ഹമാം സോപ്പിൻ്റെ പരസ്യത്തിൽ നിന്ന് പ്രണയ വിലാസം സിനിമയിലെ അനുശ്രീ എന്ന കഥാപാത്രത്തിലേക്ക്-നടി ശ്രീധന്യ സംസാരിക്കുന്നു

Interviews

ചായ, കാപ്പി ആവശ്യപ്പെട്ടുള്ള അച്‌ഛന്റെയും മകന്റെയും വിളികൾക്കിടയിൽ, അംഗീകാരമോ, ചേർത്തുപിടിക്കലോ ഇല്ലാതെ ആരുമറിയാതെ അലിഞ്ഞു തീർന്ന, പ്രാണനായി സൂക്ഷിച്ചുവച്ച ഫുട്ബാളിൽ സകല നഷ്‌ടങ്ങളും ഒളിപ്പിച്ചു വച്ച അനുശ്രീ. ഒരുപാട് സ്ത്രീകൾ 'പ്രണയവിലാസം' എന്ന സിനിമയിലെ അനുവിൽ തങ്ങളുടെ ജീവിതം തന്നെ കണ്ടു, അടക്കിപ്പിടിച്ചു കരഞ്ഞു, ഉള്ളിൽത്തട്ടി വേദനിച്ചു. ഓർക്കാപ്പുറത്ത് അവൾക്ക് യാത്ര പറയാതെ പോകേണ്ടി വന്നപ്പോൾ ആ വീടിനൊപ്പം ഉൾക്കിടിലം കൊണ്ടത് അരുമയായി അവളുടെ സാരിയുടെ അറ്റത്ത് അരുമയായി നിന്ന പൂച്ചയും കൂടിയായിരുന്നു. അവളെ അന്വേഷിക്കുന്ന പൂച്ചയുടെ മുഖത്തെ സങ്കടം കൊണ്ടു കൂടിയാണ് അനുശ്രീ എന്ന കഥാപാത്രം തിയേറ്റർ വിട്ടാലും ആസ്വാദകർ മറക്കാത്തതും. എത്രയോ കാലമായി ഇവിടെ ഉണ്ടായിരുന്ന ശ്രീധന്യയാണ്  അനുശ്രീയ്‌ക്ക് മനോഹരമായി ജീവൻ പകർന്നത്. ഈ നിമിഷവും തേടിയെത്തുന്ന അഭിനന്ദനങ്ങൾ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളായി  ശ്രീധന്യ സൂക്ഷിച്ചു വയ്‌ക്കുന്നു. 

അനശ്വരയുമായി നല്ല സാമ്യമുള്ള മുഖമായ ശ്രീധന്യയെ തേടി എങ്ങനെ ഈ കഥാപാത്രമെത്തി?

അപ്രതീക്ഷിതമായിരുന്നു. നിഖിലും നിർമ്മാതാവ് രഞ്ജിത്തും കോൾ  കോൺഫറൻസിംഗിലൂടെ എന്നെ വിളിക്കുകയായിരുന്നു. അനശ്വരയ്‌ക്ക് പറ്റിയ ഒരാളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അവർ. എന്റെ മുഖം പറ്റുമെന്ന് നിഖിലിന്   വിശ്വാസമുണ്ടായിരുന്നു. പക്ഷേ, അത് കൺവിൻസ് ചെയ്യാൻ പറ്റിയിരുന്നില്ല. അപ്പോഴാണ് ഞാനും അനശ്വരയും പണ്ട് ചെയ്‌ത ഹമാം സോപ്പിന്റെ പരസ്യത്തിലെ തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടത്. രണ്ടുപേരും ഇരിക്കുന്ന  ചിത്രമായിരുന്നു അത്. അപ്പോൾ അവർക്ക് ഞങ്ങൾ തമ്മിൽ സാദൃശ്യം തോന്നി. ഡയറക്ടർ തന്നെ പ്രൊഡ്യൂസർക്കൊക്കെ അയച്ചു കൊടുത്തു. അങ്ങനെയാണ് അവർ വിളിക്കുന്നതും സംസാരിക്കുന്നതും. 

പിന്നെ ഓർക്കുമ്പോഴാണ് സിനിമ ഒന്നു കൂടെ മധുരിക്കുന്നത്?

അതേ. എല്ലാവരും അതു തന്നെയാണ് പറഞ്ഞത്. ഭർത്താവും മക്കളും മുംബയിലായിരുന്നു സിനിമ കണ്ടത്. ആ സമയത്ത് ഹൈദരബാദിൽ ഷൂട്ടിലായതിനാൽ അവർക്കൊപ്പം സിനിമ കാണാൻ ഞാനുണ്ടായിരുന്നില്ല. സിനിമ കണ്ടാൽ അമ്മയ്‌ക്ക് വിഷമമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കൊണ്ടു പോകണ്ടേ എന്ന് ഞാൻ പറഞ്ഞിരുന്നു. സിനിമ കണ്ടപ്പോൾ അവർ വല്ലാതെ ഫീലായി. എന്നെ കാണാൻ തോന്നി എന്നു പറഞ്ഞു. സിനിമ  കണ്ടിറങ്ങിയപ്പോൾ മുതൽ വിങ്ങലാണെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്, മെസേജുകൾ വന്നിട്ടുണ്ട്. നടി ശ്രുതി രാമചന്ദ്രൻ വിളിച്ചു സംസാരിച്ചു. അതൊക്കെ വലിയ സന്തോഷങ്ങളാണ്. 

അനുവിനെ പോലെ ആരുമറിയാതെ കൊഴിഞ്ഞു പോകുന്ന എത്ര സ്ത്രീകളാണ് അല്ലേ?

ഒരുപാടു പേരുണ്ട്. സിനിമ കണ്ട് സ്വന്തം അമ്മമാരെ,അറിയുന്ന മറ്റുളളവരെ ഓർത്ത എത്രയോ 
പേരുണ്ട്. എല്ലാവരും പറഞ്ഞത്.അനുവിന്റെ അവസാനസമയമൊക്കെ ശരിക്കും ഫീൽ ചെയ്‌തു എന്നാണ്.  എല്ലാവരുടെയും മനസിൽ ആ കാരക്‌ടർ അങ്ങനെ തന്നെ ഇപ്പോഴുമുണ്ട്. വീട്ടിലുള്ള സ്ത്രീകളെ ഓർക്കുന്നവർ എത്രയുണ്ട്. നാട്ടിലെ പാൽക്കാരന് അറിയാം, ഓട്ടോറിക്ഷക്കാരനറിയാം എന്നൊരു ഡയലോഗും മനോജേട്ടന്റേതായുണ്ടായിരുന്നല്ലോ സിനിമയിൽ. അത്ര പരിചയമുള്ള കഥാപാത്രമായതുകൊണ്ടാവണം ആൾക്കാർക്കും ഇഷ്‌ടപ്പെട്ടത്. 

അനുവിന്റെ പൂച്ച കരയിച്ചു കളഞ്ഞല്ലോ?

ഞാൻ സിനിമയുടെ പ്രിവ്യൂ കണ്ടിരുന്നില്ല. അന്ന് ഷൂട്ടുണ്ടായിരുന്നു. അപ്പോഴാണ് അനശ്വരയുടെ  അമ്മ വിളിച്ച്, ഇവിടെ അനു ഭയങ്കര ക‌രച്ചിലാണെന്ന് പറഞ്ഞത്. പൂച്ചയുടെ സീൻ കണ്ടപ്പോഴായിരുന്നത്രെ വലിയ സങ്കടമായത്. നമ്മൾ ആ സീനിൽ അഭിനയിച്ചതാണെങ്കിലും മാറി നിന്നു ഈ സീൻ കാണുമ്പോൾ നമ്മളും കരഞ്ഞു പോകും. എനിക്കങ്ങനെ അഭിനയിച്ച സിനിമ പിന്നെ കാണുമ്പോൾ അത്ര  ഫീൽ തോന്നാറില്ല. പക്ഷേ, ഇതങ്ങനെ ആയിരുന്നില്ല. ഒരു പക്ഷേ, ട്രീറ്റ്മെന്റിന്റെ പ്രത്യേകത ആയിരിക്കും. അടുക്കളയിൽ വന്ന് പൂച്ച അനുവിനെ എത്തി നോക്കുന്ന രംഗമൊക്കെ ജീവിതത്തിൽ നിന്നും പകർത്തിയതു പോലുണ്ട്. 

ഇത്ര ആഴമുള്ള കഥാപാത്രമാണെന്ന് മനസിലാക്കിയിരുന്നോ?

കഥ പറഞ്ഞപ്പോൾ തന്നെ പ്രൊഡ്യൂസർ പറഞ്ഞിരുന്നു, നിങ്ങളെക്കുറിച്ചാണ് ഈ കഥ  പറയുന്നതെന്ന്.  അഭിനയിക്കുമ്പോൾ എനിക്കും അത്ര അറിയില്ലായിരുന്നു റോളിന്റെ പ്രാധാന്യം. കഥ കേട്ടപ്പോൾ ഇതേ ഡെപ്‌ത്ത് ഫീൽ ചെയ്‌തിരുന്നു. അഭിനയിക്കുമ്പോൾ ഞാൻ ചിന്തിച്ചത്, അച്ഛനും മോനും അന്വേഷിച്ചു പോയി കണ്ടെത്തുന്ന രീതിയിൽ ആവുമതെന്നായിരുന്നു. ഇത്രയും വേദനിപ്പിക്കുന്ന രീതിയിൽ ആവുമെന്ന് അറിയില്ലായിരുന്നു. 

കണ്ണൂർ ഭാഷ കുഴപ്പിച്ചോ ?

സ്ക്രിപ്റ്റ് നേരത്തെ അയച്ചു തന്നിരുന്നു. പൊതുവേ എനിക്കങ്ങനെ നേരത്തെ സ്‌ക്രിപ്റ്റൊന്നും കിട്ടിയിട്ടില്ല.  പക്ഷേ, നിഖിൽ ഇത് അയച്ചു തന്നു. ഞാനത് വായിച്ചപ്പോൾ  കുറച്ച് ഡയലോഗുകളേ ഉള്ളൂവെങ്കിലും അത് നാചുറലായി ചെയ്യണമെന്ന് തോന്നി. കണ്ണൂർ ഭാഷ സംസാരിക്കുന്നവരുടെ            യൂ ട്യൂബ് വീഡിയോ എടുത്ത് ഞാൻ നോക്കി. ആളുകൾ സംസാരിക്കുന്നതിന്റെ കുഞ്ഞു കുഞ്ഞു വ്യത്യാസങ്ങൾ അറിയാമല്ലോ. സിനിമ ഷൂട്ട് ചെയ്‌ത വീട്ടിലെ ശിവ എന്ന ചേച്ചിയും അപ്പുവും നല്ല കൂട്ടായിരുന്നു. കുടുംബംപോലെ  എന്നു തന്നെ പറയാം. അവരോട് നിറയെ സംസാരിക്കുമായിരുന്നു. അങ്ങനെ ആ ഒരു ശൈലി പെട്ടെന്ന് പഠിച്ചു. 

അവസാനനിമിഷങ്ങളൊക്കെ നന്നായാണ് എടുത്തിരിക്കുന്നത്?

അതേ... അതാണ് ഞാൻ പറഞ്ഞത്  ശരിക്കും പെയിൻ തന്നെയാണതെന്ന്. പറഞ്ഞറിയിക്കാൻ കഴിയാത്ത സങ്കടം. അമ്മ എന്റെ കൂടെ ഇരുന്നാണ് സിനിമ കണ്ടത്. അമ്മയ്‌ക്ക് വിഷമം ആകാതിരിക്കാൻ ഞാൻ കണ്ടോണ്ടിരിക്കുമ്പോൾ തന്നെ ചെറിയ സൂചനകൾ കൊടുത്തിരുന്നു. പക്ഷേ, ആ രംഗമെത്തിയപ്പോൾ അമ്മ കരഞ്ഞുകൊണ്ട് ഒറ്റപ്പോക്കായിരുന്നു. അമ്മയ്‌ക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സാധാരണ സിനിമയിലെ മരണരംഗം പോലെയല്ല.  ആളുകൾക്ക് വലിയ രീതിയിൽ ഫീൽ ആകുന്നുണ്ട്.  മനോജേട്ടനും അർജുനും ഹൃദയം പൊടിഞ്ഞുപോകുന്ന രീതിയിലാണ്  ആ രംഗങ്ങളിലൊക്കെ അഭിനയിച്ചിരിക്കുന്നത്. അതുവരെ ആത്മബന്ധമില്ലെങ്കിൽ പോലും ഭാര്യ മരിച്ചു കിടക്കുമ്പോഴുള്ള മനോജേട്ടന്റെ ബഹളമൊക്കെ വല്ലാതെ വിഷമിപ്പിക്കും. കാസ്റ്റിംഗ്  നന്നായതും എടുത്തു പറയണം. എല്ലാവരും റോളുകളോട് നീതി പുലർത്തി. അർജുൻ പണ്ട് സ്നേഹിച്ചിരുന്ന പെൺകുട്ടിയെ കാണിക്കുന്നില്ലേ.. അതു പോലും ഇത്ര ചെറുപ്പത്തിൽ ഇത്ര ഡീപ്പായി എഴുതാൻ കഴിയുന്നുല്ല... മനുഷ്യരെ പിടിച്ചെടുക്കാൻ പറ്റിയത് സ്ക്രിപ്റ്റിന്റെ ശക്തിയല്ലേ... മനോജേട്ടന്റെയം മിയയുടെയും പ്രണയം തന്നെ എത്ര മനോഹരമായാണ് കാണിക്കുന്നത്. 

കഥ കേട്ടപ്പോൾ അനുവെന്ന കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുമെന്ന് ആലോചിച്ചിരുന്നോ?

ഉള്ളിലൊരു ഭയമുണ്ടായിരുന്നു. അത്രയും നാചുറലായി ചെയ്യണമല്ലോ. അതിനെന്നെ സഹായിച്ചത് നിഖിലാണ്. അത്ര വൃത്തിയായി എന്നെ കൊണ്ട് ചെയ്യിപ്പിച്ചു എന്നു പറയാം. ഫുൾടൈം എന്റെ കൂടെ നിന്ന് ഒരു ചെറിയ പാകപ്പിഴ  പോലും വരാതെ ശ്രദ്ധിച്ചു ചെയ്യിപ്പിച്ചു. ചെറിയ ചെറിയ കാര്യങ്ങൾ വരെ കറക്റ്റ് ചെയ്‌തു ചെയ്‌തു . പുള്ളിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാം വ്യക്തമായ ധാരണയുമുണ്ട്, കൃത്യമായി പറഞ്ഞുതരികയും ചെയ്യും. അത് അങ്ങോട്ടും ഇങ്ങോട്ടും പോകാതെ ശ്രദ്ധിക്കുകയും ചെയ്യും. വളരെ സിംപിൾ ആണ്, ടെൻഷനടിപ്പിക്കില്ല. തുടക്കക്കാരനാണെങ്കിലും അത്രയും പരിചയമുള്ള രീതിയിലാണ് നിഖിൽ കൈകാര്യം ചെയ്‌തത്. അത്ര നമ്മളെ കംഫർട്ടബിളാക്കിയാണ് ഓരോ സീനും ചെയ്യുന്നത്. അതേ പോലെ ക്രൂവിനോടും നന്ദി പറയണം. അസിസ്റ്റന്റ് ഡയറക്‌ടേഴ്സ്, ക്യാമറ, ആർട്ട് എല്ലാവരും ഒരേ മനസുള്ളവരായിരുന്നു. ഇത്ര നല്ല ക്രൂവിന്റെ കൂടെ വർക്ക് ചെയ്‌തിട്ടേയില്ല.വല്ലാത്ത വൈബ് ആയിരുന്നു. ഷൂട്ടിംഗിന്റെ ഓരോ ദിവസവും എൻജോയ് ചെയ്തു എന്നു തന്നെ പറയാം.

'കൂടെവിടെ' സീരിയലിൽ അദിതി ടീച്ചറെ ഇനി കാണില്ലേ?

ആക്‌ച്വലി കഥയൊക്കെ മാറി മറഞ്ഞുപോയി. സീരിയൽ ചെയ്യില്ലെന്നായിരുന്നു നേരത്തെ തീരുമാനിച്ചെങ്കിലും 'കൂടെവിടെ'യിലെ അദിതി ടീച്ചർ അത്രയും നല്ല കഥാപാത്രമായതുകൊണ്ടാണ് ചെയ്‌തു തുടങ്ങിയത്. പിന്നെ ആ കാരക്ടറിന് തീരെ പ്രാധാന്യമില്ലാതായി തീരുമ്പോൾ അതിനുവേണ്ടി സമയം മാറ്റിവയ്‌ക്കുന്നതിൽ നമുക്ക് ഒരു സംതൃപ്‌തി തോന്നില്ല. അങ്ങനെ പതുക്കെ പതുക്കെ മാറിയതാണ്. അല്ലാതെ തന്നെ ഒരു ദിവസം, രണ്ടുദിവസം എന്നിങ്ങനെയായിരുന്നു ഷൂട്ട്. അതൊന്നും വിഷമമുള്ളകാര്യമല്ല. കണ്ടന്റുണ്ടെങ്കിൽ ഞാൻ ഹാപ്പിയായിരുന്നു ചെയ്യാൻ. പലരും വിളിച്ച് പറയാൻ തുടങ്ങിയപ്പോഴാണ് മാറാമെന്ന് തീരുമാനിച്ചത്. ആദ്യം നല്ലൊരു കഥാപാത്രമായിരുന്നു, ആളുകളുടെ ഉള്ളിലേക്കത് വല്ലാതെ എത്തുകയും ചെയ്‌തു. സത്യം പറഞ്ഞാൽ എങ്ങനെയെങ്കിലും കണ്ടിന്യൂ ചെയ്യണമെന്നായിരുന്നു. ഇനിയിപ്പോൾ ഞാനില്ല. ആളുകൾ  ടീച്ചർക്ക് എന്തു പറ്റിയെന്ന് അന്വേഷിക്കുന്നത് ഞാനും കാണുന്നുണ്ട്. അത്ര നല്ല കഥാപാത്രമാണ് ബോൾഡാണെന്ന് പറഞ്ഞതു കൊണ്ടാണ് ചെയ്‌തത്. 

ആദ്യത്തെ സിനിമയുടെ ഓർമ്മ?

ശശി പരവൂരിന്റെ  'കടാക്ഷം' എന്ന സിനിമയാണ് ആദ്യം ചെയ്‌തത്. കഥ പറയുമ്പോൾ പ്രധാനപ്പെട്ട കാരക്ടർ ആണെന്നാണ് പറഞ്ഞത്. പിന്നെ അദ്ദേഹം വിളിച്ച്  ചില മാറ്റങ്ങളുണ്ടെന്നും മറ്റൊരു റോളിലേക്കാണ് എന്നെ പരിഗണിക്കുന്നതെന്നും പറഞ്ഞു. ആദ്യം പറഞ്ഞ റോൾ ചെയ്‌തത് ശ്വേതാ മേനോനാണ്. എനിക്ക് ആ സമയത്ത് സിനിമയെ പറ്റി വലിയ ധാരണയില്ല. ഒരു ഫാമി​ലി​ ട്രി​പ്പ് പോലെ പോയി​ അഭി​നയി​ച്ചു.പിന്നെ വിളിക്കുന്നവരെല്ലാം അതേ പോലെയുള്ള റോളുകളിലേക്കാണ് വിളിച്ചത്.  കുറേയെണ്ണം വേണ്ടാന്ന് വച്ചു. പിന്നെ എനിക്ക് പരിചയമുള്ളവരോടാണെങ്കിൽ പോലും അവസരം ചോദിക്കാനോ, സ്വയം ഓർമ്മപ്പെടുത്താനോ വലിയ മടിയാണ്. അവരെ ബുദ്ധിമുട്ടിക്കുക ആണോ എന്ന ചിന്ത വരും. നമ്മൾ സ്വയം ഓർമ്മിപ്പിച്ചാലേ  ചാൻസ് കിട്ടൂ എന്നൊക്കെ പറയാറുണ്ട്. അങ്ങനെ വിളിക്കുമ്പോൾ ശല്യം ചെയ്യുന്നതാണോ എന്ന തോന്നൽ എനിക്ക് വരും. സിനിമാമേഖലയിൽ അതൊരു കുറവ് തന്നെയാണ്. എനിക്കത് പറ്റാറേയില്ല. നിഖിലിനോട് മാത്രമാണ്  ആദ്യമായി ഇനി സിനിമ എടുക്കുമ്പോൾ എന്നെ ഓർക്കണം എന്ന് പറഞ്ഞത്. സിനിമ വരുമ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുമ്പോഴാണ്  യെസ് പറയുന്നത്. അങ്ങനെ തോന്നി ഏറ്റെടുത്തിട്ടും ചെയ്യാനൊന്നുമില്ലാതായി പോയ സിനിമകളുമുണ്ട്. 

അവതാരക, മീഡിയ പേഴ്സൺ ഇതെല്ലാം ഇഷ്‌ടപ്പെട്ടു ചെയ്‌തതാണോ?

അതേ. സമാന്തരം  എന്നൊരു പ്രോഗ്രാം അമൃതയിൽ ചെയ്‌തു. മനോരമയിൽ 'വീട്', ഏഷ്യാനെറ്റിൽ 'ഗൃഹാതുരം' എന്ന പ്രോഗ്രാമുകളും ചെയ്‌തിരുന്നു. ഇപ്പോൾ തെലുങ്കിൽ 'മാത്തബംഗാരം' എന്ന സീരിയലിൽ ടൈറ്റിൽ വേഷം ചെയ്യുന്നുണ്ട്. ആദ്യം കടുകട്ടിയായിരുന്നു ആ ഭാഷ എനിക്ക്. ഇപ്പോ മനസിലാകും എന്ന സ്ഥിതി വന്നിട്ടുണ്ട്. ഇപ്പോ സ്ക്രിപ്റ്റ് വായിക്കുമ്പോൾ മനസിലാകും, ചില വാക്കുകൾ പിടിച്ചു പിടിച്ചാണ് മനസിലാകുന്നത്. ഇപ്പോ വായിക്കുമ്പോ മനസിലാകും. അമൃതയിൽ മഴയെത്തും മുമ്പേ എന്നൊരു സീരിയൽ ചെയ്യുന്നുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ  സിനിമ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നു. 

നല്ല ശബ്ദമാണല്ലോ. ഡബിംഗ് സ്വന്തമായല്ലേ?

അഭിനയിക്കുമ്പോൾ സ്വന്തം ശബ്ദത്തിൽ തന്നെ വേണമെന്ന് നിർബന്ധമുണ്ട്. അല്ലെങ്കിൽ ആത്മാവില്ലാതെ ആയിപ്പോകും എന്നാണ് എന്റെ തോന്നൽ. അതിപ്പം എത് സ്ളാംഗാണെങ്കിലും ഞാൻ തന്നെ ചെയ്‌തോളാമെന്ന് പറയും.  

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment