ബി 32 മുതൽ... ചില പേരുകൾ

Reviews

കോടാനുകോടി കഥകളുണ്ടാവാം ലോകത്ത്... എത്ര മനുഷ്യനുണ്ടോ അതിലേറെ കഥകൾ.... അതിൽ കുറച്ച് കഥകൾ മാത്രമാവാം സിനിമയാവുന്നത്. അതുപോലെയാണ് ‘ബി 32 മുതൽ 44 വരെ‘ യിലെ മുലക്കഥകൾ. എണ്ണിയാലൊടുങ്ങാത്ത മുലക്കഥകൾ ലോകത്ത് ഉണ്ടാവാം... ഉണ്ട്... അതിൽ വെറും 6 എണ്ണം മാത്രമാണ് ബി 32 മുതൽ 44 വരെ.

എണ്ണിയാലൊടുങ്ങാത്തത്ര മുലക്കഥകൾ ഉണ്ടെന്നൊക്കെ ഒരാണായിരിക്കെ നിനക്കെങ്ങനെ പറയാൻ കഴിയുമെന്നോ??? കുറച്ച് നല്ല പെൺസൗഹൃദങ്ങൾ ഉണ്ടായാൽ മതി... കുറെ വായിച്ചാൽ മതി... ഭാര്യക്ക് കുറച്ച് ചെവി കൊടുത്താൽ മതി... ഒരുപാട് കിട്ടും. (സ്വയം വിശുദ്ധനാവുകയല്ലാ... തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ട്...!!)

ഈ ചിത്രത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് അശ്വതി ബി അവതരിപ്പിച്ച ‘ജയ‘ എന്ന കഥാപാത്രമാണ്. സാഹചര്യത്തിൻ്റെ സമ്മർദ്ദം കൊണ്ട് ബ്രേസിയറിനു മോഡലാവേണ്ടി വന്ന വീട്ടുജോലിക്കാരിയിൽ നിന്ന് തുടങ്ങുന്ന ജയയുടെ യാത്ര... സ്വയം പൊരുതി.... തനിക്കെന്താവാമെന്ന തിരിച്ചറിവിലൂടെ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന ജയ...! ജയ സ്ക്രീനിൽ നിന്ന് മറയുമ്പോൾ നമ്മുടെ മനസും നിറയും.

ഏറ്റവും വേദനിപ്പിച്ചത്, റൈന രാധാകൃഷ്ണൻ അവതരിപ്പിച്ച ‘നിധി‘ ആയിരുന്നു. കുറെ സമയം കുഞ്ഞിന് മുലപ്പാൽ കൊടുക്കാതിരിക്കുമ്പോൾ മുലകളിൽ നിന്ന് പാൽ സ്വയം പുറത്തേക്കൊഴുകാൻ തുടങ്ങും. കുഞ്ഞ് അടുത്തില്ലാത്തപ്പോൾ, കുഞ്ഞിനെക്കുറിച്ചുള്ള ഓർമ്മകളിൽ, എന്തിനേറെപ്പറയുന്നു മറ്റാരുടെയെങ്കിലും കുഞ്ഞ് കരയുന്നത് കേട്ടാൽ പോലും ഇങ്ങനെ പാൽ ചുരത്തപ്പെടാറുണ്ടത്ര. അങ്ങനെ ഒരു അവസ്ഥയിൽ ‘നിധി‘ അവൾ പഠിക്കുന്ന പതിനൊന്നാം ക്ലാസിലെ ബഞ്ചിലിരുന്ന് കണ്ണീരും മുലപ്പാലും പൊഴിക്കുന്നു. ചിന്തിക്കാൻ പോലുമാവാത്തതാണവളുടെ കഥാസാഹചര്യം...!!! നിധിയാവേണ്ടവളാണവൾ... പക്ഷെ...!!!!

ഇങ്ങനെ വ്യത്യസ്തങ്ങളായ 6 കഥകൾ. എല്ല കഥകളേയും കുറിച്ച് പറയാൻ നിൽക്കുന്നില്ല. എന്നാലും, ഈ 6 കഥാപാത്രങ്ങൾക്കും നൽകിയിരിക്കുന്ന പേരും അവരവരുടെ കഥയും വളരെ കണക്റ്റായി തോന്നി. അത് യാദൃശ്ചികമായി സംഭവിച്ചതായി തോന്നിയില്ലാ.

‘ജയ‘ - അവൾ ജയിക്കാനായി തീരുമാനിച്ചിറങ്ങുകയാണ് അവസാനം. ജയമവളുടേതാണ് താനും.

‘നിധി‘ - നിധിയാണവൾ... പക്ഷെ...!!! എന്നാൽ പോലും, അവളെ അവസാനം നിധിയായി കണ്ടെടുക്കുന്നുണ്ട്... തിളങ്ങുന്നുമുണ്ട്....!!!

സറിൻ ഷിഹാബ് അവതരിപ്പിച്ച ‘ഇമാൻ‘ - വിശ്വാസം, അംഗീകാരം എന്നൊക്കെയാണ് ഇമാൻ എന്നതിൻ്റെ അർത്ഥം. അവൾക്കവളിൽ തന്നെ വിശ്വാസമില്ലായിരുന്നു. തന്നിലെ കുറവുകളിലേക്ക് നോക്കി സ്വയം പോലും അംഗീകരിക്കപ്പെടാൻ അവാതിരുന്നവൾ. എന്നിട്ടവൾ അവസാനം ഇത് രണ്ടും സ്വായത്തമാക്കി... അവൾക്ക് വേണ്ടിത്തന്നെ...!!!!

അനാർക്കലി മരക്കാർ മനോഹരമാക്കിയ ‘സിയ‘ - അർത്ഥം കൊണ്ടവൾ വെളിച്ചമാണ്... തേജസ്സാണ്...!! സ്വയം എന്തെന്നും ആരെന്നും എങ്ങനെയെന്നും വ്യക്തതയുള്ള സിയ. അവൾ ഇമാനും ജയക്കും വെളിച്ചം പകർന്നു നൽകുന്നുണ്ട്. സ്വയം തേജസുറ്റവളുമാണ്.

കൃഷാ കുറുപ്പിൻ്റെ ‘റേച്ചൽ‘ - അർത്ഥം: പരിശുദ്ധി / പെണ്ണാട്....! ബി 32 മുതലിൽ റേച്ചൽ കൃത്യമായി ഇവ രണ്ടിൻ്റേയും അടയാളമാകുന്നുണ്ട്. തൻ്റെ അനുവാദമില്ലാതെ തൊട്ടശുദ്ധമാക്കാൻ ശ്രമിക്കുന്നവനെതിരെ നിലകൊള്ളുന്നുണ്ട്... നിലപാടെടുക്കുന്നുമുണ്ട്.

രമ്യ നമ്പീശൻ ഗംഭീരമാക്കിയ ‘മാലിനി‘ - മാലയിട്ട... അപ്സരസ്....!! മുല മുറിച്ചുകളഞ്ഞ പാടുകൾ അവളെ മാലയിട്ട അപ്സരസാക്കുന്നുണ്ട്. മാലിനി എന്നതിന് സുഗന്ധമുള്ള അല്ലെങ്കിൽ മധുരം എന്നൊക്കെ അർത്ഥമുണ്ടത്ര. ശരിയാണ്... മാലിനി പരത്തുന്ന സുഗന്ധത്തിലാണ് ഒരമ്മയും കുഞ്ഞും ജീവിക്കുന്നത്. പിന്നെ സരസ്വതിദേവിയെ മാലിനി എന്ന് പറയാറുണ്ട്. അതെ അവൾ മാലിനി തന്നെ.

ഈ സിനിമയെക്കുറിച്ച് വായിച്ച് ഒരു പുരുഷനും കലിപ്പ് തോന്നേണ്ടതായി ഒന്നുമില്ലാ സത്യത്തിൽ... Unless you are one of them...!!

ഒരു ചരടിൽ കോർത്ത മുത്ത്മാലകൾ കണക്കെ 6 കഥകളെ കോർത്തിണക്കി അതിമനോഹരമായി അവതരിപ്പിച്ചതിന് ശ്രുതി ശരണ്യവും ടീമും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ശ്രുതിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കാൻ ഈ മുലക്കഥക്കാഴ്ച്ചകൾ കാരണമാവുന്നുണ്ട്...!!

-- -- --

ഓഫ്ബിറ്റ്: പ്രിയപ്പെട്ട ഇമാൻ, 32AA എന്നൊരു സൈസ് ആമസോണിൽ അവൈലബിൾ ആണ് കെട്ടോ. ലിങ്ക് വേണേൽ തരാവുന്നതാണ്. ആ കടയിലെ സെയിൽസ് ഗേളിന് അറിയില്ലാഞ്ഞിട്ടാ.

എക്സട്രാ പീസ്: ഗൂഗിളിൽ 32AA തിരയാൻ പോയതിൻ്റെ ബാക്കിയായിട്ടിപ്പോ എൻ്റെ ബ്രൗസറിൽ എല്ലായിടത്തും ബ്രായുടെ പരസ്യം കാണിക്കുന്നു. അതിനി എങ്ങനെ മാറ്റുമെന്നാരെങ്കിലും പറഞ്ഞ് തരൂ...!!!

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക