അഭിനയവും ബിസിനസ്സും എന്ന "ഇരട്ട" ജീവിതം - അഭിനേത്രി ശ്രീജ മനസ്സ് തുറക്കുന്നു

Interviews

മിന്നിമാഞ്ഞുപോകുന്ന റോളുകളിൽ പോലും പ്രതിഭയുടെ ചായം പുരട്ടി കയ്യടി വാങ്ങുന്ന, എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന അഭിനേതാക്കളുണ്ട്. 'ഇരട്ട' എന്ന സിനിമയിൽ ഇങ്ങനെ സ്വയം തിളങ്ങുന്ന കുറേയധികം കലാകാരൻമാരുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു ശ്രീജ മേനോൻ. ജോജു അവതരിപ്പിച്ച പ്രമോദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ശ്രീജയെ അവതരിപ്പിച്ചത് ഈ ശ്രീജയാണ്. അവിചാരിതമായി സിനിമയിൽ എത്തപ്പെട്ട ശ്രീജ പതുക്കെയാണെങ്കിലും അഭിനേതാവ് എന്ന നിലയിൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തിരക്ക് പിടിച്ച ബിസിനസ്  ജീവിതത്തിനിടയിലാണ് അവനവന്റെ  ഇഷ്‌ടങ്ങൾ തിരിച്ചറിഞ്ഞ്  നർത്തകി കൂടിയായ ശ്രീജ മുന്നോട്ടു പോകുന്നത്. ശ്രീജ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

ചോദ്യം: ശ്രീജ പറയൂ, ശ്രീജയെ കുറിച്ച്?
ശ്രീജ: ഞാൻ ഇതുവരെ ചെയ്‌തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന, കരുത്തുള്ള വേഷം.സ്റ്റോറി കേൾക്കുമ്പോൾ തന്നെ കഥാപാത്രത്തിന്റെ പേരും ശ്രീജയാണെന്ന്  പറഞ്ഞിരുന്നു. നേരത്തെ ചെയ്‌ത വേഷങ്ങൾ പോലെയല്ല, 'ഇരട്ട' യിൽ. ഒരു പ്രത്യേകതരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആളാണ്. വൈകാരികമായി  ഏറെ ചെയ്യാനുണ്ട്.സീനുകളുടെ എണ്ണത്തേക്കാളുപരി, സിനിമയിലുടനീളം സാന്നിദ്ധ്യം തോന്നുന്ന ഒരാൾ എന്നും പറയാം. സെറ്റിലിരിക്കുന്ന സമയത്ത് ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു. എന്റെ  കഥാപാത്രത്തിന്റെ  ഇമോഷൻസ് ഉള്ളിലേക്ക് എടുക്കാനായി. ആദ്യദിവസം അതിന്റേതായ  തപ്പലുണ്ടായിരുന്നു. എല്ലാവരും സപ്പോർട്ട്  തന്നപ്പോൾ  അവിടെ നിന്നും മുന്നോട്ട് പോകാൻ കഴിഞ്ഞു.

ചോദ്യം: ആഗ്രഹിച്ചു വന്നതോണോ അഭിനയത്തിലേക്ക്?
ശ്രീജ: ഏയ് ഇല്ലില്ല. പ്രമോദ്  മോഹൻ സംവിധാനം ചെയ്‌ത 'കോൺവർസേഷൻ' എന്ന ഷോർട്ട് ഫിലിമിലാണ് ആദ്യം അഭിനയിച്ചത്. ഓഫർ വന്നപ്പോൾ ആദ്യം ഒരു അങ്കലാപ്പായിരുന്നു. നമുക്കത് ചെയ്യാൻ കഴിയുമോ എന്നൊരു തോന്നൽ. നോർമലായി പെരുമാറിയാൽ മതിയെന്ന് പറഞ്ഞു. ചെയ്‌തു വന്നപ്പോൾ വലിയ പാട് തോന്നിയില്ല. 2014-15 കാലത്താണ്.

ചോദ്യം: അവിടെ മുതൽ  ആത്മവിശ്വാസമായോ?
ശ്രീജ: മെച്ചപ്പെട്ടു എന്ന് പറയാം. ചെയ്‌തു എന്നൊരു ഫീലാണ് അവിടെ നിന്നും കിട്ടിയത്. അത് നല്ലൊരു ഫീലായിരുന്നു എനിക്ക്. സന്തോഷം തോന്നി.

ചോദ്യം: പരസ്യങ്ങളിലെ പരിചിതമുഖമാണല്ലോ?
ശ്രീജ: ആ ഷോർട്ട് ഫിലിമിനുശേഷം ഒരുപാട് പരസ്യങ്ങൾ ചെയ്‌തു. ഓപ്പോ, പങ്കജകസ്‌തൂരി തുടങ്ങിയ കുറേയധികം പരസ്യങ്ങൾ വന്നു. കാമറയുടെ മുന്നിൽ നിൽക്കുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ്. സഭാകമ്പം ഒട്ടുമില്ലാത്തയാളാണ് ഞാൻ. അതുകൊണ്ട് കാമറ എനിക്ക് ബുദ്ധിമുട്ടായില്ല.

ചോദ്യം: സിനിമ വന്നത് പരസ്യം വഴിയാണോ?
ശ്രീജ: അതേ. ഒരു പരസ്യം കണ്ടാണ് സംവിധായകൻ ജിസ് ജോയ് സിനിമയിലേക്ക് വിളിച്ചത്. എന്റെ മോൻ ജിസ് ജോയ്‌യുടെ കൂടെ ഒരു പരസ്യത്തിലുണ്ടായിരുന്നു. ആ പരിചയം വച്ചാണ്  'സൺഡേ ഹോളിഡേ' ചെയ്‌തത്. അതാണ് എന്റെ ആദ്യത്തെ സിനിമ. ഡയലോഗ് പറച്ചിലൊക്കെ ഇത്തിരി കുഴപ്പിച്ചു. പരസ്യവും സിനിമയും തമ്മിൽ വ്യത്യാസമുണ്ടല്ലോ. സോളോ, നോൺസൺസ്, വിജയ് സൂപ്പറും പൗർണമിയും, സല്യൂട്ട്, സൂപ്പർ. ഓപ്പറേഷൻ ജാവ, മകൾ തുടങ്ങിയ ചിത്രങ്ങളും ചെയ്‌തു. പിന്നെ മനോരമ മാക്‌സിൽ മേനക വെബ് സീരിസും ചെയ്‌തിരുന്നു. അതൊരു നല്ല അനുഭവമായിരുന്നു.

ചോദ്യം: 'ഇരട്ട' എങ്ങനെയുള്ള അനുഭവമായിരുന്നു?
ശ്രീജ: ഞെട്ടിപ്പിക്കുന്ന സിനിമയാണല്ലോ. ഇമോഷൻസിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഓരോ സീനുകളും.എന്നെ സംബന്ധിച്ചിടത്തോളംആഴത്തിലുള്ള ഒരു വൈകാരിക അനുഭവം തന്നെ എന്നു പറയാം. എനിക്ക് കിട്ടുന്ന പ്രതികരണങ്ങളും അങ്ങനെയുള്ളതാണ്. ഓരോ കഥാപാത്രങ്ങളെ കുറിച്ചും വിശദമായി ആളുകൾ പറയുമ്പോൾ എനിക്കും സന്തോഷം. സിനിമയും അങ്ങനെയാണല്ലോ. എല്ലാ കഥാപാത്രങ്ങൾക്കും അത്ര പ്രാധാന്യമുണ്ട്. പൊലീസ് ലോക്കപ്പിലെ പ്രതി പോലും അങ്ങനെയാണ്. അത്ര ഡീറ്റെയിലിംഗ് ആയി ചെയ്‌തു. ബ്യൂട്ടിഫുൾ സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ മനസ് നിറഞ്ഞ ഫീലാണ്.


ചോദ്യം: രണ്ടു കാലഘട്ടങ്ങളിലായി ശ്രീജ വരുന്നുണ്ട്. ഈ കാലങ്ങളറിയാൻ മേക്കപ്പ് ചെയ്തോ?

ശ്രീജ: ഒരുപാട് പേർ ഇങ്ങനെ ചോദിച്ചിരുന്നു. കാര്യമായ ഒരു ചേഞ്ചും വരുത്തിയിട്ടില്ല. അപ്പിയറൻസിലും ഒന്നും മാറ്റിയിട്ടില്ല. ഹെയർ സ്റ്റൈൽ മാറിയതേ ഉള്ളൂ.

ചോദ്യം: ഈ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ്?
ശ്രീജ: സിനിമയുടെ നിർമ്മാതാവ് കൂടിയായ മാർട്ടിൻ പ്രക്കാട്ടിന്റെ ഒരു പരസ്യം ഞാൻ ചെയ്‌തിരുന്നു. അതാവാം വിളിച്ചത്. സിനിമ തുടങ്ങുന്നതിന് മുമ്പ് ഫുൾ തീം സംവിധായകൻ രോഹിത്ത് എം.ജി. കൃഷ്‌ണൻ എനിക്ക് പറഞ്ഞു തന്നു. കഥ കേട്ടപ്പോൾ ആദ്യം വല്ലാത്തൊരു അവസ്ഥയായിരുന്നു. നിസ്സഹായത എന്നത് വല്ലാത്തൊരു സാഹചര്യമാണല്ലോ.

ചോദ്യം: ജോജുവിനെ നേരത്തെ അറിയാമായിരുന്നോ?
ശ്രീജ: ഇല്ല, ആദ്യമായാണ് ജോജുവിനെ കാണുന്നത് തന്നെ. പുള്ളിയുടെ പ്രത്യേകത എല്ലാസമയത്തും പോസിറ്റീവ് വൈബ് സൂക്ഷിക്കുന്ന ആളാണ് എന്നതാണ്. ജോജു മാത്രമല്ല, ഈ സിനിമയുടെ ഫുൾ സെറ്റ് അങ്ങനെയായിരുന്നു. അഭിനയിക്കുമ്പോൾ ഏതെങ്കിലും ഒരു ഭാഗത്ത് നമുക്ക് ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ അവർ കൂടെ തന്നെ നിൽക്കും. നമ്മളിൽ നിന്ന് എന്താണ് അവർക്ക് വേണ്ടതെന്ന് വച്ചാൽ അവർ കൂടെ നിന്ന് എടുക്കും. അത്രയും കഴിവുകളുള്ള ഒരു ടീമാണ് സിനിമയുടെ പിന്നിലുള്ളത്. സിനിമയുടെ പിന്നിലുള്ള എല്ലാവരെയുമെടുത്താലും ജന്മസിദ്ധമായ കഴിവും സിനിമയോടുള്ള പാഷനും കാണാം.

ചോദ്യം: സെറ്റ് അടിപൊളിയായിരുന്നു, അല്ലേ?
ശ്രീജ: എല്ലാവരും ഒന്നിച്ചു നിൽക്കുന്നു എന്നതാണ്  എനിക്ക് കംഫർട്ട് ആയി തോന്നിയത്. എനിക്ക്  നേരത്തെ പരിചയമുള്ള ആൾക്കാർ അവിടെ ഇല്ല. പക്ഷേ, അവിടെ നിൽക്കുമ്പോൾ, അഭിനയിക്കുമ്പോൾ അപരിചിതത്വം തോന്നില്ല. പരസ്‌പരം നൽകുന്ന പിന്തുണ അത്രയധികമാണ്.അതാവാം സിനിമ നന്നായതിന് കാരണം.

ചോദ്യം: സ്ത്രീകഥാപാത്രങ്ങൾക്ക് നല്ലൊരു സ്‌പേസ് ഉണ്ടല്ലേ?
ശ്രീജ: ഓരോ കഥാപാത്രത്തിനുമുണ്ട്. സ്ത്രീകളാണെങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്തതു പോലെയാണ് സിനിമയിൽ പ്ളെയ്‌സ് ചെയ്‌തിരിക്കുന്നത്. അഞ്ജലി, ആര്യാസലീം, സ്രിൻഡ എല്ലാവർക്കും വെവ്വേറെ തലങ്ങളുണ്ട്, അത്ര കണ്ടന്റുമുണ്ട്.

ചോദ്യം: കഥാപാത്രത്തെ കേട്ടാൽ നേരത്തെ ഹോംവർക്ക് ചെയ്യാറുണ്ടോ?
ശ്രീജ: ഒരിക്കലുമില്ല. ഞാൻ ബ്ളാങ്കായാണ് സെറ്റിൽ പോകാറുള്ളത്. ഞാൻ എന്തെങ്കിലും വിചാരിച്ചിട്ട് പോയാൽ ചിലപ്പോൾ സംവിധായകന്വേണ്ടത് അതാവണമെന്നില്ല. എന്റെ കണക്കുക്കൂട്ടൽ അനുസരിച്ച് ചെയ്യുമ്പോൾ ഓവറായി പോകാം, അല്ലെങ്കിൽ താഴേക്ക് പോകാം.സംവിധായകൻ പറയുന്നത് കേട്ട്, റിഹേഴ്‌സൽ ചെയ്‌ത് ടേക്കിലേക്ക് പോകുന്നതാണ് എന്റെ രീതി.

ചോദ്യം: ഡബ് ചെയ്യുന്നത് സ്വന്തമായാണോ?
ശ്രീജ: സാധാരണ ഞാൻ തന്നെയാണ് ചെയ്യുന്നത്. പക്ഷേ, ഈ സിനിമയിൽ ഞാനല്ല ചെയ്‌തത്. അതിമനോഹരമായാണ്  അവർ അത് ചെയ്‌തത്.

ചോദ്യം: ഇനി എന്താണ് ഭാവി പരിപാടികൾ?
ശ്രീജ: വളരെ പതുക്കെ പോകുന്ന ആളാണ് ഞാൻ, അത്രയധികം തിടുക്കപ്പെട്ട് ഓടാനില്ല. നല്ല റോളുകൾ വന്നാൽ  ചെയ്യണമെന്നുണ്ട്. ഇപ്പോഴെനിക്ക് സിനിമയോട്  ഇഷ്ടമുണ്ട്. നോക്കട്ടെ....

ചോദ്യം: മറ്റു ഇഷ്‌ടങ്ങൾ എന്തൊക്കെയാണ്?
ശ്രീജ: ബിസിനസ് വുമണാണ് ഞാൻ. ടയർ ബിസിനസാണ് ചെയ്യുന്നത്. അതിന്റേതായ തിരക്കുകളുണ്ട്. നർത്തകിയാണ്, നൃത്തം ചെയ്യാൻ ഇഷ്‌ടമാണ്. പാലക്കാടാണ് സ്വദേശം. ഇപ്പോൾ കൊച്ചിയിലാണ് താമസം. വായിക്കാൻ ഇഷ്‌ടമാണ്, സിനിമകൾ കാണും. ഒരു വണ്ടർഫുൾ ഫാമിലി എനിക്കൊപ്പമുള്ളതിനാൽ തിരക്കുകൾ മാനേജ് ചെയ്യാൻ കഴിയും. ഭർത്താവ് അജിത്ത് ഡോക്‌ടറാണ്. അജിത്ത് സിനിമകൾ കണ്ട് അഭിപ്രായങ്ങൾ പറയും.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment