സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത (A)പടം “ചതുരം“ത്തിൻ്റെ ടൈറ്റിൽ വന്നപ്പോൾ മുതൽ ചിന്തിക്കുന്നതാണ്, എന്താവും ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ചിത്രം കണ്ടപ്പോഴാണ് കുറച്ചൊക്കെ കാര്യങ്ങൾ വ്യക്തമായത്. എനിക്ക് മനസിലായ ചില ‘SQUARE' ചിന്തകൾ പങ്ക് വയ്ക്കുന്നു....
സീറോ ഉണ്ണിയെന്ന അനുഗ്രഹീത ഇല്ലുസ്റ്റ്രേറ്റർ ഡിസൈൻ ചെയ്ത ‘ചതുരം‘ ടൈറ്റിലിൽ അതിൻ്റെ ഇംഗ്ലീഷ് അർത്ഥമായ SQUARE എന്ന് കൂടി കൊടുത്തിട്ടുണ്ട്. ചതുരം എന്നത് ഒരു വീടിൻ്റെ നാലു ചുമരുകളെത്തന്നെ ആണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. നാലു ചുമരുകൾക്കുള്ളിൽ നടക്കുന്ന കഥ. ഒപ്പം ചതുരം എന്ന് എഴുതിയിരിക്കുന്നത് തന്നെ ചതുരരൂപത്തിലാണ്. ആ എഴുതിയതിൻ്റെ ബ്ലാങ്ക് സ്പെയിസിലൂടെ നോക്കിയാൽ ‘വഴി കണ്ടുപിടിക്കുക‘ ടൈപ്പ് ഒരു puzzle കൂടി അതിൽ ഒളിഞ്ഞുകിടപ്പുണ്ട്. സിനിമയിലും കാണാം രക്ഷപെടലിൻ്റെയും, കൂടെപ്പോക്കിൻ്റേയും ഒക്കെ ഒരു വഴി കണ്ടുപിടിക്കൽ. മിക്കതും അടഞ്ഞ വഴികൾ. ചതുരം എന്നത് ആ വലിയ വീടിനെ തന്നെ പ്രതിനിധീകരിക്കുന്നുണ്ട് എന്ന് തോന്നുന്നു. രണ്ട് നിലകളുള്ള നീണ്ടുകിടക്കുന്ന വലിയ വീട്.
ഇനി ചതുരം / SQUARE എന്ന വാക്കിൻ്റെ ചില അർത്ഥങ്ങളിലേക്ക് നോക്കാം.
ചതുരം നാലു വശങ്ങളുള്ള ഒരു ഷേപ്പ്. സിനിമയിലും പ്രധാനമായി നാല് കഥാപാത്രങ്ങൾ നാല് വശങ്ങളെ പ്രതിനിധാനം ചെയ്യുകയാണ്. ഒപ്പം ഇതിൻ്റെ ഒരു പോസ്റ്ററിൽ കണ്ടത്... സോൾവ് ആവാത്ത റൂബിക് ക്യൂബിനു സമാനമായ പാതി മുറിഞ്ഞ മുഖങ്ങൾ കാണിക്കുന്ന ചത്രങ്ങളുള്ള പോസ്റ്റർ. അത് സോൾവ് ആവുമ്പോൾ ആ മുൻ സൈഡിൽ ഒരു ചിത്രം മാത്രം തെളിയും ബാക്കിയെല്ലാം വശങ്ങളിലേക്ക് വഴിമാറും. സോൾവ് ആവുമ്പോൾ മുൻവശത്ത് വരുന്ന ആളുടെ ചിത്രമാണ് പ്രസ്തുത പോസ്റ്ററിൽ ബാക്ഗ്രൗണ്ടിൽ കൊടുത്തിരിക്കുന്നത്.
ഇംഗ്ലീഷിൽ SQUARE എന്ന പ്രയോഗം സാഹചര്യമനുസരിച്ച് പല ആശയങ്ങളും മുന്നോട്ട് വയ്ക്കാനുപയോഗിക്കുന്ന ഒന്നാണ്. എന്തെങ്കിലും വിധത്തിലുള്ള അഭിപ്രായവ്യത്യാസമോ തർക്കമോ തീർപ്പാക്കുന്നതിനെ SQUARE എന്ന് വിശേഷിപ്പിക്കാറുണ്ട്. സിനിമയിലും സംഭവം പല തരത്തിലുള്ള SQUARE തന്നെയാണല്ലോ...!! അതുപോലെ, കടം കൊടുത്ത പണം അല്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ തീർപ്പാക്കുന്നതിനും SQUARE ACCOUNT എന്ന പ്രയോഗം ഉപയോഗിക്കുന്നു. ചുരുക്കത്തിൽ ഒരു കണക്ക് തീർക്കൽ തന്നെയാണ് ചതുരം.
മറ്റൊന്ന്... സത്യസന്ധവും വിശ്വസ്തവും ന്യായവുമായ രീതിയിലുള്ള പെരുമാറ്റത്തിനും ഇടപാടുകൾ ചെയ്യുന്നതിനും PLAY SQUARE എന്നും പറയാറുണ്ട്. ഒരു Play Square അവസ്ഥയിലേക്കായിരുന്നു നായികയുടെ യാത്ര എന്ന് തോന്നിപ്പിച്ചാണല്ലോ സിനിമ അവസാനിക്കുന്നത്. SQUARE എന്നത് ഇതുപോലെ മറ്റ് പല സാഹചര്യങ്ങളിലും ഇംഗ്ലീഷിൽ ഉപയോഗിക്കാറുണ്ട് എന്നാണറിവ്. അവയിൽ ഏതൊക്കെ സിനിമയുടെ കഥയുമായി കണക്റ്റ് ആവുന്നു എന്ന് നോക്കേണ്ടിയിരിക്കുന്നു. കൂടുതൽ ആപ്റ്റായി തോന്നിയവയാണ് ഞാനിവിടെ കുറിച്ചത്.
ഇങ്ങനെയൊക്കെയാവണം ‘ചതുരം‘ എന്ന ടൈറ്റിൽ ആ ചിത്രത്തിൻ്റെ കാഴ്ച്ചകൾക്കൊപ്പം നിന്നുകൊണ്ട്, അർത്ഥപൂർണ്ണമാകുന്നത്.