നന്ദിനിത്തമ്പുരാട്ടി ഫ്രം കിലുക്കം ഗെബോനിയൻസ് ചാനലിൽ അവതരിച്ചിരിക്കുകയാണ്. ഒരു പക്ഷേ കിലുക്കം കണ്ട പ്രേക്ഷകർ രേവതിയുടെ നന്ദിനി തമ്പുരാട്ടി എന്ന കഥാപാത്രം ഹോട്ടലിൽ നടത്തുന്ന അക്രമസംഭവങ്ങളെ വിവരിച്ച മാസ്മരിക പ്രകടനം ഇത് വരെ ഡയലോഗിലൂടെ ആണ് ആസ്വദിച്ചതെങ്കിൽ അത് അസാമാന്യ ഡീറ്റയിലിംഗ് കൊടുത്ത് ആനിമേറ്റ് ചെയ്തിരിക്കുകയാണ് ഗെബോനിയൻസ് ചാനലിലൂടെ അജു മോഹൻ.
"അവനെന്നെ എടീന്ന് വിളിച്ചു, ഞാനവനെ പട്ടീന്ന് വിളിച്ചു". വിളിച്ച എടിയെ പട്ടി ഇട്ട് ഓടിക്കുന്നത് കാണാം. ഇങ്ങനെ ഒരോ മാനറിസങ്ങളിലും കോമഡി ചേർത്ത് പ്രിയദർശന്റെ കിലുക്കം സീനിനെ തന്റേതായ രീതിയിൽ എലിവേറ്റ് ചെയ്തിരിക്കുന്നു. അപ്പൂപ്പനേം അമ്മൂമ്മേനേം ഒക്കെ തെറിപറഞ്ഞതും ഒറ്റഅടിവച്ച് കൊടുത്തതും ആസ്പത്രിയിൽ കൊണ്ട് പോയതും തുടങ്ങി അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ കൊച്ച് മകൾ കാണിച്ച് കൂട്ടുന്ന പ്രകടനങ്ങളുടെ മൊത്തം ഇമ്പാക്റ്റ് കൊണ്ട് വരാൻ ഗെബോനിയൻസിന്റെ സൃഷ്ടാവായ അജുമോഹന് കഴിഞ്ഞിട്ടുണ്ട്.
അഭിനേതാക്കൾക്ക് പോലും അനുകരിക്കാൻ പറ്റാത്ത തരത്തിൽ ഭാവ പ്രകടനം നടത്തുന്ന ആനിമേഷൻ കഥാപാത്രങ്ങളായാണ് മലയാള സിനിമയിലെ പല കഥാപാത്രങ്ങളെയും അജു മോഹൻ പുനർസൃഷ്ടിച്ച് രംഗത്ത് കൊണ്ട് വരുന്നതെന്ന് പൊതുവേ സോഷ്യൽ മീഡിയാ ചർച്ചകളിൽ അഭിപ്രായമുണ്ട്. യുഡിസി കുമാരിയും, ഗംഗയും നാഗവല്ലിയും, കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസും, മിന്നൽ മുരളിയും, കൊതിയൻ ജോണിയും, എഞ്ചിൻ ഔട്ട് കംബ്ലീറ്റ്ലിയുമായി ജഗതിയും ഒക്കെ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
പതിനഞ്ച് വർഷമായി ആനിമേഷൻ ഫീൽഡിലുള്ള തിരുവനന്തപുരം സ്വദേശി അജു മോഹൻ, പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ടെക്നോപ്പാർക്കിലെ ടൂൺസ് ആനിമേഷൻ അക്കാഡമിയിൽ നിന്ന് ആനിമേഷൻ പഠിച്ച്, ടൂൺസിൽത്തന്നെ ഒന്നരവർഷക്കാലം ജോലിയും ചെയ്തു. തുടർന്ന് പ്രാണ സ്റ്റുഡിയോ മുംബൈ, ഡ്രീം വർക്ക്സ് ഇന്ത്യ ബംഗളൂരു എന്നിവിടങ്ങിളിലൊക്കെ ദീർഘകാലം ആനിമേഷൻ രംഗത്ത് പ്രവർത്തിച്ചു. നിലവിൽ കാനഡയിലെ മോണ്ട്രിയലിൽ ഫ്രെയിംസ്റ്റോർ എന്ന VFX സ്റ്റുഡിയോയിൽ സീനിയർ 3D ആനിമേറ്ററാണ്.
പതിനഞ്ച് മുതൽ ഇരുപത് സെക്കന്റ് വരെയുള്ള ഒരു ആനിമേഷൻ വീഡിയോ തയ്യാറാക്കാനായി ഒന്നരമാസക്കാലം സമയമാണ് ചിലവഴിക്കുന്നതെന്നാണ് അജുമോഹൻ പറയുന്നത്. ഹോളിവുഡിലെ ആനിമേഷൻ സിനിമകളായ ട്രോൾസ്, കുംഗ്ഫു പാൻഡ, പെൻഗ്വിൻ ഓഫ് മഡഗാസ്കർ, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺസ് തുടങ്ങിയ ഹിറ്റ് സിനിമകളിലൊക്കെ ആനിമേറ്ററായി അജുവിന്റെ പ്രവർത്തനമുണ്ട്.
ഇതിനു മുമ്പുള്ള ഗംഗേയും, സുഭദ്രയും, സുലൈമാന്റെ ഹഹ്ഹാ ഹഹ്ഹഹായും, പുലിമുരുഗനും, ചന്ദ്രേട്ടന്റെ ചായക്കടയുടെയുമൊക്കെയുള്ള ഡീറ്റയിലിംഗാണ് ആശാന്റെ മെയിൻ - അതൊക്കെ ജെബോനിയൻസ് ചാനലിലുണ്ട്..
Join us on Whatsapp for more such interesting stories and updates :
https://chat.whatsapp.com/IBV7zkhhVBOE6irmhbtMj7