"സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ കൂടെ ഒരു കഥാപാത്രമെങ്കിലും വേണം"

Interviews

കണ്ട് കണ്ട് സിനിമയോട് ഇഷ്‌ടം തോന്നി അതിന് പിന്നാലെ നടന്ന ആലപ്പുഴക്കാരനാണ് സഹീദ് അറാഫത്ത്. ആ  യാത്രയുടെ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്ന ആളാണ്  സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. സിനിമയെ കുറിച്ച് സംസാരിച്ചും സ്വപ്‌നം കണ്ടും അവർ മുന്നോട്ടുപോയി. പിന്നെ ആ സൗഹൃദത്തിലേക്ക്  തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനുമെത്തി.
'തങ്കം' സിനിമ തിളങ്ങുന്നത് ഈ സൗഹൃദത്തിന്റെ  ഇഴയടുപ്പം കൊണ്ടു കൂടിയാണ്. ബിജുമേനോനും വിനീത് ശ്രീനിവാസനും അപർണാബാലമുരളിയും അഭിനയിച്ച  'തങ്കം' ഒ.ടി.ടിയിലെത്തി. പ്രേക്ഷകർ ആ സിനിമയെ കുറിച്ച്   സംസാരിച്ചു കൊണ്ടിരിക്കെ സംവിധായകൻ സഹീദ് അറാഫത്തിന് പറയാനുള്ളത് എന്താണ്?

ഒ.ടി.ടിയിലെത്തിയപ്പോഴുള്ള പ്രതികരണങ്ങൾ എന്തൊക്കെയാണ്?
നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സിനിമ ഇപ്പോൾ കണ്ടവർ കുറേ കാര്യങ്ങൾ ഷെയർ ചെയ്യുന്നുണ്ട്. ആശയത്തിന് ഭംഗിയുണ്ടെന്നാണ് പൊതുവേയുള്ള പ്രതികരണം. അതോടൊപ്പം കഥയുടെ ഉള്ളും ഇഴ കീറി പരിശോധിക്കുന്നുമുണ്ട് അവർ. ഇതൊക്കെ സത്യമാണോ... നടന്ന സംഭവമാണോ?... അങ്ങനെ കുറേ ചോദ്യങ്ങളും പ്രേക്ഷകർ ഉയർത്തുന്നു. നമ്മൾ ഉദ്ദേശിച്ചത് ഇതു തന്നെയാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഞങ്ങൾ മന:പൂർവം ഇപ്പോൾ അത്തരം ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്. കാരണം ഇപ്പോൾ ആളുകൾ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ ഒരു പക്ഷത്തേക്ക് വരികയോ, അതല്ലെങ്കിൽ ക്ലാരിറ്റി വരുത്താൻ ശ്രമിക്കുകയോ ചെയ്യേണ്ടതില്ലല്ലോ. എല്ലാവരും അവരവരുടെ ആശയങ്ങളിൽ ചിന്തിക്കട്ടെ. ഒരു ക്രിയേറ്റർ എന്ന നിലയിൽ അയാളുടെ ആർട്ട്‌ഫോമിനെ കുറിച്ച് ഒരു പാട് കാഴ്ചപ്പാടുകളും ആശയങ്ങളും ഉണ്ടാകുന്നതാണ്  നമുക്കും സന്തോഷം. ഇപ്പോൾ എല്ലാം ആസ്വാദകർക്ക് വിട്ടു നൽകുകയാണ്.  ആളുകൾ ഒരു സിനിമ കണ്ടുപോകുന്നു എന്നതിനപ്പുറം അതിൽ നിന്നും എന്തോ പഠിക്കാൻ ശ്രമിക്കുന്നതായുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. അതും സന്തോഷം പകരുന്നു. ബാക്കി അഭിപ്രായങ്ങളൊക്കെ കുറച്ചു കൂടെ സമയമെടുത്ത് പറയാം.

ദിലീഷ്‌പോത്തൻ, ശ്യാം പുഷ്‌കരൻ... സൗഹൃദങ്ങൾ സിനിമയെ ഒന്നു കൂടെ ശക്തമാക്കിയോ?
നിരന്തര ചർച്ചകളിലൂടെയാണ്  ഈ സിനിമ മുന്നോട്ടുപോയത്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളും ഉണ്ടാകുന്നത്
നല്ല ഉദ്ദേശ്യത്തോടെയാണ്. നല്ല ബന്ധം പരസ്‌പരമുള്ളതിനാൽ  വിമർശനങ്ങളിൽ പോലും അതിന്റെ പോസിറ്റീവ് വശമാണ് നോക്കുന്നത്.  ഒരു ആശയത്തിൽ ചോദ്യമുയരുമ്പോൾ പരിഹരിക്കുന്നതും സൗഹൃദത്തിൽ കാലൂന്നിയാണ്. ഇത് ഞങ്ങളുടെ മാത്രം പ്രത്യേകതയല്ല,  എല്ലാ മനുഷ്യർക്കുമിടയിലും സംഭവിക്കുന്നതാണ്.  ഇങ്ങനെ ഒരു അടുപ്പമുണ്ടാകാൻ കാലങ്ങൾ വേണമെന്നില്ല.  ഇന്ന് പരിചയപ്പെടുന്ന ഒരാളുമായി നമുക്ക്  നാളെ  ഈ അടുപ്പം ഉണ്ടായേക്കാം.  പരസ്പരം കണക്റ്റഡ്  ആകുന്നതാണ്  പ്രധാനം അത് സത്യസന്ധമാണെന്ന  ഫീലും വേണം.  കാഴ്ചപ്പാടുകൾ തിരുത്താനും തിരുത്തപ്പെടാനും തയ്യാറാകുമ്പോഴാണ്  ബന്ധങ്ങൾ വർക്ക് ആവുന്നത്. ആത്യന്തികമായി  അതിന്റെ  ഔട്ട്  നല്ലതാവാനാണ്  നമ്മളതിനെ സമീപിക്കുന്നത്. ഞാൻ ഇന്നതേ ചെയ്യൂ എന്ന ധാർഷ്ട്യത്തോടെ നമ്മൾ ഒന്നും അവതരിപ്പിക്കുന്നില്ല. നമ്മുടെ അറിവും പൂർണമല്ല, അതും നവീകരിക്കപ്പെടുകയാണ്.

 'തീരം' എന്ന താങ്കളുടെ ആദ്യ സിനിമ കഴിഞ്ഞ്‌ നേരെ  'തങ്ക' ത്തിലോട്ടായിരുന്നോ?
2018  ന്റെ തുടക്കത്തിൽ  'തങ്ക' ത്തിന്റെ കഥയിലോട്ട് കടന്നു, ചർച്ചകൾ തുടർന്നു. 2020 ൽ  ഷൂട്ട് നടക്കേണ്ടതായിരുന്നു. അത് നടന്നില്ല. കൊവിഡ് കാലത്ത് ചെയ്യേണ്ട ഒരു സിനിമയായിരുന്നില്ല,  'തങ്കം'.  അതിനിടയിൽ  ഞാൻ 'ജോജി'യുടെ കോ ഡയറക്ടറായി. അത് വലിയൊരു എക്സ്പീരിൻസായിരുന്നു. ചെറിയ ചില ചിത്രങ്ങൾ ഇടയ്ക്ക് ആലോചിച്ചെങ്കിലും മനസ്  ഈ സിനിമയിൽ തന്നെ  ഉടക്കി നിൽക്കുകയായിരുന്നു.

അത്രത്തോളം ഉറപ്പുണ്ടായിരുന്നു അല്ലേ?
അതേ. ഈ സിനിമയുടെ പിന്നിൽ ഒരു നീണ്ട യാത്ര ഉണ്ട്. സിനിമ തുടങ്ങിയപ്പോൾ കൊവിഡ് കാലത്തിന് മുമ്പ്‌/ ശേഷം എന്ന നിലയിൽ  കുറേ തിരുത്തലുകൾ ആവശ്യമായി വന്നു. 2017-18 കാലത്ത് കൊവി ഡിന്  മുമ്പ് നടക്കുന്ന സംഭവം എന്ന രീതിയിലാണല്ലോ ആദ്യം ആലോചിച്ചത്.  പിന്നീട് കൊവിഡിന്‌ ശേഷമായപ്പോൾ കുറച്ചു മാറ്റം വേണ്ടി  വന്നു. ഷൂട്ട്  നടക്കുമ്പോഴും അടുത്ത കൊവിഡ് തരംഗം എപ്പോഴാണ് എന്നായിരുന്നു ആലോചന. സിനിമയിൽ ആൾക്കൂട്ടത്തെ കാണിക്കാനൊക്കെ ബുദ്ധിമുട്ടി. എങ്ങനെ ശ്രദ്ധിച്ചാലും  മാസ്‌ക്കുള്ള ചിലർ കാമറയിലേക്ക് വരും. കൊവിഡിന് മുമ്പുള്ള കാലമാണെന്ന രീതിയിൽ കഥ പറയുമ്പോൾ ഇതൊക്കെ പ്രശ്നങ്ങളാണ്. മുംബയിലും തമിഴ്നാട്ടിലുമെത്തിയപ്പോൾ ആളുകളെ നിയന്ത്രിക്കാനും ബുദ്ധിമുട്ടായി. ഉള്ള സാഹചര്യങ്ങളിൽ  ഷൂട്ട് നടത്തുക എന്നത് വെല്ലുവിളിയായിരുന്നു.

