പൂന്തെന്നൽ പോലുള്ള ഓർമ്മകളുമായി മിനി ജയരാജ് | ''പീലിയേഴും വീശി വാ'' എന്ന ഗാനത്തിൽ അഭിനയിച്ച ഗായികയും നർത്തകിയുമായ മിനി ജയരാജ് സംസാരിക്കുന്നു

Interviews

നീണ്ട വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ ഉള്ളിൽ പീലിയേഴും വീശിയെത്തുന്ന ഒരു പാട്ടോർമ്മയിൽ ഒരു പെൺകുട്ടിയുടെ മുഖമുണ്ട്. 'പൂവിന് പുതിയ പൂന്തെന്നൽ' എന്ന ചിത്രത്തിലെ ''പീലിയേഴും വീശി വാ'' എന്ന ഗാനത്തിൽ നീല സൽവാറിൽ പാട്ടുകാരിയായി പ്രത്യക്ഷപ്പെട്ട ആ മുഖം ആളുകൾ ഇപ്പോഴും ഓർക്കുന്നതിന് കാരണങ്ങളേറെയുണ്ട്. ബിച്ചു തിരുമല എഴുതി കണ്ണൂർ രാജൻ ഈണം പകർന്ന് യേശുദാസും ചിത്രയും ആലപിക്കുന്നതിന്റെ സകലമാന്ത്രികതയും ആ പാട്ടിനുണ്ടായിരുന്നു. ചിരിയെങ്ങും വിടരാത്ത ഗായികയുടെ വിഷാദം കലർന്ന ഭാവവും ആ പാട്ടിനെ മറക്കാൻ കഴിയാത്തതാക്കി. എവിടെയായിരുന്നു എന്ന ചോദ്യങ്ങൾക്കെല്ലാം മറുപടികളുമായി മലയാളികൾ ഇന്നും ഓർമ്മയിൽ കൊരുത്തിടുന്ന മിനി ജയരാജ് നമുക്ക് മുന്നിൽ എത്തിയിരിക്കുന്നു. കല പ്രാണവായു പോലെ കൊണ്ടു നടക്കുന്ന, സ്വപ്‌നങ്ങളെല്ലാം വിട്ടുകൊടുക്കാതെ കയ്യെത്തിപ്പിടിച്ച യാത്രയെക്കുറിച്ച് അവർ മനസു തുറക്കുന്നു.  

എന്തു കൊണ്ടായിരിക്കും ആളുകൾ ഇപ്പോഴും ഒരൊറ്റ പാട്ടിൽ വന്നു പോയ ആളെ ഓർക്കുന്നത്?

''പീലിയേഴും വീശി വാ''.... എന്ന പാട്ട്  ഹിറ്റ് പാട്ടാണ്. നമ്മളെ ഒന്നു പിടിച്ചു നിറുത്തുന്ന ഒരു മാജിക്കൽ പവർ ആ പാട്ടിനുണ്ട്. പിന്നെ ആണുങ്ങൾ ഡാൻസ് ചെയ്യുന്ന സീക്വിൻസ് പണ്ടങ്ങനെ കാണാറില്ല. ഈ പാട്ടിൽ അവരുടെ ഡാൻസ് വളരെ നന്നായി ഫാസിൽ സാർ ചിത്രീകരിച്ചിട്ടുണ്ട്. അതും ഒരു കാരണമാവാം. കുറേ തവണ കണ്ട പാട്ടിൽ അഭിനയിച്ചയാൾ എവിടെ പോയെന്ന കൗതുകവും ഒരു പക്ഷേ കാണും. പിന്നെ ആളെ എവിടെയും കണ്ടിട്ടുമില്ല.

ആ പാട്ടിൽ പാട്ടുപാടുന്ന പെൺകുട്ടിയെ ഒരുപാട് നേരം കാണിക്കുന്നുണ്ട്?

ഉണ്ട്. അതും ചിലപ്പോൾ എന്നെ ഓർക്കാൻ കാരണമായിട്ടുണ്ടാവാം. എന്നെ സംബന്ധിച്ചിടത്തോളം ഓർക്കാപ്പുറത്ത് സംഭവിച്ചതായിരുന്നു ആ പാട്ടും ചിത്രീകരണവുമെല്ലാം. അന്നുള്ളതിനേക്കാൾ അത്ഭുതം ആളുകൾ ആ പാട്ടിലൂടെ എന്നെ ഓർക്കുന്നു, തിരിച്ചറിയുന്നു എന്നറിയുമ്പോൾ ഇപ്പോൾ തോന്നുന്നുണ്ട്.

ഫാസിൽ സാറിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?

അന്ന് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. അതോടൊപ്പം തന്നെ പാട്ടും ഡാൻസും എല്ലാമുണ്ട്. ഫാസിൽ സാറിന്റെ കാമറാമാൻ ആനന്ദക്കുട്ടൻ സാറിന് എന്റെ അച്ഛൻ വി. രാധാകൃഷ്ണനെ നന്നായി അറിയാമായിരുന്നു. ഷൂട്ടിംഗ് നടക്കുന്ന ദിവസം രാവിലെ അദ്ദേഹം അച്ഛനെ വിളിച്ച് സിനിമയുടെ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ജോലി സ്ഥലത്തെ തിരക്കിൽ പകുതി കേട്ടു, പകുതി കേട്ടില്ല എന്ന അവസ്ഥയിലായിരുന്നു അച്ഛൻ. അന്നേരം തന്നെ എന്നെ ലാൻഡ് ഫോണിൽ വിളിച്ച്  വൈകീട്ട് ഒരു പ്രോഗ്രാമുണ്ടെന്ന് മാത്രം പറഞ്ഞു. എന്തു പരിപാടിയാണെന്ന് ചോദിച്ചപ്പോൾ പാട്ടാണെന്നും കയ്യിലുള്ള പാട്ടിന്റെ ബുക്കൊക്കെ എടുത്തോ എന്നും പറഞ്ഞ് അച്ഛൻ ഫോൺ വച്ചു. ഞാൻ അതു കേട്ടതും ഡിവോഷണൽ സോംഗ്‌സിന്റെ ബുക്കൊക്കെ എടുത്തു വച്ചു. വൈകീട്ട് വണ്ടി വിടുമെന്ന് അവർ പറഞ്ഞിരുന്നു.

അപ്പോഴും ഷൂട്ടിംഗ് ആണെന്ന ഒരു സൂചനയും ഇല്ല, അല്ലേ?

ഒന്നും തന്നെ ഇല്ല. എല്ലാ സിനിമകളും തിയേറ്ററിൽ വന്നു ഞങ്ങൾക്കൊപ്പം കാണുന്ന ആളാണ് അച്ഛൻ. പക്ഷേ, തിരക്കിലോ മറ്റോ ഷൂട്ടാണെന്ന് പറഞ്ഞ കാര്യമൊന്നും അത്ര ഗൗരവത്തിൽ എടുത്തില്ല ആള്. അങ്ങനെ വൈകീട്ട് കാർ  വന്നു. അപ്പോൾ അമ്മ ചോദിച്ചു, നിങ്ങൾ എവിടെയാണ് പോകുന്നതെന്ന്... എങ്ങോട്ടാണെന്ന് ഞങ്ങൾക്കും അറിയില്ലല്ലോ. അങ്ങനെ കാർ പോയി പോയി ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ മുന്നിലെത്തി. അവിടെ ചെന്നപ്പോഴാണ് ഫാസിൽ സാർ കാര്യങ്ങളൊക്കെ പറഞ്ഞു തന്നത്. അവർ നേരത്തെ ഒരു കുട്ടിയെ കണ്ടുവച്ചിരുന്നു. പക്ഷേ, സമയത്തിന് അവർക്ക് വരാൻ പറ്റിയില്ല. അന്നു തന്നെ അവർക്ക് ഈ ഗാനം ചിത്രീകരിക്കുകയും വേണം. ഇതാണ് സിറ്റുവേഷൻ. ലിപ് സിങ്ക് ചെയ്യാൻ പറ്റുന്ന, പാടാനറിയുന്ന ഒരാളെ വേണം. അങ്ങനെയാണ് അവിടേക്ക് ഞാൻ എത്തിപ്പെട്ടത്.

ഫാസിൽ സാർ എന്താണ് പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ?

ഫാസിൽ സാറും ആനന്ദക്കുട്ടൻ സാറും ഒരുപാട് താങ്ക്‌സാണ് ആദ്യം പറഞ്ഞത്. പിന്നെ ഫാസിൽ സാർ പറഞ്ഞു, പാട്ട് പാടുന്ന കുട്ടിയാണെന്നറിഞ്ഞു. ലിപ് സിങ്ക് വേണം എന്നള്ളതു കൊണ്ടാണ്  പാടുന്ന ഒരാളെ നോക്കി കൊണ്ടിരുന്നതെന്ന്. ഞാൻ പാടി അഭിനയിക്കേണ്ട പോർഷൻസ് ഒക്കെ സാർ പറഞ്ഞു തന്നു. അത്രയും സോഫ്റ്റായി, സിംപിളായി വ്യക്തമായാണ് സാർ ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞു തന്നത. കേന്ദ്രീയ വിദ്യാലയം സ്റ്റുഡന്റ് ആയ എനിക്ക്  മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. പിന്നെ അച്ഛനോട് ചോദിച്ച്  പാട്ട് ഹിന്ദിയിലേക്ക് മാറ്റി എഴുതി. ഷൂട്ടിംഗിന് പേപ്പറിൽ നോക്കി പാടാൻ പറ്റാത്തതു കൊണ്ട് പഠിച്ചെടുത്തു.

പാടി അഭിനയിക്കണം എന്നൊക്കെ പെട്ടെന്ന് കേട്ടപ്പോൾ എന്തായിരുന്നു അവസ്ഥ?

അവിടെ എത്തി പിന്നെ നടന്നതിനെ കുറിച്ച്  ഓർക്കുമ്പോൾ അന്നും ഇന്നുംഒരു സ്വപ്‌നം പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്നും പിടിയും കിട്ടാത്ത ഫീൽ എന്ന് പറയാം. ഉദയാസ്റ്റുഡിയോ എന്ന പേര് കൺമുന്നിൽ തെളിഞ്ഞതും അകത്തുകയറി ഫാസിൽ സാറിനെ കണ്ടതുമൊക്കെ സത്യമാണോ എന്നു പോലും തിരിച്ചറിയാൻ കഴിയുന്ന അവസ്ഥ ആയിരുന്നില്ല.പിന്നെ മേക്കപ്പ് മാൻ വന്നു, ടെയ്‌ലർ വന്നു ളോഹ പോലൊരു ഡ്രസ് തന്ന് അളവുകളെടുത്തു, അത് പിന്നെ ഒരു സൽവാർ ആയി എന്റെ കയ്യിലേക്ക് തന്നു,  മേക്കപ്പ് ചെയ്തു. അതിനിടയിൽ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു, അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ...

ആദ്യ ഷോട്ട് എന്തായിരുന്നു?

ബാറിന്റെ സെറ്റിട്ട് അതിലായിരുന്നു ചിത്രീകരണം. ഞാൻ നടന്നു വരുന്നതായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. രാത്രി തുടങ്ങി വെളുപ്പിന് വരെ ഷൂട്ട് തുടർന്നു. ഒരുപാട് പേർ പങ്കെടുത്ത രംഗമായിരുന്നതിനാൽ ഓരോ ചെറിയ കാര്യങ്ങളും ശരിയാകുന്നതു വരെ ഷൂട്ടിംഗ് നീണ്ടു. ബാബു ആന്റണി, സുരേഷ് ഗോപി, കുഞ്ഞുസുജിത എന്നിവരാണ് അന്നുണ്ടായിരുന്നത്. മമ്മൂക്ക അന്നുണ്ടായിരുന്നില്ല.

സുരേഷ് ഗോപിയെ പിന്നെ കണ്ടിരുന്നോ?

ഷൂട്ടിംഗൊക്കെ കഴിഞ്ഞ് രണ്ടുമൂന്നു വർഷം കഴിഞ്ഞപ്പോൾ രസകരമായ ഒരു സംഭവം നടന്നു. ഞാൻ സെന്റ് തേരേസാസിൽ ഡിഗ്രി പഠിക്കുന്ന കാലത്താണ്.ബികോം ഫൈനൽ ഇയർ ആയപ്പോൾ ഞാൻ ആർട്‌സ് ക്ലബ് സെക്രട്ടറിയായി. ആർട്‌സ് ക്ലബിന്റെ ഉദ്ഘാടനം വന്നു. അതിന് സെലിബ്രിറ്റി വേണമല്ലോ... ആരെ കിട്ടുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ബി.ടി. എച്ചിൽ സുരേഷ് ഗോപി സാർ ഉണ്ടെന്ന് ഞങ്ങളുടെ അയൽക്കാരൻ കൂടിയായ നിർമ്മാതാവ് പാവമണിയുടെ മകൻ ഞങ്ങളോട് പറഞ്ഞത്. അങ്ങനെ ടീച്ചർമാരും ഞാനും അദ്ദേഹത്തെ ക്ഷണിക്കാൻ പോകാൻ തീരുമാനിച്ചു. അവിടെ എത്തി കോളിംഗ് ബെല്ലടിച്ചു, സുരേഷ് ഗോപി സാർ വാതിൽ തുറന്നു, എന്നെ കണ്ടയുടനെ ചോദിച്ചു, നമ്മൾ തമ്മിൽ ഒന്നിച്ച് വർക്ക് ചെയ്തിട്ടില്ലേ എന്ന്... ഞാൻ സർപ്രൈസായി പോയി. ആ സമയം മനസിൽ സിനിമയുടെ കാര്യം പോലുമില്ല. സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന അത്ഭുതത്തിൽ ടീച്ചർമാർ എന്നെ നോക്കി. സാറിന് ഇത്ര നല്ല ഓർമ്മയുണ്ടല്ലേ എന്ന് ചോദിച്ചപ്പോൾ നന്നായി ഓർക്കുന്നുണ്ടെന്നായിരുന്നു മറുപടി. അങ്ങനെ സാർ ഞങ്ങളുടെ ആർട്‌സ് ക്ലബ് ഉദ്ഘാടകനായി.

കൂട്ടുകാർക്കിടയിലൊക്കെ സ്റ്റാർ ആയോ അന്ന്?

അവർക്കും എന്നെ പോലെ അത്ഭുതമായിരുന്നു. ഇന്നലെ വൈകീട്ട് വരെ കൂടെയുണ്ടായിരുന്ന ആൾ ഒന്നും പറയാതെ അഭിനയിച്ചു വന്നിരിക്കുന്നു എന്നായിരുന്നു അവർ കുറേ കാലം പറഞ്ഞുകൊണ്ടിരുന്നത്. സോഷ്യൽ മീഡിയകാലത്തിലെത്തിയപ്പോഴാണ് പലരും ആ പാടിയത് മിനിയല്ലേ എന്ന് തിരക്കി വന്നത്. എം. ജയചന്ദ്രനും ഞാനുമൊക്കെ യൂണിവേഴ്‌സിറ്റി ക്വയർ ടീമിൽ ഒന്നിച്ചുണ്ടായിരുന്നു. ഞങ്ങൾ എം.ജി യൂണിവേഴ്‌സിറ്റിയും ജയചന്ദ്രൻ കേരളയും. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ല പരിചയമാണ്. കഴിഞ്ഞ വർഷം ഒരു സംഗീത പരിപാടിയിൽ ഈ പാട്ട് ഒരു കുട്ടി പാടിയിരുന്നു. അപ്പോൾ വിധികർത്താവായിരുന്ന എം. ജയചന്ദ്രൻ പാടി അഭിനയിച്ചയാൾ തന്റെ കൂട്ടുകാരിയാണ്, യു.എസ്. എയിലാണ് എന്നൊക്കെ ആ കുട്ടിയോട് പറഞ്ഞു. ആ വീഡിയോ കണ്ടശേഷം കുറേ പേർ എന്നെ വിളിച്ചു. രാധികാ തിലക് എന്റെ സ്‌കൂൾ, കോളേജ് സഹപാഠിയായിരുന്നു.

കലയ്‌ക്കൊപ്പം തന്നെയാണല്ലോ ഇപ്പോഴും യാത്ര?

ഇപ്പോൾ അമേരിക്കയിൽ പോർട്ട്‌ലന്റിലാണ്. ഞാൻ അവിടെ കുട്ടികളെ പാട്ടും നൃത്തവും പഠിക്കുന്നുണ്ട്. സെപ്തംബറിൽ 'കൽപ്പന' എന്ന പേരിൽ പാട്ടും നൃത്തവും പരിശീലിപ്പിക്കുന്ന സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അരങ്ങേറ്റങ്ങൾക്ക് പാടാറുണ്ട്. സേവാ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായി മ്യൂസിക് ഷോ നടത്തുന്നതൊക്കെ ജീവിതത്തിലെ വലിയ വലിയ സന്തോഷങ്ങളാണ്. ബോളിവുഡ് ഗാനങ്ങളൊക്കെയാണ് അത്തരം ഷോകളിൽ പാടുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫൗണ്ടേഷനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പന്ത്രണ്ടാം വർഷമാണിത്.

കലയ്ക്ക് പ്രോത്സാഹനം ലഭിക്കുന്ന നാടാണ് അല്ലേ?

തീർച്ചയായും. ഒട്ടനവധി കലാപരിപാടികളും ഫെസ്റ്റിവലുകളും അവിടെ ഉണ്ടാകും. എനിക്ക് പഠിക്കാനും പഠിപ്പിക്കാനും പ്രോഗാമുകൾ അവതരിപ്പിക്കാനും കഴിയുന്നു. ഇവിടത്തെ പോലെ ഫ്യൂഷൻ രീതിയിലുള്ള പഠനം അവിടെ ഇല്ല. ശുദ്ധ സംഗീതവും നൃത്തവും എന്ന നിലയിലാണ് പഠിക്കുന്നത്. ഭരതനാട്യം പഠിപ്പിക്കുന്നതിനൊപ്പം കുച്ചിപ്പുഡി പഠിക്കുകയും ചെയ്യുന്നുണ്ട് ഞാൻ. കലാമണ്ഡലം കല്യാണക്കുട്ടിയമ്മയുടെ അടുത്താണ് പഠിച്ചു തുടങ്ങിയത്. പിന്നെ ടീച്ചറുടെ മകൾ ശ്രീദേവി ടീച്ചർ ഗുരുവായി.

അച്ഛന്റെ പ്രാണനായ കലാരംഗം മകളിലൂടെ തുടരുന്നു എന്നും പറയാം?

അച്ഛൻ പ്രെഫാഷണലി വക്കീലായിരുന്നു. മുത്തച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു നിയമപഠനം. ഇരിങ്ങാലക്കുടയായിരുന്നു ഞങ്ങളുടെ സ്വന്തം നാട്. അച്ഛന് അങ്ങനെ ഒരു വഴിയായിരുന്നു. മുത്തച്ഛന് വേണ്ടി കൊൽക്കത്തയിൽ പോയി നിയമം പഠിച്ചു. അതു കഴിഞ്ഞ് ഡൽഹിയിലേക്ക് പോയി ഗുരു ഗോപിനാഥിന്റെ ശിഷ്യനായി. തിരിച്ചു വന്ന് എറണാകുളത്ത് സെറ്റിലായി. ഇവിടെ 'കൽപ്പന ഡാൻസ് സെന്റർ' എന്ന സ്ഥാപനം തുടങ്ങി. മുപ്പത്തിരണ്ട് ബാലെകൾ കംപോസ് ചെയ്തിട്ടുണ്ട്. മൂന്നു വയസുമുതലേ ഞാൻ അച്ഛന്റൊപ്പം കലാമേഖലയിൽ ഉണ്ട്. അതു കഴിഞ്ഞ് അച്ഛൻ 'ആർട് കേരള' എന്ന സ്ഥാപനം തുടങ്ങി. വിദേശികൾക്ക് കഥകളി ആസ്വദിക്കാനുള്ള ഇടമായിരുന്നു അത്. 365 ദിവസവും കഥകളി കളിക്കുമായിരുന്നു. ഒരാൾ മാത്രമായിരുന്നു കാണി എങ്കിലും പരിപാടി നടത്തുമായിരുന്നു. അഞ്ചര തൊട്ട് എട്ടുമണി വരെ. ഞാൻ ഒറ്റമോളാണ്. അമ്മ സീത കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു. അവരുടെ പിന്തുണയാണ് എന്റെ കലാജീവിതത്തിന്റെ അടിസ്ഥാനം എന്നു തന്നെ പറയാം. മിക്കവരും പത്താംക്ലാസൊക്കെ കഴിയുമ്പോൾ കലാപഠനം നിറുത്തുകയാണല്ലോ കൂടുതലും. പക്ഷേ, ജീവിതം മുഴുവൻ കലയ്‌ക്കൊപ്പം നടക്കാൻ എനിക്ക് ഭാഗ്യം കിട്ടി. അച്ഛന്റെ അനുഗ്രഹം ആവുമത്. ഭർത്താവ് ജയരാജും കൂടെ നിൽക്കുന്ന ആളാണ്. എം കോം ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോഴായിരുന്നു വിവാഹം.ഞങ്ങൾ ബാന്ദ്രയിലായിരുന്നു ആദ്യം. 1995 ലാണ് ഇന്ത്യ വിട്ടത്. മക്കൾ രണ്ടുപേരാണ് സിദ്ധാർത്ഥ്. സ്‌നേഹ.

കലാരംഗത്ത്  മറക്കാനാവാത്ത ഏതെങ്കിലും അനുഭവം പറയാമോ?

കലയെക്കുറിച്ച്  പറയുകയാണെങ്കിൽ ഒരുപാട് ഓർമ്മകളും അനുഭവങ്ങളുണ്ട്. ഭർത്താവ് ജപ്പാനിലെ ഐ.ബി. എമ്മിൽ ജോലി ചെയ്യുന്ന കാലം. ജപ്പാൻ എന്നു പറയുമ്പോൾ എന്റെ ധാരണ ഇന്ത്യക്കാരായി ഞങ്ങൾ മാത്രമേ കാണൂ എന്നായിരുന്നു. അവിടെ പോയപ്പോൾ നിറയെ ഇന്ത്യക്കാരും മലയാളികളും. ഒരു ദീപാവലി ഫംഗ്ഷനിൽ നൃത്തം ചെയ്യാമോ എന്ന സ്‌നേഹപൂർണമായ അന്വേഷണം എന്നെ തേടിയെത്തി. മോന് ഒരു വയസ് പ്രായമാണ്. പിന്നെ ഒരു ബ്രേക്ക് വന്നതിന്റെ മടിയുമുണ്ട്. ഞാൻ അപ്പോൾ തന്നെ പറഞ്ഞു, എന്റെ കയ്യിൽ പാട്ടില്ല, കോസ്റ്യൂംസ്... ഒന്നും തന്നെ ഇല്ല എന്ന്. പിറ്റേ ദിവസം അവർ എന്നെ വിളിച്ചു. ഒന്നും പേടിക്കേണ്ട, എല്ലാം റെഡിയാണന്ന് പറയാൻ. എന്തിനേറെ ലൈവ് ഓർസ്ട്ര വരെ റെഡിയായിരുന്നു. പറഞ്ഞാൽ ആരും വിശ്വസിക്കില്ല, എനിക്ക് വേണ്ടി അന്ന് പാടിയത് സംഗീതത്തിൽ ഡൽഹിയിൽ നിന്നും മാസ്റ്റർ ബിരുദമെടുത്ത ജാപ്പനീസ് സ്വദേശിനിയാണ്. കർണാടക സംഗീതം പഠിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, അവർ അത്രയും പാഷനോടെ, സമർപ്പണമെന്നോണം ശാസ്ത്രീയ സംഗീതത്തിനൊപ്പം സഞ്ചരിക്കുകയാണ്. അങ്ങനെ അന്ന് ഞാൻ പരിപാടി അവതരിപ്പിച്ചു. അന്നെനിക്ക് തോന്നി, ആളുകൾ കലയെ ഇത്രയധികം സ്‌നേഹിക്കുമ്പോൾ നമ്മുടെ കയ്യിലുള്ള കലയെ നമ്മളും മുന്നോട്ടു കൊണ്ടുപോകണമെന്ന്. പാട്ടും നൃത്തവുമൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണ്. അതൊരിക്കലും നഷ്ടപ്പെടുത്തരുത്. മോളും പാട്ടും നൃത്തവും പഠിച്ചിട്ടുണ്ട്.

പീലിയേഴും വീശി വാ HD | Peeliyezhum Veeshi Vaa | Mammootty, Suresh Gopi - Poovinu Puthiya Poonthennal

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment