നല്ല സിനിമകൾ ആരും കാണാതെ പോകുന്നു... താരമൂല്യം മാത്രം പറഞ്ഞു തിയ്യറ്ററുകൾ ഒഴിവാക്കുന്നത് നല്ല സിനിമകൾ..

Interviews

''വിൻസി ഒരു രക്ഷയും ഇല്ല... ഓരോ സിനിമയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുവാ... സങ്കടം എന്താന്ന് വച്ചാൽ നല്ല സിനിമകൾ ആരും കാണാതെ പോകുന്നു... താരമൂല്യം മാത്രം പറഞ്ഞു തിയ്യറ്ററുകൾ ഒഴിവാക്കുന്നത് നല്ല സിനിമകൾ ആണെന്ന് പാവം ജനങ്ങൾ ഉണ്ടോ അറിയുന്നു?''
''ഇന്ന്  രേഖ കാണാൻപോയി.. മിക്ക തിയേറ്ററുകളിലും പടം ഇല്ല. പിന്നെ തിരിച്ചു വന്നു. ഒരു പോസ്റ്റർ പോലും കാണാനില്ല. കണ്ടവർ സിനിമ നല്ലതാണെന്ന് പറയുന്നു. സിനിമ വന്നോ പോയോ എന്നു പോലും അറിയില്ല...കാണാൻ എന്തു ചെയ്യണം?''
കേരളത്തിൽ അമ്പതോളം തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിക്കുന്ന, ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്‌ത 'രേഖ' എന്ന ചിത്രത്തിന്റെ സോഷ്യൽ മീഡിയ റിവ്യൂകൾക്ക് താഴെയുള്ള കമന്റുകളാണിത്. ഇതേ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സിനിമയിൽ രേഖയായി ജീവിച്ച നടി വിൻസി അലോഷ്യസിനും ചോദിക്കാനുള്ളത്.  ''ഒന്നു ആലോചിച്ചു  നോക്കൂ. എന്റെ ഇൻസ്റ്റഗ്രാമിൽ സിനിമയെ കുറിച്ച്  നല്ല അഭിപ്രായങ്ങളാണ് വരുന്നത്.  സിനിമ കൊള്ളാം, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് കണ്ടവർ പറയുന്നു.  പക്ഷേ, എന്തുകാര്യം? ഇങ്ങനെ നല്ല റിവ്യൂ വരുമ്പോഴും സിനിമ ആളുകളിലേക്ക് എത്തുന്നില്ലെങ്കിൽ അത് ആരുടെ പിഴവാണ്? ഏതായാലും അത് അഭിനയിച്ച ഞങ്ങളുടെ തെറ്റല്ല. ഓരോ സീനിലും ഞങ്ങളെല്ലാം കഠിനമായി അദ്ധ്വാനിച്ചിട്ടുണ്ട്.'' വേദനയോടെ, അതിലേറെ പ്രതിഷേധത്തോടെ വിൻസി പറഞ്ഞു തുടങ്ങി.  

50 തിയേറ്ററുകൾ എന്നത് ചെറിയൊരു സംഖ്യയല്ലേ?
എണ്ണം കുറഞ്ഞുപോയതിലൊന്നും  ഒരു പരാതിയുമില്ല. ഞങ്ങൾ അത്രയും മാർക്കറ്റ് വാല്യു ഉള്ള ആൾക്കാരൊന്നുമല്ല, വളർന്നു വരുന്നവരാണ്.  രോമാഞ്ചം, ക്രിസ്റ്റഫർ, സ്‌ഫടികം ഈ  പടങ്ങളൊക്കെ ഓടുന്നുമുണ്ടല്ലോ. സ്റ്റാർ വാല്യു ഉള്ളതും ഇല്ലാത്തതുമായ പടങ്ങളാണ് ഇവയെല്ലാം. 50 തിയേറ്ററുകൾ എന്ന് പറയുമ്പോൾ കുഴപ്പമില്ലായിരുന്നു, ഞങ്ങൾ ഓകെയായിരുന്നു. പക്ഷേ, അതല്ല പ്രശ്‌നം.

പിന്നെ എന്താണ് സംഭവിച്ചത്?
 ഈ അമ്പത് തിയേറ്ററിലും ആൾക്കാർ എത്തണമെങ്കിൽ പ്രമോഷൻ എന്നൊരു സംഗതി വേണമല്ലോ. അതില്ല എന്നതു പോട്ടെ. സിനിമ കളിക്കുന്ന തിയേറ്ററിൽ ഈ സിനിമ ഇവിടെ ഉണ്ട് എന്നൊരു പോസ്റ്ററെങ്കിലും വേണ്ടേ? അതെന്തു കൊണ്ട് ഉണ്ടായില്ല. അതുമാത്രമാണ് എന്റെ ചോദ്യം. അതിനുള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല.

പ്രൊഡക്ഷൻ ടീം  എന്തു പറഞ്ഞു?
പോസ്റ്റർ പബ്ളിസിറ്റിക്കുള്ള കാര്യങ്ങൾ അവർ ചെയ്‌തിട്ടുണ്ടെന്നും പണം ഇറക്കിയിട്ടുണ്ട് എന്നുമാണ് അവർ പറയുന്നത്. നഗരത്തിൽ എല്ലായിടത്തും പോസ്റ്റർ പതിക്കുന്ന കാര്യത്തെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. എനിക്കാകെ അറിയാനുള്ളത് തിയേറ്ററിൽ പോലും സിനിമ ഇവിടെ ഉണ്ട് എന്ന പോസ്റ്റർ കാണാത്തതിന്റെ പിന്നിലെന്താണ് എന്നതാണ്.  സാധാരണക്കാർ നമ്മളോട് ചോദിക്കുന്നത്, ചേച്ചീ എവിടെയും  പോസ്റ്റർ കണ്ടില്ലല്ലോ. എങ്കിലല്ലേ ആളുകൾ വരുള്ളൂ, തിയേറ്ററിൽ പോലും ഇല്ലല്ലോ എന്നാണ്. സത്യമല്ലേ... മറ്റു സിനിമകളുടെ പോസ്റ്ററുകൾ അവിടെ ഉണ്ടല്ലോ.

ആരുടെ ഭാഗത്തു നിന്നാവാം ഇത് സംഭവിച്ചത്?
ഞാൻ ഇന്ന വിഭാഗത്തെ എന്നല്ല പറയുന്നത്. ആരെയും വിമർശിക്കാനോ, കുറ്റപ്പെടുത്താനോ ഇല്ല. എവിടെ സംഭവിച്ചു എന്നാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. പ്രൊഡക്ഷനാണോ, ഡിസ്ട്രിബ്യൂഷനാണോ, തിയേറ്റർ ആണോ... ആരാണോ എന്ന് എനിക്ക് വ്യക്തമല്ല. ഇത് വേദനിപ്പിക്കുന്ന അനുഭവമാണ്. ഞാൻ ഈ സിനിമയിലെ നടിയാണ്, ലീഡാണ്, രേഖയ്‌ക്ക് ജീവൻ പകർന്ന നടിയാണ്. ചോദിക്കാനുള്ള അവകാശമുണ്ട്. അത്രയധികം കഷ്‌ടപ്പെട്ടിട്ടുണ്ട്, ഒരുപാട് റിസ്‌ക്ക് എടുത്ത് ചെയ്‌ത സിനിമയാണ്.  വെറും അമ്പതു പേരാവും സിനിമ കാണുന്നത്, അതു മതി. പക്ഷേ, ആളുകൾ അറിയണ്ടേ?...ഈ കാലത്ത്  പ്രമോഷൻ ഇല്ലാത്ത ഏതു പടമാണ് ഉള്ളത്? എന്റെ പടം ഹിറ്റാകണം. അങ്ങനെ വേണം, ഇങ്ങനെ വേണം. ഇതൊന്നുമല്ല ഞാൻ പറയുന്നത്. അത്ര കഷ്‌ടപ്പെട്ട്, ഉൾക്കൊണ്ട്, ഒരുപാട് റിസ്‌ക്ക് എടുത്തു ചെയ്‌ത സിനിമയാണ്. എനിക്ക് നന്നായി വേദനിക്കും.

സിനിമയേക്കാൾ വേദനയായോ ഈ അനുഭവം?
അത്രയ്‌ക്കും വേദന ഉണ്ട്. അത് ചോദിക്കുക എന്ന് എന്റെ നിലപാടാണ്, എന്റെ അവകാശമാണ്. സിനിമ റിലീസിംഗുൾപ്പെടെ പൂർണമായും പ്രൊഡക്ഷന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, അതിൽ അഭിനയിച്ച  ഞാനറിയണ്ടേ എന്തു സംഭവിച്ചെന്ന്. ഇനി താത്പര്യമില്ല എന്നാണ് മറുപടിയെങ്കിൽ ഓ.കെ അതു പറഞ്ഞാൽ മതി. പക്ഷേ, എന്തു തന്നെയായാലും എനിക്ക് ഉത്തരം വേണം.

ഒ.ടി.ടിയിൽ വരുന്നില്ലേ 'രേഖ'?
നെറ്റ്ഫ്ളിക്‌സിൽ ആൾറെഡി സെയിൽ ആയ സിനിമയാണ്. ഒ.ടി.ടിക്ക് വേണ്ടി ചെയ്‌ത സിനിമയാണെങ്കിൽ അത് മനസിലാകും. പക്ഷേ, തിയേറ്റർ എന്ന് പറഞ്ഞ് സിനിമ എടുത്ത് റിലീസിന് മിനിമം ചെയ്യേണ്ട കാര്യങ്ങൾ പോലും ഇല്ലാതെ വരുന്നത് എന്തൊരവസ്ഥയാണ്! ഇവിടെ സിനിമ ഉണ്ട്  എന്നറിയിക്കാൻ ഒരു പോസ്റ്ററോ, ഹോർഡിംഗോ എങ്കിലും വയ്‌ക്കണമായിരുന്നു. പ്യുവർ ഒ.ടി.ടിയായാണ് പരിഗണിച്ചിരുന്നതെങ്കിൽ സിനിമയെ തിയേറ്ററിലെത്തിക്കുക
എന്ന പ്രഹസനത്തിന്റെ ആവശ്യമുണ്ടോ? നേരെ ഒ.ടി.ടിയിലേക്ക് പോയാൽ മതിയായിരുന്നല്ലോ.  തിയേറ്റർ പരിസരത്ത്  ഇരുന്നൂറ് പോസ്റ്ററുകൾ വയ്‌ക്കാനുള്ള കരാർ നൽകി, പണം ചെലവഴിച്ചു എന്ന് ഇപ്പോഴും സിനിമയുടെ നിർമ്മാതാക്കൾ പറയുന്നു. ഇരുന്നൂറ് വേണ്ട, ഒരഞ്ചു പോസ്റ്റർ...പോട്ടെ, ഒരൊറ്റ പോസ്റ്റർ എനിക്ക് കാണിച്ചു തരൂ. ഇവിടെ എന്തു സംഭവിക്കുന്നു എന്ന് അറിയണ്ടേ?

ഷൂട്ടിംഗ് സമയത്ത്  പ്രശ്‌നങ്ങളുണ്ടായിരുന്നോ?
ഇല്ലില്ല. അങ്ങനെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, ഒരു        പ്രതിസന്ധിയിലൂടെയും കടന്നുപോയിട്ടില്ല. ഞാനിപ്പോഴും പറയുന്നു, സിനിമ ചെയ്യുമ്പോൾ പ്രൊഡക്ഷൻ ടീം നല്ല പിന്തുണയാണ് തന്നത്. കാസർകോട്ടെ കഥയായിരുന്നെങ്കിലും ഷൂട്ടിംഗ് കൊച്ചിയിലായിരുന്നു. ബാക്കി എല്ലാ കാര്യങ്ങളും അടിപൊളി തന്നെയാണ് പോയത്. അതിൽ നന്ദിയുണ്ട്. പക്ഷേ, ഇപ്പോഴത്തെ സംഭവങ്ങൾ എനിക്ക് മനസിലാകുന്നില്ല.

ഏറെ വെല്ലുവിളി നിറഞ്ഞ റോൾ. ആശങ്കയുണ്ടായിരുന്നോ?
ഇല്ല. പരമാവധി നന്നാക്കി ചെയ്യണമെന്നായിരുന്നു കഥ കേട്ടപ്പോൾ മുതൽ ഉള്ളിൽ. കാരണം അപൂർവമായല്ലേ അങ്ങനെയുള്ള വേഷങ്ങൾ കിട്ടുള്ളൂ. ചലഞ്ചിംഗ് വേഷങ്ങൾ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്ന്  സ്വയം നോക്കി കാണാനുള്ള അവസരങ്ങൾ കൂടിയല്ലേ?. ഞാൻ മാത്രമല്ല, ആ സിനിമ കണ്ടാലറിയാം ഓരോ കഥാപാത്രങ്ങളും അത്ര നന്നായാണ് അഭിനയിച്ചിരിക്കുന്നത്. ഈയൊരു പരിശ്രമം എവിടെയും എത്താതായി പോകുന്നു എന്നതിലാണ് സങ്കടം.

ആരാണ്  'രേഖ' എന്ന് സ്‌പോയ്‌ലർ ഇല്ലാതെ പറയുകയാണെങ്കിൽ?
ഞാൻ വളരെ നിഷ്‌കളങ്കമായി, എക്‌സൈറ്റഡായി ഒരു പടം ചെയ്യുന്നു, ആ പടത്തിന് ഇങ്ങനെ ഒരു അവസ്ഥ വരുന്നു. ഞാനതിനെ ചോദ്യം ചെയ്യുന്നു. ഇതാണ് ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. ഇതു തന്നെയാണ്   'രേഖ' സിനിമയെ കുറിച്ച്  ഏറ്റവും ലളിതമായി പറയാൻ കഴിയുന്നത്. സിനിമ ചെയ്‌തു കഴിഞ്ഞപ്പോൾ കടന്നു പോകുന്നത് വീണ്ടും അതേ സാഹചര്യത്തിലാണെന്നതാണ് വിചിത്രം. സിനിമയിൽ 'സിനിമ' അല്ല, ജീവിതത്തിലെ സംഭവങ്ങളാണ് പശ്‌ചാത്തലം എന്നു മാത്രം. കുറേ ചോദ്യങ്ങൾക്ക് രേഖ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇവിടെ വിൻസിയും അതേ അവസ്ഥയിൽ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു.

ധാരാളം കുഞ്ഞുചിത്രങ്ങൾ വിജയിക്കുന്നുണ്ടല്ലോ ഇപ്പോൾ?
അതേ. എത്രയോ പടങ്ങളുണ്ട്. 'രോമാഞ്ചം സിനിമയിൽ സൗബിൻ ചേട്ടനോടൊപ്പം പുതിയ ആൾക്കാരാണ് കൂടുതലും. ആളുകൾ ആദ്യം സിനിമ ശ്രദ്ധിക്കുന്നത് പബ്ളിസിറ്റിയിലൂടെയാണ്. സിനിമ നല്ലതാകുന്നതിനൊപ്പം തന്നെ മാർക്കറ്റിംഗിനും പ്രാധാന്യമുണ്ട്.  അവർ പോസ്റ്ററുകളൊക്കെ എത്ര നന്നായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

നേരത്തെ ഇതേ ടീമല്ലേ 'രേഖ'യുടെ സംവിധായകന്റെ 'അറ്റൻഷൻ പ്ളീസ്'  സിനിമ എടുത്തതും?
അതേ. ജിതിന്റെ  'അറ്റൻഷൻ പ്ളീസ്' വെറും മുപ്പതു തിയേറ്ററുകളിൽ മാത്രമാണ്  റിലീസ്  ചെയ്‌തത്. അന്ന്  പ്രൊഡക്ഷൻ ഹൗസ്
ഒരു വാക്ക് നൽകിയിരുന്നു, അടുത്ത സിനിമ ഇതിലും നന്നായി മാർക്കറ്റ് ചെയ്യുമെന്ന്. അങ്ങനെ സംഭവിച്ചതാണ്  ഈ സിനിമ.

Rekha - Malayalam Official Trailer | Jithin Thomas | Vincy Aloshious | Unni Lalu | Stonebench |

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

 

Comment