മനസിൽ  കണ്ടതുപോലെയാണോ  സിനിമ അവസാനരൂപമായതും ?
 എഡിറ്റിംഗ്‌ ടേബിളിലെത്തുന്നതു വരെ സിനിമയിൽ എന്തും ചെയ്യാം. ഒരു ഘട്ടത്തിൽ നമ്മൾ ഒരു റൂമിലിരുന്ന്  ഒന്നോ രണ്ടോ പേരുമായി ചർച്ച ചെയ്ത് എഴുതിവച്ചിരിക്കുന്ന സീനോ, വാക്കോ ഒക്കെ ആർട്ടിസ്റ്റുകളിലോ, അതല്ലെങ്കിൽ പുതിയ ലൊക്കേഷനുകളിലോ ഒക്കെ എത്തുമ്പോഴും മാറ്റപ്പെടാം. നമ്മൾ ചിന്തിച്ചുവച്ചിടത്തല്ല, ഇതിന്റെ  ഔട്ട്  എന്ന് ഉറപ്പിച്ച്, ആ മാറ്റത്തെ സ്വീകരിക്കാനുള്ള മനസ് എപ്പോഴുമുണ്ടായിരുന്നു. പിടിച്ച പിടിയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ റിസൽട്ട്  നമ്മൾ അങ്ങനെ ചിന്തിച്ച ദിവസത്തിലേക്ക് മാത്രം ഒതുങ്ങും. ഇടപഴകുന്ന ആൾക്കാരും സമൂഹവും അനുസരിച്ച് തുടർന്നും മാറ്റങ്ങൾ വരും, വന്നുകൊണ്ടിരിക്കും. . ആ സ്‌പേസ് ഉപയോഗിക്കാൻ കഴിയണം.

ദിലീഷ് പോത്തൻ, ശ്യാം.. ഇവരുടെ വരവ് എങ്ങനെയായിരുന്നു?
ഒരേ കാലഘട്ടത്തിൽ ഷോർട്ട് ഫിലിമുകളും  മറ്റുമായി  സിനിമയിലെത്തിയവരാണ്  ഞാനും പോത്തനും. പല വർക്കുകളും ഒന്നിച്ച് ചെയ്തിട്ടുണ്ട്. പരസ്‌പരം അസിസ്റ്റ് ചെയ്തിട്ടുണ്ട്. ശ്യാമും അങ്ങനെ തൊട്ടടുത്ത് നിൽക്കുന്ന ആളാണ്. ഒരു കാര്യം  ഞാൻ  പറയുമ്പോൾ
അത് രൂപാന്തരപ്പെട്ട്  അവസാനം എവിടെയെത്തും എന്നു വരെ അവർക്ക് പറയാൻ കഴിയും. കൂടെ ഇതേ പോലെ നിൽക്കുന്ന കുറേ പേരുണ്ട്. കാമറാമാൻ ഗൗതം, കോ ഡയറക്ടർ പ്രിനീഷ്  അങ്ങനെ കുറേ മനുഷ്യർ.

ജീവിതത്തിൽ സിനിമ എന്തായിരുന്നു?
സിനിമയുമായി ബന്ധമുള്ള കുടുംബത്തിൽ നിന്നും വന്നവരല്ല ഞങ്ങളൊന്നും. സിനിമ കണ്ടു കണ്ടു അതിനോട് ഇഷ്ടമുണ്ടായി വന്നവരാണ്. സിനിമയുടെ പിന്നാലെ നടന്നപ്പോഴുള്ള പണികളല്ലാതെ
വേറെ ഒരു പണിക്കും ഞങ്ങൾ പോയിട്ടില്ല. ആഡ് ഫിലിമുകൾ ഉൾപ്പെടെയുള്ളവയെല്ലാം സിനിമയിലേക്കുള്ള വഴികളായിരുന്നു.

വിനീത് എല്ലാവരുടെയും തിരഞ്ഞെടുപ്പായിരുന്നോ?
ഈ കഥ ശ്യാമിനോട് പറയും മുമ്പ് തന്നെ മറ്റൊരു സുഹൃത്തിനോട്  പറഞ്ഞപ്പോൾ  വിനീതാണെങ്കിൽ നല്ലതാണെന്ന അഭിപ്രായം അവൻ പറഞ്ഞു. ശ്യാമും ദിലീഷും ഇതേ പോലെ ചിന്തിച്ചു. പിന്നീട് ഒരിക്കൽ ഞങ്ങൾ മൂന്നുപേരും ഒന്നിച്ചിരുന്നപ്പോൾ  വിനീതിന്റെ പേര് അവർ പറഞ്ഞപ്പോൾ വലിയ അത്ഭുതം എനിക്ക് തോന്നി.  ആ ഐഡിയ വർക്കായി എന്ന് സിനിമ കണ്ടവർ ഇപ്പോൾ പറയുന്നുണ്ട്. വിനീത് വർഷങ്ങളായി തമിഴ്നാട്ടിൽ ജീവിക്കുന്നയാളല്ലേ. വിനീത് അവതരിപ്പിച്ച
 കഥാപാത്രവും തമിഴ് പശ്ചാത്തലമുള്ളയാളാണ്. ജനിച്ച വളർന്ന നാടിനോട് എന്തെങ്കിലും ഒരു അറ്റാച്ച്‌മെന്റ്  പുള്ളിക്കുണ്ട്. അതേ  ഇമോഷണൽ കണക്ഷൻ വിനീതിനുമുണ്ട്. ഈ വഴികൾ ചേർന്ന് വിനീതിലെത്തി എന്നു പറയാം. .

ബിജുമേനോനോ?
ബിജു ചേട്ടനിലേക്ക് പിന്നെയാണ് എത്തിയത്. വിനീതുമായി വർക്ക് ആകുന്ന ഒരു കോംബിനേഷൻ എന്ന രീതിയിൽ പല നടൻമാരും മനസിലെത്തിയിരുന്നു. ഭദ്രമായി ആവേഷം കൈകാര്യം ചെയ്യുന്ന നടൻ എന്ന വിശ്വാസം പുള്ളിയിലെത്തി.  ബിജുചേട്ടന്‌ പോത്തന്റെയും ടീമിനുമൊപ്പം വർക്ക് ചെയ്യണമെന്ന ആഗ്രഹവുമുണ്ടായിരുന്നു.

ഷൂട്ടിംഗ് തുടക്കത്തിൽ 'തങ്കം' പ്രവർത്തകർക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒന്നാകെ കിട്ടിയത്  ഒരു സിനിമാറ്റിക്  സീനായിരുന്നല്ലോ?
അതൊരു നിമിഷമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല തുടക്കം.  'തങ്കം' ഷൂട്ടിംഗിന്റെ തൊട്ടു തലേ ദിവസമയിരുന്നു  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതും എല്ലാവരും അംഗീകരിക്കപ്പെട്ടതും.

ഇനി മുന്നോട്ടുള്ള യാത്ര?
പല പല പ്രൊജകടുകളുംചർച്ചയാവുന്നുണ്ട്.   'തങ്ക' ത്തിന്റെ റിലീസ് കഴിഞ്ഞു, ഒ.ടി.ടിയിലെത്തി, ആളുകൾ സിനിമയെ കുറിച്ച് സംസാരിക്കുന്നു. ആ ഹാംഗ് ഓവർ മാറി വരുന്നേ ഉള്ളൂ...

കുൽക്കർണിയെ കണ്ടെത്തിയത് ബ്രില്യൻസായിരുന്നോ?
സാറിനെ പോലെ ഒരാൾ വേണമെന്ന്‌ നേരത്തെ തീരുമാനിച്ചിരുന്നു. വിനീതിന്റെ തമിഴ്നാട് കണക്ഷൻ പോലെ എന്തെങ്കിലും വേണം. ഒരു മറാത്തി  പൊലീസ് ഓഫീസർ എങ്ങനെയാണെന്ന് നമുക്ക് അറിയാൻ സാധിക്കുന്നതിൽ പരിമിതികളുണ്ട്, സാർ ഒരു തിരക്കഥാകൃത്താണ്. അഭിനയിക്കാനോ, ക്രിയേറ്റ് ചെയ്യാനോ സാറിന് എളുപ്പമാണ്.  ക്രിയേറ്ററായ ആർട്ടിസ്റ്റിനെ സെലക്ട് ചെയ്തതും അതുകൊണ്ടാണ്. തിരക്കഥയുടെ  ഓരോ ഘട്ടത്തിലും ഇങ്ങനെ കൊടുക്കൽ വാങ്ങലുകളുണ്ട്.

പൊലീസ് സ്റ്റേഷനൊക്കെ ഗംഭീരമായിട്ടുണ്ടല്ലോ?
ഇങ്ങനെ സമയമെടുത്ത് പരിശ്രമിച്ച് ചെയ്ത കുറേ ചെറിയ ചെറിയ കാര്യങ്ങളുണ്ട്.  ഇതൊക്കെ  എത്രത്തോളം ആളുകൾ കണ്ടിട്ടുണ്ടെന്ന് അറിയില്ല, പക്ഷേ  ആ കാര്യങ്ങളൊക്കെ സിനിമയിൽ നന്നായി വന്നിട്ടുണ്ട്.  പൊലീസ് സ്റ്റേഷനൊക്കെ ആർട്ട് ടീം വളരെ നന്നായാണ് ചെയ്തത്.  ഇത് ആരെങ്കിലും എടുത്തു പറയണമെന്നല്ല, പക്ഷേ, ഞങ്ങൾക്കത് പ്രധാനമാണ്.  ഓരോ മനുഷ്യരെയും  പഠിച്ചാണ് സിനിമയിൽ കൊണ്ടു വന്നത്.  .

മറാത്തി സംഭാഷണങ്ങൾ ഗിരീഷ് കുൽക്കർണിയുടേതായിരുന്നോ?
സിനിമയുടെ ടോട്ടൽ മൂഡും ഇനി എന്തു നടക്കും എന്നതും നമുക്കറിയാം. ശ്യാമുമായി ചർച്ച ചെയ്ത്  തയ്യാറാക്കിയ സീൻ ഓർഡർ പ്രകാരമാണ് ലൊക്കേഷനുകൾ കണ്ടെത്തുന്നത്. അതേസമയം  അന്യഭാഷാ അഭിനേതാക്കളുടെ സംഭാഷണങ്ങൾ
നമ്മൾ മലയാളത്തിലെഴുതി അവർക്ക്  പരിഭാഷ ചെയ്ത് കൊടുക്കുമ്പോൾ ഒറിജിനൽ കണ്ടന്റിൽ നിന്നും
വലിയ വ്യത്യാസം വരും. അവർ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഷ, ഗ്രാമ്യഭാഷ അതേപോലെ വരില്ല, നമ്മൾ എഴുതിയ ഡയലോഗുകളിൽ. . അതുകൊണ്ട് കണ്ടന്റ് അവർക്ക് കൊടുക്കുകയും ഡയലോഗുകൾ അവരെ കൊണ്ട് പറയിപ്പിക്കുകയുമാണ് ചെയ്യുന്നത്.  അതുകഴിഞ്ഞ് നമ്മളത് ജഡ്‌‌ജ്  ചെയ്യും. അതിന് സഹായിക്കുന്നത് ഇവരോടൊപ്പം തന്നെ മറ്റുവേഷങ്ങൾ ചെയ്യുന്ന ആളുകളാണ്.

കൊച്ചുപ്രേമന്റെ അഭിനയത്തെക്കുറിച്ചും ഒരുപാട്‌ പേർ എടുത്തു പറയുന്നുണ്ട്?
ആ ലൊക്കേഷൻ കണ്ടപ്പോൾ തന്നെ ആലോചിച്ച രംഗമാണ് കൊച്ചുപ്രേമേട്ടന്റേത്. ആദ്യം കൺഫ്യൂഷൻ ആയിരുന്നു, ആ കാഴ്ച
താഴെവേണോ, മുകളിൽവേണോ എന്ന കാര്യത്തിൽ. കാരണം മുകളിൽ ഉയരം കുറവാണ്. പിന്നെ പുള്ളി ഒരുപാട് താഴേക്ക്‌പോകുന്നു എന്ന രീതിയിൽ തന്നെ ആ സീൻ തീരുമാനിച്ചു.

മലയാളം പ്രേക്ഷകർ മാറിയിട്ടുണ്ടെന്ന്‌ തോന്നിയിട്ടുണ്ടോ?
ആസ്വാദകരെ കുറിച്ചുള്ള ഫിലിം മേക്കേഴ്സിന്റെ വിലയിരുത്തലുകൾ ഒരിക്കലും  ശരിയായി വന്നിട്ടില്ല. എപ്പോഴും അത്   മാറിക്കൊണ്ടിരിക്കും. സിനിമ വലിയ വിജയമാകുമ്പോൾ അതിന്റെ ആവർത്തനങ്ങളുണ്ടാകും. വിരസത തോന്നുമ്പോൾ ആസ്വാദർ അത് അവിടെ വിട്ടിട്ട പോകും. സൂപ്പർ ഹിറ്റിന് ഒരു പ്രത്യേക ഫോർമാറ്റ് എന്നില്ലല്ലോ.എന്നെ സംബന്ധിച്ചിടത്തോളം സെൻസിബിളായി കഥ പറയുക എന്നതാണ് പ്രധാനം.  പ്രേക്ഷകർക്ക് അത് ആസ്വദിക്കാനാകണം. അതിനപ്പുറം നമുക്ക് ലഭിക്കുന്നതെന്തും ബോണസാണ്. സിനിമ വിട്ടിറങ്ങുമ്പോൾ ഒരു കഥാപാത്രമെങ്കിലും  പ്രേക്ഷകരുടെ മനസിലുണ്ടാകണം.  മറക്കാൻ കഴിയാത്ത, എന്നെ ഹോണ്ട് ചെയ്ത സിനിമകളിലൂടെയാണ് ഞാൻ എപ്പോഴും സഞ്ചരിക്കുന്നത്, ഞാൻ സിനിമയെ  കാണുന്നത് ഇങ്ങനെയാണ്. ഇന്നതേ ചെയ്യൂ എന്നില്ല.കോമഡി ആയാലും സീരിയസ് ആയാലും സിനിമ പ്രേക്ഷകന് കണക്റ്റാവണം.

സിനിമകൾ ധാരാളം കാണുന്നുണ്ടോ?
ആകെയുള്ള പണി അതു തന്നെയാണ്. സിനിമകൾ കാണുക, അത്യവശ്യം  വായിക്കുക.

പുതിയ പ്ളാറ്റ്ഫോമുകൾ ഉൾപ്പെടെ പ്രേക്ഷകർ സിനിമയോട് അത്രയ്‌ക്കടുത്താണല്ലോ ഇപ്പോൾ?
ഉറപ്പായും. സിനിമ മാത്രമല്ല, ലോകം തന്നെ മാറുകയല്ലേ.നമ്മെ അത്ഭുതപ്പെടുത്തുന്ന, കണ്ടുകൊണ്ടിരിക്കാവുന്ന എത്രയധികം റീലുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ആ ഇഷ്ടത്തിനനുസരിച്ചാണ് കണ്ടന്റുകൾ നമ്മളിലേക്ക് വരുന്നത്. നമ്മൾ  സിനിമയിലോട്ടിറങ്ങി അത്  ആസ്വദിക്കാൻ തുടങ്ങുമ്പോൾ അത്രയും തന്നെ മോശം കാര്യങ്ങളും നമ്മളെ ബാധിക്കാനുണ്ടാകും.ചില കല്ലുകടികൾ ഇടയ്‌ക്കുണ്ടാകും.  കോംപ്ലിക്കേറ്റഡാണെന്ന് തോന്നുമെങ്കിലും അവയെ അവയുടെ  തന്നെ വിടുക.  എന്തുവേണം, ഏതുവഴിക്ക് പോണം എന്ന്  നമ്മളാണ് തീരുമാനിക്കേണ്ടത്.അതോടൊപ്പം  ഒപ്പം നല്ല കണ്ടന്റുകളെ കുറിച്ച് ആലോചിക്കുക, അവയെ മാറി നിന്ന് ആസ്വദിക്കുക. ബാക്കിയെല്ലാം പിന്നാലെ വരും.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment