1993 ൽ ദേശീയ അവാർഡ് പ്രഖ്യാപനവേള.മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭന മികച്ച നടിയാകുമെന്നാണ് പൊതുവേയുള്ള ചർച്ച. അവാർഡ് അനൗൺസ് ചെയ്യുമ്പോൾ ചെന്നൈയിലെ സാന്തോം പള്ളിയിലായിരുന്നു ശോഭന. മെഴുകുതിരി കത്തിച്ചു, പ്രാർത്ഥിച്ചു. അതുംകഴിഞ്ഞ് വീട്ടിലെത്തി. ശോഭനയുടെ തലവെട്ടം വാതിലിൽ കണ്ടയുടനെ അമ്മ വിളിച്ചു പറഞ്ഞു. ''ഇല്ല മോളേ... ഇല്ല. നിനക്ക് നാഷണൽ അവാർഡ് കിട്ടിയില്ല.''ഓർക്കാപ്പുറത്തായിരുന്നു അത്. അമ്മയ്ക്ക് തൊട്ടരികിൽ അച്ഛനുണ്ട്. ആ മുഖത്തേക്ക് ശോഭന സൂക്ഷിച്ചു നോക്കി.''ഛീ... പാവം...കിട്ടി മോളേ... എന്റെ മോൾക്ക് നാഷണൽ അവാർഡ് കിട്ടി. '' അച്ഛന്റെ ചിരിച്ച മുഖം ഒന്നുകൂടെ തിളങ്ങി. എപ്പോഴും അച്ഛന്റെ ചെല്ലപ്പിള്ളയായിരുന്ന ശോഭനയുടെ മുഖം സന്തോഷത്താൽ വിടർന്നു.
''എന്തൊരു ജോക്കായിരുന്നു അമ്മയുടേത്'' എന്ന് പറഞ്ഞാണ് ശോഭന ആരോടും ഇതുവരെ പറയാത്ത ആദ്യത്തെ ദേശീയ പുരസ്കാര നിമിഷങ്ങൾ പ്രിയകൂട്ടുകാരിയായ സുഹാസിനിയോട് പങ്കിട്ടത്. 'സംതിംഗ് സ്പെഷ്യൽ' എന്ന സുഹാസിനി ഷോയിലായിരുന്നു പോയ് മറഞ്ഞ കാലത്തിലെ രസമുള്ള ചിത്രങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളായ, മലയാളിയുടെ പ്രിയ നായികയായ ശോഭന തുറന്നു പറഞ്ഞത്. ഇതേ അഭിമുഖത്തിൽ ഇതുവരെ മറ്റാരോടും പറയാത്ത അഭിനയജീവിതത്തിലെ കുറേ രസമുള്ള മുഹൂർത്തങ്ങൾ ശോഭന പങ്കിടുന്നുണ്ട്. ഒപ്പം രജനീകാന്ത്, കമലഹാസൻ, ഐശ്വര്യാ റായ്, സംവിധായകരായ ബാലു മഹേന്ദ്ര, ഭാഗ്യരാജ്, പ്രിയദർശൻ, ഫാസിൽ എന്നിവരുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ്. നമ്മളിതുവരെ കേൾക്കാത്ത വിശേഷങ്ങൾ, കൗതുകമുള്ള അനുഭവങ്ങൾ, സുഗന്ധമേറും ഓർമ്മകൾ...'
1 shobhana.jpg
സുഹാസിനിയുടെ ചോദ്യത്തിന് രണ്ടേ രണ്ടു വാക്യങ്ങളിലാണ് ശോഭന തമിഴകത്തിന്റെ നെഞ്ചിടിപ്പായ സാക്ഷാൽ രജനീകാന്തിനെവിശേഷിപ്പിക്കുന്നത്, 'പക്കാ ജന്റിൽമാൻ'. 'ശിവ' എന്ന സിനിമയിൽ രജനീകാന്തിന്റെ നായികയായി അഭിനയിക്കുമ്പോൾ ഉണ്ടായ ഒരിക്കലും മറക്കാത്ത അനുഭവവും ശോഭന പങ്കിടുന്നുണ്ട്. ചിത്രത്തിലെ 'ഇരുവിഴിയിൻ' എന്ന പ്രണയഗാനത്തിലൂടെയായിരുന്നു ഷൂട്ടിംഗ് തുടക്കം. മഴയുടെ പശ്ചാത്തലത്തിൽ നായകന്റെയും നായികയുടെയും പ്രണയനിമിഷങ്ങളാണ് ചിത്രീകരിക്കേണ്ടത്.ഷൂട്ടിന് മുമ്പ് പതിവുപോലെ ശോഭനയ്ക്ക് കോസ്റ്റ്യൂം കിട്ടി. ഹാംഗറിൽ തൂക്കിയിട്ട സുതാര്യമായ ഒരു വെള്ളസാരി. ശോഭന അതെടുത്ത്തിരിച്ചും മറിച്ചും നോക്കി. സാരിയും ബ്ളൗസുമല്ലാതെ മറ്റൊരു കോസ്റ്റ്യൂമും കൂട്ടത്തിലല്ല. ചോദിച്ചപ്പോൾ ഇതാണ് കോസ്റ്റ്യൂം എന്നായിരുന്നു മറുപടി. വീട്ടിൽ പോയി എടുത്തുവന്നാലോ എന്ന് ചോദിച്ചപ്പോൾ ഇപ്പോ ഷൂട്ട് ചെയ്യാൻ പോകുകയാണെന്ന് പ്രൊഡക്ഷൻ ആൾക്കാർ പറഞ്ഞു.'പ്രീ മെഡിറ്റേറ്റഡ് മർഡർ' പോലെയായിരുന്നു ആ നിമിഷമെന്ന് ശോഭന പറയുന്നു.
തമിഴ് സിനിമയിലെ അന്നത്തെ മഴപ്പാട്ടുകളെല്ലാം ഇതേ മാതൃകയിൽ തന്നെയാണെന്ന് ശോഭനയുടെ അനുഭവം കേൾക്കുന്ന സുഹാസിനിയും സമ്മതിക്കുന്നുണ്ട്.കെ. ബാലചന്ദർ പ്രൊഡക്ഷന്റെ സിനിമയാണ്. നായികയെ കാത്തിരുന്ന് ഷൂട്ട് വൈകാൻ പാടില്ലല്ലോ. എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് ശോഭന ആ കാഴ്ച കണ്ടത്.പിന്നെ ഒന്നും ആലോചിച്ചില്ല.അത് ഒന്നൊന്നര ബുദ്ധിയായി. പത്തുനിമിഷത്തിനുള്ളിൽ ശോഭന റെഡി.പാട്ടിന്റെ ചിത്രീകരണം തുടങ്ങി. പ്രണയപൂർവം രജനീകാന്ത് ശോഭനയെ വാരിയെടുക്കണം. രജനീകാന്ത് അതേ പോലെ ചെയ്തപ്പോൾ ശോഭനയുടെ സാരിയിൽ നിന്നും കിർ കിർ കിർ എന്നൊരു ശബ്ദം, പ്ളാസ്റ്റിക് കവറിന്റെ കിരുകിരുപ്പ് പോലെ നായകന് തോന്നി. ഒരു നിമിഷം രജനീകാന്ത് എന്തോ ആലോചിച്ചു. പിന്നെ സംഗതി മനസിലാക്കി, കാഞ്ഞബുദ്ധി കണ്ടുപിടിച്ച മട്ടിൽശോഭനയെ ഒന്നു നോക്കി. പിന്നെ ഓ ഓ എന്ന് എല്ലാം മനസിലായതു പോലെ മുഖമൊന്നു ചലിപ്പിച്ചു.അത്ര സുതാര്യമായ സാരിയിൽ മഴയത്ത് അഭിനയിക്കാൻ വയ്യാത്തതുകൊണ്ട് ശോഭന ഒരു സൂത്രം ഒപ്പിച്ചിരുന്നു. എ.വി.എം സ്റ്റുഡിയോയിലെ ഒരു ടേബിൾ ക്ളോത്ത് എടുത്ത് അണ്ടർ സ്കാർട്ടായി ഉപയോഗിച്ചു. പിന്നെ സാരി ഉടുത്തു.നായിക ആരുമറിയാതെ എക്സ്ട്രാ വസ്ത്രം ധരിച്ച കാര്യം രജനീകാന്ത് ആരോടെങ്കിലും ഈ കാര്യം പറയുമോ എന്നൊരു പേടി ശോഭനയ്ക്കുണ്ടായിരുന്നു. എന്നാൽ രജനീകാന്ത് ഒരിടത്തും ആ കാര്യം പറഞ്ഞില്ല. ശോഭന 'സുഹാസിനി ഷോ' യിൽ ഈ കാര്യം പറഞ്ഞപ്പോൾ മാത്രമാണ്, രജനീകാന്തിനും ശോഭനയ്ക്കും അറിയാമായിരുന്ന ഒരു രഹസ്യം പരസ്യമായത്. തന്റെ കൂടെ ഫ്രെയിമിൽ ഉള്ളത് ആരായാലും അവരെ രജനീകാന്ത് കംഫർട്ടാക്കുമെന്നും ശോഭന പറയുന്നുണ്ട്.
2 shobana.jpg
അതേസമയം താൻ ഏറ്റവുമധികം ബുദ്ധിമുട്ടി അഭിനയിച്ച ചിത്രം 'ദളപതി'യാണെന്നും ശോഭന സുഹാസിനിയോട് തുറന്നു പറയുന്നു. അതിരാവിലെ മൂന്നുമണി മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ജോലി സമയം ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നത് പ്രയാസപ്പെടുത്തിയിരുന്നു. മുന്നൂറോളം പേർ മൂന്നുമണിക്ക് വന്നാലും മൂന്നൂറ്റിയൊന്നാമത്തെ ആൾക്ക് എന്തുകൊണ്ടു വരാൻ പറ്റുന്നില്ല എന്ന് മണി സാർ പറയുന്നത് ഇപ്പോഴും മറന്നിട്ടില്ലെന്നും ശോഭന ഓർക്കുന്നു. മലയാള സിനിമയുടെ ലൊക്കേഷനിൽ നിന്നും പത്തുദിവസത്തെ ബ്രേക്കെടുത്താവും 'ദളപതി'യിൽ ജോയിൻ ചെയ്യുന്നത്. അത് പിന്നെപതിനേഴും ഇരുപത് ദിവസമായും മാറും. പതിനെട്ടാം ദിവസം മുതൽ തനിക്ക് ഹോം സിക്ക് നെസ് വരും. പിന്നെ ഓരോ ദിവസവും എണ്ണി എണ്ണി കാത്തിരിപ്പാണ്.ഇന്നും തമിഴ്നാട്ടിൽ തന്നെ ആളുകൾ ദളപതി ഹീറോയ്ൻ എന്നാണ് തന്നെ കാണുമ്പോൾ പരസ്പരം പറയുന്നത്
. 'യമുനയാറ്റ്ട്രിലെ' എന്ന പാട്ടും ഇന്നും തന്നെ കുറിച്ച് ഓർക്കുന്ന പാട്ടാണ്. 'സുന്ദരി കണ്ണാൽ' എന്ന പാട്ടിൽ ഉപയോഗിച്ച കോസ്റ്റ്യൂം ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും ഇങ്ങനെ വേണം ആ ഗാനരംഗത്തിൽ നായിക എന്ന മണിസാറിന്റെ ചിന്തയാണ് അത്ര മനോഹരമായ കോസ്റ്റ്യൂമിന്റെ പിറവിക്ക് കാരണമായതെന്നും ശോഭന ഓർക്കുന്നു. ആ പാട്ടിന്റെ ചിത്രീകരണത്തിനിടയിൽ ഓൺ ദി സ്പോട്ടായി മണിസാർ ചില ഐഡിയകൾ കൊണ്ടു വന്നതും പാട്ടിന്റെ ഭംഗി കൂട്ടി. ഇന്നും ആളുകൾ ആ പാട്ട് ഓർമ്മിക്കുന്നത് മനോഹരമായ ചിത്രീകരണം കൊണ്ടു കൂടിയാണ്.'ദളപതി' യിൽ കൂടെ അഭിനയിച്ച അരവിന്ദ് സ്വാമി ശോഭനയുടെ ജൂനിയറായി പഠിച്ചതായിരുന്നു. അന്ന് ലൊക്കേഷനിൽ വച്ചും അരവിന്ദ് സ്വാമിയുമായി അടുപ്പമുണ്ടായിരുന്നില്ല. പക്ഷേ, മണി സാറുമായി വലിയൊരു ആത്മബന്ധം ആ സെറ്റിലേ അരവിന്ദ് സ്വാമിക്കുണ്ടായിരുന്നെന്നെന്നും ശോഭന കൂട്ടിച്ചേർത്തു.
"രാക്കമ്മാ കയ്യെ തട്ട് എന്ന പാട്ടിലെ "കുനിത്ത പുരുവവും" എന്ന വരികൾ ഉള്ള ഒരു ഭാഗം കൊറിയോഗ്രാഫി ചെയ്യിരുന്നതായി സുഹാസിനിയുടെ ചോദ്യത്തിന് ശോഭന മറുപടി പറയുന്നു"
.മണിരത്നത്തിന്റെ രാവണൻ സിനിമയിൽ ഐശ്വര്യ റായിയുടെ "കൾവരേ" എന്ന പാട്ടും ശോഭനയായിരുന്നു ചിട്ടപ്പെടുത്തിയത്. ഇന്ത്യയുടെ ട്രഡീഷണൽ സൗന്ദര്യത്തിന്റെ അടയാളമായ ഐശ്വര്യാ റായ് സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നത് വലിയ കാര്യമാണെന്നും മറ്റുള്ളവർ അങ്ങനെ ചെറിയ കാൻവാസിൽ സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നത് കാണാറില്ലെന്നും ശോഭന ചൂണ്ടിക്കാട്ടുന്നുണ്ട്.
5 shobhana.jpg
'മംഗളനായകി' എന്ന തന്റെ ഒമ്പതാം വയസിലെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചും ശോഭന പറയുന്നു. അന്ന് ഫുൾ മേക്കപ്പിട്ട് ആൾക്കാരുടെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നാൽ അവിടെയുള്ള ആരും മൈൻഡ് ചെയ്യുന്നില്ല. തന്നെ ആർക്കും കാണാൻ കഴിയുന്നില്ലേ എന്നായി സംശയം. അതിന്റെയിടയിൽ കെ.ആർ. വിജയാമ്മ വന്നു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് മാറി. പിന്നെ താൻ പറയേണ്ട ഡയലോഗ് ആരോ പറഞ്ഞു തന്നു, അതു പറഞ്ഞു. എല്ലാവരും കൈയടിച്ചു, പിന്നെ കൈ തന്നു അഭിനന്ദിച്ചു.
03 shobana.jpg
പിന്നീട് മലയാളത്തിൽ 'ഏപ്രിൽ 18'. അന്നും അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷേ, ഒരു ഗുണമുള്ളത് സംവിധായകൻ പറയുന്നത് അതേ പടി മനസിലാക്കും, അതേ പോലെ ചെയ്യും എന്നതാണ്. ആദ്യചിത്രങ്ങളിൽ അഭിനയത്തെക്കുറിച്ച് പേടിയുണ്ടായിരുന്നില്ല.പിന്നീട് ഗൗരവത്തോടെ കാണാൻ തുടങ്ങിയപ്പോഴാണ് പേടി തോന്നി തുടങ്ങിയത്. 'എനക്കുൾ ഒരുവൻ' എന്ന ചിത്രം വന്നു, നായകൻ കമലഹാസൻ. ആരാണ് ഹീറോ എന്നതിലൊന്നും വലിയ താത്പര്യം ഇല്ല. അതിനിടയിൽ അമ്മ ചോദിച്ചു, ആരാണ് ഹീറോ... അലക്ഷ്യമായി മറുപടി പറഞ്ഞു. കമലഹാസൻ.... അമ്മയുടെ മുഖത്ത് അവിശ്വസനീയമായതെന്തോ സംഭവിച്ചതു പോലെ ഭാവം. അവരൊക്കെ കമൽ
സാറിന്റെ വലിയ ഫാൻസ്. വീട്ടിലെ അലമാരയിലൊക്കെ കമലഹാസന്റെ പോസ്റ്ററുകളായിരുന്നു. അമ്മയുടെ മുഖം കണ്ടപ്പോഴാണ് എന്തോ വലിയ കാര്യമാണെന്ന ചിന്തയിൽ പേടിക്കാൻ തുടങ്ങിയത്. എ.വി.എം സ്റ്റുഡിയോയിലാണ് ചിത്രീകരണം. അതുവരെ കണ്ടത് ചിന്നമലയാളം സിനിമയിലെ സെറ്റ്, ഇത് വളരേയേറെ വലിപ്പത്തിലൊരു സെറ്റ്. ഒരു നീല ചുരിദാർ കോസ്റ്റ്യൂമിലാണ് ശോഭന. ഇടയ്ക്ക് കൊറിയോഗ്രാഫർപുലിയൂർ സരോജ അമ്മ വന്നു. ഹീറോയിനാണോ എന്ന് ചോദിച്ച് അടുത്തു വന്നതും ദാവണി വലിച്ചെടുത്തു. ശോഭന അത് പിടിച്ചെടുത്ത് വീണ്ടും സാരി പോലെ ചുരിദാറിന് മേലെ ചുറ്റി. മമ്മിയാരേ അവൾ ചെറിയ പെണ്ണ്, ഭയപ്പെടുത്തേണ്ടെന്ന് കമലഹാസൻ പറഞ്ഞു. അതൊക്കെ ഇപ്പോഴും ചിരിപ്പിക്കുന്ന ഓർമ്മകളാണ് ശോഭനയ്ക്ക്.ബാലുമഹേന്ദ്രയെ പോലെ ശാന്തനും നിശബ്ദനുമായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അഭിമുഖത്തിൽ ശോഭന പറയുന്നുണ്ട്. അദ്ദേഹം പുലർത്തിപ്പോന്ന ആ നിശബ്ദതയിൽ ചുറ്റുമുള്ള ലോകത്തെ കുറിച്ച് ചിന്തിക്കാതെ അഭിനേതാക്കൾക്ക് ജോലി ചെയ്യാം. ഇനി ഭാഗ്യരാജും പ്രിയദർശനുമാണെങ്കിൽ അത്ഭുതങ്ങളാണ്. സെറ്റിലിരുന്ന് സിഗരറ്റ് വലിച്ച് മറ്റേ കൈ കൊണ്ട് അന്ന് ചിത്രീകരിക്കേണ്ട രംഗങ്ങൾ എഴുതും. യാതൊരു ടെൻഷനുമില്ല. സിനിമ ഇറങ്ങുമ്പോൾ അത് സൂപ്പർ ഹിറ്റുകളായിരിക്കും.
4 shobana.jpg
മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട 'മണിച്ചിത്രത്താഴി' നെക്കുറിച്ചുള്ള ഓർമ്മകളും ശോഭന അഭിമുഖത്തിൽ പറയുന്നുണ്ട്. സംവിധായകൻ ഫാസിൽ കൃത്യമായി കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്നിരുന്നു. കൽക്കത്തയിൽ നിന്നും വരുന്ന സോഫ്റ്റായ പ്രകൃതക്കാരിയായ നായിക എന്നാണ് പറഞ്ഞത്. അവരുടെ കോസ്റ്റ്യൂമുകളെ കുറിച്ച് ആലോചിച്ചപ്പോൾ കോട്ടൺ സാരികളാണ് ഓർമ്മ വന്നത്. അന്ന് ആ സാരികൾ ഏറെ ചർച്ചാ വിഷയമായിരുന്നു.സിനിമയുടെ ക്ളൈമാക്സിൽ നാഗവല്ലിയുടെ നൃത്തരംഗത്ത് നെറ്റിയിൽ ചാർത്തിയ ചന്ദ്രഹാസം സ്ഥാനം മാറി കിടന്നതും മുഖത്ത് പരന്നൊഴുകിയ കൺമഷിയും പൊട്ടും വലിച്ചെറിഞ്ഞ മുല്ലപ്പൂവുമൊക്കെ കോസ്റ്റ്യൂമിൽ വിശദമായി ഉൾപ്പെടുത്തി. ചുവപ്പും വെള്ളയും സാരി കോഫി കോരിയൊഴിച്ച് ആ സീനിന് ചേരുന്ന രീതിയിൽ ഒരുക്കി.സംവിധായകനുൾപ്പെടെയുള്ള ടീമിന് ഇത്ര വിശദമായി ആലോചിക്കാനുള്ള സമയമില്ല. അത്ര തിരക്കിട്ട ഷൂട്ടാണ്.കുറേ തവണ ഇത് ചെയ്തു നോക്കി.പിന്നെ ഇത്ര പെർഫെക്ട് ആവേണ്ട എന്ന് സംവിധായകൻ തന്നെ പറഞ്ഞു. അങ്ങനെയാണ് ക്ളൈമാക്സിൽ ആടയാഭരണങ്ങളുൾപ്പെടെ എല്ലാം അലങ്കോലപ്പെടുന്ന രീതിയിൽ ആലോചിച്ചത്. അപൂർണതയെക്കുറിച്ച് താൻ പഠിച്ചത് മലയാള സിനിമയിൽ നിന്നായിരുന്നെന്നും അവർ പറയുന്നു.