"ആത്മവിശ്വാസത്തിന്റെ അഴക് ഗായത്രിയുടെ കയ്യൊപ്പ്‌" -കോസ്റ്റ്യൂം ഡിസൈനർ ഗായത്രി കിഷോർ സംസാരിക്കുന്നു

Interviews

നിറങ്ങൾക്കൊക്കെ ഇത്ര ഭംഗിയുണ്ടോ എന്ന് 'പദ്മിനി' സിനിമ കാണുമ്പോൾ തോന്നും. പ്രത്യേകിച്ചും സാരിയിൽ സുന്ദരിയായി ഒഴുകി നടക്കുന്ന മഡോണ സെബാസ്റ്റ്യൻ അവതരിപ്പിച്ച പദ്മിനി ടീച്ചറെ കാണുമ്പോൾ. കോളേജിന്റെ വരാന്തയിലൂടെ നടക്കുന്ന ടീച്ചറുടെ സാരിയിൽ കണ്ണുടയ്ക്കുമ്പോഴേക്കും അടുത്ത സാരിയുടെ വരവാണ്. കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച, നീല അങ്ങനെ ഭംഗിയുള്ള സാരികൾ. ഒ.ടി.ടിയിൽ സിനിമ വന്നപ്പോഴേക്കും ഈ സാരിയെ കുറിച്ച് സോഷ്യൽമീഡിയ തിരക്കി തുടങ്ങിയിട്ടുണ്ട്.
ഗായത്രി കിഷോർ ആണ് ഈ  കോസ്റ്റ്യൂമുകളുടെ ഡിസൈനർ. ഗായത്രിയെ സംബന്ധിച്ച് ഓരോ സിനിമയിലെയും കഥാപാത്രങ്ങളാണ് പ്രധാനം. അതിനായി ചെറിയ ഡീറ്റെയ്‌ലുകൾ വരെ വസ്ത്രങ്ങളിൽ കൊരുത്തെടുക്കും. അഭിനേതാക്കൾ അവരവരുടെ റോളുകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലുന്നതാണ് ഗായത്രിയുടെ സന്തോഷം. ഗായത്രിയുടെ ജീവിതത്തിലെ നിറമുള്ള അനുഭവങ്ങളിലൂടെ ഒന്നു യാത്ര ചെയ്തു വരാം.

കോസ്റ്റ്യൂം ഡിസൈനിംഗിലേക്ക് ഗായത്രിയുടെ വരവ് എങ്ങനെയായിരുന്നു?
 
 എൻജിനിയറിംഗ് കഴിഞ്ഞപ്പോൾ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് ചേർന്നു. അതു കഴിഞ്ഞ് രണ്ടുവർഷം ഡിസൈനറായി ജോലി ചെയ്തു. ഡൽഹി നിഫ്റ്റിൽ ഒരു വർഷം പ്രൊഡക്ട് ഡിസൈനിംഗ് പഠിച്ചു. അവിടെ രണ്ടുവർഷം ജോലിയും ചെയ്തു. രണ്ടായിരത്തിപ്പതിനഞ്ച് കാലത്ത് കോസ്റ്റ്യൂം  ഡിസൈനിംഗ് ചെയ്താലോ എന്നുണ്ടായിരുന്നെങ്കിലും ആ ആഗ്രഹം മുന്നോട്ട് പോയില്ല. പിന്നീട് രണ്ടുമൂന്നുവർഷം കഴിഞ്ഞ്  ഒരു സുഹൃത്ത് ചെയ്ത മായാതെ എന്ന ഒരു മ്യൂസിക്ക് വീഡിയോയിൽ അവസരം ലഭിച്ചു. മൂന്നുദിവസത്തെ ഷൂട്ട്. നല്ല വർക്കായിരുന്നു അത്. ഔട്ടും രസമായി വന്നു. അതിന് ശേഷമാണ് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് വന്നത്. പതിയെ ഫോട്ടോഷൂട്ട് ചെയ്തു തുടങ്ങി. ഫടാഫട്  പ്രൊഡക്ഷനിൽ അഡ്വർടൈസ്‌മെന്റുകളുടെ കോസ്റ്റ്യൂം ചെയ്യാൻ അവസരം ലഭിച്ചു. പിന്നെ കുറച്ചു വർക്കുകൾ വന്നു. നാഷണൽ ആഡ്സ് ചെയ്യാൻ കഴിഞ്ഞതും കരിയറിന് ഗുണം ചെയ്തു.കുറച്ചു പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ നല്ല ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞു. ഒന്നരവർഷത്തിൽ മുപ്പതോ, മുപ്പത്തഞ്ചോ പരസ്യങ്ങൾക്ക്  കോസ്റ്റ്യൂം ചെയ്യാൻ കഴിഞ്ഞതും നല്ല അനുഭവമായിരുന്നു. ആയിടയ്ക്ക് കൃഷ്‌ണേന്ദു കലേഷിനെ പരിചയപ്പെട്ടു. അങ്ങനെയാണ് 'പ്രാപ്പെട' എന്ന സിനിമയിലേക്ക് വന്നത്. പിന്നെ  മുകുന്ദനുണ്ണി, ആയിരത്തൊന്നു നുണകൾ, തോൽവി എഫ്.സി, ജയ് മഹേന്ദ്ര, മാരിവില്ലിൻ ഗോപുരങ്ങൾ....ഇതുവരെ എട്ടു സിനിമകളായി.  റിലീസാകാനുള്ള ചിത്രങ്ങളുമുണ്ട്

എപ്പോഴായിരിക്കണം ഡിസൈനിംഗ് എന്ന സ്വപ്നം മനസിലേക്കെത്തിയത്?

എന്റെ സന്തോഷം ഇവിടെയാണ് എന്ന ഫീലിംഗ് ഉണ്ടായത് ഡിസൈനിംഗിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ്. ഡിസൈനിംഗ്  ഒരു പക്ഷേ, പണ്ടേ മനസിൽ ഉണ്ടായിരിക്കാം. ഇപ്പോഴാണ് ഞാൻ അതു കൂടുതലായി റിയലൈസ് ചെയ്യുന്നത്. ഇപ്പോൾ ആരെങ്കിലുമായി സംസാരിക്കുമ്പോൾ, ആ സീനിലെ കോസ്റ്റ്യൂമില്ലേ എന്നൊക്കെ അറിയാതെ പറഞ്ഞു പോകും.

'പദ്മിനി' യിലെ സാരികൾ ഗംഭീരമാണല്ലോ?

സിനിമ റിലീസായപ്പോൾ തന്നെ  'പദ്മിനി'യിലെ സാരികളെ കുറിച്ച് കുറേ പേർ നല്ലതാണെന്ന് പറഞ്ഞിരുന്നു.അതേ പോലെ സജിൻ ചേട്ടന്റെ ഷർട്ടുകളും പലർക്കും ഇഷ്ടപ്പെട്ടു. ഇതെല്ലാം സന്തോഷം തരുന്നുണ്ട്.  പ്ലെയിൻ സാരി, പ്രിന്റഡ് ബൗസ് ഒരിക്കലു ബോറടിക്കാത്ത കോംബിനേഷൻ ആണത്. അത്ര ഭംഗിയാണത്. ചാക്കോച്ചനും മഡോണയും നടന്നു വരുന്ന ഒരു സീനുണ്ട്. ചാക്കോച്ചന്റേത് യെല്ലോ ഷർട്ടാണ്. മഡാേണ അപ്പോൾ ധരിച്ച ഗ്രീൻ സാരിയിലായിരുന്നു പദ്മിനിയുടെ കോസ്റ്റിയൂം ഡിസൈനിംഗിന്റെ തുടക്കം. പച്ച പ്ലെയിൻ മെറ്റീരിയലാണ് ആദ്യം കിട്ടിയത്. എനിക്ക് ആ പച്ച നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ, ആവശ്യമുള്ള അത്ര അളവിൽ മെറ്റീരിയൽ ഇല്ലായിരുന്നു. അപ്പോൾ ഒരു മെറ്റീരിയൽ കൂടി ആഡ് ഓൺചെയ്തു. പിന്നീട് ഇതേ പാറ്റേണിൽ മൂന്നെണ്ണം ചെയ്തു, ബ്ളാക്ക് റെഡ്, യെല്ലോ, ഗ്രീൻ. ചിലപ്പോൾ ഇന്ന നിറം തന്നെ വേണമെന്ന് ഡി.ഒ.പിയുടെ ഭാഗത്ത് നിന്ന് സജഷൻ ഉണ്ടാകും. അങ്ങനെ വരുമ്പോൾ ആ നിറം ഡൈ ചെയ്തെടുക്കും.

ഒരു സിനിമയിൽ   കോസ്റ്റ്യൂം ഡിസൈനർ എന്തായിരിക്കണം?

'തല്ലുമാല' പോലെ  കോസ്റ്റ്യൂമിന് പ്രാധാന്യമുള്ള സിനിമയിൽ ആ റിച്ച്‌നസ്സ് കാണിക്കാം. അതല്ലാത്ത സിനിമകളിൽ കഥാപാത്രത്തിനൊപ്പം അലിഞ്ഞു ചേരുന്ന  കോസ്റ്റ്യൂമുകളാണ് ഭംഗി. ഒരു സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കോസ്റ്റ്യൂം കാരണം ആ സിനിമയിൽ ഒന്നും ഡിസ്റ്റേബ്ഡ് ആവരുത്. എന്തു ചെയ്താലും അത് കാരക്ടറിനു വേണ്ടി മാത്രം ചെയ്യുക. ഡിസൈനറുടെ കഴിവ് മുഴുവൻ കാണിക്കാനുള്ള പ്ലാറ്റ് ഫോം ആവരുത് സിനിമ. സിനിമയിൽ കാരക്ടറുകളാണ് കളറുകൾ കൊണ്ടു വരുന്നത്. 'പദ്മിനി' യിലെ രമേശൻ തന്റെ ദുരനുഭവത്തിനുശേഷം സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നതും പുള്ളിയുടെ ജീവിതം മാറുന്നതും കാണിക്കുമ്പോൾ ആ സൗന്ദര്യം അവിടെ  കൊണ്ടുവരണം. അതല്ലാതെ എനിക്ക് കിട്ടിയ അവസരമാണ്, അതിൽ മുഴുവൻ കഴിവും പ്രയോഗിക്കും എന്ന് ഡിസൈനർ വിചാരിക്കരുത് എന്ന് തോന്നുന്നു. ഞാൻ ചെയ്ത വർക്കുകളിൽ കൂടുതൽ നിറങ്ങൾ ഉപയോഗിച്ച സിനിമ  'പദ്മിനി'യാണ്.

അഭിനേതാക്കൾക്ക് പേഴ്‌സണൽ  കോസ്റ്റ്യൂമർമാരുണ്ടെങ്കിൽ എങ്ങനെയാണ് സിനിമയിൽ അവരോടൊപ്പം പ്രവർത്തിക്കുന്നത്?

ഇതുവരെ ചെയ്തതിൽ  കോസ്റ്റ്യൂം ഡിസൈനിംഗ് മുഴുവനായും ഞാൻ തന്നെയാണ് ചെയ്തത്. വരാൻ പോകുന്ന സിനിമയിൽ പേഴ്‌സണൽ കോസ്റ്റ്യൂമർമാരുണ്ട്. അത് തുടങ്ങാനിരിക്കുന്നതേയുള്ളൂ.

നമ്മൾ ചെയ്ത  കോസ്റ്റ്യൂം അഭിനേതാക്കൾക്ക് ഓകെയാവാത്തസാഹചര്യങ്ങൾ ഉണ്ടാകുമോ?

പർച്ചേസ് ചെയ്യുന്നതിന് മുമ്പ് തന്നെ അഭിനേതക്കാൾക്ക് ഡീറ്റെയിലിംഗ് നൽകും. ഈ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം ഇങ്ങനെയാണ് പോകുന്നത്, സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ അവർക്ക് എന്താണ് ഫീൽ ചെയ്തതെന്നും ചോദിക്കാറുണ്ട്. അഭിനേതാക്കൾക്ക് സ്വാഭാവികമായും ആ കഥാപാത്രത്തെക്കുറിച്ചും  കോസ്റ്റ്യൂമിനെ കുറിച്ചും ഒരു കാഴ്ചപ്പാടുണ്ടാകുമല്ലോ... മഡോണയുടെ അടുത്തും  കോസ്റ്റ്യൂമിനെ കുറിച്ച്  നേരത്തെ സംസാരിച്ചിട്ടുണ്ട്. എന്റെ മനസിലെ ഐഡിയ കൊടുത്തപ്പോൾ കൊള്ളാം എന്നാണ് പറഞ്ഞത്. ബ്‌ളൗസിന്റെ നെക്ക് ലൈൻ ഇങ്ങനെ വന്നാൽ  കുറച്ചൂടെ കംഫർട്ടബിൾ ആയിരിക്കുമെന്ന് മഡോണ സജഷൻ പറഞ്ഞപ്പോൾ എനിക്ക് ഓകെയായിരുന്നു. എന്തൊക്കെ പറഞ്ഞാലും  കോസ്റ്റ്യൂം ധരിക്കുമ്പോൾ അവർക്ക് ഓകെയായിരിക്കണം. ചിലർക്ക് ക്ലോസ് നെക്കായിരിക്കും ഇഷ്ടം, മറ്റുള്ളവർക്ക് വൈഡും. അവരുടെ ഇഷ്ടം ചോദിക്കാതെ വൈഡ് നെക്ക് ഉപയോഗിച്ചാൽ ഷൂട്ടിന്റെ സമയത്ത് അവർ കംഫർട്ടബിൾ ആയിരിക്കില്ല. അങ്ങനെ വരുന്നത് നമ്മുടെ മിസ്റ്റേക്ക് ആയിരിക്കുമല്ലോ. അതു കൊണ്ട് ആക്ടേഴ്‌സിനോട് സംസാരിക്കാൻ ശ്രമിക്കാറുണ്ട്. അവർക്കും അഭിപ്രായം ഉണ്ടായിരിക്കും. അതും കൂടി പരിഗണിച്ചാണ് ഫൈനൽ പ്രൊഡക്ട് ആവുന്നത്. വിൻസി അലോഷ്യസിനെ മിക്കപ്പോഴും ഷർട്ട്, ടീഷർട്ട് വേഷങ്ങളിലാണ്‌ സിനിമയിൽ കാണുന്നത്.

