പ്രണയമൊഞ്ചിൽ മെൽവിൻ തുന്നിയ ജിക്കാക്കയുടെ ഷർട്ടുകൾ | കോസ്റ്റ്യൂം ഡിസൈനർ മെൽവി.ജെ സംസാരിക്കുന്നു

Interviews

പ്രണയനൂലിഴകൾ കൊണ്ട്  തുന്നി മൊഞ്ചാക്കിയ ജിക്കാക്കയുടെ ഷർട്ടുകൾ എവിടെ നിന്നു കിട്ടി എന്നാണ്  സോഷ്യൽമീഡിയയിൽ കുറേ ദിവസങ്ങളായി ഉയരുന്ന ചിത്രം. അത്ര സിംപിളും പവർഫുള്ളുമായ ഗംഭീരൻ ഷർട്ടുകളിടുന്ന, 'ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്'  എന്ന സിനിമയിലെ നടൻ ഷറഫുദ്ദീൻ അവതരിപ്പിച്ച ജിക്കാക്കയെ എങ്ങനെ പ്രണയിക്കാതിരിക്കും എന്നാണ് ചോദ്യം. സംഭവം സത്യമാണ്. അസാദ്ധ്യമായ കയ്യടക്കത്തോടെ ഷറഫുദ്ദീൻ പ്രണയത്തിൽ അങ്ങനെ തുളുമ്പി നിൽക്കുന്നതിൽ അയാളിടുന്ന വേഷങ്ങളും ഭംഗി കൂട്ടുന്നുണ്ട്. ഒഴുകി നടക്കുന്ന, ഇസ്‌തിരിവച്ചില്ലെങ്കിൽ പോലും സ്റ്റൈലായി ഉപയോഗിക്കാൻ കഴിയുന്ന തരം വേഷങ്ങൾക്ക്  പിന്നിൽ മലയാള സിനിമ കുറച്ചുവർഷങ്ങളായി ശ്രദ്ധിച്ചു തുടങ്ങുന്ന ഒരു പേരുകാരനുണ്ട്. മെൽവി.ജെ. എറണാകുളം പെരുമാലി  ചേരാനെല്ലുകാരൻ.സിനിമ സ്വപ്‌നം കണ്ട് വന്നയാളല്ല മെൽവി. അപ്രതീക്ഷിതമായി വീട്ടിലെത്തിയ തയ്യൽ മെഷീനിൽ കൗതുകത്തോടെ ചവിട്ടി തുടങ്ങിയ കുട്ടിയിൽ നിന്നും തുടങ്ങി ആ നൂൽജീവിതം. ജീവിതം വച്ചുനീട്ടാത്തതിനെയൊക്കെ വാശിയോടെയാണ്  മെൽവി കണ്ടെത്തിയത്. സ്വന്തം പാഷനെ പിന്തുടരുമെന്ന ദൃഢനിശ്ച‌യവും പരിശ്രമവവും മറ്റുള്ളവരെ ചേർത്തുനിറുത്താനുള്ള മനസുമെല്ലാം ഈ മിടുക്കന്റെ  ജീവിതത്തിന്റെ ഭംഗി കൂട്ടുന്ന അലങ്കാരനൂലിഴകളാണ്. ഓരോ സിനിമ  പുറത്തുവരുമ്പോഴും മെൽവിയുടെ ഫോണിൽ അന്വേഷണങ്ങളും സന്ദേശങ്ങളുമെത്തുന്നു. ഹൃദയം കൊണ്ടാണ്താൻ ഒരുക്കുന്ന വസ്ത്രങ്ങളെ മെൽവി തുന്നിപ്പിടിപ്പിക്കുന്നത്  എന്നതാണ് അതിന് കാരണം. ഷറഫുദ്ദീന്റെ ഹിറ്റ് ഷർട്ടുകളും  സ്വയം കണ്ടെത്തിയ ഫാഷൻ ജീവിതവും മെൽവി തന്നെ പറയട്ടെ....

ചോദ്യം: സത്യം പറ, ഷറഫുദ്ദീന്റെ പോലെയുള്ള ഷർട്ടുകൾ വാങ്ങാൻ കിട്ടുമോ?
മെൽവി:ഉറപ്പായും. ജിക്കാക്കയ്‌ക്ക്  വേണ്ടി കസ്റ്റമൈസ് ചെയ്‌ത ഡ്രസ്സുകളാണ് സിനിമയിൽ കാണുന്നത്. ആവശ്യമുള്ളവർക്ക് അതു ചെയ്‌തു കൊടുക്കാൻ ഞങ്ങൾ റെഡിയാണ്. മുപ്പതോളം സിനിമകളായി. മിന്നൽ മുരളിക്ക് ശേഷം  ഇത്രയധികം അന്വേഷണങ്ങളും നല്ല വാക്കുകളും വന്ന മറ്റൊരു സിനിമയില്ല. ഈ രീതിയിൽ ക്ളിക്കാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ചോദ്യം: എന്താണ് സുന്ദരൻ ഷർട്ടുകളുടെ സൗന്ദര്യ രഹസ്യം?
മെൽവി: ബോധപൂർവം തന്നെ സ്വീകരിച്ച ഒരു പാറ്റേണാണത്. സിനിമയുടെ കഥ വായിച്ചപ്പോൾ തന്നെ ഈ കോസ്റ്റ്യൂമുകൾ മനസിലെത്തി. ഈ സിനിമയിലാണെങ്കിൽ ഷറഫുക്കയുടെ ജിക്കാക്ക പ്രണയം നഷ്ടപ്പെട്ട ഒരാളാണ്. പിന്നീടുള്ള  അയാളുടെ ജീവിതം അലസമായാണ് പോകുന്നത്. ആ രീതിയിലാണ്  ആലോചിച്ചു ചെയ്‌തത്.മെറ്റീരിയൽ എടുത്ത് കസ്റ്റമൈസ് ചെയ്‌തതാണ് എല്ലാ ഷർട്ടുകളും. ഇറ്റാലിയൻ ക്രേപ്, റയോൺ ഫാബ്രിക്‌സ് എന്നീ ഒഴുകിക്കിടക്കുന്ന മെറ്റീരിയലുകളാണ് അവ. ഇതിൽ കോഡ്രോയി പാന്റുകളും ചെയ്‌തു.  ജീവിതത്തിൽ ഒരു ബോൾഡ്‌നെസ് വരുന്നത് കാണിക്കാൻ ലാസ്റ്റ് സീനിൽ ഷർട്ടിന്റെ സ്റ്റൈൽ  മാറ്റി, സ്റ്റിഫ്  മെറ്റീരിയലാണ്  ഉപയോഗിച്ചത്. ഇതെല്ലാം കസ്റ്റമൈസ് ചെയ്‌തെ‌‌ടുത്തത് ലാൽ എന്ന എന്റെ ടീമിലുള്ള ആളും പനമ്പള്ളിയിലെ മിറാച്ചി എന്ന എന്റെ സുഹൃത്തിന്റെ സ്ഥാപനവുമാണ്.

ചോദ്യം: ഷർട്ടുകളുടെ നിറങ്ങളും നല്ല രസമാണല്ലോ കാണാൻ?
മെൽവി: ഡി. ഒ.പിയുമായി ചർച്ച ചെയ്‌താണ്  ആ നിറങ്ങൾ തിരഞ്ഞെടുത്തത്. പ്രണയകഥയായതു കൊണ്ട് ഒരു ബ്രൈറ്റ്നസ് കൊണ്ടു വന്നു. ഓറഞ്ച്, നൊസ്റ്റാൾജിയ ഗ്രീൻ നിറങ്ങളൊക്കെ ഉണ്ട്. കഥ വായിച്ച് ഉടനെ തന്നെ  നിറങ്ങൾക്ക് വേണ്ടി റഫറൻസ് പാലറ്റ് തയ്യാറാക്കി. ഇതിൽ നിന്നും സംവിധായകനുൾപ്പടെ തിരഞ്ഞെടുത്ത നിറങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.  പത്തുമുപ്പതോളം ഷർട്ടുകൾ ഒരുക്കി. സ്റ്റാൻഡേർഡ് സൈസ് എന്ന നിലയിലല്ല, കാരക്‌ടറിന് വേണ്ടി ഇത്തിരി കൂടി ലൂസായാണ്  തയ്‌ച്ചത്. പാന്റ്‌സും അങ്ങനെയാണ്.  ഫിറ്റിംഗിന്റെ കാര്യത്തിൽ നല്ല കൺസേണുണ്ടായിരുന്നു. റഫറൻസ് എടുക്കുന്നതിന് മുമ്പ്   കാരക്‌ടറിനെ വച്ച്  ഇങ്ങനെയുള്ള വസ്ത്രങ്ങൾ സ്‌കെച്ച് ചെയ്‌തു. കഥാപാത്രത്തിന്റെ ജീവിതസഞ്ചാരം അവയിൽ കൊണ്ടു വരാനും ശ്രമിച്ചു.

ചോദ്യം: ഇത്തരം മെറ്റീരിയലുകൾ സ്വന്തമായി പരീക്ഷിച്ചിട്ടുണ്ടോ?
മെൽവി: പിന്നെ. ഞാൻ കൂടുതലും ഉപയോഗിക്കുന്ന മെറ്റീരിയലാണ് റയോൺ. തേക്കേണ്ട ആവശ്യം ഇല്ല എന്നതാണ്  പ്ളസ്. പെട്ടെന്ന് എടുത്തിട്ട്  പുറത്തിറങ്ങാം. കോട്ടൺ ഷർട്ടുകളാണെങ്കിൽ ചൂടാണ്, ബോഡി ഷേപ്പ് എടുത്തുകാണിക്കും. ലൂസ്  ഫാബ്രിക് ആണെങ്കിൽ ടീ ഷർട്ട് പോലെ കംഫർട്ടബിളായി ഉപയോഗിക്കാം.

ചോദ്യം: എന്തുകൊണ്ടായിരിക്കാം ഇത്രയും ആളുകൾ നല്ല വാക്കുകൾ പറയുന്നത്?
മെൽവി: പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടാവണം. കഥാപാത്രത്തിനൊപ്പം കണക്റ്റായതുകൊണ്ടാവണം അവരത് എടുത്തു പറയുന്നത്. പിന്നെ സംവിധായകൻ ആദിലും ടീമും നൽകിയ ക്രിയേറ്റിവിറ്റി സ്വാതന്ത്ര്യം വലുതായിരുന്നു. നമ്മൾ ഒരു ഐഡിയ പറയുമ്പോൾ അവരിലേക്കുമെത്തണമല്ലോ. റെഡിമെയ്ഡ് ഷർട്ടുകൾ വേണമെങ്കിൽ വാങ്ങാമായിരുന്നു. എന്നാൽ വ്യത്യസ്‌തത വേണമെന്നായിരുന്നു മനസിൽ.  'മിന്നൽ മുരളി' കഴിഞ്ഞ്  ഇത്രയും ആളുകൾ തിരിച്ചറിയുന്നത് ഈ ചിത്രത്തിലാണ്. പേഴ്സണലായി മെസേജ് അയക്കുന്നവരുണ്ട്, തിരക്കി പിടിച്ച് വിളിക്കുന്നവരുണ്ട്.  അത്രയും സന്തോഷമാണ്. പിന്നെ ഷറഫുക്കയുമായി അടുപ്പമുണ്ട്. '1744 വൈറ്റ് ആൾട്ടോ' എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

ചോദ്യം: എപ്പോഴാണ് ഇതാണ് വഴിയെന്ന് തോന്നിയത്?
മെൽവി: അമ്മ സിസിലിയുടെ ചേച്ചി മേരിക്കുഞ്ഞ് പുതിയ തയ്യൽമെഷീൻ വാങ്ങിയപ്പോൾ പഴയത് വീട്ടിൽ കൊണ്ടു വന്നിട്ടു. അതിൽ ചവിട്ടിച്ചവിട്ടി പഠിച്ചതാണ്. അന്നു മുതലേ പാന്റ്സ് ചെറുതാക്കലും മുറിക്കലുമൊക്കെയുണ്ട്. കുറേ ഓർഡറുകൾ വന്നപ്പോൾ ഒരു കുഞ്ഞു തയ്യൽക്കട ഇട്ടു വീട്ടിനോടു ചേർന്ന്, 'യെല്ലോ ടൂത്ത്' എന്ന പേരിൽ. പ്ളസ്‌ടു  യൂണിഫോമൊക്കെ ഇത്തിരി മാറ്റി എന്റേതായ രീതിയിൽ ഡിസൈൻ ചെയ്‌തു. പിന്നെ ബികോം, ഡിഗ്രി കഴിഞ്ഞ് സി.ടി കോളേജ് ഐരാവത്തിൽ എം.എസ്‌സി ടെക്‌സ്റ്റൈൽ ടെക്‌നോളജി ആൻഡ് ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കി.

ചോദ്യം: സിനിമ ആലോചിച്ചുറപ്പിച്ച തീരുമാനമായിരുന്നോ?
മെൽവി: സിനിമ സ്വപ്‌നം കണ്ടിരുന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണം, പുതിയ ഫാബ്രിക്കുകൾ കണ്ടെത്തണം. അതൊക്കെയായിരുന്നു മനസിൽ. അനിയത്തി മെറീനയുടെ വിവാഹത്തിന്  ഞാൻ ചെയ്‌ത കല്യാണ തയ്യൽ വർക്കുകൾ കണ്ട് ഇഷ്‌ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് പറഞ്ഞാണ് സോണിയ സന്റിയാവോ എന്ന സ്റ്റൈലിസ്റ്റിലേക്ക് ഞാൻ എത്തിയത്. 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന സിനിമയിലായിരുന്നു അസിസ്റ്റന്റ് സ്റ്റൈലിസ്റ്റായി തുടക്കം. പിന്നെ നടി സ്രിൻഡയുടെ പെഴ്‌സണൽ സ്റ്റൈലിസ്റ്റായി. 'ഒരു കാറ്റിൽ ഒരു പായ്‌ക്കപ്പൽ'  എന്ന സിനിമയിൽ സ്രിൻഡ വഴിയാണ്  വസ്ത്രാലങ്കാരത്തിനുള്ള അവസരം ലഭിച്ചത്.'കെട്ട്യോളാണ് മാലാഖ' കഴിഞ്ഞാണ് ' മിന്നൽ മുരളി'യിലേക്ക് വിളിച്ചത്. പിന്നെ മഹാവീര്യർ,ന്നാ താൻ കേസ് കൊട്,. നൻപകൽ നേരത്തെ മയക്കം  തുടങ്ങിയവയാണ്  പ്രധാനചിത്രങ്ങൾ.

ചോദ്യം: സിനിമ എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ?
മെൽവി: ഇല്ല എന്നു പറയുന്നില്ല. കണ്ണു നിറഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, എനിക്ക് മുന്നോട്ടു പോകണമായിരുന്നു. പുതിയ  പയ്യൻ പെട്ടെന്ന് സ്വതന്ത്രനായി എന്നൊക്കെ രീതിയിലുള്ള മാറ്റി നിറുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഒറ്റയ്‌ക്ക് ഫൈറ്റ് ചെയ്‌താണ് ഇവിടെ വരെ എത്തിയത്. എന്റെയുള്ളിൽ അതൊരു വാശിയായിരുന്നു. സ്‌കോളർഷിപ്പ് ഉണ്ടായിട്ടു പോലും കോഴ്‌സ് കഴിയുമ്പോഴേക്കും എനിക്ക് അഞ്ചുലക്ഷം രൂപ ചെലവായി. അല്ലാത്ത കുട്ടികൾ ഇരട്ടിച്ചെലവിൽ ലോണും മാറ്റുമായാണ് പഠനം പൂർത്തിയാക്കുന്നത്. പുറത്തിറങ്ങുമ്പോൾ ജോലി ഇല്ലാത്ത സാഹചര്യവുമുണ്ട്. പലരും സെയിൽസ് സ്റ്റാഫായൊക്കെ ജോലി ചെയ്യുകയാണ്. അതെനിക്ക് വലിയ വിഷമമുണ്ടാക്കിയ അനുഭവമാണ്. എല്ലാവർക്കും വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. കുട്ടികളെ സ്വതന്ത്രമായി നിറുത്തിയിട്ട്   ഞാൻ അസോസിയേറ്റ്  ചെയ്യണമെന്നുണ്ട്. പലർക്കും സിനിമ വലിയ ആഗ്രഹമാണ്. അതിന് സഹായിക്കാൻ കഴിഞ്ഞാൽ എനിക്ക് സന്തോഷമേയേയുള്ളൂ.എന്റെ കാഴ്‌ചപ്പാടിൽ പല കുട്ടികളും എന്നേക്കാൾ ടാലന്റും ആശയവുമുളളവരാണ്. അവരും കടന്നു വരട്ടെ. വ്യക്തിപരമായി പറയുമ്പോൾ സിനിമയിൽ ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാനില്ല എന്ന കാഴ്‌ചപ്പാടാണ് എന്റേത്.

ചോദ്യം: 'മിന്നൽ മുരളി' യുടെ സംസ്ഥാന പുരസ്‌കാരം എങ്ങനെ ജീവിതത്തെ സ്വാധീനിച്ചു എന്ന് പറയാമോ?
മെൽവി: എന്റെ അച്‌ഛനും അമ്മയ്‌ക്കും വലിയ സന്തോഷമായി. ഫാഷൻ ഡിസൈനിംഗ് പഠനത്തിലൊന്നും അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. അച്‌ഛൻ ജോയ് വിദേശത്തായിരുന്നു. അങ്ങോട്ട് കൊണ്ടു പോകണമെന്നായിരുന്നു അവർക്ക്. അപ്പോഴാണ് ഞാൻ തയ്യൽ മെഷീനും കൊണ്ട് ജീവിതം കളറാക്കുന്നത്. ഞാൻ എപ്പോഴും ചോദ്യചിഹ്നമായിരുന്നു അവർക്ക് മുന്നിൽ. അവിടെ നിന്നും ഇപ്പോൾ അവരുടെ മുഖത്തുള്ള തിളക്കം  വളരെ വലുതാണെനിക്ക്. അവാർഡ് അവരെയാണ് കൂടുതൽ സന്തോഷിപ്പിച്ചത്. അവാർഡിന്റെ ഒരു വാല്യു എനിക്ക് മനസിലായത് അത് കയ്യിൽ ഏറ്റുവാങ്ങിയ നിമിഷമാണ്. ചുറ്റിലും കയ്യടികൾ, നിറഞ്ഞ സദസ്. അങ്ങനെ, അതുവരെ ഇത്ര വില പിടിച്ചതാണെന്ന് അറിയാൻ പറ്റിയിരുന്നില്ല.

ചോദ്യം: ഇനി എന്താണ്  സ്വപ്നം?
മെൽവി: തയ്യൽ പഠിച്ചിട്ട് എന്താവാനാണ് എന്ന ചോദ്യവും പലയിടങ്ങളിലായി അനുഭവിച്ച അപമാനങ്ങളുമൊക്കെ ഓർമ്മ വരും. അതും നമ്മളെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളാണല്ലോ. 'ഖലീസിയ' എന്ന പേരിൽ ഡിസൈനർ സ്റ്റുഡിയോ ഈ മാസം തുടങ്ങാനിരിക്കുകയാണ്. മദർബ്രാൻഡ് കൊച്ചിയിലാണ്, ഇതോടൊപ്പം പത്തോളം ബ്രാൻഡ് ഷോപ്പുകളുമുണ്ടാകും. സ്വപ്‌നങ്ങൾ അങ്ങനെ ഒരുപാടുണ്ട്. ഒറ്റയ്‌ക്കല്ല, ഒരുപാടുപേരൊപ്പം ആ വഴിയിലേക്ക് സഞ്ചരിക്കണം

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment