നിധിയെ പോലെ ചിന്തിച്ചു, അഭിനയിച്ച പാച്ചുവിലെ ഹോർലിക്‌സ് ഗേളിന് കയ്യടി - അഭിനേത്രി ധ്വനി രാജേഷ് സംസാരിക്കുന്നു

Interviews

''നീ എപ്പോഴാ ഇത്രേം വലുതായത്?'' വഴിയിൽ നിന്നുപോയ കാറിന്റെ ടയർ ശരിയാക്കി  കരിപുരണ്ട ഉടുപ്പും മുഖവുമായി  ആ  പെൺകുട്ടി അമ്മയ്‌ക്ക് മുന്നിൽ അഭിമാനമായി നിന്നു. മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാദ്ധ്യതയില്ല ഹോർലിക്‌സിന്റെ ഈ പരസ്യം. ആത്മവിശ്വാസത്തിന്റെ തെളിച്ചമുള്ള ആ പെൺകുട്ടിയുടെ മുഖം പിന്നെ കണ്ടത് ലോകമറിയുന്ന സംവിധായകൻ മജീദ് മജീദിയുടെ 'ബിയോണ്ട് ദി ക്ളൗഡ്‌സ്' എന്ന ചിത്രത്തിലാണ്. 'തനിഷ'  എന്ന പുഞ്ചിരിയെയും  ആ  മിടുക്കി ഗംഭീരമാക്കി.ഇപ്പോൾ 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലെ നിധിയാണവൾ. ജീവിതം എങ്ങോട്ടേക്കാണ് തന്നെ  കൊണ്ടു പോകുന്നതെന്ന്  അറിയില്ലെങ്കിലും ഓരോ ചുവടിലും വേഗം വേഗം എന്ന കുതിപ്പിൽ മുന്നോട്ടു പോകുന്നവർ. 

ധ്വനി രാജേഷ് എന്ന മിടുക്കി സിനിമ കണ്ടിറങ്ങിയാലും അത്രയെളുപ്പം മനസിൽ നിന്നും മാഞ്ഞു പോകാത്തത് വിഷാദം  പുരണ്ട മുഖവും കയ്യൊതുക്കമുള്ള അഭിനയം കൊണ്ടുമാണ്. രാജേഷ് നടരംഗ എന്ന കന്നഡ നടന്റെ മകളാണ് ധ്വനി. കയ്യടക്കത്തോടെ, ഒരു വിഷാദമുഖവുമായി നിധിയെ അവതരിപ്പിച്ച്  ഹൃദയം കവർന്ന ധ്വനി സംസാരിക്കുന്നു. 

പാച്ചു വന്നു, കണ്ടവരൊക്കെ എന്താണ്  പറഞ്ഞത്?

ആളുകൾക്ക് ഇഷ്ടമായെന്ന രീതിയിൽ ക്രൂവിൽ നിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എല്ലാവർക്കും നിധിയെ ഇഷ്‌ടപ്പെട്ടതിൽ സന്തോഷമുണ്ട്. എനിക്കും നിധിയെ വളരെ ഇഷ്ടമാണ്. ഞാൻ നേരത്തെ ചെയ്‌ത തനിഷ എന്ന റോളുമായും ചിലയിടങ്ങളിൽ നിധിക്ക് സാമ്യതയുണ്ട്.  ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ വളരെയേറെ സന്തോഷം തോന്നുന്നുണ്ട് ഇപ്പോൾ. അതേ പോലെ സംവിധായകൻ, അഭിനേതാക്കൾ, മറ്റു ക്രൂ എല്ലാവരും എന്നെ നിധിയിലേക്കെത്താൻ സഹായിച്ചു. ഒരു മലയാള സിനിമ ഓരോ  ഫ്രെയിമുകളായി രൂപപ്പെടുന്നത് ഞാൻ കൗതുകത്തോടെയാണ് കണ്ടു നിന്നത്. ആ പ്രോസസും ഞാൻ ആസ്വദിച്ചു. ആർട്ടിസ്റ്റുകളെങ്കിലും സാങ്കേതിക വിഭാഗമാണെങ്കിലും കഠിനമായി  പരിശ്രമിക്കുകയും ഒരേ ലക്ഷ്യത്തിനു വേണ്ടി  മുന്നോട്ടുപോകുന്നതുമൊക്കെ കൂടെ നിന്ന് കാണുമ്പോൾ എന്നെ അത്ഭുതപ്പെടുത്തി. അവയ്‌ക്കൊക്കെ നല്ല റിസൽട്ട് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. 

ലോകം മുഴുവൻ അറിയപ്പെടുന്ന മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ളൗഡ്‌സ്, അന്നതിന്റെ വലിപ്പം അറിയാമായിരുന്നോ?

അറിയില്ലായിരുന്നു. അന്ന് ഞാൻ ആറാംക്ളാസിലായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും തുറന്ന മനസുള്ളവർ, നന്നായി പെരുമാറുന്നവർ ആയിരുന്നത് കൊണ്ട് ഞാൻ ഹാപ്പിയായിരുന്നു. ഒരിക്കൽപ്പോലും അപരിചിതത്വം തോന്നിയില്ല. സിനിമാഷൂട്ടിംഗ് ആണെന്ന് പോലും തോന്നില്ലായിരുന്നു. ചേരിയിൽ വളർന്ന, അമ്മയില്ലാത്ത കുട്ടി, തനിഷ എന്ന റോൾ. ഷൂട്ടിംഗ് തീർന്നപ്പോൾ കുറച്ചു സങ്കടമായി. നടി സുന്ദർശ്രീ വഴിയായിരുന്നു അവസരം വന്നത്. ആ സമയത്ത് സീരിയലിൽ അവസരങ്ങൾ വന്നിരുന്നതായി അച്‌ഛൻ പറഞ്ഞത് ഓർമ്മയുണ്ട്. അന്ന് പത്ത് വയസായിരുന്നു. അച്ഛൻ രാജേഷ് നടരംഗ നടനാണ്. 

അച്‌ഛനെ പോലെ അഭിനയിക്കണമെന്ന്  എന്നെങ്കിലും തോന്നിയിരുന്നോ?

ഇന്ന് അഭിനയിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നുണ്ട്, ആസ്വദിക്കാൻ കഴിയുന്നുണ്ട്. പക്ഷേ, നേരത്തെ അഭിനയം എന്റെ മനസ്സിലേക്ക്  ഒരിക്കലും വരാത്ത കാര്യമായിരുന്നു. ആരെങ്കിലും എന്നോട് നാളെ എനിക്ക് എന്ത് ആകണം എന്ന് ചോദിക്കുകയാണെങ്കിൽ തന്നെ അന്നൊന്നും വ്യക്തമായ ചിത്രം മനസിലില്ല. പക്ഷേ  മജീദ് മജീദി സിനിമയിലെ അവസരത്തെക്കുറിച്ച്  അച്‌ഛൻ പറഞ്ഞപ്പോൾ, അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്ന് ഞാൻ പറഞ്ഞു. അതൊരു പുതിയ അനുഭവമായിരുന്നു. തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, മുന്നോട്ടു പോകുമ്പോൾ അത് കുറഞ്ഞു കുറഞ്ഞു വന്നു. എനിക്ക്  ഇപ്പോഴും അത്ഭുതം തോന്നും,  അത് എങ്ങനെ സംഭവിച്ചു എന്ന് ഓർക്കുമ്പോൾ. പക്ഷേ, സിനിമ കണ്ടതിനുശേഷം എനിക്ക് വളരെയധികം സന്തോഷമായിരുന്നു. 

പാച്ചുവിൽ നിധിയായതെങ്ങനെയാണ്?

ഹോർലിക്‌സ്  പരസ്യത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായ ഗായത്രി സ്‌മിത മാം ആണ് അഖിൽ സാറിന്റെയടുത്ത്  എന്റെ കാര്യം പറഞ്ഞത്. അങ്ങനെ സിനിമയുടെ ക്രൂവിനെ കണ്ടു. നിധിയിലേക്കുള്ള യാത്ര തുടങ്ങി. അന്ന് ഞാൻ എട്ടാം ക്ളാസിൽ പഠിക്കുകയായിരുന്നു. ആ സമയത്ത് ലോക്ക് ഡൗൺ വന്നു. സത്യത്തിൽ അതെനിക്ക് അനുഗ്രഹമായി. സ്‌ക്രിപ്റ്റ് നന്നായി പഠിക്കാൻ സമയം കിട്ടി. കഥ മനസിലാക്കുന്നതിനൊപ്പം ഒരു സിനിമ രൂപപ്പെടുന്നതെന്നത് എങ്ങനെയാണെന്നത്  ആഴത്തിൽ മനസിലാക്കാൻ സാധിച്ചു. നിധിയെ കുറേ കൂടി മനസിലാക്കാൻ സാധിക്കുന്നതിനും സമയമുണ്ടായിരുന്നു. എവിടെ ഫോക്കസ് ചെയ്യണമെന്നൊക്കെ ആലോചിച്ചു. . അതേ പോലെ മലയാള സിനിമയുടെ ഒരു ശൈലിയും മറ്റും അറിയാനും സാധിച്ചു. അതുകൊണ്ടു തന്നെ നിധിയാകാൻ എനിക്ക് ഒരുപാട്  ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.

നിധിയെ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച്  കൂടുതൽ ആലോചിച്ചിരുന്നോ?

എങ്ങനെ ചെയ്യണമെന്നതിനെ കുറിച്ച്  ആലോചിച്ചില്ല. പക്ഷേ, അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരു പെൺകുട്ടി എങ്ങനെയാവും പെരുമാറുക എന്നത് ചിന്തിച്ചിട്ടുണ്ട്. സംവിധായകൻ പറയുന്നതനുസരിച്ച് അഭിനയിക്കുക, തിരുത്തണമെങ്കിൽ അങ്ങനെ ചെയ്യുക ആ രീതിയാണ് പൊതുവേ സ്വീകരിക്കുന്നത്. അച്ഛൻ എപ്പോഴും പറയാറുണ്ട്, ആക്ടിംഗ് എന്നു പറയുന്നത്  നമ്മുടെ റിയാക്ഷൻ ആണെന്ന്. നിധിയായി അഭിനയിക്കുക എന്നു പറയുമ്പോവ നിധിയെ പോലെ ചിന്തിക്കുക എന്നാണ്. അതെപ്പോഴും മനസിലുണ്ടായിരുന്നു. 

നിധി ചാലഞ്ചിംഗ് റോളായിരുന്നോ?

ഒരു റോളിനെയും ആ രീതിയിൽ എടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഒരു കഥാപാത്രം ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാവുന്നതാണ് പ്രധാനം. അതേ പോലെ ആ റോളുമായി  എന്തെങ്കിലും രീതിയിൽ കണക്റ്റാവാൻ  നമുക്കും കഴിയണം. 

ഫഹദ് ഫാസിലിനെ പോലെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന ഒരു നടന്റെ കൂടെയുള്ള അഭിനയത്തെ എങ്ങനെ ഓർക്കുന്നു?

അത്ഭുതപ്പെടുത്തുന്ന ഒരാളാണ് ഫഹദ് ഫാസിൽ. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും. ആദ്യം എനിക്ക് ഇത്തിരി പ്രയാസമുണ്ടായിരുന്നു. ഒന്നാമത് മലയാളം അറിയില്ല, ശരിയാകുമോ എന്ന ചിന്ത. പക്ഷേ, പതുക്കെ പതുക്കെ അത് മാറി. ഫഹദ് ഒരുപാട് സഹായിച്ചു. എത്ര എളുപ്പത്തിലാണ് അദ്ദേഹം പാച്ചുവായി മാറുന്നത്! അതൊക്കെ വിസ്‌മയിപ്പിക്കുന്ന കാഴ്‌ച തന്നെയായിരുന്നു എനിക്കും. ശരിക്കും ഡൗൺ ടു എർത്ത് എന്നു പറയാം. ഇത്രയും വലിയ അഭിനേതാക്കൾ പിന്തുണയുമായി നിൽക്കുമ്പോൾ നമുക്ക് മുന്നോട്ട് പോകാൻ ഒന്നുകൂടെ എളുപ്പമാണ്.

വിഷമിപ്പിച്ച സീൻ ഏതായിരുന്നു?

പഠിക്കണം എന്നു പറഞ്ഞ് നിധി പൊട്ടിത്തെറിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന സീൻ. അതു കുറച്ചു കൂടെ വൈകാരികമായിരുന്നല്ലോ. എന്റെ ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണമെന്നുണ്ടായിരുന്നു. നിധിയായി നിന്നു തന്നെയാണ് ആ സീനിൽ കരഞ്ഞത്. 

മലയാളം ഭാഷ എങ്ങനെ പിടിച്ചെടുത്തു?

ഭാഷ എന്നെ വല്ലാതെ കുഴപ്പിച്ചു എന്നു തന്നെ പറയാം. ഒരു വിദേശിയെ പോലെയായിരുന്നു ഞാൻ ആദ്യം സെറ്റിൽ. എല്ലാ ക്രൂ അംഗങ്ങളും എനിക്കൊപ്പം നിന്നു.ഉച്ചാരണം എങ്ങനെ വേണം എന്നൊക്കെ എല്ലാവരും പറഞ്ഞു തന്നു. തമിഴുമായാണല്ലോ മലയാളത്തിന് കുറച്ചൂടെ സാദൃശ്യം. ഡയലോഗുകൾ തമിഴിൽ എഴുതിയാണ് പറഞ്ഞത്. പിന്നെ നിധി എന്ന കഥാപാത്രത്തിന് അത്രയും മലയാളം മതിയായിരുന്നു. മുംബയിലും ഗോവയിലുമാണല്ലോ കഥാപരിസരം. കൃത്യമായ മലയാളം വേണ്ടാത്തതു കൊണ്ട് ഞാൻ രക്ഷപ്പെട്ടു.

ബന്ധങ്ങൾ വളരെ നന്നായാണല്ലോ സിനിമയിൽ കാണിച്ചത്?

അതേ. ഞാനും അത് ശ്രദ്ധിച്ചു. മനോഹരമായാണ് ഓരോ ബന്ധങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. ഞാനും മുത്തശ്ശനും തമ്മിൽ അധികം സംഭാഷണങ്ങളൊന്നും തന്നെ ഇല്ല. പക്ഷേ, ഡീപ്പായാണ്  ആ ബന്ധവും കാണിച്ചിരിക്കുന്നത്.  അതുമാത്രമല്ല, എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ സ്‌പേസുണ്ട്. ഒറ്റ സീനിലാണെങ്കിൽ പോലും ആരും മറക്കാത്ത വിധമാണ് രൂപപ്പെടുത്തിയത്. 

നിധിക്ക് അധികം സംഭാഷണങ്ങളൊന്നുമില്ല. മുഖഭാവമാണ് ആ റോളിൽ കൂടുതലും ചെയ്യാനുള്ളത്. പ്രത്യേകിച്ചും അവളുടെ സങ്കടവും കരുത്തും  മുഖത്തുണ്ട്?

അതേ. നിധിയെ കൂടുതൽ മനസിലാക്കാൻ സംവിധായകൻ അഖിൽ സാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ ഞാൻ പറഞ്ഞില്ലേ കൊവിഡ് കാലം. ആ സമയവും നിധിയെ നന്നായി അറിയാൻ എന്നെ സഹായിച്ചിട്ടുണ്ട്. വിളിക്കുന്നവർ ഇതൊക്കെ എടുത്തു പറയുമ്പോൾ ഞാൻ അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്.

ഓട്ടമെന്ന് പറയാൻ കഴിയില്ല, അതേ സമയം ഓട്ടം പോലുള്ള  ധൃതി നിധിയുടെ നടത്തത്തിനുണ്ട്. അത് എങ്ങനെയാണ് കൊണ്ടു വന്നത്?

 ഷൂട്ടിംഗ് സമയത്ത് കാലിന് പരിക്കു പറ്റിയിരുന്നു. അതുകൊണ്ട് അത്രയേറെ ചിന്തിച്ചാണോ ആ ഒരു ധൃതി കൊണ്ടു വന്നതെന്ന് പറയാൻ കഴിയില്ല. പക്ഷേ, നടക്കുമ്പോൾ നിധിയുടെ ഒരു ആധി മനസിൽ ഉണ്ടായിരുന്നു. കഥാസന്ദർഭങ്ങൾ വച്ചു നോക്കുമ്പോൾ അത് കറക്ടായി വന്നതാണ്. 

ആരാണ് ജീവിതത്തിൽ കൂടുതൽ സ്വാധീനിക്കുന്നത്?

ഓരോ മനുഷ്യരും പ്രത്യേകം പ്രത്യേകമല്ലേ. പലരുടെയും പല കാര്യങ്ങളാവാം ശ്രദ്ധിക്കുന്നത്. അച്‌ഛനാണ് വലിയ പിന്തുണ തരുന്നത്. അച്ഛൻ വഴികാട്ടിയാണ്. ആ സ്വാധീനം എന്നിലുണ്ട്.

ഒരു സിനിമ ചെയ്യണമെന്ന് തോന്നുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കും?

സ്റ്റോറിയും തിരക്കഥയും തന്നെയാണ്  ഏറ്റവും പ്രധാനം. എന്ത്  ചെയ്യാനുണ്ടെന്ന് നോക്കും. എനിക്കത് കണക്റ്റ് ആകുമോ എന്നും ചിന്തിക്കും. അതേ ആ സിനിമയുടെ ക്രൂവിനും പ്രാധാന്യം നൽകും. 

 m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment