ചിരിയാണ് സാറേ നമ്മ്‌ടെ മെയിൻ... മദനന്റെ മഞ്ജുമോൾ ജോവൽ

Interviews

 

''ഏറ്റവുമിഷ്ടം ആരെയാ?''
''രാജേഷ്  അങ്കിളിനെ''...
''പിന്നെ ആരെയാ ഇഷ്ടം ?''
''പിന്നെ... പിന്നെ സുരാജ് അങ്കിളിനെ... അങ്കിൾ കുറേ ചിരിപ്പിക്കും. കഥകൾ പറയും. നല്ല രസമാ... എല്ലാവരെയും ഇഷ്ടമാണ്. ഷൂട്ടിംഗ് സെറ്റ് അടിപൊളിയാരുന്ന്.''അമ്മാവൻ, അച്ഛൻ വിളികൾക്കിടയിലെ ആശങ്കയുടെ നൂൽപ്പാലത്തിൽ'മദനോത്സവം' സിനിമയിൽ  മദനനെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മഞ്ജുമോളെ  ഗംഭീരമാക്കിയ അതേ ഭാവങ്ങൾ 

കുഞ്ഞുക്കണ്ണുകളിൽ വിരിഞ്ഞു. സിനിമയിൽ കണ്ട ഭംഗിയുള്ള അതേ കുസൃതിച്ചിരി!

ഇൻസ്റ്റഗ്രാമിൽ ജോവൽ സിദ്ദീഖ് എന്ന ഐഡിയിൽ അത്ഭുതപ്പെടുത്തുന്ന നൂറുകണക്കിന് ഭാവരസങ്ങൾ ജോവലിന്റേതായുണ്ട്. ഓരോന്നും വ്യത്യസ്തതയുള്ളത്, കണ്ടു നിന്നു പോകുന്നവ. ചേച്ചി ഹെയ്ലസിനൊപ്പം ചേർന്നുള്ള കണ്ടുപിടുത്തങ്ങളും ആവിഷ്‌കാരങ്ങളാണവ.  വെറുതെയല്ല, സിനിമയിൽ മഞ്ജുമോളായി  ജോവൽ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞതെന്ന് ഓരോ റീലും പറയും. മദനന്റെ സ്‌നേഹത്തിൽ ഐസ്‌ക്രീം കഴിച്ച്  പനി വന്ന്  ആവി പിടിക്കുമ്പോൾ അതിഷ്‌ടപ്പെടാതെ, തലയിലെ പുതപ്പ് മാറ്റി മദനനെ, മഞ്ജുമോൾ നോക്കുന്ന ഒരു നോട്ടമുണ്ട്. അതിലുണ്ട്  ജോവൽ എന്ന കുഞ്ഞുപുലിയുടെ പ്രതിഭ അപ്പാടെ.

[[{"fid":"63882","view_mode":"wysiwyg","fields":{"format":"wysiwyg","alignment":"","field_file_image_alt_text[und][0][value]":false,"field_file_image_title_text[und][0][value]":false,"external_url":""},"type":"media","field_deltas":{"1":{"format":"wysiwyg","alignment":"","field_file_image_alt_text[und][0][value]":false,"field_file_image_title_text[und][0][value]":false,"external_url":""}},"attributes":{"class":"file-wysiwyg media-element","data-delta":"1"}}]]

അല്ലെങ്കിലും എല്ലാവരെയും ഞെട്ടിക്കൽ കുറച്ചുകാലമായി ജോവൽ സിദ്ദീഖ് എന്ന ഏഴുവയസുകാരിയുടെ ഹോബിയാണ്. ആറുമാസം മുമ്പ് ചേച്ചിയുമായി ചേർന്ന്  ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി കുളപ്പുള്ളി ലീലയുടെ ഒരു റീൽ അങ്ങ് കാച്ചി. ലൈക്കും കമന്റും ആയിരങ്ങളിലേക്ക് കുതിച്ചപ്പോഴാണ് മോൾ സ്റ്റാറായത് ഉമ്മ ഹസ്‌ന  പോലും അറിഞ്ഞത്. പിന്നെ റീലുകളുടെ മേളമായെന്ന് പറഞ്ഞാൽ മതിയല്ലോ. കൂടുതലും നടൻ ജഗദീഷിന്റെ ഡയലോഗുകളുള്ള റീലുകളാണ് ജോവൽ പൊളിച്ചടുക്കിയത് എന്ന് പ്രത്യേകം പറയണം. ഓരോന്നിനും കൈ നിറയെയായിരുന്നു സോഷ്യൽ മീഡിയയുടെ സപ്പോർട്ട്. സിനിമകളൊന്നും അങ്ങനെ കാണാറില്ലാത്ത ജോവൽ മറ്റു റീലുകൾ കണ്ടാവാം ഇതൊക്കെ ചെയ്‌തതെന്ന്  ഹസ്‌ന  പറയുന്നു. റീൽസിന്റെ ഒറിജിനൽ സിനിമാരംഗങ്ങൾ ഹസ്‌ന കാണിക്കുമ്പോൾ ഇതാരാണെന്നാവും  മിക്കപ്പോഴും ജോവലിന്റെ ചോദ്യം. അതിൽ കയ്യിൽ നിന്നും കുറച്ച് ഭാവങ്ങളുമിട്ട് അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാർക്ക്  കണ്ണ് മാറ്റാനേ തോന്നില്ല.ഏതായാലും ജോവലിന്റെ മിന്നും പ്രകടനങ്ങൾ  'മദനോത്സവം' എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മദനന്റെ  കഥാപാത്രത്തിന്റെ  മഞ്ജുമോളെ അവതരിപ്പിക്കാൻ ആളെ തേടി അലഞ്ഞ ടീം കണ്ടു. ഉടനെ ഓഡീഷന് വേണ്ടി കാഞ്ഞങ്ങാടെത്തുമോ എന്ന ചോദ്യവുമായി മദനൻ ടീം ജോവലിന്റെ വീട്ടുകാരെ വിളിച്ചു.

സിനിമയിൽ എടുക്കുമോ, ഇല്ലയോ എന്നതായിരുന്നില്ല വീട്ടുകാരുടെ ടെൻഷൻ. വീട്ടിനകത്ത് ഒരു മുറിയിലിരുന്നത് അഭിനയിച്ചു തകർക്കുന്ന ജോവൽ പുറത്ത് അത്രയും ആൾക്കാരുടെ മുന്നിൽ ചെയ്യുമോ എന്നായിരുന്നു അവരുടെ ആധി. എന്നാൽ വീട്ടിൽ അവർ കാണുന്ന ജോവൽ ആയിരുന്നില്ല അവിടെ എത്തിയപ്പോൾ. സിനിമയിലെ ഡയലോഗുകളായിരുന്നു ഓഡിഷനിൽ പറയിപ്പിച്ച് നോക്കിയത്. അതെല്ലാം ഒറ്റ ടേക്കിൽ തന്നെ ഓക്കെയാക്കി. ജോവൽ ആളാകെ മാറിയ ഫീലിംഗായിരുന്നു ഉമ്മയ്ക്കും കുടുംബത്തിനും. പൂർണമായും വേറെ ഒരാൾ. വീട്ടിലുള്ള കൊച്ചേ ആയിരുന്നില്ല ഓഡിഷന് പോയപ്പോൾ. ഏതായാലും അടുത്ത ദിവസം സെലക്ടായെന്ന് അറിഞ്ഞു. 

[[{"fid":"63883","view_mode":"wysiwyg","fields":{"format":"wysiwyg","alignment":"","field_file_image_alt_text[und][0][value]":false,"field_file_image_title_text[und][0][value]":false,"external_url":""},"type":"media","field_deltas":{"2":{"format":"wysiwyg","alignment":"","field_file_image_alt_text[und][0][value]":false,"field_file_image_title_text[und][0][value]":false,"external_url":""}},"attributes":{"class":"file-wysiwyg media-element","data-delta":"2"}}]]

മദനന്റെ  കൂടെ സ്‌കൂട്ടറിൽ പോകുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. ജോവൽ ഒട്ടും പേടിയില്ലാതെ ഇതെത്ര കണ്ടതാണെന്ന മട്ടിൽ നന്നായി  ആ സീൻ ചെയ്തു. കയ്യടിയോടെയാണ്  ക്രൂ ആ രംഗം കണ്ടു നിന്നത്. സിനിമാടീമിന്റെ സപ്പോർട്ടും വളരെ വലുതായിരുന്നെന്ന് ജോവലിന്റെ വീട്ടുകാർ പറയുന്നു.''അച്ഛനെ കൊല്ലല്ലേ''... എന്ന് മഞ്ജുമോൾ കരയുന്ന സിനിമയിലെ നിർണായകമായ സീനിലും ഒറ്റ ടേക്കിൽ പതർച്ചയില്ലാതെയാണ് ജോവൽ ശരിയാക്കിയത്.അപ്പോഴും നിറയെ അഭിനന്ദനങ്ങൾ ലഭിച്ചു.ഷൂട്ടിംഗ് നടന്ന കാഞ്ഞങ്ങാട്ടായിരുന്നു ജോവലും കുടുംബവും രണ്ടു മാസവും താമസിച്ചിരുന്നത്. ഇടയ്ക്ക് ബ്രേക്ക് വരുമ്പോൾ നാടായ വയനാട്ടിലേക്ക് പോകും.
സെറ്റിൽ എല്ലാവരുടെയും കുസൃതിക്കുടുക്കയായിരുന്നു ജോവൽ. സുരാജിന്റെ തലവെട്ടം എവിടെയെങ്കിലും കണ്ടാൽ ഓടി വരും.പിന്നെ കഥയായി,വർത്തമാനമായി അരങ്ങു കൊഴുക്കും. ഷൂട്ട് കഴിഞ്ഞ് സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവിടെ മതിയായിരുന്നെന്ന് ജോവൽ വിഷമിച്ചതിനും കാരണം മറ്റൊന്നല്ല.

കൽപ്പറ്റ അമ്പിലേരിയിലാണ്  ജോവലിന്റെ  വീട്. ഡീപോൾ പബ്ളിക്ക് സ്‌കൂളിലായിരുന്നു നേരത്തെ പഠിച്ചത്. ഇനി കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലേക്കാണ്. ഉപ്പ സിദ്ദീഖ് സൗദിയിൽ സോഫ്റ്റ് വെയർ എൻജിനിയറാണ്, ഉമ്മ ഹസ്ന ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റാണ്. ചേച്ചി ഹെയ്സലാണ്  ജോവലിന് ഫുൾ സപ്പോർട്ട്. നതാൻ, നഹാൻ എന്നിവർ ഇരട്ടസഹോദരങ്ങളാണ്.വിശേഷങ്ങൾ പറഞ്ഞു തീരും മുമ്പ് ഒരു ചോദ്യം കൂടി ചോദിച്ചു.

''ഇനി സിനിമയിൽ അഭിനയിക്കുമോ?''
ചോദ്യത്തിന് ഒറ്റ മിനുറ്റിൽ ഉത്തരം റെഡി, ''അഭിനയിക്കുമല്ലോ....'' ആത്മവിശ്വാസം അലുക്കിട്ട ഒന്നാന്തരം ചിരിയോടെ മദനന്റെ, അല്ല നമ്മുടെ ജോവൽ പറഞ്ഞുനിറുത്തി.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment