നായ കടിച്ചതാ അതോ പുലിയാ ? കാർത്യായനേച്ചി ഇവിടെയുണ്ട്

Interviews

മത്തായിച്ചേട്ടനൊന്ന് കേറിനോക്ക്യേ.. ആ...
പിന്നേ.. നിന്റെയൊക്കെ മലം പരിശോധിക്കലല്ലേ എന്റെ പണി..!

ഇതിനു ശേഷം ഇതേ ആങ്കിളിൽ ഇത്രേം ഹിലാരിയസായി ഒരു കക്കൂസ് ഫലിതം കേൾക്കുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പനിലാണ്. 

ഭാസ്ക്കരേട്ടനെട്ട് വട്ടം പോയത് സാമ്പാറ് പോലെയാണെന്ന് ഹോംനേഴ്സായ കാർത്യായനിയേച്ചി പറയുമ്പോ, ങ്ങള് കണ്ടീനോ എന്ന ചോദ്യത്തിന് "പിന്നേ സാമ്പാറാണോ അവിയലാണോ എന്ന് പരിശോധിക്കലല്ലേ എന്റെ പണീ" ന്ന് പറയുകയാണ് കാർത്യായനേച്ചി.

ഇത് വായിക്കുന്ന ആരെങ്കിലും ഭക്ഷണത്തിനു മുന്നിലിരിക്കുകയാണെങ്കിൽ അപ്പോൾ ആ രംഗത്തുള്ള ടെയിലർ രഘു ‌സാമ്പാർ വാങ്ങാതെ ഉള്ള ദോശയും ചുരുട്ടിക്കൂട്ടി എഴുന്നേറ്റ്, കാർത്യായനിയേച്ചീ ഒരു നല്ല വർത്താനം പറഞ്ഞൂടെ ങ്ങക്ക്, എന്ന് ചോദിക്കുമ്പോ " കക്കൂസിനു പിന്നെ ലുലുമാളെന്നാ പറേണ്ടത്" എന്ന അടുത്ത കൗണ്ടർ വരികയാണ്.

Lulu.png

കക്കൂസിനു പിന്നെ ലുലുമാളെന്നാ പറേണ്ടത് ?

കുഞ്ഞപ്പനിൽ കാർത്ത്യായനി എന്ന ഹോംനേഴ്സ് വരുന്ന വരവ് മുതൽ അവരെ കാണിക്കുന്ന രംഗങ്ങളിലൊക്കെ കൗണ്ടർ ഡയലോഗുകളും തമാശകളും എത്ര സ്വാഭാവികമാണെന്ന് ചിന്തിച്ചിരുന്നു. നാടകരംഗത്തെ കനത്ത അഭിനയ പാരമ്പര്യവുമായാണ് വരവെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ ഉറപ്പിച്ചിരുന്നു.

Baadha.png

ഇങ്ങനെയെത്രയെത്ര ബാധ ഒഴിപ്പിച്ചിണ്ട്..ദക്കെയെന്തെന്ന്..

ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മൽ രാജീവന്റെ ചന്തി പട്ടി തന്നെയോ അതോ പുലിയാണോ കടിച്ചെടുത്തതെന്ന സ്വാഭാവികമായ സംശയമുള്ള ശബ്ദം സിനിമയുടെ ട്രെയിലറിൽ മുഴങ്ങുമ്പോത്തന്നെ കാർത്യായനേച്ചിയുടേതല്ലേന്ന് ആൻഡ്രോയിഡ് കുഞ്ഞപ്പൻ കണ്ട പലരും ഓർക്കുന്നുണ്ടാവും. ആണ്..ആണ്.. ഭാനുമതി പയ്യന്നൂർ എന്ന അഭിനേത്രിയാണ് ചെറുതെങ്കിലും ഈ മിന്നും പെർഫോമൻസുകളൊക്കെ ഇറക്കുന്നത്.

Ladies-face.png

ഒരു ലേഡീസല്ലേ ഞാൻ, ന്റെ ഫേയ്സല്ലേ നിക്ക് വൽത് ?

സുരാജിന്റെ അച്ഛൻ കഥാപാത്രത്തിനു സഹായമായി വരുന്ന ഹോംനേഴ്സ് നാരായണിയായി സ്ക്രീനിൽ വരുന്ന വരുമ്പോളൊക്കെ കൗണ്ടറുകളുടെ ബഹളമാണ്. സ്വാഭാവിക ഡയലോഗ് ഡെലിവറിയിലൂടെ തമാശകളുടെ പൂരമാണ് കാർത്യായനി എന്ന ഭാനുമതി പയ്യന്നൂർ സിനിമയിൽ കൊണ്ട് വന്നത്.

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശിനിയായ ഭാനുമതി പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പഠിച്ച സ്കൂളിലെ അധ്യാപകരുടെ പ്രോത്സാഹനത്തിലായിരുന്നു തുടക്കം. പിന്നീട് അമൈച്വർ നാടകങ്ങളിലൂടെ പ്രൊഫഷണൽ നാടക വേദികളിൽ സജീവമായി. ഇബ്രാഹിം വേങ്ങരയുടെ കോഴിക്കോട് ചിരന്തന, കോഴിക്കോട് വിശ്വകല തുടങ്ങിയ ട്രൂപ്പുകളിൽ പിന്നീട് പ്രൊഫഷണൽ നാടകങ്ങളിൽ അഭിനേത്രിയായി വളരെ വർഷക്കാലം തുടർന്നു. ആദ്യത്തെ സിനിമ "ഇവൻ മേഘരൂപൻ", അതിനു ശേഷം "അമീബ", "ഉരിയാട്ട്" തുടങ്ങി ഏകദേശം 20തോളം സിനിമകളിൽ വേഷമിട്ടു. ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ആണ് സിനിമാ രംഗത്ത് ശ്രദ്ധേയ ആയി മാറിയത്. 

m3dbcafeക്ക് നൽകിയ വിവരങ്ങളിൽ നിന്ന് ചില ചോദ്യങ്ങൾ 

നാടകത്തിനിടക്കുള്ള ഓർമ്മകൾ എന്തൊക്കെയാണ് ?

മദർ ഇന്ത്യ എന്ന നാടകത്തിൽ അഭിനയിക്കുമ്പോഴാണ് 24 വയസ് മാത്രം പ്രായമുള്ള ഏറ്റവും ഇളയ അനിയൻ അകാലത്തിൽ മരണപ്പെടുന്നത്. 
കോഴിക്കോട് വിശ്വകലയുടെ നാടകത്തിൽ അഭിനയിക്കുന്നതിനു തൊട്ട് മുമ്പാണ് രണ്ടാമത്തെ അനിയൻ മരണപ്പെടുന്ന വാർത്തയും അറിയുന്നത്. നാടക സംഘാടകരായ പള്ളിക്കമ്മറ്റിയുടെ അപേക്ഷയുടെ പുറത്ത് നാടകം പൂർത്തിയാക്കി മടങ്ങുമ്പഴേക്കും അനുജന്റെ ചിത കത്തിയെരിഞ്ഞ സംഭവം ഇപ്പോഴും ഒരു കനൽ പോലെ എരിയുന്നു. അമ്മയുടെ മരണവും നാടകത്തിനിടെ ആയിരുന്നു എന്നതും നാടകജീവിതത്തിലെ ദുഖകരമായ ഓർമ്മകളായി അവശേഷിക്കുന്നു.

കമ്യൂണിസ്റ്റ് ആചാര്യനും മുഖ്യമന്ത്രിയുമായിരുന്ന ഇ എം എസ്സിന്റെ കഥ നാടകമായി വേദിയിലെത്തിയപ്പോൾ അതിൽ അമ്മയായി നാടകത്തിൽ വേഷമിട്ടതും അത് കാണാൻ വന്ന ഇ എം എസ്സ് അമ്മേയെന്ന് വിളിച്ച് ആശ്ലേഷിച്ചതുമൊക്കെ നാടകവേദിയിലെ തന്നെ മറക്കാനാവാത്ത സന്തോഷ മുഹൂർത്തങ്ങളായും ഭാനുമതി ഓർത്ത് വയ്ക്കുന്നു. വി എസ് അച്യുതാനന്ദൻ, അയ്യപ്പപണിക്കർ,  കാവാലം നാരായണപ്പണിക്കർ തുടങ്ങിയ പ്രമുഖരൊക്കെ ഉണ്ടായിരുന്ന വേദിയിലായിരുന്നു ആ പെർഫോമൻസ്. വേണുക്കുട്ടൻ നായരായിരുന്നു ‌നാടകത്തിന്റെ സംവിധായകൻ.  

Bhanumathi8.jpg

ഇ എം എസ്സിന്റെ അമ്മയായി നാടകത്തിൽ വേഷമിട്ട ശേഷം ഇ എം എസുമൊത്ത്

WhatsApp Image 2022-08-26 at 7.43.26 PM.jpeg

ശശി കലിംഗയുമൊത്ത് ഒരു നാടകവേദിയിൽ

ഏത് സിനിമയാണ് തുടക്കം ?

പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ സംവിധായകനും നാടക പ്രവർത്തകനുമായ പ്രകാശ് ബാരേയുടെ ഇവൻ‌ മേഘരൂപൻ എന്ന സിനിമയിലൂടെ ആണ് സിനിമയിൽ തുടക്കമിടുന്നത്. പി ബാലചന്ദ്രനായിരുന്നു സംവിധായകൻ.

ശ്രദ്ധേയമായ വേഷങ്ങളും അഭിനയവും ?

ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ആണ് സിനിമാ രംഗത്ത് ശ്രദ്ധേയ ആയി മാറിയത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് എന്റെ ഡയലോഗ് ഡെലിവറി നന്നായി ഇഷ്ടമായത് തുടർന്ന് വന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയിലും ഉൾപ്പെടുത്തി. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഹോം നേഴ്സിന്റെ വേഷം ശ്രദ്ധേയമായതാണ് ‌പിന്നീടുള്ള അവസരങ്ങൾ സാധ്യമായത്.

ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഓർമ്മകൾ ?

നാടകത്തിൽ അഭിനയിച്ച് പരിചയിച്ചിരുന്നെങ്കിലും സുരാജിനേപ്പോലെയുള്ള വലിയ നടന്മാർക്കൊപ്പം അഭിനയിക്കാൻ അൽപ്പം പരിഭ്രമം തോന്നിയിരുന്നു. എങ്കിലും വളരെ സ്വാഭാവികമായി വീട്ടിൽ സംസാരിക്കുന്നത് പോലെ തന്നെ ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ സംവിധായകൻ പറഞ്ഞതോടെ അക്കാര്യങ്ങളൊക്കെ ഭംഗിയായി എന്ന് മനസിലായി.  

മറ്റ് സിനിമകൾ?

ഒരു പാട് പടങ്ങളിൽ അഭിനയിച്ചു, ഇപ്പോഴും അഭിനയിക്കുന്നു. ഇവൻ മേഘരൂപൻ, പുലിജന്മം, അമീബ, ഉരിയാട്ട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, പടവെട്ട്, ജിന്ന്, സബാഷ് ചന്ദ്ര ബോസ്, ഇടി മഴ കാറ്റ്, അർച്ചന 31 നോട്ടൗട്ട്, പുള്ളി, മോം ഇൻ ദുബായ്, തല്ലുമാല, ചാൾസ് എന്റെർപ്രൈസസ്സ്, അന്ത്രു ദ മാൻ, രേഖ, നദികളിൽ സുന്ദരി തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച് കഴിഞ്ഞു. പേരിടാത്ത 2 സിനിമയിൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിയ്ക്കുന്നു.

മറ്റ് കലാപ്രവർത്തനങ്ങൾ ?

ഏകദേശം 5 ഷോട്ട് ഫിലിം, 3 ആൽബം എന്നിവയിലൊക്കെ വേഷമിട്ടു. പിന്നെ കൊറോണ കാലത്ത് ഗ്രൂപ്പ് ന് വേണ്ടി 3 ശബ്ദനാടകങ്ങൾ ഞാൻ എഴുതി സംവിധാനം ചെയ്തു.

സിനിമകളുടെയും വിവരങ്ങളും കൂടുതൽ വിവരങ്ങളുമൊക്കെ m3dbയിൽ ഭാനുമതി പയ്യന്നൂരിന്റെ പ്രൊഫൈലിൽ

Relates to: 
ഭാനുമതി പയ്യന്നൂർ
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25
ന്നാ, താൻ കേസ് കൊട്
Comment