ഹൃതിക്, ഉദയ്, ഫർഹാൻ - ബോളിവുഡ് സൗഹൃദത്തിൻ്റെ കഥ

Trivia

 

ബോംബെ സ്കോട്ടിഷ് സ്കൂളിൽ സഹപാഠികളായിരുന്ന മൂന്ന് പേർ... ഹൃതിക് റോഷൻ, ഉദയ് ചോപ്ര, ഫർഹാൻ ഇറാനി. ഒന്നിച്ചായിരുന്ന സ്കൂൾ കാലഘട്ടത്തിൽ ഫർഹാൻ്റെ കാഴ്ച്ചപ്പാടിൽ ഹൃതിക് ആയിരുന്നു ഏറ്റവും താരമായിരുന്ന കുട്ടി. ആ കാലഘട്ടം കടന്ന് പോയി. പിൽക്കാലത്ത് ആ മൂന്ന് പേരും ബോളിവുഡിലെ മിന്നുന്ന താരങ്ങളായി...!!

*   *   *   *   *   *   *   

1995 - 96 കാലഘട്ടം. ഉദയ് ചോപ്രയുടെ ചേട്ടൻ ആദിത്യ ചോപ്രയുടെ വമ്പൻ ഹിറ്റ് ‘ദിൽവാലെ ദുൽഹനിയ ലേ ജായെംഗേ‘ തിയറ്ററുകളിൽ നിറഞ്ഞോടുന്നു. DDLJ യുടെ സ്ക്രിപ്റ്റ് എഴുതാൻ സഹായിച്ച ഫർഹാൻ്റെ അമ്മ ഹണി ഇറാനിക്ക് തിരക്കഥയിൽ താൻ ചെയ്ത ജോലിയുടെ ക്രെഡിറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ ചോപ്ര കുടുംബവുമായി അകന്നു. അതിൻ്റെ പശ്ചാത്തലത്തിൽ മകൻ ഫർഹാൻ ഉദയ് ചോപ്രയുമായി കൂട്ട് കൂടുന്നതിൽ നിന്ന് അമ്മ ഹണി വിലക്കി. കുടുംബവഴക്കിൻ്റെ ബാക്കി പത്രമായി ഉദയ് ചോപ്ര - ഫർഹാൻ സൗഹൃദത്തിൽ വിള്ളൽ വീണു.

*   *   *   *   *   *   *   

2001 ഓഗസ്റ്റ് 10... ഫർഹാൻ അക്തറിൻ്റെ ആദ്യചിത്രം ‘ദിൽ ചാഹ്താ ഹേ‘ ഹൗസ്‌ഫുൾ ഓടുന്നു. കണ്ടിറങ്ങിയ ബോളിവുഡ് കൂട്ട്കെട്ടുകളുടെ കഥ അറിയാവുന്നവർ പരസ്പരം പറഞ്ഞു... “ഇത് തകർന്നുപോയ ഫർഹാൻ - ഉദയ് - ഹൃതിക് കൂട്ടുകെട്ടിൻ്റെ ഓർമ്മയിൽ ഫർഹാൻ ഉണ്ടാക്കിയതാണ്..!“ എന്ന്. അക്കഥ സത്യമല്ലെന്നോ സത്യമാണെന്നോ ഫർഹാൻ കാലങ്ങളോളം പറഞ്ഞില്ല. എന്നാൽ ഒരു പരിധിവരെ അത് ശരിയാണ് എന്ന് ഈ അടുത്തകാലത്ത് ഒരു ഇൻ്റർവ്യുവിൽ ഫർഹാൻ സമ്മതിക്കുകയും ചെയ്തു. “DCH ചെയ്യുമ്പോൾ തൻ്റെ ഉപബോധമനസിൽ ആ പഴയ സൗഹൃദകഥകൾ ഉണ്ടായിരുന്നു... അത് സിനിമക്ക് പ്രചോദനമായിട്ടുണ്ടാവാം. പക്ഷെ സിനിമയിലെ മെയിൻ പ്ലോട്ടിന് ആ സൗഹൃദവുമായി ബന്ധമൊന്നുമില്ല.“ എന്നാണ് ഫർഹാൻ പറഞ്ഞത്. കാലങ്ങളുടെ കാറ്റിൽ ആ മുറിവുണങ്ങി... ഉദയ് ചോപ്രയുമായി സൗഹൃദപരമായ ബന്ധം തുടരുന്നുണ്ട്. ഹൃതിക്കിനൊപ്പം ഫർഹാൻ ‘സിന്ദഗി ന മിലേഗി ദൊബാര‘ ചെയ്ത് ഹിറ്റാക്കി.

*   *   *   *   *   *   *   

2002... മഹേഷ് ഭട്ടിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈറോട്ടിക് ത്രില്ലർ ‘ജിസം‘ൻ്റെ ഷൂട്ടിംഗ് ലൊകേഷൻ. പുതിയ നായകൻ... പേര് ജോൺ അബ്രാഹം. അവിടെ ‘ഐതബാർ‘ എന്ന സിനിമയിലേക്ക് ഡിസ്കഷനു വേണ്ടി ആ സിനിമയുടെ പ്രൊഡ്യൂസർ വന്നു. അവർക്ക് ജോണിനെ വേണം. പക്ഷെ... ജോൺ അബ്രാഹം എന്ന പേരിനോട് ഒരു ബുദ്ധിമുട്ട്. ജോൺ എന്ന പേരല്ലാതെ മറ്റെന്തെങ്കിലും പേര് ഉണ്ടോ എന്ന് അവർ ജോണിനോട് ചോദിക്കുകയും ചെയ്തു. ജോൺ പറഞ്ഞു... “ഉണ്ട്... മറ്റൊരു പേരുണ്ട്... ഫർഹാൻ... ‘ഫർഹാൻ ഇറാനി‘ എന്നൊരു പേരു കൂടി ഉണ്ട്.“ കേട്ടവർക്ക് കൺഫ്യൂഷനായി.

*   *   *   *   *   *   *   

ജോൺ എബ്രാഹം എന്ന ഹാഫ് മലയാളി നടൻ്റെ ബാക്കി ഹാഫ് പാഴ്സികളായ ഇറാനി കുടുംബത്തിൽ നിന്നാണ്. അക്കാരണത്താൽ ജോൺ ജനിച്ചപ്പോൾ ഇട്ട പേര് ‘ഫർഹാൻ ഇറാനി‘ എന്നായിരുന്നു. പിന്നീട് പിതാവ് അബ്രാഹത്തിൻ്റെ ആഗ്രഹപ്രകാരം ‘ജോൺ‘ എന്ന പേര് സ്വീകരിച്ചുകൊണ്ട് മാമോദീസ സ്വീകരിച്ചു. ബോംബെ സ്കോട്ടിഷ് സ്കൂളിൽ ഹൃതിക് റോഷനും ഉദയ് ചോപ്രയും സഹപാഠികളായിരുന്ന കാലത്ത് ജോണിന് ഫർഹാൻ എന്ന വിളിപ്പേരുമുണ്ടായിരുന്നു. സ്കൂൾ കാലഘട്ടത്തിന് ശേഷം അവർ പിരിഞ്ഞെങ്കിലും, ഹൃതിക് - ഉദയ് കൂട്ടുകെട്ടിലേക്ക് മറ്റൊരു ഫർഹാൻ കടന്നു വന്നു... ജാവേദ് അക്തറിൻ്റെയും ഹണി ഇറാനിയുടെയും മകൻ ഫർഹാൻ അക്തർ.

ആ സൗഹൃദത്തിൽ വിരിഞ്ഞ ചിരിപൂക്കളെ ഓർത്ത് ഫർഹാൻ തൻ്റെ ആദ്യചിത്രത്തിന് പേരിട്ടു... “ദിൽ ചാഹ്താ ഹേ“...!!!

Comment