ശ്യാമള ഇന്നുമെന്റെ മേൽവിലാസം - അഭിനേത്രി സംഗീത സംസാരിക്കുന്നു

Interviews

''ശ്യാമള''..... ഏതു ആൾക്കൂട്ടത്തിലും ഇങ്ങനെ ഒരു വിളി നടി സംഗീതയെ തേടിയെത്താറുണ്ട്.  'ചിന്താവിഷ്ടയായ ശ്യാമള' ഇറങ്ങിയിട്ട് കാൽനൂറ്റാണ്ടായിട്ടും മലയാളികളുടെ മനസിന്റെ തൊട്ടടുത്തുണ്ട് ശ്യാമള ഇപ്പോഴും. കാണുമ്പോഴെല്ലാം ആ സ്‌നേഹം അവർ സംഗീതയ്ക്കും  കൈ നിറയെ നൽകാറുണ്ട്. അഭിനയിച്ച സിനിമകളെല്ലാം കയ്യടക്കം കൊണ്ട് സുന്ദരമാക്കിയ സംഗീത വിവാഹശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. കുടുംബമായിരുന്നു സംഗീതയുടെ ആദ്യ ചോയ്‌സ്. എങ്കിലും ശ്രീനിവാസന്റെ കൂടെ തന്നെ 'നഗരവാരിധി നടുവിൽ' എന്നൊരു സിനിമയിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. ഒമ്പതുവർഷങ്ങളുടെ ഇടവേളയ്ക്കുശേഷം 'ചാവേർ' എന്ന സിനിമയിൽ ദേവി എന്ന വേഷത്തിലൂടെ സംഗീത വീണ്ടും പ്രിയപ്പെട്ട സിനിമയിലേക്ക്  മടങ്ങി  എത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് നടക്കുന്ന മറ്റൊരു ചിത്രത്തിലും നല്ലൊരുവേഷത്തിൽ സംഗീതയുണ്ട്. മാറി നിന്ന കാലം, തിരിച്ചെത്തിയ സന്തോഷം.... സംഗീത സംസാരിക്കുന്നു.

ഇത്രയും വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും എത്തിയപ്പോൾ?

വളരെ വളരെ സന്തോഷം തോന്നി. ഇത്രയും വർഷമായി സിനിമയിൽ നിന്നും അകന്നു മാറി നിൽക്കുകയാണെന്ന തോന്നലുണ്ടായില്ലെന്നതാണ് സത്യം. ഇനി സിനിമ ചെയ്യില്ലെന്ന് അന്നും ഞാൻ പറഞ്ഞിരുന്നില്ല. തിരിച്ച് വീണ്ടും സിനിമ ചെയ്യാനെത്തിയപ്പോൾ നല്ല അനുഭവങ്ങളാണ്, ഞാൻ ഹാപ്പിയാണ്.

ദേവി എന്ന കഥാപാത്രമായി  'ചാവേറിൽ' എത്തിയത്?

സംവിധായകൻ ടിനു പാപ്പച്ചൻ വിളിക്കുകയായിരുന്നു. കേട്ടപ്പോൾ നല്ലൊരു കഥാപാത്രമായി തോന്നി. ടിനുവിന്റെ  അജഗജാന്തരം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ടു. അവയുടെ ഒഴുക്കും വേഗതയും വളരെയധികം ഇഷ്ടപ്പെട്ടു. വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളാണവ. അതു കണ്ടു കഴിഞ്ഞപ്പോൾ  സ്വാഭാവികമായും ടിനുവിന്റെ  ഓഫർ സ്വീകരിക്കണമെന്ന് തീരുമാനിച്ചു. രണ്ടുദിവസമായിരുന്നു എന്റെ ഷൂട്ട്.

മലയാളികൾക്ക് സംഗീത ഇപ്പോഴും ശ്യാമളയാണ്?

അത്ര വലിയ ഭാഗ്യമാണ്. ദൈവാനുഗ്രഹമായാണ് ഇപ്പോഴും ആ വേഷത്തെ കാണുന്നത്. ഞാനതെപ്പോഴും ഓർക്കാറുണ്ട്. ആൾക്കാർ ശ്യാമളെപ്പറ്റി ഇപ്പോഴും ചിന്തിക്കുന്നു എന്നു പറയുമ്പോൾ തന്നെ എനിക്കത് വലിയ സന്തോഷമാണ്. പുറത്തേക്കിറങ്ങുമ്പോൾ മലയാളികളെ കണ്ടുമുട്ടുമ്പോൾ, അല്ലെങ്കിൽ കേരളത്തിൽ വരുമ്പോഴൊക്കെ ശ്യാമള എന്ന രീതിയിലാണ് ആളുകൾ ഇപ്പോഴും കാണുന്നത്. സംഗീത എന്ന വ്യക്തിക്ക് മുകളിലാണ് ശ്യാമള എന്ന കഥാപാത്രം അവരുടെ മനസിൽ. ആ സിനിമയിലെ ഓരോ സീനുകളും വരെ അവർ ഓർത്തെടുത്ത് പറയുമ്പോൾ മനസ് തട്ടുന്ന അനുഭവമായി തോന്നാറുണ്ട്. ശ്രീനിവാസൻ സാറിന്റെ മിടുക്കാണത്. അത്ര നന്നായി ജീവിതത്തോടു ചേർന്നു നിൽക്കുന്ന രീതിയിലാണ് അദ്ദേഹം ശ്യാമളയെക്കുറിച്ച് എഴുതിയത്.

'നഗരവാരിധി നടുവിൽ ഞാൻ' സിനിമയ്ക്കുശേഷം പിന്നെ അഭിനയിക്കാതിരുന്നത് എന്തുകൊണ്ടാണ്?

എന്റെ ആദ്യപരിഗണന എന്നും കുടുംബമായിരുന്നു. ഭർത്താവ് എസ്. ശരവണൻ ഛായാഗ്രാഹകനും സംവിധായകനുമാണ്. മകൾ സായി തേജ സ്വാതിയുടെ പഠനവും ആരോഗ്യവും കുടുംബത്തിന്റെ കാര്യങ്ങളും നോക്കേണ്ടതുണ്ടായിരുന്നു. എല്ലാ വർഷവും ഓഫറുകൾ വരുമായിരുന്നു. പക്ഷേ, അപ്പോഴൊക്കെ വേറെ എന്തെങ്കിലും തിരക്കുണ്ടായിരിക്കും.

മാറി നിൽക്കുമ്പോഴും സിനിമയുമായുള്ള ബന്ധം എങ്ങനെയാണ് നിലനിറുത്തിയിരുന്നത്?

സിനിമകൾ ധാരാളമായി കാണുമായിരുന്നു. ഇന്ന ഭാഷ എന്നില്ല, എല്ലാതരം സിനിമകളും കാണും. തിയേറ്ററിൽ പോകാറുണ്ട്. കൊവിഡ് കാലത്തിനുശേഷം ഒ.ടി.ടിയിലും ധാരാളമായി സിനിമകൾ വരുന്നുണ്ടല്ലോ. മലയാളം സിനിമയും പരമാവധി കാണാൻ നോക്കും.  പ്രേമം കുറേ തവണ കണ്ട സിനിമയാണ്. നായാട്ട്, ഉയരെ, നൻപകൽ നേരത്ത് മയക്കം എന്നിവയൊക്കെ ഇഷ്ടപ്പെട്ട സിനിമയാണ്.

കേരളത്തിലേക്കുള്ള വരവ്?

അച്ഛന്റെ വീട് കോട്ടക്കലും അമ്മയുടെ വീട് പാലക്കാടുമാണ്. കുടുംബ ചടങ്ങുകളിലൊക്കെ പങ്കെടുക്കാൻ വേണ്ടി വരാറുണ്ട്. കോട്ടക്കലിൽ തറവാട് ഇപ്പോഴുമുണ്ട്. അവിടെയാണ് കസിൻസും മറ്റുബന്ധുക്കളും.

അഭിനയിച്ച സിനിമകൾ മകൾ കാണാറുണ്ടോ?

മോൾ  കുറച്ചു വലുതായപ്പോഴാണ് അമ്മ അഭിനേത്രിയാണെന്നൊക്കെ അറിഞ്ഞത്. എന്റെ കുറച്ചു സിനിമകളൊക്കെ കണ്ടിട്ടുണ്ട്. അമ്മയാണോ ഇതൊക്കെ ചെയ്തത് എന്നൊരു അത്ഭുതമൊക്കെയായിരുന്നു ആദ്യം. ഭർത്താവും നല്ല സപ്പോർട്ടാണ്.  സിനിമ ചെയ്യുന്നത് എനിക്ക് സന്തോഷമാണെന്നറിയാം. അതിനു വേണ്ടിയുള്ള കാര്യങ്ങളൊക്കെ ചെയ്യും. ഇപ്പോൾ പിന്നെ മോളുടെ പഠനമൊക്കെ കഴിഞ്ഞല്ലോ... ഞാൻ കുറേ കൂടി ഫ്രീയായി.

ഇത്രയും ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയിക്കാൻ എത്തിയപ്പോൾ പെട്ടെന്ന് ഓകെയായിരുന്നോ?

പ്രത്യേകിച്ച് അകൽച്ചയൊന്നും തോന്നിയില്ല. ആദ്യത്തെ ഷോട്ട് വരെയേ അങ്ങനെ തോന്നിയുള്ളൂ. സ്വാഭാവികമായി തന്നെ അതെല്ലാം ശരിയായി.

തിരിച്ചു വരുമ്പോഴൊക്കെ  സിനിമയുടെ ലോകം പെട്ടെന്ന് തന്നെ മാറിയതായി തോന്നിയോ?

നന്നായി തന്നെ മാറി. സിനിമയുടെ അന്തരീക്ഷം പൂർണമായി മറ്റൊന്നായി എന്നാണ് തോന്നിയത്. ആറ്റിറ്റിയൂഡാണെങ്കിലും സാങ്കേതിക വിദ്യകളാണെങ്കിലും അന്നത്തേതിൽ നിന്നും വലിയ വ്യത്യാസം വന്നു. പക്ഷേ, അതൊന്നും ബുദ്ധിമുട്ടായി തോന്നിയില്ല. അതെല്ലാം പറഞ്ഞു തരാനും സഹായിക്കാനുമായി എത്രയോ ആൾക്കാരുണ്ടവിടെ. ഒരു ടീം വർക്ക് എന്ന നിലയിലാണല്ലോ ഇപ്പോൾ എല്ലാവരും സിനിമയെ സമീപിക്കുന്നത്. അർജുന്റെ കൂടെ മാത്രമേ ഈ സിനിമയിൽ കോംബിനേഷൻ സീനുണ്ടായിരുന്നുള്ളൂ. അതു തന്നെ നേരിട്ട് ഷോട്ടിലേക്ക് പോകുകയായിരുന്നു. ടിനുവിനോട് റിഹേഴ്‌സൽ വേണ്ടേ എന്നു ചോദിച്ചപ്പോൾ വേണ്ട  ചേച്ചീ നേരിട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ആദ്യം ഇത്തിരി ടെൻഷൻ തോന്നിയെങ്കിലും പിന്നെ അതൊക്കെ മാറി. ഇതൊക്കെ എനിക്ക് മാറിയ അനുഭവങ്ങളായിരുന്നു.

പുതിയ സിനിമയും വരുന്നുണ്ടല്ലേ?

ഇപ്പോൾ അർജുൻ രമേഷ് സംവിധാനം ചെയ്യുന്ന 'പരാക്രമം' എന്ന സിനിമയിൽ അഭിനയിക്കുകയാണ് ഞാൻ. സാവിത്രി എന്ന കഥാപാത്രമാണ്. തൃശൂരിലാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്. അർജുനും എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചതാണ്. ആ വേഷം ചെയ്യാനായി ഒരു പാട് ഓപ്ഷനുകൾ അവർ ആലോചിച്ചിരുന്നു. പിന്നെയാണ് എന്നിലേക്ക് എത്തിയത്. നല്ലൊരു വേഷം തന്നെ ചെയ്യാനായതിന്റെ  സന്തോഷമുണ്ട്. ഇനി അവസരം വരുമ്പോൾ പറ്റുന്നതാണെങ്കിൽ ചെയ്യും.

മാറി നിന്നപ്പോൾ സിനിമയെ മിസ്സ് ചെയ്തിരുന്നോ?

അങ്ങനെ തോന്നിയിരുന്നില്ല. കാരണം സിനിമ ചെയ്യേണ്ട എന്നത് എന്റെ ചോയ്‌സായിരുന്നല്ലോ... സിനിമ എന്നെയല്ലല്ലോ, ഞാൻ സിനിമയിൽ നിന്നാണല്ലോ മാറി നിന്നത്. ഞാൻ നേരത്തെ പറഞ്ഞല്ലോ, സിനിമയേക്കാൾ എന്റെ പരിഗണന കുടുംബത്തിനായിരുന്നു. അവിടെ ഒരു കുറവും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിച്ചു. അതേ സമയം സിനിമകൾ കാണാനുള്ള ഒരു അവസരവും ഞാൻ ഉപേക്ഷിച്ചിരുന്നുമില്ല.

എല്ലാ ഭാഷകളിലും അഭിനയിക്കാൻ സാധിച്ചല്ലോ?

അതുമൊരു ഭാഗ്യം തന്നെയാണ്. സൗത്ത് ഇന്ത്യയിലെ നാലു ഭാഷകളിലും അഭിനയിക്കാൻ കഴിഞ്ഞു.ബാലതാരമായിട്ടാണ് കന്നഡയിൽ എത്തിയത്. രണ്ടുവർഷം നീണ്ട ഷൂട്ടായിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രം. അങ്ങനെ കന്നഡ പഠിച്ചു. തെലുങ്കിൽ അഭിനയിച്ചപ്പോൾ ആ ഭാഷയും മനസിലായി. മലയാളമാണ് മാതൃഭാഷ. പക്ഷേ, കൂടുതലും ചെന്നൈയിലായിരുന്നതിനാൽ ചെന്നൈ മിക്‌സ് മലയാളമാണ് എന്റേത്. പക്ഷേ, വായിക്കാനും എഴുതാനും അറിയില്ല.

സിനിമ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എങ്ങനെയാണ്?

വരുന്ന സിനിമകൾ എനിക്ക് പറ്റാവുന്നതാണെങ്കിൽ ചെയ്യും എന്നതു മാത്രമായിരുന്നു. താരപദവി, അല്ലെങ്കിൽ നായികാവേഷം അങ്ങനെ നിബന്ധനകളൊന്നും ഇല്ലായിരുന്നു. മത്സരിക്കാനൊന്നും പണ്ടേ താത്പര്യമില്ല.  എന്റേതായ വഴിയിലൂടെ സഞ്ചരിക്കുന്നതായിരുന്നു ഇഷ്ടം.

സിനിമയിൽ സൗഹൃദങ്ങൾ സൂക്ഷിക്കാറുണ്ടോ?

ഇല്ല. അങ്ങനെ ഞാൻ മന:പൂർവം ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. ഭർത്താവ് സിനിമയിൽ തന്നെയുള്ളതിനാൽ അവിടെ നിന്നും ഞാൻ മാറി നിൽക്കുന്നു എന്ന തോന്നലൊന്നും ഇല്ല. ആരെങ്കിലും  എന്നെ തിരക്കുകയാണെങ്കിൽ  അവരെ കാണാറുണ്ട്. അതല്ലാതെയുള്ള സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ല.

പത്തൊമ്പതുവയസിൽ കുടുംബിനിയായ ശ്യാമള...അന്ന് ഇത്രയും ഗൗരവമുള്ള വേഷത്തെക്കുറിച്ച് എന്തെങ്കിലും ടെൻഷനുണ്ടായിരുന്നോ?

കഥാപാത്രത്തിന്റെ വലിപ്പമൊന്നും മനസിലായിരുന്നില്ല. പക്ഷേ, യാതൊരു ടെൻഷനുമുണ്ടായിരുന്നില്ല. ശ്രീനിവാസൻ സാർ എന്നെ അഭിനയിക്കാൻ വിളിച്ചു എന്നതിന്റെ സന്തോഷം മാത്രമായിരുന്നു എനിക്ക്. അതും ടൈറ്റിൽ റോൾ കഥാപാത്രം. ശ്യാമളയെ അവതരിപ്പിക്കാനുള്ള പക്വത ഇല്ലായിരുന്നു ആ പ്രായത്തിൽ. പക്ഷേ, അതൊന്നും എന്നെ അലട്ടിയില്ല. ശ്രീനിവാസൻ സാറിന്റെ സിനിമകൾ അത്ര ഇഷ്ടമായിരുന്നു. രണ്ടുകുട്ടികളുടെ അമ്മകഥാപാത്രം എന്നൊന്നും ആലോചനയിൽ പോലും വന്നിട്ടില്ല. ശ്യാമള അത്ര നന്നായിട്ടുണ്ടെങ്കിൽ ശ്രീനിവാസൻ സാറിന്റെ എഴുത്തും സംവിധാനവും അത്ര സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം അത്ര ആത്മവിശ്വാസം തന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. എന്റെ ഭാഗ്യം തന്നെയായിരുന്നു ശ്യാമള. എല്ലാവർക്കും കിട്ടുന്ന അവസരമല്ല. അതേ പോലെ ആ സിനിമയിൽ എത്രയോ അഭിനയപ്രതിഭകളുണ്ട്. അവരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു എന്നതൊക്കെഎന്നുമുള്ള അഭിമാനമാണ്. ചെറിയ കുട്ടിയായി തന്നെയാണ് അവർ എന്നെ പരിഗണിച്ചത്. നിർദ്ദേശങ്ങളൊക്കെ തരുമായിരുന്നു. നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നല്ലോ. അതു പോലും ഞാൻ പ്രതീക്ഷിച്ചതല്ല. ഒരിടവേളയ്ക്കുശേഷം 'നഗരവാരിധി നടുവിൽ' ഞാൻ ചെയ്തതും ശ്രീനിവാസൻ സാർ എന്ന കാരണം കൊണ്ടാണ്. വർഷങ്ങൾ കുറേ കഴിഞ്ഞെങ്കിലും രണ്ടു സിനിമകൾക്കുമിടയിൽ വലിയ ഇടവേളയുള്ളതായി തോന്നിയിട്ടില്ല. എവിടെ പോയാലും ശ്യാമളേ.... എന്നൊരു വിളി എന്നെ കാത്തിരിക്കാറുണ്ട്.

Chaaver - Official Trailer | Tinu Pappachan | Kunchacko Boban | Justin Varghese| Arun Narayan

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക