"ഫഹദിൻ്റെ സിനിമയിലെ ഈ ഉമ്മച്ചി ചെറിയ ആളല്ല"

Profiles

"അപാര ഹ്യൂമർ സെൻസ് ഉള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കാൻ കഴിയുന്ന വ്യക്തി കൂടിയാണ്. കാഴ്ചയിൽ മെലിഞ്ഞ ശരീര പ്രകൃതം ആണെങ്കിലും ഫ്രെയിമിലേക്ക് കയറിക്കഴിഞ്ഞാൽ അതിൽ നിറഞ്ഞ് നിൽക്കുന്നത് ഫഹദ് ആയിരിക്കും. പിന്നെ ആ കണ്ണുകൾ...oh my god! His eyes!"

വിജി വെങ്കടേഷ് "പാച്ചുവും അദ്ഭുത വിളക്കും" സിനിമയിലെ നായകനായ ഫഹദ് ഫാസിലിനെക്കുറിച്ചും സിനിമയെക്കുറിച്ചും വാചാലയാവുകയാണ്. "ഈ സിനിമയിൽ അഭിനയിക്കുന്നത് വരെ സിനിമാ ലോകം ഒരു മേക്ക് ബിലീഫ്  ആണെന്ന ധാരണ ആയിരുന്നു എനിക്ക്. അഭിനയിച്ച് തുടങ്ങിയപ്പോൾ ആണ് ഇത് എത്രത്തോളം റിയൽ ആണെന്ന് മനസ്സിലായത്. ഉമ്മച്ചിയുടെ വേഷം ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിക്കഴിഞ്ഞാൽ അവരുടെ യഥാർത്ഥ ലോകത്തിൽ ആണ് ഞാൻ.  ആ കഥാപാത്രം നമ്മളിലേക്ക് ആവാഹിക്കപ്പെടുകയും ഓരോ രോമകൂപത്തിലൂടെയും പുറത്ത് വരികയും ചെയ്യുന്നു. വിനീത് അവതരിപ്പിക്കുന്ന റിയാസ് എന്ന കഥാപാത്രം ഒന്ന് രണ്ട് സന്ദർഭങ്ങളിൽ ശബ്ദമുയർത്തി എന്നോട് കയർക്കുന്ന സീനുകൾ ഉണ്ട്. അതിലൊന്നും എനിക്ക് അഭിനയിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. അത്രയും ശക്തമായി വിനീത് അത് ചെയ്യുമ്പോൾ സ്വാഭാവിക പ്രതികരണം താനേ സംഭവിച്ച് പോകും"

ടി ആർ വിജയലക്ഷ്മി എന്ന വിജയലക്ഷ്മി വെങ്കടേഷ് അഭിനയിക്കുന്ന ആദ്യ സിനിമയാണ് "പാച്ചുവും അദ്ഭുത വിളക്കും". ക്യാൻസർ രോഗ പരിചരണ രംഗത്ത് മുപ്പത്തി നാല് വർഷത്തെ അനുഭവ സമ്പത്ത് ഉള്ള പ്രൊഫഷണൽ ആണ് വിജി വെങ്കടേഷ്. ആരോഗ്യ രംഗത്ത്, പ്രത്യേകിച്ച് ക്യാൻസർ പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മാക്സ് ഫൗണ്ടേഷന്റെ  ഇന്ത്യ ഉൾപ്പടെയുള്ള സൗത്ത് ഏഷ്യൻ പ്രവിശ്യയുടെ സാരഥിയും (Regional Head) ആണ്. കൂടാതെ Friends of Max എന്ന പേഷ്യൻ്റ് സപ്പോർട്ട് ഗ്രൂപ്പിന്റെയും  ചാരിറ്റബിൾ ട്രസ്റ്റിന്റെയും  ചെയർപേഴ്സൺ, മാനേജ്മെൻ്റ് ട്രസ്റ്റി എന്നീ പദവികളും വഹിക്കുന്നു. സൽമാൻ ഖാൻ നേതൃത്വം നൽകുന്ന Being Human - The Salman Khan Foundation- ന്റെ  ട്രസ്റ്റി കൂടിയാണ് വിജി.

ഇൻസ്റ്റാഗ്രാമിൽ വിജി വെങ്കടേഷ് ഷെയർ ചെയ്ത ഒരു ഫോട്ടോ കണ്ട കാസ്റ്റിംഗ് ഡയറക്ടർ ഗായത്രി സ്മിത വിജിക്ക് ഒരു പേഴ്സണൽ മെസ്സേജ് അയക്കുന്നതിൽ നിന്നാണ് വിജിയുടെ അഭിനയ പ്രവേശനത്തിന്റെ  കഥ തുടങ്ങുന്നത്. തനിക്ക് ഒരു മുഴുവൻ നേര ജോലി ഉണ്ടെന്നും മലയാളം സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ വിജിയെ അങ്ങനെ വിടാൻ ഗായത്രി ഒരുക്കമായിരുന്നില്ല. സംവിധായകൻ അഖിൽ സത്യൻ ആഴ്ചാവസാനം മുംബൈയിൽ വരുന്നുണ്ടെന്നും ഞായറാഴ്ച നേരിട്ട് കാണാമോ എന്നും ചോദിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ അവർ സമ്മതിച്ചു. ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റിൽ വച്ച് നടന്ന ആ കൂടിക്കാഴ്ചയിൽ അഖിൽ സത്യൻ സിനിമയുടെ കഥയും കഥാപാത്രത്തിന്റെ വിശദീകരണവും നൽകിയപ്പോൾ അവിടെ വച്ച് തന്നെ തന്റെ  സമ്മതം വിജി അറിയിച്ചു.

2020 ജനുവരി ആദ്യ വാരം സിനിമയുടെ ഷൂട്ടിംഗ് കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആയി ആരംഭിച്ചുവെങ്കിലും കോവിഡ് എല്ലാ പ്ലാനുകളും തകിടം മറിച്ചു. ആ ഇടവേളയിൽ അവർ മലയാളം സംസാരിക്കാൻ പഠിച്ചത് ഗുണകരമായി. രണ്ട് വർഷത്തോളം സമയം എടുത്തുവെങ്കിലും സിനിമയിലും തന്റെ  കഥാപാത്രത്തിലും ഏറെ പ്രതീക്ഷയാണ് വിജി വെങ്കടേഷിന് ഉള്ളത്.

ജോലിയുടെയും സാമൂഹ്യ സേവനത്തിൻ്റെയും തിരക്കുകൾക്കിടയിലും ഇപ്പോൾ തിയേറ്ററിൽ റിലീസ് ആയിരിക്കുന്ന "പാച്ചുവും അദ്ഭുതവിളക്കും" പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനുള്ള കൗതുകത്തിൽ ആണ് വിജി വെങ്കിടേഷ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment