അമ്മിണിപ്പിള്ളയുടെ കാന്തി മുതൽ സോമൻ്റെ ശാലിനി വരെ - ഫറ ഷിബില സംസാരിക്കുന്നു

Interviews

'വളരെ പതുക്കെയാണ് എന്റെ കരിയർ മുന്നോട്ടു നീങ്ങുന്നതെന്ന് എനിക്ക് അറിയാം. ആ കാത്തിരിപ്പ് പ്രശ്‌നമല്ല. കൂടുതൽ കഥകളും കഥാപാത്രങ്ങളും എന്നിലേക്ക് വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.''  നടി ഫറാ ഷിബ്‌ലയോടു സംസാരിക്കുമ്പോൾ വളരെ പോസിറ്റീവായ വ്യക്തി തൊട്ടടുത്തിരിക്കുന്നതിന്റെ തെളിച്ചം കിട്ടും. അധികമേറെയില്ലെങ്കിലും അഭിനയിച്ച സിനിമകളിലെല്ലാം കയ്യടക്കമുള്ള പ്രകടനമായിരുന്നു ഷിബ്‌ലയുടേത്. സിനിമ അത്രയും അകലെയായിരുന്ന ഒരു ഇടത്തു നിന്നാണ് തന്റെ സ്വപ്‌നത്തിലേക്ക് ഷിബ്‌ല പതിയെ പിടിച്ചു കയറിയത്. ബോഡി പോസിറ്റിവിറ്റി അത്ര നന്നായാണ് ഷിബ്‌ല ജീവിതത്തിൽ ചേർത്തുപിടിക്കുന്നത്. സോമന്റെ കൃതാവ് എന്ന ചിത്രത്തിൽ വിനയ് ഫോർട്ടിന്റെ നായികയാണ് ഷിബ്‌ല. സിനിമകൾ, പ്രതീക്ഷകൾ, മനസ്... ഷിബ്‌ല സംസാരിക്കുന്നു,
 
സോമന്റെ കൃതാവിലെ ശാലിനി എന്നെ കഥാപാത്രത്തെ ഷിബ്‌ല മനസിലാക്കിയത് എങ്ങനെയാണ്?

ഓഡിഷൻ വഴിയാണ് ഞാൻ ഈ സിനിമയിലേക്ക് വരുന്നത്. സംവിധായകനായ രോഹിത് ഡീറ്റെയ്ൽ ആയി തന്നെ ഓഡിഷൻ ചെയ്യിപ്പിച്ചു. കൂടുതലും സിനിമയിലെ സന്ദർഭങ്ങളുമായി ബന്ധപ്പെട്ട സീനുകൾ തന്നെയായിരുന്നു തന്നത്. മൂന്നോ, നാലോ മണിക്കൂറോളം നീണ്ടു ഓഡിഷൻ എന്നാണെന്റെ ഓർമ്മ. തിരക്കഥയും പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. കഥ കേട്ടപ്പോൾ സന്തോഷത്തോടെ ഇരുന്നത് കാണാവുന്ന സിനിമയായി തോന്നി. ഇതിൽ പ്രത്യേകിച്ചും അമ്മയും മോനുമായുള്ള കോംബിനേഷൻ സീനുകളൊക്കെ വളരെ ഇഷ്ടപ്പെട്ടു. ആളുകൾക്ക് ഇഷ്ടപ്പെടുന്ന ലൈറ്റ് ഹ്യൂമർ ആയാണ് തോന്നിയത് അവയൊക്കെ. ഇങ്ങനെയുള്ള ചിത്രങ്ങളുടെ അഭാവം ഇപ്പോൾ ഉണ്ടല്ലോ. ഒന്നുകിൽ മാസ് സിനിമകൾ, അല്ലെങ്കിൽ വളരെ റിയലിസ്റ്റിക് സിനിമകൾ. ഇതിന്റെ ഇടയിലുള്ള ഗ്യാപ്പിലുള്ള തരം സിനിമയായി അനുഭവപ്പെട്ടു. നല്ല പ്രതികരണമാണ്. കണ്ടവരെല്ലാം കൊള്ളാം എന്ന അഭിപ്രായമാണ് പറയുന്നത്. റിവ്യൂ ലഭിക്കുന്നതും കണ്ടിരിക്കാവുന്ന സിനിമ എന്ന നിലയിലാണ്.

ഒരു കഥാപാത്രത്തെ സ്വന്തം ചിന്തയിൽ കൂടി കാണാൻ ശ്രമിക്കാറുണ്ടോ?

ഡയറക്ടറുടെ ആർട്ടിസ്റ്റ് തന്നെയാണ്. അഭിനയിക്കുമ്പോൾ അങ്ങനെ വേണ്ട, അത് ഒഴിവാക്കി കൊള്ളൂ എന്നു പറയുമ്പോൾ ആ രീതിയിൽ ചെയ്യാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്‌തോട്ടെ എന്നു ചോദിക്കുമ്പോൾ അവർ ഓകെയാണെങ്കിൽ അതനുസരിച്ച് പോകും. ഈ സിനിമയിൽ രോഹിത്തിന് കൃത്യമായ  ഐഡിയ ഉണ്ടായിരുന്നു.

കുട്ടനാട്ടിലെ കഥയാണ്. അവിടെയുള്ള ആളുകളും സിനിമയുടെ ഭാഗമായല്ലോ?

ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു ഷൂട്ട്. അവിടെയുള്ളവരെല്ലാം സിനിമയുമായി സഹകരിച്ചു. ആ കാഴ്ചകളൊന്നും സെറ്റിട്ടതല്ല. പാലം കയറി ആ വീട്ടിലേക്ക് വരുന്നതൊക്കെ യഥാർത്ഥത്തിൽ അങ്ങനെ തന്നെയാണ്. ഈ സിനിമയിൽ ചന്തുവിന്റെ വീട്ടിലേക്ക് ഞാൻ വരുന്നതൊക്കെ വള്ളമെടുത്താണ്. സാരിയുടുത്ത് വള്ളമെടുക്കുന്നത് കാണിക്കണമെങ്കിൽ നമ്മൾ കംഫർട്ടബിൾ ആവണം. ഷൂട്ട് ചെയ്ത വീട്ടിലെ ചേച്ചിയാണ് എന്നെ സാരിയുടുക്കാൻ സഹായിച്ചത്. വള്ളം സീനിലൊക്കെ സാരി മാനേജ് ചെയ്യാനും അവർ കൂടെ തന്നെ നിന്നു. പാട്ട് പാടിയ അപ്പൂപ്പനൊക്കെ നല്ല രസമാണ്, അസ്സൽ കലാകാരനാണ്. നിമിഷകവി പോലെയുള്ള ഒരാളാണ്.


ഓഫറുകൾ വരുന്ന സിനിമകളെല്ലാം തന്നെ ചെയ്യാറുണ്ടോ?

അതിൽ പല കാര്യങ്ങളുണ്ട്. നമുക്ക് ചില അഭിനേതാക്കൾക്കും സംവിധായകർക്കുമൊപ്പം അഭിനയിക്കണമെന്നുണ്ടാകുമല്ലോ. അങ്ങനെ വരുമ്പോൾ ചികഞ്ഞ് അന്വേഷിക്കാൻ പോകാറില്ല. ആ അവസരം ചെയ്യുക എന്നു മാത്രമേയുള്ളൂ. ഇങ്ങനെയുള്ള സിനിമകൾ വരുമ്പോൾ എന്താണ് നമ്മുടെ റോൾ, അത് ചെയ്യാൻ കഴിയുമോ, രസകരമായി വ്യത്യസ്തമായി നമുക്ക് ചെയ്യാൻ പറ്റുമോ എന്ന രീതിയിൽ ചിന്തിക്കും. ഇനി വരാൻ പോകുന്ന എ.കെ. സാജൻ സാർ സംവിധാനം ചെയ്യുന്ന പുലിമട എന്ന ചിത്രമാണ്. ജെസ്സി എന്ന ഒരു കുഞ്ഞു വേഷമാണതിൽ. വേണു സാറിന്റേതാണ് കാമറ. ജോജു ചേട്ടന്റെ കൂടെയാണ് എനിക്ക് കോംബിനേഷൻ ഉള്ളത്. ആ ടീമിന്റെ കൂടെ വർക്ക് ചെയ്യുന്നത് എക്‌സൈറ്റ്‌മെന്റായിരുന്നു.

ആഗ്രഹിച്ചതു പോലെ തന്നെയാണോ ഷിബിലയുടെ സിനിമായാത്ര?

അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ഒരാളായിരുന്നു ഞാൻ. അതേ സമയം പഠനത്തിനും അത്ര തന്നെ പ്രാധാന്യം നൽകുകയും ചെയ്തു. ക്ലിനിക്കൽ സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ആണ്. ഇന്നത്തെ കാലത്തെ സിനിമയിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. സിനിമ ഒരുപാട് മാറി. സിനിമകൾ സംഭവിക്കാൻ നമുക്ക് ടാലന്റ് വേണം, കൃത്യസമയത്ത് കൃത്യസ്ഥലത്ത് നമ്മൾ ഉണ്ടാകണം, സോഷ്യലൈസിംഗ് ചെയ്യണം, നെറ്റ് വർക്കിംഗ് വേണം ഇങ്ങനെ കുറേ കാര്യങ്ങൾ അനുബന്ധമായി ഉണ്ട്. എന്റെ യാത്ര വളരെ പതുക്കെ, സമയമെടുത്താണ് സംഭവിക്കുന്നതെന്ന് എനിക്ക് നന്നായറിയാം. ഇപ്പോ എന്റെ പേര് പലർക്കും അറിയണമെന്നില്ല. പതുക്കെയാണെങ്കിലും എന്റെ സിനിമകളിലൂടെ അവർ ആർട്ടിസ്‌റ്റെന്ന നിലയിൽ എന്നെ തിരിച്ചറിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

പഠിക്കുന്ന കാലത്ത് തന്നെ കലയോട് എന്തെങ്കിലും അടുപ്പമുണ്ടായിരുന്നോ?

ഡി. പി. ഇ.പി കാലത്തായിരുന്നു എന്റെ സ്‌കൂൾ ജീവിതം. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളിലും മുന്നിൽ തന്നെയുണ്ടായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ ജില്ലാതല നാടക മത്സരത്തിൽ മികച്ച നടിയായിരുന്നു. ചെന്നൈയിലെ പഠനകാലത്ത് കോളേജിലെ പ്രോഗ്രാമുകളിലൊക്കെ പങ്കെടുക്കുമായിരുന്നു. പക്ഷേ, അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സ്വപ്‌നം കണ്ടത് ജീവിതത്തിൽ സംഭവിച്ചതു തന്നെയാണത്. ഞാൻ മലപ്പുറത്ത് നിന്നാണ് വരുന്നത്. വീട്ടിലോ കുടുംബത്തിലോ ഒരാളും സിനിമയിലില്ല. അക്കാഡമിക് കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന കുടുംബമാണ്. പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ഓർമ്മിപ്പിക്കുന്നവരാണ് അവിടെയുള്ളത്. കലയുമായി ബന്ധപ്പെട്ട എന്തെങ്കിലും കുറച്ച് ചെയ്യാൻ കഴിയുമെന്നല്ലാതെ പൂർണമായി അവിടെ തന്നെ നിൽക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ, സിനിമയിലെത്തി.

സൈക്കോളജി പഠിച്ചവരും അല്ലാത്ത സാധാരണക്കാരും ജീവിതത്തെ നോക്കി കാണുന്നതിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങനെ വിലയിരുത്തൽ നടത്താറില്ല. എല്ലാവരും കുറച്ച് സൈക്കോളജി പഠിച്ചിരിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത് ജീവിതത്തെ നോക്കി കാണുന്ന രീതിയിൽ വ്യത്യാസം വരുത്തും. നമ്മുടെ സകൂളുകളിൽ ഇപ്പോൾ കൗൺസിലർമാരുണ്ട്. എല്ലായിടത്തും ഉണ്ടോ എന്നറിയില്ല. എങ്കിലും ഇത്തരം നിയമനങ്ങൾ കുറേക്കൂടി ഗൗരവത്തോടെ തന്നെ നടപ്പിലാക്കേണ്ട ഒന്നാണ്. കൗൺസലിംഗ് മികച്ച രീതിയിൽ തന്നെ പഠിച്ചവരെ എല്ലാ സ്‌കൂളുകളിലും നിയമിക്കണം. ഇന്നത്തെ കാലത്ത് മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ട കുറേയധികം സാഹചര്യങ്ങളിലൂടെയാണ് ആളുകൾ മുന്നോട്ടു പോകുന്നത്. പ്രശ്‌നങ്ങൾ തിരിച്ചറിയുകയും പരിഹാരങ്ങളുണ്ടാവുകയും വേണം. ഇപ്പോഴും പക്ഷേ, മാനസിക പ്രശ്‌നങ്ങളിൽ സ്റ്റിഗ്മ നിലനിൽക്കുന്നത് സങ്കടകരമാണ്. കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാതെ വിഷാദത്തിൽ മുങ്ങിപ്പോകുന്ന എത്രയോ പേരുണ്ട്. അവിടെ പ്രൊഫഷണൽ സഹായം തന്നെ വേണം.


സിനിമയിൽ എന്താണ് ആഗ്രഹിക്കുന്നത്?

വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം, മികച്ച ഫിലിം മേക്കേഴ്‌സിന്റെ കൂടെ വർക്ക് ചെയ്യണം എന്നൊക്കെ തന്നെയാണ് എല്ലാ ആർട്ടിസ്റ്റുകളെയും പോലെ തന്നെ എന്റെയും ആഗ്രഹം. എനിക്ക് വെബ് സീരിസുകൾ വളരെയധികം ഇഷ്ടമാണ്. അഭിനയിക്കുന്ന സമയത്ത് ഒരു നടനോ, നടിയോ എങ്ങനെയാണ് നിശബ്ദതത കൈകാര്യം ചെയ്യുന്നത് എന്നത് ഏറെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. രണ്ടോ, രണ്ടരമണിക്കൂറോ ഉള്ള സിനിമയിൽ അഭിനേതാക്കൾക്ക് അത്രയധികം സമയം കിട്ടണമെന്നില്ലല്ലോ. പക്ഷേ, വെബ് സീരിസുകളിൽ കഥാപാത്രങ്ങൾക്ക് കുറച്ചു കൂടെ സമയം കിട്ടും. ഹിന്ദി വെബ് സീരിസുകളിൽ ഇങ്ങനെ ഓരോ കഥാപാത്രത്തെയും ഒരു പ്രത്യേക രീതിയിൽ അവതരിപ്പിക്കുന്നത് ഞാൻ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അത്തരം പ്രൊജക്ടുകൾ എന്റെ സ്വപ്‌നമാണ്. മലയാളത്തിലും തമിഴിലും ഓർമ്മിക്കത്തക്കരീതിയിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പുലിമടയും സുനിൽ ഇബ്രാഹിമിന്റെ തേർഡ് മർഡറുമാണ് ഇനി റിലീസാകാനുള്ളത്. മലയാളത്തിലെ ഒരു വെബ് സീരിസും വേസെ ഒന്നു രണ്ടു പ്രൊജക്ടും ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. തീരുമാനമായിട്ടില്ല.

ഒരു അഭിനേതാവ് എന്ന നിലയിൽ എങ്ങനെയാണ് സ്വയം മാറ്റങ്ങൾ കൊണ്ടു വരുന്നത്?

മറ്റു ആർട്ടിസ്റ്റുകൾ ചെയ്തുവച്ചിരിക്കുന്നത് സൂക്ഷ്മമായി തന്നെ വിലയിരുത്താൻ ശ്രമിക്കാറുണ്ട്. ഒ.ടി.ടിയിൽ തന്നെ ഇപ്പോൾ ധാരാളം ഓപ്ഷനുകളുണ്ടല്ലോ. ഞാൻ കാണുന്നതെല്ലാം ചിലപ്പോൾ എന്റെ മോന് പ്രായം കൊണ്ട് യോജിച്ചതായിരിക്കണമെന്നില്ലല്ലോ... അപ്പോൾ അവൻ ഇല്ലാത്ത സമയത്താണ് ഇത്തരം സീരിസുകളൊക്കെ കാണുന്നത്. വീട്ടിൽ അതും പറഞ്ഞ് എന്നെ എപ്പോഴും കളിയാക്കും. നമ്മൾക്ക് ഇഷ്ടപ്പെട്ട സീരിസിന്റെ പുതിയ സീസൺ വരുമ്പോഴൊക്കെ വളരെ ആകാംക്ഷ തോന്നും. ഇന്ന ദിവസമാണ് റിലീസിംഗ് എന്നറിഞ്ഞാൽ ഞാൻ കാത്തിരിക്കും. അതേ പോലെയാണ് ഇഷ്ടപ്പെട്ട അഭിനേതാക്കളുടെ സിനിമകൾ വരുന്നുണ്ടോ എന്ന് ഫാമിലി ഗെറ്റ്ടുഗദറിന് കാത്തിരിക്കും പോലെയാണെനിക്ക്. മലയാളത്തിലെുണ്ടായ വെബ് സീരിസുകൾ എന്നെ അത്രയധികം ആകർഷിച്ചിട്ടില്ല. ഇനി ആയി വരുമായിരിക്കും. ഹിന്ദി വെബ് സീരിസുകൾ പക്ഷേ, മേക്കിംഗിൽ വെറെ ലെവലാണ്. നമ്മളെ പിടിച്ചിരുത്തുന്നതരത്തിൽ മേക്കിംഗും ആക്ടിംഗുമുണ്ട്. നിരവധി ആർട്ടിസ്റ്റുകളുടെ അത്ഭുപ്പെടുത്തുന്ന പ്രകടനങ്ങൾ നമ്മൾ അവിടെ കാണുന്നുണ്ട്. ഷഫാലി ഷായാണെങ്കിലും മനോജ് വാജ് പേയി ആണെങ്കിലും. ഒട്ടേറെ ആർട്ടിസ്റ്റുകൾ അങ്ങനെയുണ്ട്.

വിദ്യാബാലനെ വലിയ ഇഷ്ടമാണ് അല്ലേ?

അതേ. വിദ്യാബാലൻ വലിയൊരു പ്രചോദനം തന്നെയാണ്. അവരുടെ വണ്ണത്തെക്കുറിച്ച്  ബോളിവുഡ് പോലൊരു ഇൻഡസ്ട്രിയിലുണ്ടായിട്ടുള്ള എല്ലാ ധാരണകളെയും തിരുത്താൻ അവർക്ക് കഴിഞ്ഞു. ബോളിവുഡിൽ അങ്ങനെ ഒരു മാറ്റം വരുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. കാരണം എത്ര സീറോ സൈസ് ആണ്, കൂടുതൽ കൂടുതൽ ഭംഗിയുള്ളതാക്കാൻ എത്ര പളാസ്റ്റിക് സർജറികൾ ചെയ്യണം എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ട്രിയിലാണ് അവർ വർഷങ്ങളായി ഒരു മാറ്റവും കൂടാതെ ഇടപെട്ടു കൊണ്ടിരിക്കുന്നത്. അവർ കേന്ദ്രകഥാപാത്രമായ സിനിമകൾ വരുന്നു, അവർ കയ്യടിപ്പിക്കുന്ന പ്രകടനത്തിലൂടെ അവയെല്ലാം സുന്ദരമാക്കുന്നു... ഉയർന്ന നിലയിലുള്ള ആത്മവിശ്വാസത്തിൽ നിന്നാണ് ആ ധൈര്യം വരുന്നത്. അവരുടെ ആ സ്വയം ബോദ്ധ്യം വിസ്മയിപ്പിക്കുന്നതു തന്നെയാണ്.


പുതിയ കാലത്ത് പക്ഷേ, ഇങ്ങനെയുള്ള തോന്നലുകളെല്ലാം തിരുത്തപ്പെടുന്നുണ്ട്?

അതേ. എനിക്ക് പുതിയ ജനറേഷനിൽ വലിയ പ്രതീക്ഷയാണ്. അവർ ഇതൊന്നും തന്നെ കാര്യമാക്കുന്നില്ല. വ്യക്തമായ നിലപാടുകളും തീരുമാനങ്ങളുമുണ്ടവർക്ക്. എല്ലാ കാര്യങ്ങളിലും അഭിപ്രായമുള്ള പുതിയ കുട്ടികൾ കാലങ്ങളായി കൊണ്ടു നടക്കുന്ന സങ്കൽപ്പങ്ങളെ തിരുത്തുക തന്നെ ചെയ്യും.

സിനിമകൾ തുടർച്ചയായി വരാതെയിരിക്കുമ്പോൾ ഓകെയല്ലാതിരിക്കുമോ?

ഞാൻ പണ്ടൊക്കെ വിചാരിക്കുമായിരുന്നു ഒരു സിനിമ കഴിഞ്ഞ ഉടനെ വേറെ സിനിമ വരാത്തത് എന്തുകൊണ്ടാണെന്ന്. പെർഫോമൻസ് മോശമാണെന്ന് ആരും പറഞ്ഞിട്ടുമില്ല. എനിക്ക് അത്രയധികം വിസിബിലിറ്റിയും ശ്രദ്ധയും കിട്ടിയിട്ടില്ല എന്നത് വാസ്തവമാണെങ്കിൽ പോലും പൊതുവേ ഇപ്പോൾ സിനിമയിൽ അങ്ങനെ തന്നെയാണ്. കാത്തിരിക്കുന്നതിന് എനിക്ക്  മടി ഇല്ല. പത്തുദിവസം കാത്തിരിക്കുമ്പോൾ എട്ടാമത്തെ ദിവസമാണ് ഒരു ഓഫർ വരുന്നതെങ്കിലും ഞാൻ ഓകെയാണ്.

മനസ് എങ്ങനെ നന്നായി വയ്ക്കാൻ കഴിയും?

എന്തെങ്കിലും പ്രശ്‌നങ്ങൾ മനസിനുണ്ടാകുമ്പോൾ നമുക്കത് മാനേജ് ചെയ്യാൻ കഴിയുമല്ലോ, പിന്നെ എന്തിനാണ് സഹായം തേടുന്നത്, രണ്ടു ദിവസം തിരക്കിൽ നിന്നും മാറി ഒരു യാത്ര പോയാൽ മതിയാവും എന്നൊക്കെയാവും ആളുകൾ വിചാരിക്കുന്നത്. അതൊരിക്കലും ശരിയല്ല. ഏറ്റവും അടുത്ത ആളുകളുടെയടുത്തായിരിക്കും പ്രയാസങ്ങൾ പങ്കുവയ്ക്കുന്നത്. അതിലും നല്ലത് ഒരു പ്രൊഫഷണൽ സപ്പോർട്ട് തേടുന്നത് തന്നെയാണ്. ഇത് അധികം ചെലവേറിയ കാര്യമേയല്ല.  ഇപ്പോൾ എന്റെ കാര്യം പറയുകയാണെങ്കിൽ ആരോടും നോ പറയാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരാളായാണ് ഞാൻ വളർന്നത്. നമ്മൾ നോ പറയാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. കേട്ടിരിക്കുന്നവർ നിരാശപ്പെടുമെങ്കിലും അവിടെ നമ്മുടെ സമാധാനം തന്നെയാണ് വലുത്. അവരെ മുറിവേൽപ്പിക്കണം എന്നല്ല, പക്ഷേ, നമുക്ക് എതിരഭിപ്രായമുണ്ടെങ്കിൽ അത് കൃത്യമായി പറയാൻ പഠിക്കണം. ഹീലിംഗ് വളരെയധികം പ്രാധാന്യമുള്ള സംഗതിയാണ്. വിഷമമുണ്ടെങ്കിൽ അടുത്തദിവസം മാറുമെന്ന് നമ്മൾ വിചാരിക്കും. പ്രത്യക്ഷത്തിൽ അതറിയുന്നുണ്ടാകില്ല. പക്ഷേ, അത് ഹീൽ ചെയ്യുന്നതു വരെ അതവിടെ തന്നെ കാണും. ഒന്നുകിൽ മെഡിറ്റേറ്റ് ചെയ്യാം, അല്ലെങ്കിൽ പറ്റിയ ഒരാളെ കണ്ടുപിടിക്കാം.

Somante Krithavu | Official Trailer | Vinay Forrt | Rohith Narayanan | ON STAGE Cinemas Presents

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment