"ഷോർട്ട് ഫിലിം എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാട്ടുന്ന കുറച്ച് കലാകാരന്മാരും"
യൂട്യൂബിൽ 'അനുരാഗ് എൻജിനീയറിങ് വർക്സ്' എന്ന ഷോർട്ട് ഫിലിമിന്റെ കമന്റ്സ് സെക്ഷനിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്തിട്ടുള്ള രണ്ട് കമന്റുകൾ ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഈ ഷോർട്ട് ഫിലിം കണ്ട് കഴിയുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ കൃത്യമായി തോന്നുന്നതും ഇത് തന്നെയാണ്.
നമുക്ക് ചുറ്റും കാണാനാകുന്ന സാധാരണ മനുഷ്യർ.. അവരുടെ നിത്യ ജീവിതത്തിലെ കൊച്ച് കൊച്ച് സന്തോഷങ്ങളും സങ്കടങ്ങളും. ഇതെല്ലാം ഒരു നൂലിൽ കോർത്ത പോലെ മുപ്പത് മിനിറ്റ് സമയത്തിനുള്ളിൽ മനോഹരമായി പറഞ്ഞ് വയ്ക്കുന്നു അനുരാഗ് എൻജിനീയറിങ് വർക്സ്.
കോട്ടയം സ്വദേശി ആയ കിരൺ ജോസി ആണ് ഈ ഷോർട്ട് ഫിലിമിന്റെ സംവിധായകൻ. ദൂരെ, ബിനീഷേട്ടൻ റൂം മേറ്റ് തുടങ്ങിയ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള കിരൺ സൂപ്പർ ശരണ്യയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുമുണ്ട്. ഒൻപത് ദിവസം കൊണ്ട് രണ്ട് ലക്ഷം രൂപ ബജറ്റിൽ പൂർത്തിയാക്കിയ അനുരാഗ് എൻജിനീയറിങ് വർക്സ് ചുരുങ്ങിയ സമയത്തിനുള്ളിൽ മുപ്പത് ലക്ഷം വ്യൂസ് നേടിക്കഴിഞ്ഞു.
ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് വാസുദേവനെ എല്ലാവരും അറിയും... സൂപ്പർ ശരണ്യയിൽ അജിത്ത് മേനോൻ ആയി കളം നിറഞ്ഞാടിയ വിനീത് തന്നെയാണ് അതിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുരാഗ് എന്ന കഥാപാത്രത്തിന് ജീവൻ നൽകിയിട്ടുള്ളത്. അള്ള് രാമേന്ദ്രൻ എന്ന കുഞ്ചാക്കോ ബോബൻ സിനിമയുടെ രചനയിൽ പങ്കാളി ആയിരുന്ന വിനീത് വാസുദേവൻ ഫെഫ്കയുടെ മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം നേടിയ "വേലി"യുടെ സംവിധായകൻ കൂടിയാണ്. ആന്റണി വർഗീസിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന "പൂവൻ" എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകളിൽ നിന്ന് ബ്രേക്ക് എടുത്തിട്ടാണ് വിനീത് അനുരാഗിൽ അഭിനയിച്ചത്.
ഈ ഷോർട്ട് ഫിലിമിന്റെ സ്ക്രിപ്റ്റ്, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിട്ടുള്ള ആദർശ് സദാനന്ദൻ ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രതിഭ. ആദർശിന്റെ വീടിനടുത്തുള്ള പല വ്യക്തികളുടെയും ജീവിത്തിൽ നിന്നുമാണ് ഇതിലെ കഥയും കഥാപാത്രങ്ങളും രൂപമെടുത്തിരിക്കുന്നത്. ഷോർട്ട് ഫിലിമിലെ പല കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ആ പ്രദേശത്തുകാർ തന്നെയാണ്. ഒരൊറ്റ സാധാരണ സോണി DSLR ക്യാമറ മാത്രം വച്ച് കൊണ്ട് മികച്ച റിസൾട്ട് ആണ് ആദർശ് കൊണ്ട് വന്നിരിക്കുന്നത്. വൈഡ് ഷോട്ടുകളുടെ ഉപയോഗം ആ കഥാപരിസരത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുമുണ്ട്.
നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അഖില ഭാർഗവനേക്കുറിച്ച് പറയാതെ ഇത് പൂർത്തിയാക്കാൻ ആവില്ല. വാക്കിലും നോക്കിലും നടപ്പിലും എല്ലാം എന്ന കഥാപാത്രം ആയി ജീവിക്കുകയാണ് അഖില. പയ്യന്നൂർ സ്വദേശി ആയ അഖില ഡബ്സ്മാഷ്, ടിക്ടോക് വീഡിയോകളിൽ കൂടിയാണ് ശ്രദ്ധ നേടുന്നത്. ബഡായി ബംഗ്ലാവ് പ്രോഗ്രാമിനെ അനുകരിച്ച് ചെയ്ത ഡബ്സ്മാഷ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളുടെ സംവിധായകൻ ഗിരീഷ് എ ഡി ആണ് ഈ ഷോർട്ട് ഫിലിമിന്റെ നിർമ്മാതാക്കളിൽ ഒരാൾ. ഗിരീഷിന്റെ സ്റ്റക്ക് കൗസ് എന്ന പ്രൊഡക്ഷൻ കമ്പനി പുതിയ പ്രതിഭകളുടെ ഒരു ഗ്രൂമിങ് പ്ലാറ്റ്ഫോം ആയി മാറുന്നു എന്ന വസ്തുത അനുരാഗ് എൻജിനീയറിങ് വർക്ക്സിലൂടെ വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.
ഈ ഷോർട്ട് ഫിലിമിലെ ഏറ്റവും മനോഹരമായ ഒരു രംഗം ഉണ്ട്.. ഉണങ്ങി വീണ ചുള്ളിക്കമ്പുകൾ പെറുക്കിക്കൊണ്ട് അനുരാഗിന്റെ അമ്മ മരത്തണലിൽ ചാഞ്ഞു കിടക്കുന്ന അനുരാഗിനോട് സംസാരിക്കുന്ന സീൻ.. ഒരു കവിത പോലെ മനോഹരം ആണ് ആ സീനിന്റെ മൊത്തം ഘടനയും. അത് കാണുമ്പോൾ സംവിധായകൻ കിരൺ ജോസിയോട് നമ്മളും അറിയാതെ പറഞ്ഞു പോകും ആ യൂ ട്യൂബ് കമന്റിലെ വാചകം "പോയി സിനിമ എടുക്കടോ...അല്ല പിന്നെ"