കുട്ടിക്കാലം മുതലേ സിനിമയെയും അതിലെ നിറങ്ങളെയും സ്‌നേഹിച്ച ഒരു പെൺകുട്ടി വയനാട്ടിൽ ഉണ്ടായിരുന്നു. താരങ്ങൾക്ക് ഓരോ സിനിമയിലും വസ്ത്രങ്ങൾ ഒരുക്കാൻ ഒരാളുണ്ടെന്ന് അറിഞ്ഞു തുടങ്ങിയ നാൾ മുതൽ വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് അവൾ ഉത്തരം കണ്ടു വച്ചു, കോസ്റ്റ്യൂം ഡിസൈനർ. പൗലോ കൊയ്‌ലോ പറഞ്ഞത് സത്യം തന്നെയാവും, കാരണം ആ മിടുക്കി മനസു പറഞ്ഞ വഴിയിൽ സഞ്ചരിച്ച് മലയാളസിനിമയിലെ ഒന്നാന്തരം വസ്‌ത്രമൊരുക്കൽക്കാരിയായി. ലോകമൊട്ടുമുള്ള മലയാളികൾ കാത്തിരിക്കുന്ന, ബ്ളെസി സംവിധാനം ചെയ്ത 'ആടുജീവിത'ത്തിൽ എ.ആർ. റഹ്മാന്റെയും റസൂൽപൂക്കുട്ടിയുടെയും പേരിനൊപ്പം സ്റ്റെഫി സേവ്യർ എന്ന പേരും അധികം വൈകാതെ തിളങ്ങും. ആ കാത്തിരിപ്പിനിടയിൽ മറ്റൊരു മധുരസന്തോഷവും സ്‌റ്റെഫിയ്‌ക്കൊപ്പമുണ്ട്. ആദ്യമായി സംവിധാനം ചെയ്‌ത
'മധുര മനോഹര മോഹം' എന്ന ചിത്രം ഇന്ന് ആസ്വാദകർക്ക് മുന്നിലെത്തി.
ഈ 'മധുരമനോഹരമോഹ'ത്തിൽ മധുരിക്കുന്നതായി എന്തൊക്കെയുണ്ട്?
പൂർണമായും ഒരു എന്റർടെയ്നറാണ്. കുറേ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ, ചിരി, ചിന്ത ഇവയെല്ലാമുണ്ട്. കുടുംബകഥ പറയുമ്പോഴുള്ള സ്ഥിരം നന്മമര അലങ്കാരങ്ങൾ ഒന്നും തന്നെ ഇല്ല. നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. അതെന്റെ ഉറപ്പാണ്. ഫീൽ ഗുഡ് സിനിമ എന്നതിനുപരി, രസിപ്പിക്കുന്ന ഒരു സിനിമ. അതേ സമയം അത്ര കണ്ടു പരിചയമില്ലാത്ത ഒരു സബ്‌ജ ക്ടാണ് എന്നും പറയാം. ആ സബ്‌ജക്‌ടിനെ നമ്മൾ ഒരു ഫാമിലി ബാക്ക് ഗ്രൗണ്ടിലേക്ക് എടുത്തുവച്ചിരിക്കുകയാണ്. എല്ലാവർക്കും ഇഷ്‌ടപ്പെടുമെന്നാണ് പ്രതീക്ഷ, ഇഷ്ടപ്പെടും.
സംവിധാനം പെട്ടെന്നൊരു നാൾ മനസിലെത്തിയ ഐഡിയ ആണോ?
സിനിമയ്‌ക്കൊപ്പം സഞ്ചരിച്ച് സഞ്ചരിച്ച് സംവിധാനം ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. സിനിമ ഉണ്ടാകുന്നത് തൊട്ടടുത്ത് നിന്ന് കണ്ടു കണ്ടാണ് എനിക്കും സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയത്.'എസ്ര' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് അങ്ങനെ ഒരു താത്പര്യം തോന്നി തുടങ്ങിയത്. ഹൊറർ സിനിമയുടെ മേക്കിംഗ് ഒക്കെ എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഓരോ കുഞ്ഞു സംശയങ്ങൾ സിനിമയുടെ ഡി.ഒ.പിയായിരുന്ന സുജിത് വാസുദേവന്റെയടുത്ത് ചോദിക്കുമായിരുന്നു. അങ്ങനെ പല സിനിമകളുടെയും ഭാഗമായി ജോലി ചെയ്തപ്പോൾ ആ ഇഷ്ടം വളർന്നു വലുതായി. അല്ലാതെ സംവിധായകയായാൻ വേണ്ടി കോസ്റ്റ്യൂം ഡിസൈനറായല്ല ആളല്ല ഞാൻ. അതേ സമയം സിനിമയുടെ ഏതൊക്കെയോ കാര്യങ്ങൾ നേരത്തേ മനസിലുണ്ട്. സിനിമയിൽ വസ്ത്രം ഒരുക്കാൻ ആളുണ്ടെന്നറിഞ്ഞപ്പോൾ തന്നെ ആ ആൾ ആയാൽ മതിയെന്ന് തീരുമാനിച്ചയാളാണ് ഞാൻ. എനിക്ക് മറ്റൊന്നും തന്നെ വേണ്ടായിരുന്നു. എന്നും എപ്പോഴും സിനിമ മനസിലുണ്ടായിരുന്നു. അതേ പോലെ കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിലുള്ള അനുഭവങ്ങളും ആത്മവിശ്വാസവും തന്നെയായിരുന്നു എന്നെ മുന്നോട്ടേക്ക് കൊണ്ടുപോയതും. ആ അപരിചിതത്വമില്ലായ്‌മയാണ് എന്റെ സിനിമയ്‌ക്ക് ഏറ്റവും ഗുണകരമായി നിന്നിട്ടുള്ളത്.
ഈ കഥയിലേക്ക് എങ്ങനെയാണ് എത്തിയത്?
ഞാൻ എഴുതിയ ഒരു കഥയുണ്ടായിരുന്നു. അത് രജിഷയോട് പറഞ്ഞിരുന്നു. ആ കഥ തിരക്കഥയാക്കാൻ എന്റെ സുഹൃത്തായ ഗൗതം സൂര്യയും സഹായിച്ചു.എന്തായാലും സിനിമ ചെയ്യണമെന്ന വലിയ ആഗ്രഹത്തിലായിരുന്നു ഞങ്ങൾ മുന്നോട്ടു പോയത്.ആ സമയത്താണ് സുഹൃത്തുക്കളായ ജയ് വിഷ്ണുവും മഹേഷ് ഗോപാലും കൂടെ ഒരു കഥ തന്ന് വായിച്ചു നോക്കാൻ തന്നത്.അത് വായിച്ചപ്പോൾ കഥയോട് വലിയ ഇഷ്ടം തോന്നി. അപ്പോഴും ഇതാണ് ഞാൻ ചെയ്യാൻ പോകുന്ന സിനിമയായി മാറുകയെന്നറിയില്ല. ആ കഥയിൽ ആരെ നായികയായി സെലക്ട് ചെയ്യണമെന്ന് അവർ ചോദിച്ചപ്പോൾ രജിഷയുടെ പേരാണ് ഞാൻ പറഞ്ഞത്. ഇതെല്ലാം നടന്ന് മൂന്നുദിവസങ്ങൾക്കുള്ളിലാണ് സംവിധാനം ഞാൻ തന്നെയാവാമെന്ന തീരുമാനത്തിലെത്തിയത്.
രജിഷയെന്ന സൗഹൃദം എപ്പോൾ മുതലാണ്?
2017 ലാണ് എനിക്കും രജിഷയ്‌ക്കും സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുന്നത്. ഫെഫ്ക്ക അനുമോദന ചടങ്ങ് നടത്തിയപ്പോഴാണ് ഞങ്ങൾ കാണുന്നത്. അന്നുമുതലേ ഞങ്ങൾ കൂട്ടാണ്. എന്നാൽ ഒരിക്കലും ആ സൗഹൃദം കൊണ്ടല്ല രജിഷ എന്റെ നായികയായത്. സിനിമയിൽ എനിക്ക് വേറെയും ഉറ്റസുഹൃത്തുക്കളുണ്ട്. ഈ കഥാപാത്രം രജിഷ ചെയ്‌താൽ നന്നായിരിക്കും എന്നതു കൊണ്ടാണ് തീരുമാനിച്ചത്. കഥ കേട്ടപ്പോൾ രജിഷയ്‌ക്കും ഇഷ്ടമായി.
സിനിമ മനസിൽ സങ്കൽപ്പിച്ചതു പോലെ തന്നെയാണോ പൂർത്തിയായത്?
അതേ. മനസിൽ വിചാരിച്ചതു പോലെ തന്നെ വന്നിട്ടുള്ളതാണ്. മറ്റു പ്രയാസങ്ങളൊന്നും തന്നെ മേക്കിംഗിൽ ഉണ്ടായിട്ടില്ല. പ്ലാൻ ചെയ്തതു പോലെ തന്നെ എല്ലാ കാര്യങ്ങളും വർക്കായി. സിനിമയിൽ ഡയറക്ടറാണെങ്കിലും കോസ്റ്റ്യൂം ഡിസൈനറാണെങ്കിലും ഏതുവിഭാഗമാണെങ്കിലും എപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും. അതെങ്ങനെ പക്വതയോടെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.
കൂടുതൽ സ്ത്രീകൾ സംവിധാനത്തിലേക്ക് വരുന്നത് പുതുമുഖങ്ങൾക്ക് പ്രചോദനമല്ലേ?
സിനിമയിൽ ജൻഡർ എന്നതിലല്ല, നമ്മുടെ ഹാർഡ് വർക്കിംഗ് ആണ് പ്രധാനം. അതിൽ ആൺ, പെൺ വ്യത്യാസമൊന്നുമില്ല. വനിത എന്നതിനപ്പുറം, നമ്മുടെ കഠിനാദ്ധ്വാനവും ടാലന്റുമാണ് പ്രധാനം. സിനിമയുടെ ഉള്ളിൽ വരുമ്പോൾ അവിടെ ജൻഡർ വ്യത്യാസങ്ങളില്ല, അവിടെ പരിശ്രമമേയുള്ളൂ. ഒരു സിനിമ നമ്മെ ഇഷ്ടപ്പെടുത്തിയാൽ നമ്മളത് കാണും. അവിടെയും ജൻഡർ നോക്കിയല്ലല്ലോ...
നന്നായി പണിയെടുത്ത, ലോകത്തെങ്ങും മലയാളികൾ കാത്തിരിക്കുന്ന 'ആടുജീവിത'ത്തെക്കുറിച്ച്?
എല്ലാമൊന്നും പറയാറായിട്ടില്ല. പക്ഷേ, എന്റെ ജീവിതത്തിലെ മഹാത്ഭുതം ആയിരിക്കും 'ആടുജീവിതം' എന്നതുറപ്പാണ്. 2017 ലാണ് ആ സിനിമയുടെ ഭാഗമാകാൻ എന്നെ വിളിക്കുന്നത്. അന്ന് കരിയറിന്റെ തുടക്കക്കാലത്താണ്. പക്ഷേ, അതൊരു അഭിമാന നിമിഷം തന്നെയായിരുന്നു. അന്നുമുതൽ ഈ നിമിഷം വരെ ആ സിനിമ എന്റെ കൂടെ, അല്ല ആ സിനിമയുടെ പിന്നിലുള്ള എല്ലാവരുടെയും കൂടെ തന്നെയുണ്ട്. എന്റെ അമ്മയൊക്കെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ആകാംക്ഷ അത്രയ്ക്കുണ്ട്. ഒരു കാലഘട്ടം തന്നെയുള്ളതിനാൽ കോസ്റ്റ്യൂം വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ, സിനിമയിലെ എല്ലാവിഭാഗങ്ങളും ഒന്നിച്ചൊന്നിച്ചു തന്നെ നിന്നു. റിസർച്ചൊക്കെ നന്നായി നടത്തിയാണ് കോസ്റ്റ്യൂം ചെയ്തത് എന്നു തന്നെ പറയാം. എന്നോടൊപ്പം ടീമിലുള്ള സനൂജ്, റാഫി, സുൽഫി എന്നിവരൊക്കെ അത്രയും തന്നെ പണി ചെയ്തു. അവരുടെ കൂടെ ഇമോഷണനാണ് ഈ സിനിമ. ഞാനും 'ആടുജീവിതം' റിലീസിനായി കൊതിയോടെ കാത്തിരിക്കുകയാണ്.
ഒരുപാട് സിനിമകൾക്ക് വസ്ത്രം ഒരുക്കിയ സ്റ്റെഫിയുടെ സിനിമയുടെ കോസ്റ്റ്യൂം ഡിസൈൻ ആരുടേതാണ്?
എന്റെ ടീമിൽ ഏഴുവർഷമായുള്ള സനൂജ് ആദ്യമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്ന സിനിമയാണിത്. ഈ സിനിമയിലെ കോസ്റ്റ്യൂം മുഴുവനും അവന്റെ ഐഡിയ തന്നെയാണ്. എന്റെ ഇടപെടലുകളോ, കൈ കടത്തലുകളോ ഒന്നും തന്നെ ഇല്ല.
ഇനി വയനാടിനെ കുറിച്ച് പറയൂ?
നല്ല മനുഷ്യൻമാരുള്ള സ്ഥലമാണ്. സിനിമ ഇഷ്ടമുള്ള ആൾക്കാരാണ്. സിനിമയിൽ പോകുന്ന ആൾക്കാരോട് അയ്യോ നിങ്ങൾ സിനിമയിലാണോ എന്നല്ല, വൗ നിങ്ങൾ സിനിമയിലാണോ എന്നാണ് വയനാട്ടുകാർ ചോദിക്കുന്നത്. എന്തു മനോഹരമാണത്!