ലക്കിടിയിലെ ലോഹിതദാസിന്റെ വീട്ടിലേക്ക് കയറി ചെന്ന പ്ലസ് ടുക്കാരൻ. ലോഹി സിനിമകളിലൂടെ മലയാളികൾക്ക് പരിചിതനായ ഒറ്റപ്പാലം പപ്പേട്ടന്റെ കൂടെയാണ് ആ പോക്ക്. മരങ്ങളുടെ തണുപ്പുള്ള ആ വീട്ടിലെ തൊടിയിൽ ചെടികളുടെ തണലിലിരിക്കുകയാണ് എഴുത്തുകാരൻ. കാണാനെത്തിയ ഒന്നുരണ്ടു പേരുണ്ട്. അകത്തു നിന്നും കട്ടൻചായയുമായി പുറത്തേക്ക് വരുന്നുണ്ട് അദ്ദേഹത്തിന്റെ പത്നി സിന്ധു. പഴയൊരു സിനിമയിൽ എഴുതപ്പെട്ട പോലെ ഒരു രംഗം. ഒരു പക്ഷേ, ആ കാഴ്ചകളെല്ലാം സിന്റോ സണ്ണിയെന്ന അന്നത്തെ കൗമാരക്കാരനെ സ്വാധീനിച്ചിരിക്കണം. പിന്നെ സിന്റോ, ലോഹിതദാസിനെ കണ്ടത് കഥകൾ ശേഷിപ്പിച്ചുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയിലാണ്. ലോഹിതദാസ് പോയ ദിവസവും പിറ്റേന്നും പപ്പേട്ടന്റെ കൂടെ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. അതും കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോഹിതദാസിലെ പ്രതിഭ സിന്റോയ്ക്ക് മുന്നിൽ തലയുയർത്തി നിന്നത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ആ ലോഹി എഫക്ടിൽ നിന്നും പുറത്തു കടക്കുക ഒട്ടും ളുപ്പമല്ലായിരുന്നു. 'സിന്ധു ശാന്തമായി ഒഴുകുന്നു' എന്ന നാടകം മുതലുള്ള തിരക്കഥകൾ വായിക്കാൻ തുടങ്ങിയത് അവിടെ നിന്നാണ്. സിനിമ ജീവിതത്തിലേക്ക് ന്നു കയറിയതും ആ നിമിഷം മുതലാണ്. പിന്നീടുള്ള നീണ്ട യാത്രയ്ക്കു ശേഷം സിന്റോയുടെ സനിമ ഇപ്പോൾ തിയേറ്ററുകളിലുണ്ട്. സൈജു കുറുപ്പ് നായകനായ 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തെക്കുറിച്ച് സിന്റോ സംസാരിക്കുന്നു.
ജിബു ജേക്കബ് സ്കൂളിൽ നിന്നും തുടങ്ങാം?
ഒരു യാത്രയിൽ ചെന്നു പറ്റാൻ ഒരിടം എന്നു പറയില്ലേ. അങ്ങനെ ഒരാളാണ് എനിക്ക് സംവിധായകൻ ജിബു ജേക്കബ്. എന്റെ ഗുരുനാഥൻ. എന്റെ തണൽ എന്നു തന്നെ പറയാം. വാണിയമ്പാറയിൽ നിന്നും ഞാൻ പുറപ്പെടുമ്പോൾ എറണാകുളത്ത് എന്നെ സ്വീകരിക്കാൻ ഉള്ള ഒരേ ഒരാൾ അദ്ദേഹമാണ്. ആ കൂടെ അസോസിയേറ്റായി വർക്ക് ചെയ്യുന്ന സമയത്താണ് സൈജു കുറുപ്പുമായി കണക്റ്റ് ആകുന്നത്. പുള്ളിയോട് ഒരു കഥ പറഞ്ഞപ്പോൾ അതൊരു പ്രൊജക്ടായി മാറുകയായിരുന്നു. നേരത്തെ മൂന്ന് നാല് സിനിമകൾ ഞങ്ങൾക്കൊപ്പം ചെയ്ത തോമസ് തിരുവല്ലയാണ് ഈ സിനിമ നിർമ്മിച്ചത്. ഔസേപ്പച്ചൻ ആണ് സംഗീതസംവിധായകൻ. നേരത്തെ തന്നെ കംപോസിംഗ് ഒക്കെ തീർത്തിരുന്നു. ഇതിൽ ഞാൻ എഴുതിയ പാട്ടുമുണ്ട്. നമ്മുടെ നാട്ടിൽ നടന്ന സംഭവമാണ് സിനിമയുടെ കഥയായി മാറിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴെ എഴുത്ത് പരിപാടികളുണ്ട്. പാലക്കാട് തൃശൂർ അതിർത്തിയിൽ വാണിയമ്പാറയാണ് നാട്. എഴുത്താണെന്റെ ജീവൻ തന്നെ. ഈ സിനിമ കഴിഞ്ഞാലും ഒന്നു രണ്ടു എഴുത്ത് പരിപാടികളുണ്ട്. ജിബു ജേക്കബ് സ്കൂളിൽ തന്നെ അപ്പോഴും ഉണ്ടാകും.
sinto sunny 1.jpg
ഏറ്റവും ചുരുക്കത്തിൽ 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയെ എങ്ങനെ വിശേഷിപ്പിക്കാം?
പക്കാ ഫാമിലി എന്റർടെയ്നറാണ്. ഇതിൽ കോമഡി മാത്രമേയുള്ളൂ. സീരിയസായി ഒന്നും പറഞ്ഞിട്ടില്ല. ചിരിക്കാൻ ഏറെയുണ്ട്. ഇീഷ്യൽ പുള്ളിംഗ് കിട്ടുന്ന താരനിര ഇല്ലാത്തതിന്റെ പേരിൽ ഈ പടം ആളുകൾ കാണാതിരിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ. സിനിമ കണ്ട് മോശമാണെന്ന് പറഞ്ഞാൽ കുഴപ്പമില്ല, പക്ഷേ, കാണാതെ മോശമാണ് എന്ന് പറയരുത്. ഇന്നത്തെ സാഹചര്യങ്ങളിൽ അങ്ങനെയുള്ള പൊളിറ്റിക്സിനെ പേടിയുണ്ട്. നിർമ്മാതാവ് തോമസ് കുരുവിള കൂടെ തന്നെ നിന്നു. എന്നെ നേരത്തെ അറിയാമായിരുന്നു.
മനസിൽ വിചാരിച്ച അഭിനേതാക്കളെ തന്നെ ലഭിച്ചിരുന്നോ?
ഇല്ലില്ല. ഇതിൽ സൈജു കുറുപ്പും പ്രശാന്ത് അലക്സാണ്ടറും ഒഴികെ ബാക്കിയെല്ലാവരും പകരമായി വന്നവരാണ്. ആദ്യം വാക്ക് പറഞ്ഞ് പറ്റില്ലാന്ന് പറഞ്ഞവരുണ്ട്, സൈജു കുറുപ്പായതുകൊണ്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞവരുണ്ട്, പ്രൊഡക്ഷന്റെ പേരിൽ നോ പറഞ്ഞവരുണ്ട്. സാലറി കുറവായതുകൊണ്ട് ഒഴിഞ്ഞുമാറിയവരുമുണ്ട്. അങ്ങനെ എല്ലാവരും തന്നെ നേരത്തെ വിചാരിച്ചവർക്ക് പകരം എത്തിയവരാണ്.
ഇവരെല്ലാം തന്നെ ഒടുവിൽ കൃത്യം കാസ്റ്റിംഗിലേക്ക് എത്തി അല്ലേ?
സിനിമ അങ്ങനെയാണല്ലോ. നടക്കേണ്ട സാഹചര്യം വരുമ്പോൾ ആരെങ്കിലും വന്ന് അത് മുന്നോട്ടു പോകും. ഞങ്ങൾ വിചാരിച്ച, കഥ പറഞ്ഞ അഭിനേതാക്കൾ മാറി പോയെങ്കിലും സിനിമ നടക്കാതിരുന്നില്ലല്ലോ... അതാണ് ഏറ്റവും വലിയ ഉദാഹരണം. ഞാൻ നേരത്തെ കഥ പറഞ്ഞ മലയാളത്തിലെ ലീഡിംഗ് ആർട്ടിസ്റ്റുകളോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്, ചേട്ടാ നിങ്ങളില്ലെങ്കിലും ഞാൻ പടം ചെയ്യും. പ്രതിഫലത്തിൽ ചെറിയ കുറവ് കാരണം പറ്റില്ലെന്ന് പറഞ്ഞ് ആർട്ടിസ്റ്റുകൾ മാറിപ്പോയ പടങ്ങൾ എന്റെ അനുഭവത്തിലുണ്ട്. ഈ സിനിമയിൽ അജു വർഗീസ് ചെയ്ത കഥാപാത്രം മറ്റൊരു ലീഡിംഗ് ആർട്ടിസ്റ്റിനോട് പറഞ്ഞതായിരുന്നു. അയാൾ പത്തുലക്ഷം ചോദിച്ചു, ഒമ്പതുലക്ഷം നൽകാമെന്ന് പറഞ്ഞു. ആ ഒരു ലക്ഷം രൂപയുടെ പേരിൽ കഥാപാത്രം വേണ്ടെന്ന് അയാൾ തീരുമാനിച്ചു. അജുവർഗീസിനെ സമീപിച്ചപ്പോൾ അജു സാമ്പത്തികം നോക്കിയില്ല, കഥാപാത്രത്തെയാണ് നോക്കിയത്. അതയാളുടെ മിടുക്കാണ്.
sinto sunny 2.jpg
എഴുത്തിലേക്ക് സിനിമ എത്തിപ്പെട്ടതെങ്ങനെയാണ്?
ലോഹിതദാസിന്റെ വീട്ടിൽ ഒരുദിവസം പോയിരുന്നു. ഞാൻ അന്ന് പ്ലസ് വണ്ണിൽ പഠിക്കുകയാണ്. ഒറ്റപ്പാലം പപ്പേട്ടൻ എന്ന നടനാണ് എന്നെ കൊണ്ടു പോയത്. പിന്നെ ഞാൻ അവിടെ പോയത് പുള്ളി മരിച്ചപ്പോഴാണ്. ആ ദിവസവും പിറ്റേന്നും ഞാൻ പപ്പേട്ടന്റെ കൂടെ മുഴുവൻ സമയവും ആ വീട്ടിലുണ്ടായിരുന്നു. അവിടെ നിന്നപ്പോഴാണ് ആ മനുഷ്യനെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നിയത്. അങ്ങനെ അദ്ദേഹത്തിന്റെ അൻപത്തിനാല് തിരക്കഥകളും ഞാൻ വായിച്ചു. 'സിന്ധു ശാന്തമായി ഒഴുകുന്നു' എന്ന നാടകം എന്നെ ഇൻസ്പയർ ചെയ്തിട്ടുണ്ട്, കിരീടവും ചെങ്കോലും ഇൻസ്പയർ ചെയ്തിട്ടുണ്ട്. ഞാനങ്ങനെ ഒരാളെ ഇഷ്ടപ്പെടുകയാണ്. അതുവരെയില്ലാത്ത ഒരനുഭവം. ആ ഇഷ്ടം സിനിമയോടുള്ള താത്പര്യമായി. ഷോർട്ട് ഫിലിമുകളൊന്നും അത്ര വന്നു തുടങ്ങിയിട്ടില്ലാത്ത കാലമാണ്. ആ സമയത്ത് ഒറ്റപ്പാലം ബേസ് ചെയ്ത് കുറേ ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, സർക്കാർ പരസ്യങ്ങൾ ചെയ്തതാണ് തുടക്കം. അങ്ങനെ വന്നു വന്നു സിനിമയിലെത്തി.
ലോഹിസാറുമായി അന്ന് സംസാരിക്കാൻ കഴിഞ്ഞോ?
ലക്കിടിയിലെ വീട്ടിൽ പോകുമ്പോൾ ഒരു ചെടിയുടെ കീഴെ ഇരിക്കുകയാണ് പുള്ളിക്കാരൻ. ഭാര്യ അകത്തു നിന്നും കട്ടൻ ചായയോ മറ്റോ ഇട്ട് മുറ്റത്തേക്ക് ഇറങ്ങി വരികയാണ്. അദ്ദേഹത്തിന്റെ ചക്കരമുത്ത് എന്ന സിനിമയിലെ കഥാപാത്രത്തിന് പ്രചോദനമായ ആളും അന്നവിടെയുണ്ടായിരുന്നു. വേറെ ഒന്നു രണ്ടു പേർ കാണാൻ വന്നു മടങ്ങുന്നുണ്ട്. അന്ന് വിശേഷങ്ങളൊക്കെ തിരക്കിയിരുന്നു. സിനിമയിൽ അഭിനയിക്കണമെന്നുണ്ട് എന്ന ആഗ്രഹം അദ്ദേഹത്തോട് അവിടെ വച്ച് ഞാൻ വെളിപ്പെടുത്തി. ഇത്തിരി പരുക്കനായായിട്ടാണ് പുള്ളിക്കാരൻ അപ്പോൾ പ്രതികരിച്ചത്. ഇപ്പോ പഠിക്കയല്ലേ, പഠിക്ക് എന്ന് പറഞ്ഞു. എനിക്കതത്ര സുഖകരമായി തോന്നിയില്ല. എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്നായിരുന്നു മനസിൽ. ആളുടെ വലിപ്പം നമുക്ക് മനസിലായി വന്നപ്പോഴാണ് കൂടുതൽ അറിയണമെന്ന് തോന്നി അന്വേഷിച്ചതും വായിച്ചതും.
അന്നത്തെ കാഴ്ച സിനിമയിലേക്കുള്ള യാത്രയായി സ്വാധീനിച്ചിരിക്കാം?
അതേ അതേ. ഞാൻ പിന്നീട് എടുത്തു പറയുന്ന പറച്ചിലുകളിൽ ഒന്നാണ് ആ വീട്ടിൽ പോയപ്പോഴുള്ള കാഴ്ചകൾ, അനുഭവങ്ങൾ. സിനിമയിലെ രംഗങ്ങൾ പോലെ ചിലപ്പോൾ തോന്നാറുണ്ട്. എന്തായാലും സിനിമ എന്നൊരു തോന്നലിനെ ആ യാത്ര വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
സിനിമയിൽ സ്ട്രഗിൾ ചെയ്യേണ്ടി വന്നിട്ടുണ്ടോ?
ഉറപ്പായും. അത് പറഞ്ഞാൽ തീരില്ല. അത്രത്തോളമുണ്ട്. തുടങ്ങിയാൽ പറഞ്ഞു കൊണ്ടേയിയിരിക്കേണ്ടി വരും. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ ജിബു ജേക്കബിലെത്തുന്നതു വരെ സ്ട്രഗിൾ അതത്ര തന്നെയുണ്ടായിരുന്നു. ഫൈനാൻഷ്യലി ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ പോലും പ്രോജക്ടുകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നമുക്ക് ഇടപെടാൻ, കഥ ചർച്ച ചെയ്യാൻ, പാട്ടുകൾ ചർച്ച ചെയ്യാനുള്ള ഇടങ്ങൾ ഉണ്ടായിരുന്നു.
സിനിമയിൽ നിന്നുകൊണ്ടും അല്ലാതെയും സംവിധായകരാകുന്നവരുണ്ടല്ലോ?
അങ്ങനെ ചെയ്യുന്നതിനെ ഒരൊറ്റ വാക്യം കൊണ്ടേ വിശേഷിപ്പിക്കാൻ കഴിയൂ. മൂക്കാതെ പഴുക്കുക എന്ന് പറയും. ഒരു പ്രാക്ടിക്കൽ സാധനമാണ് അതിലുള്ളത്. ഞാൻ ഒരുപാട് സിനിമകളിൽ അസിസ്റ്റന്റ്, അസോസിയേറ്റ് ആയ ശേഷമാണ് സംവിധായകനായത്. ആദ്യകാലത്ത് ഞാൻ അങ്ങനെയല്ല. അതിന്റേതായ പരാജയങ്ങൾ നേരത്തെ നടത്തിയ പരിശ്രമങ്ങളിലുണ്ടായിരുന്നു. എന്റെ നിരീക്ഷണങ്ങൾക്ക്, ബോദ്ധ്യങ്ങൾക്ക് വലിയ പാകപ്പിഴ സംഭവിച്ചതു കൊണ്ടാണ് അങ്ങനെ പരാജയപ്പെട്ടത് എന്നതാണ് സത്യം. ഇന്നത്തെ കാലത്ത് സിനിമയെ സമീപിക്കുന്നത് ഈ രീതിയിലല്ല, അതിന്റെ കൊമേഷ്യൽ വശങ്ങളും പ്രേക്ഷകരുടെ പോയിന്റ് ഓഫ് വ്യൂ, സിനിമയെ ഏതു ട്രാക്കിൽ സമീപിക്കണം, നമ്മൾ ചെയ്യുന്നത് ശരിയാണോ, ആർട്ടിസ്റ്റുകളെ എങ്ങനെ ഡീൽ ചെയ്യണം ഇത്തരത്തിലുള്ള പല കാര്യങ്ങൾ പഠിച്ചെടുക്കുന്നതിനുള്ള പ്രായോഗിക സർവകലാശാലയിലൂടെയാണ് ഓരോ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറും കടന്നു പോകുന്നത്. അയാളുടെ പഠനകാലയളവിലാണ് ഈ കാര്യങ്ങളൊക്കെ മനസിലാക്കിയെടുക്കുന്നത്. അല്ലാതെ ഇങ്ങനെ സംവിധാനം ചെയ്യാമെന്ന് പറഞ്ഞ് പഠിച്ചെടുക്കാൻ കഴിയുന്നതല്ല സിനിമ. ഓരോ സിനിമയും വെവ്വേറെയാണ്. ഞാൻ ഉണ്ടാക്കുന്ന സിനിമയല്ല, എന്റെ ഗുരുനാഥന്റേത്. വളരെ വ്യക്തമായി പ്ലാൻ ചെയ്തെടുക്കുന്ന നമ്മളുടേത് തന്നെയാണ് സിനിമ. ഞാൻ ചെയ്യുന്നത് മറ്റൊരാൾക്ക് ചെയ്യാൻ കഴിയില്ലല്ലോ... അതു തന്നെയാണ് സിനിമയുടെ വ്യക്തിത്വം.
അപ്പോൾ ഇങ്ങനെ പ്രവർത്തിക്കുന്നതുകൊണ്ട് എന്താണ് പഠിക്കുന്നത്?
സിനിമയിൽ എന്തുപറയാം, എന്തു പറയാൻ പാടില്ല എന്ന് പഠിക്കും. നൂറ്റമ്പതോളം വരുന്ന ക്രൂവിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാകും. ഒരു ദിവസത്തിന്റെ അവസാനം എങ്ങനെ റിസൽട്ട് കിട്ടുമെന്ന് മനസിലാകും.