‘അപ്പന്റെ’ വിജയലഹരിയില്‍ -സംവിധായകന്‍ മജു സംസാരിക്കുന്നു

Interviews

സോണി ലിവിലെത്തിയ ‘അപ്പന്‍’ നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റി മുന്നേറുകയാണ്. സണ്ണി വെയ്നിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്നാണ് മിക്കവരും വിശേഷിപ്പിക്കുന്നത്. ചെറു വേഷത്തില്‍പോലുമെത്തുന്ന ഓരോ അഭിനേതാക്കളുടേയും പൂണ്ടുവിളയാട്ടം. നടുക്കുകയും ചിന്തിപ്പിക്കുകയും അതേസമയം രസിപ്പിക്കുകയും ചെയ്യുന്ന കഥ. ഇതിനെല്ലാമിടയിലാണ് സംവിധായകനായ മജുവിനെപ്പറ്റി തിരഞ്ഞത്. പലരും കരുതിയത് മജുവിന്റെ ആദ്യ സിനിമയാണിതെന്നാണ്. കാരണം ആ പേര് അധികമാര്‍ക്കും സുപരിചിതമായിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ ‘ഫ്രഞ്ച് വിപ്ലവം’ എന്നൊരു സിനിമ മജു സംവിധാനം ചെയ്തിട്ടുള്ളതായി മനസ്സിലായി. തിയേറ്ററില്‍ പരാജയപ്പെട്ട ആ സിനിമ ഒരു പ്ലാറ്റ്ഫോമിലും ഇപ്പോള്‍ ലഭ്യവുമല്ല.
‘അപ്പന്റെ’ വിജയലഹരിയില്‍, എന്നാല്‍ അതില്‍ ഒട്ടും മത്തനാകാതെ മജു സംസാരിക്കുന്നു. തന്റെ സിനിമയെപ്പറ്റിയും സിനിമാ ജീവിതത്തെപ്പറ്റിയും.  

സംസാരിക്കുന്നവരെല്ലാം പോസിറ്റീവായ റിവ്യൂ നല്‍കുന്ന സിനിമയാണ് ‘അപ്പന്‍’. ആര്‍ക്കും കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടാനില്ല. സമീപകാലത്തെ ഒ.ടി.ടി. ഹിറ്റായി അപ്പന്‍ മാറിക്കഴിഞ്ഞു. പ്രതീക്ഷിച്ചിരുന്നോ ഇത്?

ഞാനൊട്ടും പ്രതീക്ഷിച്ചിട്ടില്ല. എന്റെ പ്രതീക്ഷയുടെ നാലിരട്ടിയാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും അഭിനന്ദനങ്ങളും. സിനിമ മോശമാകില്ലെന്നു മാത്രം ഉറപ്പുണ്ടായിരുന്നു. ആദ്യം സിനിമ കാണിച്ചവരുടെ പ്രതികരണങ്ങളായിരുന്നു അതിനു കാരണം. രഘുനാഥ് പലേരി, പ്രമോദ് രാമന്‍, ലിജോ ജോസ് പല്ലിശ്ശേരി, അന്‍വര്‍ റഷീദ് തുടങ്ങി പല ജോണറുകള്‍ ചെയ്യുന്ന പലരേയും കാണിച്ചു. അവരില്‍ നിന്നെല്ലാം വന്ന അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ സിനിമയെപ്പറ്റി പ്രതീക്ഷയായി. നല്ല സിനിമയാണ്, മോശമല്ലാത്ത സിനിമയാണ് എടുത്തിരിക്കുന്നതെന്ന് ഉറപ്പായി. എങ്കിലും പ്രേക്ഷകരുടെ പ്രതികരണമെന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ പറ്റില്ലല്ലോ. നല്ലതും ഇഷ്ടപ്പെട്ടതുമായ ഒട്ടേറെ സിനിമകള്‍ സമീപനാളുകളില്‍ തിയേറ്ററുകളിലെത്തിയിരുന്നു. പക്ഷേ, അവയില്‍ പലതും പ്രേക്ഷകര്‍ക്കിടയില്‍ വേണ്ടപോലെ വര്‍ക്കായില്ല. ആ ഒരു ഭയം എന്തായാലും ഉണ്ടായിരുന്നു.

എത്ര നാളത്തെ തയ്യാറെടുപ്പുണ്ട് ഈ സിനിമയ്ക്കു പിന്നില്‍?

അധികനാളുകളൊന്നുമില്ല. സ്ക്രിപ്റ്റ് വര്‍ക്കിന് ഒരു മാസമൊക്കെയേ എടുത്തിട്ടുള്ളു. അതും തുടര്‍ച്ചയായി ഇരുന്നിട്ടൊന്നുമില്ല. കോവിഡ് കാലമായിരുന്നു. ഞാന്‍ എന്റെ വീട്ടിലും ജയകുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലുമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും കൂടി ആലോചിക്കും. എന്നിട്ട് ഞാന്‍ സീന്‍ ടൈപ്പ് ചെയ്ത് ജയകുമാറിന് അയച്ചുകൊടുക്കും. അതിനുശേഷം ഞങ്ങള്‍ ഒന്നുകൂടി ചര്‍ച്ച ചെയ്യും. സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞിട്ടും പലരേയുംകൊണ്ട് വായിപ്പിച്ചിട്ടുണ്ട്.
വീട്ടിലിരുന്ന് എഴുതുന്നതിന്റെ പരിമിതികളുണ്ടൈയിരുന്നു. കുട്ടികളൊക്കെയുണ്ടല്ലോ വീട്ടില്‍. അതുകൊണ്ടുതന്നെ തുടര്‍ച്ചയായിരുന്ന് എഴുതാനൊന്നും പറ്റിയെന്നു വരില്ല. ഇടയ്ക്കു നിറുത്തും, പിന്നെ സമയം കിട്ടുമ്പോള്‍ എഴുതും.  ഷൂട്ടിംഗിലേക്ക് എത്തിയപ്പോഴേക്കും സ്ക്രിപ്റ്റില്‍ കുറേ മാറ്റങ്ങളൊക്കെ വരുത്തുകയും ചെയ്തു.

ജയകുമാറിനും മജുവിനും ഒന്നുരണ്ടു സിനിമകളുടെ മാത്രം പശ്ചാത്തലമല്ലേയുള്ളു?
ജല്ലിക്കെട്ടി’ന്റെ സഹ എഴുത്തുകാരനായിരുന്നു ജയകുമാര്‍. പിന്നെയും കുറേ തിരക്കഥകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.
നിങ്ങള്‍ തമ്മിലുള്ള പരിചയം എങ്ങനെയാണ് തുടങ്ങുന്നത്?
‘ജല്ലിക്കെട്ടി’ന്റെ സമയത്ത് തുടങ്ങിയതാണ്. എനിക്ക് ലിജോയും ഹരീഷുമായൊക്കെ നേരത്തേ പരിചയമുണ്ടായിരുന്നു. ‘ജല്ലിക്കെട്ട്’ എഴുതാന്‍ വന്നാണ് ജയകുമാറുമായി പരിചയമാകുന്നത്. അങ്ങനെയാണ് ഇത്തരമൊരു സിനിമയിലേക്ക് ഞങ്ങളെത്തുന്നത്. ഫണ്‍ ആയ, ഡാര്‍ക് ഹ്യൂമര്‍ ആയ ഒരു സിനിമ ചെയ്യുകയെന്നതായിരുന്നു പ്ലാന്‍.
ഈ കഥയിലേക്ക് വന്നതെങ്ങനെയാണ്? കഥയും മജുവിന്റേതായിരുന്നോ?
അങ്ങനെയൊരു കഥയൊന്നും ഉണ്ടായിരുന്നില്ല. പ്രായമായ ആള്‍ കിടപ്പിലായാല്‍ ഏതൊരു വീട്ടിലും ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകളുണ്ടാകും. ആദ്യത്തെ കുറച്ചുനാള്‍ മനസ്സറിഞ്ഞു നോക്കും. പിന്നീട് അനിഷ്ടം തുടങ്ങും. അതുപക്ഷേ, ആരും പുറത്തുകാണിക്കില്ല. പക്ഷേ, അവരുടെ മരണം വീട്ടുകാര്‍ക്ക് ഒരു സമാധാനമാണ് നല്‍കുക. അത് വീട്ടുകാര്‍ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നുണ്ടാകും. അവര്‍ക്കൊരു തിരിച്ചുവരവില്ലെന്നും എഴുന്നേറ്റുവന്ന് പഴയപോലെ ആകില്ലെന്നും അറിയാം. അപ്പോഴാണ് മരണം ആഗ്രഹിച്ചുപോകുന്നത്. സമൂഹത്തെ പേടിച്ച് പുറത്തുപറയില്ലെന്നുമാത്രം.
പക്ഷേ, സിനിമയിലെ കഥ അതില്‍ നിന്നു വ്യത്യസ്തമാണല്ലോ?
ഞാനിപ്പറഞ്ഞത് അതേപോലെ കാണിച്ചാല്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ദഹിച്ചെന്നു വരില്ല. അതേസമയം കിടപ്പിലായ ആള്‍ ക്രൂരനും ഉപദ്രവകാരിയുമാണെങ്കില്‍ വീട്ടുകാര്‍ അങ്ങനെ കരുതുന്നതില്‍ തെറ്റില്ലെന്നു പ്രേക്ഷകര്‍ക്കു തോന്നും.
ഇട്ടി അത്തരക്കാരനായതാണ് ഈ സിനിമയുടെ വിജയമെന്നു തോന്നുന്നു.
അതെ. മറിച്ചായിരുന്നെങ്കില്‍ ഇട്ടിയോട് ആളുകള്‍ക്ക് സിംപതി തോന്നുകയും മറ്റു കഥാപാത്രങ്ങള്‍ വില്ലന്മാരും വില്ലത്തികളും ആകുകയും ചെയ്യും. ചിലരൊക്കെ ഡാര്‍ക് ഹ്യൂമര്‍ എന്ന രീതിയില്‍ കണ്ടേക്കാമെന്നു മാത്രം.

ഇപ്പോള്‍ സിനിമയെ ഏതെങ്കിലും തരത്തിലുള്ള ഹ്യൂമര്‍ സിനിമയായല്ലല്ലോ പ്രേക്ഷകര്‍ കാണുന്നത്.
എഴുത്തു തുടങ്ങുമ്പോള്‍ അങ്ങനെ മനസ്സിലുണ്ടായിരുന്നെങ്കിലും ഒരു ഘട്ടം കഴിയുമ്പോള്‍ നമുക്ക് കഥാപാത്രമായി ചിന്തിച്ചുതുടങ്ങേണ്ടിവരും. കഥയെ മുന്നോട്ടു കൊണ്ടുപോകാന്‍ അതാവശ്യമാണല്ലോ. ഇട്ടിയുടെ ഭാഗത്തുനിന്നല്ല കഥ പറഞ്ഞിരിക്കുന്നത്. അതിനു പറ്റുകയുമില്ല. വീണു കിടക്കുന്ന അയാളെ വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിക്കുന്നതൊക്കെ വരുമ്പോള്‍ വീട്ടുകാരാകും വില്ലന്‍ സ്ഥാനത്ത്. അങ്ങനെയാണ് മറ്റു കഥാപാത്രങ്ങളുടെ വീക്ഷണകോണിലേക്കു വരുന്നത്. അവരനുഭവിക്കുന്നത് വലിയ പീഢനവും വേദനയുമാണ്. അതോടെ കഥയുടെ സ്വഭാവം അപ്പാടെ മാറി.
എന്നാല്‍, സിനിമയുടെ ടീസര്‍ അത്തരമൊരു സന്ദേശമല്ലല്ലോ നല്‍കിയിരുന്നത്. മജു ആദ്യം പറഞ്ഞതുപോലെ കിടപ്പിലായ അപ്പനെ കൊല്ലാന്‍ ശ്രമിക്കുന്ന കുടുംബം എന്നൊരു ഫീലല്ലേ ഉണ്ടായിരുന്നത്?
അതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത് ആളുകളില്‍ ആദ്യമേ ഒരു പേടി വരുത്തേണ്ട കാര്യമില്ലെന്നു കരുതി. അന്ന് സിനിമയുടെ വില്‍പന നടന്നിട്ടില്ല. തിയേറ്ററാണോ ഒടിടി ആണോ എന്നൊന്നും ഉറപ്പു പറയാറുമായിട്ടില്ല. ജീവിതത്തെ കണക്ടു ചെയ്യുന്ന ഒരു സിനിമയെന്ന രീതിയിലാണ് ട്രെയ്‌ലറും മറ്റും കട്ട് ചെയ്തത്.

സിനിമയിലെ അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന പ്രശംസയും വളരെ വലുതാണ്. ബാലന്‍ മാഷായി ഒറ്റ സീനില്‍ വരുന്ന ചിലമ്പനെപ്പറ്റിയൊക്കെ ആളുകള്‍ ഗംഭീര അഭിപ്രായമാണ് പറയുന്നത്. മലയാള സിനിമക്ക് അധികം പരിചയമില്ലാത്ത ഈ അഭിനേതാക്കളിലേക്ക് എത്തിയതെങ്ങനെയാണ്?
ഡോണ്‍ പാലത്തറയുടെ ‘1956 മധ്യതിരുവിതാംകൂര്‍’ എന്ന സിനിമയില്‍ ചിലമ്പന്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ നീളമുള്ള ഒരു സീനായിരുന്നു അത്. ബാലന്‍ മാഷ് എന്ന കഥാപാത്രം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് എഴുതുന്ന സമയത്തേ എനിക്കൊരു ബോധ്യമുണ്ടായിരുന്നു. ഭാവത്തിലും വേഷവിതാനത്തിലുമൊക്കെ ശാന്തനും സാത്വികനുമാണ് അയാള്‍. പക്ഷേ, സംസാരിച്ചുവരുമ്പോഴാണ് ആ കഥാപാത്രത്തിന്റെ ആഴം വ്യക്തമാകുക. അതിനു പറ്റിയ ശബ്ദമായിരിക്കണം. എന്‍.എന്‍.പിള്ളയേയൊക്കെപ്പോലെ ഒരാള്‍. കുട്ടികളെയൊക്കെ എങ്ങനെയാണ് ആ കഥാപാത്രം ട്രീറ്റ് ചെയ്തിരുന്നതെന്നൊക്കെ ജോണ്‍സണെ കൈകാര്യം ചെയ്യുന്നതിലൂടെ കാണിക്കണമെന്നുണ്ടായിരുന്നു. സ്കൂളിലൊക്കെ ചെയ്തതുപോലെ ചെവിയില്‍ പിടിച്ച് വാതിലിനു പുറത്തു നിറുത്തുന്നതൊക്കെ. അതൊക്കെ ചിലമ്പന്‍ ഗംഭീരമാക്കി.
അതുപോലെയാണ് വര്‍ഗീസിലേക്കെത്തുന്നത്. സുഹൃത്തുക്കളുടെ പരിചയത്തില്‍ ഓഡിഷന് വന്നതാണ് അനില്‍ കെ. ശിവറാം. ഓഡിഷനുവേണ്ടി അയച്ച വീഡിയോ കണ്ടപ്പോള്‍തന്നെ വര്‍ഗീസിന് അനയോജ്യമാണെന്നും ചെയ്യിക്കാന്‍ പറ്റുമെന്നുമുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. പുള്ളിയോട് പ്രത്യേകിച്ചൊന്നും പറയേണ്ട കാര്യമില്ലായിരുന്നു. വളരേ നല്ല നടനാണ്. ഒരു സിറ്റ്യുവേഷനില്‍ ആ കഥാപാത്രത്തിന്റെ ഇമോഷനെന്തായിരിക്കുമെന്നും പ്രതികരണമെന്തായിരിക്കുമെന്നും അതെങ്ങനെ പ്രസന്റു ചെയ്യണമെന്നും പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്തമേ എനിക്കുണ്ടായിരുന്നുള്ളു. അത് നന്നായി ചെയ്തു.

എല്ലാ അഭിനേതാക്കളുടേയും കാര്യത്തില്‍ ഇത് അങ്ങനെതന്നെയായിരുന്നുവെന്നു തോന്നുന്നു?
നാലു പേര്‍ ഒരുമിച്ചുവരുന്നിടത്ത് നാലുപേര്‍ക്കും നാലു ഭാവമായിരിക്കണമെന്നും നാലു ചിന്താഗതിയിലായിരിക്കണമെന്നതുമൊക്കെ നേരത്തേ മനസ്സിലുണ്ടായിരുന്നു. എല്ലാവരും അതു മനസ്സിലാക്കി ചെയ്തു.
സിനിമയിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം ഷീലയായിരുന്നു. ഉള്ളില്‍ പകയാണെങ്കിലും അതു പുറത്തു കാണിക്കാനാകാത്ത കഥാപാത്രം. അപ്പനെ കൊന്നയാളോട് പ്രണയം നടിക്കണം, പോറ്റണം, മൂത്രത്തുണിയെടുക്കണം. ആ പ്രണയം ലൗഡാകാനും പാടില്ല. വീട്ടുകാരോടുള്ള പെരുമാറ്റവും അങ്ങനെയായിരുന്നു. സ്നേഹം പുറത്തുകാണിക്കാനാകില്ല. രണ്ട് സ്ത്രീകള്‍ വരുമ്പോള്‍ തല്ലിയോടിക്കുന്നതൊക്കെ കുട്ടിയമ്മയോടുള്ള സ്നേഹംകൊണ്ടാണ്. വളരെ പരിചയസമ്പന്നയായ ഒരു നടിയാണെങ്കില്‍ നമ്മള്‍ സേഫാണെന്ന ചിന്തയൊക്കെ ആദ്യമേ ഉണ്ടായിരുന്നു. പക്ഷേ, അത് കഥാപാത്രത്തെ പ്രെഡിക്ടബിളാക്കും. അതുണ്ടാകാതിരിക്കാന്‍കൂടിയാണ് പുതിയ ആളിലേക്കെത്തിയത്.

എന്തുകൊണ്ടാണ് സിനിമ ഒ.ടി.ടി.യില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്?
ഒന്നാമതായി, ഇത്തരത്തിലൊരു വിഷയം കൈകാര്യം ചെയ്യാന്‍ നിര്‍മാതാക്കള്‍ ധൈര്യം കാണിക്കാറില്ല. അങ്ങനെയൊരു ധൈര്യം കാണിച്ച്, ഒപ്പം നിന്ന് സിനിമ പൂര്‍ത്തിയാക്കിയ നിർമ്മാതാക്കളോട് നമുക്കുമൊരു കടമയുണ്ട്. അവര്‍ക്ക് എങ്ങനെയെങ്കിലും ആ പൈസ തിരികെ കിട്ടണമെന്നും ലാഭമുണ്ടാകണമെന്നും നമ്മളും ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. ഇത് തിയേറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യണമെന്നൊക്കെ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തിയേറ്ററില്‍ ഇത് എത്രത്തോളം വിജയമാകുമെന്നൊക്കെയുള്ള ആശങ്കയും ധൈര്യമില്ലായ്മയുമായിരുന്നു പ്രശ്നം. അതുകൊണ്ട് ആദ്യം ഒ.ടി.ടിയെ പിച്ച് ചെയ്യാം. അവരെടുക്കുകയാണെങ്കില്‍ സേഫ് ആകുമല്ലോ. അതു നടന്നില്ലെങ്കില്‍ മാത്രം തിയേറ്ററില്‍ പോകാമെന്ന് ആദ്യമേ കരുതി. ഒ.ടി.ടിക്കാര്‍ പടം കണ്ട് ഇഷ്ടപ്പെട്ട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പിന്നെ മറിച്ചു ചിന്തിച്ചില്ല.

തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയതില്‍ എന്തെങ്കിലും നഷ്ടബോധം തോന്നുന്നുണ്ടോ?
ഇല്ലില്ല, ഒരിക്കലുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് പ്രയോറിട്ടി നിര്‍മാതാക്കളുടെ സേഫ്റ്റി തന്നെയാണ്. അവരൊക്കെ നിലനിന്നാല്‍ മാത്രമേ നമുക്കൊക്കെ ഈ ഫീല്‍ഡില്‍ നിന്നുപോകാനാകൂ. എന്തായാലും പ്രതീക്ഷിച്ചതിനുമൊക്കെ ഏറെ മുകളിലാണ് റിവ്യൂ വരുന്നത്. പാന്‍ ഇന്ത്യ ലെവലില്‍ ആളുകള്‍ കാണുന്നു. അതുകൊണ്ടുതന്നെ യാതൊരു ദുഃഖമോ നഷ്ടബോധമോ ഇല്ല. നിര്‍മാതാക്കാള്‍ വളരെ സേഫാണ്. അതാണ് ഏറ്റവും വലിയ സമാധാനം.

പുരസ്കാരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
പനോരമയിലേക്കും ഐഎഫ്എഫ്കെയിലേക്കും കൊടുത്തിരുന്നു. പനോരമയില്‍ അവസാന റൗണ്ടില്‍ വരെയെത്തിയെന്നാണ് അറിഞ്ഞത്. രണ്ടിടത്തും പടം കണ്ട ജൂറിയിലുള്ളവര്‍ ഇഷ്ടപ്പെട്ട് വിളിച്ചിരുന്നു. അപ്പോള്‍ ചെറിയ പ്രതീക്ഷയുമുണ്ടായി. പക്ഷേ, സെലക്ഷനിലേക്കു വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയില്ല. അതിലൊരു വിഷമമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ആ വിഷമമില്ല. അതിനൊക്കെ ഒരുപാട് മുകളില്‍ ആളുകള്‍ സിനിമ കണ്ടിഷ്ടപ്പെട്ടുവെന്നു പറയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷംതന്നെയാണ് വലുത്.

‘അപ്പന്‍’ സിനിമ കണ്ടശേഷമാണ് പലരും മജു എന്ന സംവിധായകനെ പറ്റി തിരക്കുന്നതും അദ്ദേഹം നേരത്തേ ‘ഫ്രഞ്ച് വിപ്ലവം’ എന്നൊരു സിനിമ എടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതുമൊക്കെ. അങ്ങനെയൊരു സിനിമ വന്നിട്ടുണ്ടെന്നുപോലും പലരും അറിയുന്നത് ഇപ്പോഴാണ്. ‘ഫ്രഞ്ച് വിപ്ലവ’ത്തിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ?
ആ സിനിമ ആളുകള്‍ക്ക് കണക്ടാവാതിരുന്നതെന്തുകൊണ്ടാണെന്നറിയില്ല. അതില്‍ പറയുന്നതൊക്കെ ഇവിടെയുള്ള ആളുകള്‍ക്ക് പരിചയമില്ലാത്തതാണോ എന്നൊക്കെ ഞാനാലോചിച്ചു. എഡിറ്റിംഗിലൊക്കെ അല്‍പം മാറ്റം വരുത്തി അത് ഒ.ടി.ടി വഴിയോ മറ്റോ വീണ്ടും ഇറക്കാന്‍ പദ്ധതിയുണ്ട്. ‘അപ്പന്‍’ കണ്ടിട്ട് എന്നോടു സംസാരിക്കുന്ന പലരും ചോദിക്കുന്നത് ‘ഫ്രഞ്ച് വിപ്ലവം’ എവിടെയാണ് കാണാന്‍ കിട്ടുകയെന്നാണ്.
മജുവിന്റെ സിനിമാ ബാക് ഗ്രൗണ്ട്?
ചെറുപ്പം മുതലേ സിനിമ കാണുന്നതു മാത്രമാണ് പശ്ചാത്തലം. ഒരിക്കലും ഞാനൊരു സംവിധായകനാകുമെന്നോ സിനിമയിലെത്തുമെന്നോ ഒന്നും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ഡിഗ്രി കഴിഞ്ഞ് അയാട്ട ചെയ്ത് ഞാന്‍ ഖത്തറിനു പോയി. അവിടെ ട്രാവല്‍ കണ്‍സള്‍ട്ടന്റായി ജോലിക്കു കയറി. പത്തു വര്‍ഷം ജോലി ചെയ്തു. അസിസ്റ്റന്റ് മാനേജരായിരിക്കെയാണ് 2017ല്‍ പ്രവാസം ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചുവരുന്നത്.  അതിനു തൊട്ടുമുന്‍പ് ലിജോ ജോസ് പല്ലിശ്ശേരിയെ പരിചയമുണ്ടായിരുന്നു. ഞാന്‍ നാട്ടിലെത്തുമ്പോള്‍ ലിജോ ‘ഈ.മ.യൗ.’ ചെയ്യുകയാണ്. പത്തുപന്ത്രണ്ടുദിവസം ആ സിനിമയുടെ സെറ്റില്‍ ചിലവഴിച്ചതാണ് ഈ മേഖലയിലെ ഏക മുന്‍പരിചയം.    
അതുകഴിഞ്ഞ് ‘ഫ്രഞ്ചുവിപ്ലവം’ ചെയ്യാനുള്ള അവസരം വന്നു. അതൊരു എക്സ്പീരിമെന്റല്‍ സിനിമയായാണ് ചെയ്തത്. പക്ഷേ, അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ പേടിയായി. എങ്കിലും മനസ്സില്‍ വല്ലാതെ സിനിമ കിടപ്പുണ്ടായിരുന്നു. ധാരാളം സിനിമ കാണുകയും ചെയ്തു. അങ്ങനെ നല്ലതും ചീത്തയും തിരിച്ചറിയാനായി. പിന്നീട് എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അത് നന്നായി ചെയ്യാനാകുമെന്നു തോന്നിയപ്പോള്‍ രണ്ടുമൂന്നു സ്ക്രിപ്ടുകള്‍ ചെയ്തു. ഞാനും ജയകുമാറും ഒരുമിച്ചും അല്ലാതെ ഞാനൊറ്റയ്ക്കും എഴുതി. അതൊക്കെ പലര്‍ക്കും വായിക്കാന്‍ കൊടുത്തപ്പോള്‍ അതില്‍ നല്ല സിനിമകള്‍ അവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞു.

അപ്പോള്‍ പല സ്ക്രിപ്റ്റുകളില്‍ നിന്നാണ് ‘അപ്പനി’ലെത്തിയത്?
അതെയതെ. പൂര്‍ത്തിയായിരിക്കുന്ന ഒന്നു രണ്ടു സ്ക്രിപ്റ്റുകള്‍ വേറേയുമുണ്ട്. അതിലൊന്നാണ് ഇനി ചെയ്യാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.
അടുത്ത പ്രൊജക്ട്?
ഇതില്‍നിന്നൊക്ക മാറി ഒരു പക്കാ ഫണ്‍ സിനിമ.
മനസ്സില്‍ ഫണ്‍ തന്നെയാണല്ലേ?
അതെ.
കുടുംബത്തിന്റെ പിന്തുണ?
എറണാകുളത്ത് പൂക്കാട്ട്പടിയിലാണ് വീട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. മൂത്തയാള്‍ക്ക് പതിനൊന്നു വയസ്സ്. രണ്ടാമത്തെയാള്‍ക്ക് ഈ മാസം ഒന്‍പതു വയസ്സായി. ഞങ്ങളുടേത് ഒരു മുസ്ലീം കുടുംബമാണ്. അച്ഛന് സിനിമയെന്താണെന്നു പോലുമറിയില്ല. ഞാനെന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നുപോലും അച്ഛനറിയില്ല. ഞാനൊരു സിനിമാ സംവിധായകനാണെന്നു പറഞ്ഞാല്‍പോലും അച്ഛനു മനസ്സിലായെന്നുവരണമെന്നില്ല. അമ്മ കുറച്ചൊക്കെ സിനിമ കാണും, ഞങ്ങള്‍ സഹോദരങ്ങളും. ഞാനൊരു നല്ല വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സിനിമ എന്നു പറഞ്ഞിറങ്ങിയതാണ്. പക്ഷേ, വീട്ടുകാരൊന്നും അതൊരു പ്രശ്നമാക്കിയില്ല. സഹോദരങ്ങളുള്‍പ്പെടെ എല്ലാവരും സപ്പോര്‍ട്ടീവായിരുന്നു. ‘ഫ്രഞ്ച് വിപ്ലവത്തി’ന്റെ കയ്പ് ഉള്ളതിനാല്‍ ഒരു പേടിയുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി, പിന്തുണ കൂടുതല്‍ ദൃഢമായിട്ടുമുണ്ട്. 

Comment