'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയിൽ വിൻസിക്ക് ധാരാളം കളർഫുൾ ഡ്രസുകൾ വരുന്നുണ്ട്. വിൻസി ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കുറേ ഡ്രസ്സുകളുണ്ട്. അത്ര റിസ്‌ക്കെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞവയിൽ മറ്റൊരു സറ്റൈൽ കൊണ്ടു വന്ന് മാറ്റി ചെയ്തവയുമുണ്ട്. ആക്ടേഴ്‌സ് കംഫർട്ടിൾ ആകുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇതേ സിനിമയിൽ തന്ന ശ്രുതി രാമചന്ദ്രനുമുണ്ട്. സാരിയിലും സൽവാർസിലുമാണ് പൊതുവേ ശ്രുതിയ കാണാറുള്ളത്. ഈ സിനിമയിൽ ശ്രുതിയുടെ കോസ്റ്റിയൂമിൽ വ്യത്യാസമുണ്ട്. വേറെ ഒരു ശ്രുതിയെ കാണാം. ശ്രുതിക്കും ട്രയൽ ചെയ്തിരുന്നു. ഇന്ദ്രജിത്തിന്റെ  കോസ്റ്റ്യൂമിൽ കൊണ്ടു വന്നത്‌

 ചൈനീസ് കോളർ ഷർട്ട്, ലിനൻ ഷർട്ട്, കയ്യിൽ കുറച്ച് ഹാന്റ് ബാൻഡ്‌സ്, നല്ലൊരു വാച്ച് അങ്ങനെ.  വളരെ ഇഷ്ടപ്പെട്ടു എന്ന് വന്നു പറഞ്ഞു.  ഇതെല്ലാം കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ്. വലിയ ആഡ് ഓൺസ് ഒന്നും അതിൽ കൊടുത്തിട്ടില്ല. പക്ഷേ, ആ  കോസ്റ്റ്യൂമിൽ ഷിന്റൊ എന്ന കഥാപാത്രത്തെ കാണുന്നുണ്ട്. 'മിണ്ടിയും പറഞ്ഞും' സിനിമ കഴിഞ്ഞപ്പോൾ  അപർണയും സന്തോഷം പങ്കിട്ടു.  നൈറ്റിയാണെങ്കിലും കുർത്തിയാണെങ്കിലും സാരിയാണെങ്കിലും തനിക്ക്  കഥാപാത്രമായ ലീനയെ കാണാൻ കഴിഞ്ഞു എന്നായിരുന്നു അപർണ പറഞ്ഞത്. ഇതൊക്കെ ജീവിതത്തിലെ ഹാപ്പിനസ്സ് നിറഞ്ഞ മൊമന്റ്‌സ് ആണ്. ഞാൻ അതിൽ ക്രിയേറ്റീവായി ഒന്നും ചെയ്തിട്ടില്ല. ഇടുക്കിയിൽ ജീവിക്കുന്ന ഒരാൾ ഉപയോഗിക്കുന്ന രീതിയിലുള്ള സാധാരണ കുർത്തകളും മറ്റുമാണ് കൊണ്ടു വന്നത്. സാധാരണ കോട്ടൺ സാരികളും അതിൽ ഉപയോഗിച്ചു. അപർണ ഒരു പക്ഷേ അങ്ങനെയുള്ള  കോസ്റ്റ്യൂം   ഇടില്ലായിരിക്കും, പക്ഷേ, ആ കഥാപാത്രം ഇടും. ആ രീതിയിലാണ് ചിന്തിക്കാറുള്ളത്.

അനുനിമിഷം മാറിക്കൊണ്ടിരുന്ന ഫാഷൻ. എങ്ങനെയാണ് അപ്‌ഡേറ്റ് ആകാറുള്ളത്?

ട്രെന്റ്  ഫോളോ ചെയ്യും. പ്രധാനപ്പെട്ട വെബ്‌സൈറ്റുകൾ പതിവായി നോക്കും. ധാരാളം യാത്രകൾ ചെയ്യും. പർച്ചേസ് ഒക്കെ സ്വന്തം തന്നെയാണ്. മാർക്കറ്റുകളിലൊക്കെ കയറി ഇറങ്ങി നടക്കും. കടകളിൽ ചെന്ന് പുതിയതെന്തൊക്കെ എന്ന് നോക്കും. മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങുന്നതിന് മുമ്പ് ഒരു ഡൽഹി പർച്ചേസ് ഉണ്ടായിരുന്നു. അത് വളരെ നന്നായി എന്നു പറയാം. കുറേ സ്‌റ്റൈൽ ഡ്രസുകൾ അവിടെ നിന്നും കിട്ടി. ആയിരത്തൊന്നു നുണകൾ എന്ന സിനിമ ദുബായ് യിൽ റിലീസ് ചെയ്ത സിനിമയാണ്. ഫുൾ പർച്ചേസ് അവിടെ നിന്നായിരുന്നു. ദുബായ് എന്നു കേൾക്കുമ്പോൾ ഫാഷനബിൾ വസ്ത്രങ്ങളാണെന്ന് വിചാരിക്കരുത്. ഇവിടെ നിന്നും നഴ്‌സായും മറ്റും അവിടെ പോകുന്നവർ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അവിടെ നിന്നും വാങ്ങിയത്. ലോംഗ് കുർത്ത പോലത്തെ വസ്ത്രങ്ങൾ. ദുബായ് യിൽ നിന്നും വാങ്ങി എന്ന ടച്ച് മാത്രമേ അവിടുള്ളൂ. .  

സിനിമാ സെറ്റിൽ മുഴുവൻ സമയവും ഡിസൈനർ വേണോ?

ഡിസൈറുടെ പ്രധാന വർക്ക് പ്രീ പ്രൊഡക്ഷനിലാണ്. വളരെ ക്ലിയർ ആന്റ് ക്ലാരിറ്റിയോടെ പറഞ്ഞിരിക്കുന്ന കാര്യമാണെങ്കിൽ അതെല്ലാം നേരത്തെ ചെയ്ത് സിനിമ തുടങ്ങാം. പക്ഷേ, എന്നാലും സിനിമയാണ്, ചിലപ്പോൾ മാറ്റം വരാം. പുതിയ കാര്യങ്ങൾ ആഡ് ചെയ്താൽ കൊള്ളാമെന്ന് തോന്നാം. അങ്ങനെയുള്ള സമയത്ത് ഒരാളുള്ളത് നല്ലതാണ്.

വളരെ പെട്ടെന്ന് ചെയ്യേണ്ടി വന്ന സിനിമകളുണ്ടായിട്ടുണ്ടോ....?

അങ്ങനെ ഉണ്ട്. ജൂലായ്, ആഗസ്റ്റ് മാസങ്ങൾ സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ തുടങ്ങുന്ന സിനിമകൾക്ക് ഒരുങ്ങാൻ വച്ചേക്കുന്ന സമയമാണ്. അങ്ങനെ സമയം കിട്ടുന്ന ്രെപാജക്ടുകളുമുണ്ട്, അയ്യോ ആർട്ടിസ്റ്റുകളുടെ ഡേറ്റ് മാറി, അടുത്തയാഴ്ച തുടങ്ങണം അങ്ങനെ പറഞ്ഞിട്ടുള്ള സിനിമകളുമുണ്ട്. 'പ്രാപ്പെട'യ്ക്ക് ആകെ മൂന്നു ദിവസമാണ് കിട്ടിയത്.  കടയിൽ പോയി ഒരു ഡ്രസ് വാങ്ങി ആർട്ടിസ്റ്റിനെ കൊടുക്കുക എന്നതിലുപരി പ്രാപ്പിടയിൽ ആർട്ടിസ്റ്റിക്കായി കഥാപാത്രങ്ങൾക്ക് വേണ്ടി കുറേ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അന്ന് എന്റെ കൂടെ മൂന്ന് അസിസ്റ്റന്റ്‌സ് ഉണ്ടായിരുന്നു. അവർ തന്നെയാണ് സ്റ്റിച്ച് ചെയ്തതും ഡൈ ചെയ്തതും.  മെറ്റീരിയൽ വാങ്ങി, ഡൈ ചെയ്ത് സ്റ്റിച്ച് ചെയ്‌തെടുക്കുകയായിരുന്നു. .

ഡ്രീം എന്താണ്, ബ്രാൻഡ് എന്ന സങ്കൽപ്പമുണ്ടോ?

അങ്ങനെ ഒന്നുമില്ല. ഇപ്പോൾ സിനിമകൾ ചെയ്യണമെന്നാണ്. കുറച്ചു കാലം കഴിയുമ്പോൾ കുറേ നാളായി ഒരേ കാര്യം തന്നെയാണല്ലോ ചെയ്യുന്നതെന്ന് തോന്നിയേക്കാം. സത്യത്തിൽ എനിക്കും വലിയ ധാരണയില്ല. സ്വന്തമായ ബ്രാൻഡ് എന്ന ചിന്തയേയില്ല. ഡിസൈനിംഗ് പഠിക്കുമ്പോഴോ, ചെയ്യുമ്പോഴോ ഒരിക്കൽപ്പോലും അങ്ങനെ ആഗ്രഹിച്ചിട്ടില്ല.

ഗായത്രിയുടെ പ്രിയപ്പെട്ട നിറം ഏതാണ്?

അത് പറഞ്ഞാൽ ചിലപ്പോൾ എല്ലാ സിനിമകളിലും അത് കാണാൻ പറ്റിയേക്കും. നീല നിറത്തോട് ആഴത്തിൽ അടുപ്പമുണ്ടെന്ന് തോന്നിട്ടുണ്ട്. അതിപ്പോൾ കോസ്റ്റിയൂം എടുക്കുകയാണെങ്കിലും ബ്‌ളൂ ചെക്കുകളൊക്കെ കാണുമ്പോൾ കൈ അങ്ങോട്ടു പോകും. മിണ്ടിയും പറഞ്ഞും എന്ന സിനിമ കാണുമ്പോൾ ആ ഇഷ്ടം മനസിലാകും. അടുപ്പമുള്ള കാമറാമാൻമാരോട് നീല എടുത്താലോ എന്ന് പറയാറുണ്ട്. അവർ ഓകെയാണെങ്കിൽ എനിക്കും സന്തോഷം. ചിലപ്പോൾ അതു വേണ്ട, ഇന്ന നിറം എടുത്താൽ മതി എന്നു പറയാറുണ്ട്.

ഗായത്രി ധരിക്കാൻ ഇഷ്ടപ്പെടുന്ന  കോസ്റ്റ്യൂം ഏതാണ്?

എന്നെ കണ്ടാൽ ഒരു കോസ്റ്റ്യൂം ഡിസൈനറാണെന്ന് തോന്നുകയേ ഇല്ല. മിക്ക സെറ്റിലും എ.ഡിയാണെന്ന് എന്നെ കരുതുന്നത്. ആഡ് ചെയ്യുമ്പോൾ ഫീമെൽ ആർട്ടിസ്റ്റുകൾക്ക് ലേപ്പൽ കുത്താനൊക്കെ അവിടെ ചുറ്റിക്കറങ്ങുന്ന എന്നെ വിളിക്കും. ഞാൻ അത് ചെയ്തു കൊടുത്തശേഷമാണ് ഡിസൈനറാണെന്ന് പറയുക. ഏതോ ഒരു സിനിമയുടെ സെറ്റിൽ കാരവാനിൽ കയറിയപ്പോൾ സീൻ പേപ്പർ തരാൻ വന്നതാണോ എന്ന് ആർട്ടിസ്റ്റ് ചോദിച്ചിട്ടുണ്ട്. അതൊക്കെ രസകരമായ അനുഭവങ്ങളാണ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment