ങനെയാണല്ലേ?
അതേ. ഓരോ പെർഫോമൻസുകളും എനിക്ക് അത്ര പ്രിയപ്പെട്ടതാണ്. എന്റെ അൾട്ടിമേറ്റ് ഇഷ്‌ടം അവിടെയാണ്. അത് സ്റ്റേജാണെങ്കിലും സ്ക്രീൻ ആണെങ്കിലും തിയേറ്ററാണെങ്കിലും ജീവനാണ്. ഇത് ഓരോന്നും ആത്മാവ് പകർത്തി​യാണ് ചെയ്യാൻ പരി​ശ്രമി​ക്കുന്നതും.

കുറേ ആളുകളിലൂടെ വളരാനുള്ള അവസരങ്ങൾ ദേവകിക്ക് കിട്ടിയിട്ടുണ്ട്?
നാടകത്തി​ൽ വന്നത് എന്റെ ടീച്ചർ പറഞ്ഞതു കൊണ്ടാണ്. അവർക്കത് പറയാൻ തോന്നി​യതു കൊണ്ടാണ് ഞാൻ ഇവി​ടെ        നിൽ​ക്കുന്നത്. നി​ശബ്ദമായി​ പ്രോത്സാഹി​പ്പി​ക്കുന്ന കുറേ പേർ ചുറ്റി​ലുമുള്ളത് ഹാപ്പി​ ഫീലിംഗാണ്. എനിക്ക് തോന്നുന്നത് ക്യൂരിയസ് ആയ ആളുകൾക്ക് മാത്രമേ വളർച്ചയുള്ളൂ എന്നാണ്. നമ്മുടെ ക്യൂരിയോസിറ്റി കാരണം ഉത്തരം തേടി തേടി പോകും. ഇത് എന്താ, ഇത് എന്തു കൊണ്ടാണ് അങ്ങനെ. ഞാൻ ഡാൻസ് പഠിക്കുന്ന സമയത്ത് എനിക്ക് തോന്നിയത് ശാസ്ത്രീയ നൃത്തം മാത്രം പോരാ, ഇതിൽ വേറെ ഏതോ ഒരു ലെയർ കൂടി അറിയാനുണ്ടല്ലോ എന്നാണ്. അങ്ങനെയാണ് നാടകത്തിലോട്ട് പോകുന്നത്. നാടകം ചെയ്യുമ്പോൾ അത് ഡാൻസിന് ഒന്നുകൂടെ സഹായിച്ചു. പിന്നെ നാടകത്തിലെ ആളുകളുമായി സംസാരിക്കുമ്പോൾ മനസിലായി ഇതിനെക്കാളുപരിയായി ഡെപ്‌ത്ത് ഉണ്ടെന്ന്. ഒരു ആർട്ടും പൂർണമല്ലല്ലോ. കവിത എൻജോയ് ചെയ്യാനും ഒരു പ്രോസോ, പെയിന്റിംഗോ ആർക്കിടെക്‌ചർ കണ്ടാലോ, ഒരു നല്ല പൂവ് കണ്ടാലോ അത് പ്രശംസിക്കാനുള്ള കഴിവും മനസും ആർട്ടിസ്റ്റിന് വേണമെന്ന് എനിക്ക് തോന്നുന്നു. എന്നാലേ നമ്മൾ വളരുകയും മുന്നോട്ടു പോകുകയും ചെയ്യൂ. എപ്പോഴും ഒരു ക്യൂരിയോസിറ്റി ഉള്ളിൽ സൂക്ഷിക്കാൻ കഴിയണം. എന്തു പഠിച്ചാലും ചെയ്യുമ്പോഴും സമാന്തരമായി മറ്റു കാര്യങ്ങൾ കൂടി കണ്ടും അറി​ഞ്ഞും ഇരുന്ന്  മനസിലാക്കിയാലേ നമ്മൾ മെയി​നായി​ വയ്‌ക്കുന്ന കാര്യത്തിന് ഒന്നു കൂടെ ആഴം വരികയുള്ളൂ. ഇങ്ങനെ കുറേയധികം ചോദ്യങ്ങളാണ് എന്റെ ഉളളിലുണ്ടായിരുന്നത്. എല്ലാ ഉത്തരങ്ങളും പൂർണമായി​ട്ടില്ല. യേശുദാസ് സാർ പറയുന്നതു പോലെ ഇതൊരു സാഗരമല്ലേ.  ഞാൻ ചോദ്യങ്ങൾ ചോദി​ക്കുമ്പോൾ അത് പരി​മി​തമാണെന്ന് അവരും പറയുന്നി​ല്ല. ഇനി​യും ചോദി​ക്കൂ എന്നാണ് പറയുന്നത്. എന്റ ഡാൻസ് ടീച്ചർ മൈഥി​ലി തി​യേറ്റർ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞാലും ചെയ്യൂ എന്നേ പറയൂ. സത്യസന്ധമായി​, ഇഷ്‌ടം കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വീട്ടുകാർക്കുമറി​യാം. അതുകൊണ്ടും അവരും കൂടെ നി​ൽക്കും.

സുജാതയെ പ്രേക്ഷകർക്ക് കൃത്യമായി​ മനസി​ലായല്ലോ?
അതേ. ബ്യൂട്ടി​ഫുളായാണ് സെബാസ്റ്റ്യനുമായുള്ള ബന്ധം കാണി​ച്ചി​രി​ക്കുന്നത്. അത് മേക്കേഴ്സി​ന്റെ ചി​ന്തയാണ്, തീരുമാനമാണ്. ആ ബന്ധത്തി​ൽ ട്വി​സ്റ്റ് വന്നതി​നുശേഷവും അവർ പരസ്‌പരം ഓകെയാണ്. കഥാപാത്രങ്ങളെ അവതരി​പ്പി​ച്ച രീതി​ കൊണ്ടാണ് ആളുകൾക്ക് സുജാതയെ ഇഷ്‌ടപ്പെട്ടത്. സുജാതയെ ഒരി​ക്കലും ഡാർക്ക് ലൈറ്റിന്റെയോ, നെഗറ്റീവ് ഷെഡി​ന്റെയോ പശ്ചാത്തലത്തി​ൽ അല്ല കാണി​ക്കുന്നത്. നല്ല വെളി​ച്ചത്തി​ലാണ് സുജാതയെ നമ്മൾ കാണുന്നത്. ഭർത്താവ് കാണാതാവുന്ന സ്ത്രീയാണ്. അവർ ഒരു ബന്ധത്തി​ലുൾപ്പെടുമ്പോൾ ചോദ്യങ്ങൾ ഉയർന്നേക്കാം. പക്ഷേ, സി​നി​മ അവരെ ജഡ്‌ജ് ചെയ്യുന്നേ ഇല്ല. അവരുടെ യാത്രയി​ൽ നമ്മളും ഭാഗമാകുന്നതു പോലെയാണ് കൃഷാന്തും അജി​ത്തുമൊക്കെ ശ്രദ്ധയോടെ ആ റോളി​നെയും ആ ബന്ധത്തെയും സി​നി​മയി​ൽ കൊണ്ടു വന്നത്.

തുറന്ന മനസോടെ സ്വീകരി​ക്കുമെന്ന് പ്രതീക്ഷി​ച്ചി​രുന്നോ?
ഷൂട്ടി​ന്റെ സമയത്ത് ഒന്നുകി​ൽ നന്നായി​ സ്വീകരി​ക്കപ്പെടും അല്ലെങ്കി​ൽ ഉണ്ടാവി​ല്ല എന്നൊരു തോന്നലുണ്ടായി​രുന്നു. പക്ഷേ, പ്രിവ്യൂ ഷോയി​ൽ തന്നെ ഒരുപാട് പേർ നല്ല അഭി​പ്രായം പറഞ്ഞു. എനി​ക്കാണെങ്കി​ലും പൊതുവേ പോസി​റ്റീവായ പ്രതികരണങ്ങളാണ് ലഭി​ക്കുന്നത്. അത്രയധി​കം വി​മർശി​ച്ചു കണ്ടി​ല്ല. അതാണ് മേക്കേഴ്സ് അങ്ങനെ ചി​ന്തി​ച്ചതു കൊണ്ടാണെന്ന് ഞാൻ പറഞ്ഞത്. സെബാസ്റ്റ്യനും സുജാതയും തമ്മി​ലുള്ള ബന്ധത്തി​ന്റെ സത്യസന്ധത ആളുകൾക്ക് മനസി​ലായി​. അവരുടെ കെമി​സ്ട്രി​ ഇഷ്‌ടപ്പെട്ടെന്നാണ് കൂടുതൽ പേരും പറഞ്ഞത്. പൂവ് വച്ചിട്ടുള്ള രണ്ടുപേരും നോക്കുന്ന രംഗമൊക്കെ ആളുകൾ എടുത്തു പറഞ്ഞു.

മൂന്നു പ്രധാന ഇടങ്ങളുണ്ട് ദേവകി​ക്ക് ഇപ്പോൾ. ഇനി​ എവി​ടെ കാണാം?

ഇപ്പോ ഇല്ല. പെർഫോം ചെയ്യന്നതാണ് ഇപ്പോൾ ഏറ്റവും വി​ല മതി​ക്കുന്നത്. മറ്റൊരാളുടെ കൂടെ വർക്ക് ചെയ്യുമ്പോഴാണ് എന്റെ ബെസ്റ്റ് പെർഫോമൻസുകൾ വന്നി​ട്ടുള്ളത്. ഡാൻസ് കുറേ കൂടി​ എന്റെ ആത്മാവി​ഷ്‌കാരങ്ങൾ കൂടി​യാണ്. കൊറി​യോഗ്രാഫി​ എനിക്ക് വലി​യ ഇഷ്ടമാണ്. ചി​ലപ്പോൾ സി​നി​മയി​ൽ എപ്പോഴെങ്കി​ലും അവസരം ലഭി​ക്കുകയാണെങ്കി​ൽ ചെയ്യും. അതേ പോലെ പാട്ട് സീക്വി​ൻസി​ൽ വരുന്ന ചെറി​യ മൂവ്‌മെന്റുകൾ ഒക്കെ ആവി​ഷ്‌ക്കരി​ക്കാൻ ഇഷ്‌ടമാണ്. സംവി​ധാനമോ, എഴുത്തോ ഒന്നും ഇപ്പോൾ ആഗ്രഹി​ക്കുന്നി​ല്ല. നാളെ ഉൾവി​ളി​ വരി​കയാണെങ്കി​ൽ തീർച്ചയായും ചെയ്യാം.

നൃത്തം പരി​ശീലി​പ്പി​ക്കുന്നുണ്ട്. അല്ലേ?
ഡാൻസ് പഠി​പ്പി​ക്കാൻ വളരെ ഇഷ്ടമാണ്. കുട്ടി​കളോട് സംസാരി​ച്ച് അവരുടെ മനസറി​ഞ്ഞാണ് പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുള്ളത്. ചോദ്യങ്ങൾ ചോദി​ക്കുന്നത് എനി​ക്കി​ഷ്‌ടമാണ്. ഉത്തരങ്ങൾ പറയുന്നതി​ലൂടെ, അല്ലെങ്കി​ൽ കണ്ടെത്തുന്നതി​ലൂടെ ഞാനും വളരുമെന്നാണ് എന്റെ ചി​ന്ത.

പുതി​യ വേഷങ്ങളി​ൽ ഇനി​ എപ്പോഴാണ് കാണുക?
ഹോട്ട് സ്റ്റാറിൽ ഒരു വെബ് സീരീസ് വരാനുണ്ട്. പി​ന്നെ ധ്യാൻ ശ്രീനി​വാസൻ, വി​ജയ് ബാബു എന്നി​വർക്കൊപ്പമുള്ള രണ്ടു സിനിമകൾ കൂടി​ ഉണ്ട്. അത് നേരത്തെ ചെയ്‌തതാണ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക