തോൽക്കില്ലെന്ന വാശിയായിരുന്നു, തലയുയർത്തി പി‌ടിച്ചാണ് സുബി മടങ്ങുന്നതും | സിനിമാല കാലത്തെ ഓര്‍മ്മകളുമായി ഡയാന സില്‍വസ്റ്റര്‍

Memoirs

ഓർമ്മയിൽ സുബിയുടെ ചിരിക്കുന്ന മുഖം മാത്രമേയുള്ളൂ. ചിരിക്കാനുള്ള ചെറിയ അവസരം  പോലും ഒഴിവാക്കാത്ത ഒരാൾ അങ്ങനെ തന്നെയാണ് ആവേണ്ടതും. ചിരിക്കുന്ന ആൾക്കാരുടെ  ഉള്ളിലാണ്  ഏറ്റവും വേദനകളുണ്ടെന്ന് പറയാറില്ലേ... അങ്ങനെയുള്ള ഒരാളായിരുന്നു സുബിയും എന്നെനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്. ഉള്ളിൽ കുറേ വിഷമങ്ങളുണ്ടായിരുന്നു. എന്നോട് അതൊക്കെ പങ്കിട്ടിട്ടുമുണ്ട്.  എങ്കിൽപ്പോലും സ്വന്തം പ്രയാസങ്ങൾ  മറ്റുള്ളവരെ അറിയിക്കുന്നതിൽ
സുബിക്ക് പൊതുവേ താത്പര്യമില്ലായിരുന്നു.

കുടുംബമായിരുന്നു സുബിയുടെ പ്രാണൻ. സുബി ജീവിച്ചത് തന്നെ അവർക്ക് വേണ്ടിയായിരുന്നു. സ്വന്തം ഇഷ്‌ടങ്ങളേക്കാൾ അവൾക്ക്  പ്രധാനം  കുടുംബത്തിന്റെ സന്തോഷമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തയാളാണ് അവൾ. ജീവിതത്തിൽ വിജയിക്കണമെന്നത് വാശി പോലെയായിരുന്നു. "എന്റെ അമ്മയെ നോക്കും, അനിയനെ സംരക്ഷിക്കും" അങ്ങനെ ഒരു മനോഭാവമായിരുന്നു. അത് അത്രയധികം സന്തോഷത്തോടെയാണ് സുബി ചെയ്‌തു കൊണ്ടിരുന്നതും. സ്വന്തമായുള്ള ഒരു സന്തോഷവും അവൾക്ക് വേണ്ടിയായിരുന്നില്ല താനും. ആരോഗ്യകാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു.. ഭക്ഷണമൊക്കെ വളരെ കുറച്ചേ കഴിച്ചു കണ്ടിട്ടുള്ളൂ. അത് പോലെ കൃത്യസമയത്തു ഭക്ഷണം കഴിക്കുന്ന ശീലവും ഇല്ലായിരുന്നു.

കഠിനാദ്ധ്വാനത്തിലൂടെയാണ്  സുബി കഷ്‌ടപ്പാട് നിറഞ്ഞ ജീവിതം താണ്ടി സമാധാനവും സന്തോഷവുമുള്ള ഒരു കാലത്തിലെത്തിയത്. വിവാഹം ചെയ്യാനിരുന്ന പയ്യന്റെ ബന്ധുക്കളൊക്കെ വിവാഹ നിശ്ചയത്തിനായി സുബിയുടെ വീട്ടിലെത്തിയിരുന്നു. നല്ലൊരു പയ്യനായിരുന്നു. പക്ഷേ ആ സമയത്താണല്ലോ അപ്രതീക്ഷിതമായി അസുഖം വന്നത്.

 

ഞാൻ സിനിമാല ചെയ്‌തു കൊണ്ടിരിക്കുമ്പോൾ ഒരു സ്‌പെഷ്യൽ പ്രോഗ്രാം ഉണ്ടായിരുന്നു. സാധാരണ ചെയ്‌തു വരുന്നതു പോലെയുള്ള എപ്പിസോഡായിരുന്നില്ല. വലിയൊരു ഇവന്റായിരുന്നു. അതിൽ ഡാൻസ് അറിയുന്ന ഒരു കഥാപാത്രത്തിനായി ഒരാളെ വേണമായിരുന്നു. സുബി നന്നായി ഡാൻസ് ചെയ്യുമല്ലോ. അങ്ങനെയാണ് ടിനി ടോം പറഞ്ഞ് സുബി വന്നത്. സുബിയോടു സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി ഉള്ളിൽ നർമ്മം ആവോളമുള്ളയാളാണെന്ന്. അങ്ങനെയാണ് സുബി സ്ഥിരമായി സിനിമാല ആർട്ടിസ്റ്റായത്. പിന്നെ റഗുലറായി സുബിക്ക് വേഷമുണ്ടായി. സിനിമാലയുടെ തന്നെ മുഖമുദ്ര‌യായി സുബി മാറുകയും ചെയ്തു.

ഷൂട്ടിംഗിനെത്തുമ്പോൾ സുബി  ഒരിക്കലും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഏതു സാഹചര്യമാണെങ്കിലും അതിനോട് ഇണങ്ങി തന്നെ നിന്നു.അന്ന് പത്തൊമ്പതോ ഇരുപതോ വയസ്സുണ്ടാകും സുബിയ്ക്ക്. കോളേജിൽ പഠിക്കുന്ന കാലം. തിരുവനന്തപുരത്താണ്  ആ സമയത്ത് സിനിമാലയുടെ ഷൂട്ടിംഗ്. എന്താണ് തന്റെ റോൾ എന്നു പോലും സുബി ചോദിക്കാറില്ല. അവരന്ന് ആലുവയിൽ നിന്നു വേണം ട്രെയിൻ കയറി തിരുവനന്തപുരത്തെത്താൻ. സ്ക്രിപ്റ്റ് പോലും ഇവിടെ വരുമ്പോഴാണ് കയ്യിൽ കൊടുക്കുന്നത്. എന്താണ്, ഏതാണ് എന്നു പോലും സുബി ചോദിക്കാറുണ്ടായിരുന്നില്ല. അമ്മയോ, മുത്തശ്ശിയോ, അമ്മായിയോ വേഷം ഏതായാലും സുബി റെഡിയാണ്. ഗംഭീരമായി തന്നെ അത് അവതരിപ്പിക്കും, ആളുകളെ ചിരിപ്പിക്കും. അത്ര സമർപ്പണവും പാഷനും ഉള്ളിലുണ്ടായിരുന്നു. ഏതു റോളും  വിശ്വസിച്ച് ഏൽപ്പിക്കാം. സുബിയുടെ ടച്ച് കൂടി വരുമ്പോൾ അത് ഒന്നു കൂടെ നന്നാകും.

അന്ന് മറ്റു ട്രൂപ്പംഗങ്ങൾ കൂടുതലും ആണുങ്ങളാണല്ലോ. സുബി എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്നതിനാൽ  അവരെല്ലാം പെട്ടെന്ന് കൂട്ടായി. ചേട്ടൻമാരെ പോലെ തല്ലുപിടിയും കളിയാക്കലും ഒക്കെയായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു അന്ന് സിനിമാലയിലെ ആർട്ടിസ്റ്റുകളെല്ലാം. ഒരു പ്രശ്‌നവും എനിക്ക് തരാത്ത ആർട്ടിസ്റ്റാണ് സുബി. എല്ലാവർക്കും ഒരു കുഞ്ഞു അനുജത്തി എന്നൊരു ഫീലിംഗാണ് അവളോട്. ഇന്ന് അവരൊക്കെ സുബിയുടെ കൂടെ നിൽക്കുന്നത് ക ണ്ടപ്പോൾ അതൊക്കെയാണ് ഞാൻ  ഓർത്ത് പോയത്.

നല്ല ആത്മവിശ്വാസമുള്ള ആളാണ്. തുടക്കത്തിൽ ഒരുപാട് സ്ട്രഗിൾസിലൂടെ കടന്നു വന്ന ആളാണ്. പിന്നെ പിന്നെ അവൾ അതെല്ലാം തന്നെ അതിജീവിച്ച്  സ്വന്തം വഴി കണ്ടെത്തി. തല നിവർത്തി തന്നെയാണ് അവൾ ജീവിച്ചതും. സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടിയില്ലല്ലോ എന്ന് പലരും പറയുന്നത് കേൾക്കാറുണ്ട്. പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് സുബിക്ക് ഒന്നു കൂടെ യോജിച്ചത് മിനിസ്ക്രീൻ എന്നു തന്നെയാണ്. ചിലരുടെ സ്റ്റൈൽ ടി.വിയ്‌ക്കായിരിക്കും നല്ലതെന്ന് തോന്നിയിട്ടുണ്ട്. സുബിയും അങ്ങനെയായിരുന്നു.

അന്നും ഇന്നും ഒരേ സ്വഭാവം കാണിക്കുന്ന അപൂർവം ആളുകളിലൊന്നായിരുന്നു സുബി. അത്ര ജനുവിനാണ്. സ്‌നേഹവും അന്നത്തെ പോലെ തന്നെ. കുറച്ചുനാൾമുമ്പായിരുന്നു ഞങ്ങൾ കണ്ടത്. അന്ന് എന്റെ വീടിരിക്കുന്ന ചുള്ളിക്കൽ ഭാഗത്തെ ഒരു നഴ്‌സറിയിൽ
ഒരു യൂട്യൂബ് ഷൂട്ടിനെത്തിയിരുന്നു. ഒരു ദിവസം ഞാൻ നോക്കുമ്പോൾ വെയിലത്ത് നടന്നു വരുന്ന സുബിയെ ആണ് കണ്ടത്. ഞാൻ അതിശയിച്ചു പോയി. അന്ന് കുറേ നേരം സംസാരിച്ചിരുന്നു. പണ്ടത്തെ തമാശകളൊക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ചതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ വേദന തോന്നുന്നു.രണ്ടുമാസം മുമ്പായിരുന്നു എന്റെ വീടിന്റെ പാലുകാച്ചൽ. അത് പറയാൻ ഞാൻ വിളിച്ചിരുന്നു. പക്ഷേ, സുബി വന്നിരുന്നില്ല. പിന്നെ കുറേക്കഴിഞ്ഞ് അമ്മയാണ് പറഞ്ഞത് സുബി അസുഖ ബാധിതയായിരിക്കുകയാണെന്ന്. അവളുടെ യൂട്യൂബ് ചാനലിനു വേണ്ടി എന്റെ ഇന്റർവ്യൂ ഇടയ്‌ക്ക് ചോദിച്ചിരുന്നു. പിന്നെ നമുക്ക് ചെയ്യാമെന്ന് ഞാൻ ഉറപ്പും നൽകി. ചടങ്ങിന് എന്റെ വീട്ടിലെത്താത്തതിൽ അവൾക്ക് വലിയ വിഷമമായിരുന്നത്രെ. അസുഖം ഭേദമായാൽ എന്റെ വീടും ഇന്റർവ്യൂവും ഒന്നിച്ചെടുക്കാമെന്ന് അവൾ പറഞ്ഞിരുന്നതായി  ഇന്ന് എന്നെ കണ്ടപ്പോൾ അമ്മ പറഞ്ഞു. അസുഖവിവരം അറിഞ്ഞതു മുതൽ ഞാൻ അമ്മയെ വിളിക്കാറുണ്ടായിരുന്നു. അപ്പോഴോക്കെയും പ്രതീക്ഷ കൈവിട്ടതു പോലെയായിരുന്നു അവർ സംസാരിച്ചിരുന്നത്. പക്ഷേ, എന്റെ  ഉള്ളിൽ ശുഭാപ്‌തിവിശ്വാസമായിരുന്നു. പ്രതിസന്ധികളെ ചിരി കൊണ്ട് നേരിട്ട സുബി ഈ അവസ്ഥയെയും ചിരി കൊണ്ട് തോൽപ്പിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, ആ പ്രതീക്ഷയെല്ലാം ഇന്ന് രാവിലെ വന്ന ഫോൺ കോളിൽ അവസാനിച്ചു. ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അവൾ  പലപ്പോഴായി പങ്കിട്ടതൊക്കെയും മനസിൽ ഇങ്ങനെ നിറഞ്ഞുവരുന്നതു പോലെ തോന്നുന്നു. പ്രിയപ്പെട്ട കൂട്ടുകാരി, സഹോദരി വിട....

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

 

 

Comment