CR സെവനും ലോക കപ്പും - പെപ്പേയുടെ അനുഭവം

News

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ തന്നെ താരത്തോടുള്ള ഇഷ്‌ടം പല രീതിയിൽ വെളിപ്പെടുത്തിക്കഴിഞ്ഞു. റൊണാൾഡോയെ കാണുമ്പോൾ ആളുകൾ ആവേശത്തോടെ പ്രതികരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളം വന്നിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി, റൊണാൾഡോയുള്ള ഇഷ്‌ടം പലതവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

ലോകകപ്പ്  കഴിഞ്ഞ് മാസം ഒന്നായിട്ടും  പല അനുഭവങ്ങളായി താരത്തോടുള്ള ആരാധന ഇപ്പോഴും പലരും അടയാളപ്പെടുത്തുകയാണ്. മലയാളത്തിലെ യുവതാരം ആന്റണി വർഗീസ്  ആണ്  ഖത്തറിൽ ലോകകപ്പ് കാണാൻ പോയപ്പോൾ ഫുട്ബാൾ സൂപ്പർ താരത്തെ തൊട്ടടുത്തു കണ്ട അനുഭവം ഏറ്റവും ഒടുവിൽ പങ്കുവച്ചത്. ഹൃദയത്തിൽ നിന്നാണ് ആ വാക്കുകളെന്ന് ആന്റണി പറയുന്നത് കേൾക്കുമ്പോൾ അറിയാം.

''പോർച്ചുഗൽ- കൊറിയൻ മത്സരത്തിനിടെ തൊട്ടടുത്ത് നിന്നാണ് റൊണാൾഡോയെ കണ്ടത്. ഞങ്ങൾ ഇരുന്നതിന്റെ വളരെ അടുത്താണ് അദ്ദേഹം ഇരുന്നത്. ശബ്ദം വരെ കേൾക്കാൻ സാധിച്ചു. രോമാഞ്ചം വന്നിട്ട് വിഡിയോ പോലും കൃത്യമായി എടുക്കാൻ സാധിച്ചില്ല. എന്നാലും കുറച്ചൊക്കെ പകർത്തിയിട്ടുണ്ട്.'' ആ നിമിഷങ്ങളുടെ അതേ ആവേശമുണ്ട് ഇപ്പോഴും ആന്റണിയുടെ വാക്കുകളിൽ.

ക്രിസ്റ്റ്യനോയെ കണ്ട സന്തോഷത്തിൽ കണ്ണിൽ നിന്ന് വെള്ളമൊക്കെ വന്നു. അത്ര സന്തോഷമായിരുന്നു എനിക്ക്.''  ആന്റണി ആ കാഴ്‌ചകൾ ഒന്നുകൂടെ ഓർത്തെടുത്തു. കൂടാതെ ഖത്തർ വേൾഡ് കപ്പിനെ കുറിച്ചും ആന്റണിക്ക് ചില നിരീക്ഷണങ്ങളുണ്ട്. അത് ഇങ്ങനെയാണ്.

''ക്രിസ്റ്റ്യാനോയെ തുടക്കം മുതലേ ബെഞ്ചിൽ ഇരുത്താതെ കളത്തിൽ ഇറക്കണമായിരുന്നുവെന്നും എന്നാൽ ഇതാകുമായിരുന്നില്ല മത്സരത്തിന്റെ ഫലം. ഇത്രയും വലിയ കളിക്കാരൻ ഗ്രൗണ്ടിലിറങ്ങുമ്പോൾ ഒരു ചെറിയ പേടി എല്ലാവർക്കുമുണ്ടാവുമെന്നുറപ്പാണ്. പുള്ളി
കളിക്കാനിറങ്ങുമ്പോൾത്തന്നെ എതിർ ടീമിന് സമ്മർദ്ദമുണ്ടാവും. ആ പേടി കൊടുത്തിരുന്നെങ്കിൽ എന്തായാലും എന്തെങ്കിലുമൊക്കെ സംഭവിച്ചേനേ. ഇതാകുമായിരുന്നില്ല ലോകകപ്പ് ഫലം.'' ആന്റണി ഉറപ്പോടെ കൂട്ടിച്ചേർത്തു.

Comment