‘അപ്പൻ‘ സിനിമയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആബേലിനെ അവതരിപ്പിച്ച 6 വയസുകാരൻ ദ്രുപത് കൃഷ്ണ ആണ്. ഇത്ര ഗംഭീരമായി സിറ്റുവേഷനെ മനസിലാക്കിയെന്നോണം അറിഞ്ഞഭിനയിച്ച ആ കുട്ടിത്താരത്തോട് നേരിട്ടൊന്ന് സംസാരിക്കണം എന്ന ആഗ്രഹുമായിട്ട് ചെന്ന് കയറിയത് അക്ഷരാർത്ഥത്തിൽ ഒരു കുട്ടിപ്പുലിയുടെ മടയിൽ തന്നെ ആയിരുന്നു.
ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റി, ഐകൺ സ്കൂൾ ഓഫ് എക്സലൻസിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദ്രുപതിനോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം തുടക്കം ദ്രുപതും, ബാക്കി ദ്രുപതിൻ്റെ അമ്മ രശ്മി അജേഷുമാണ് പറഞ്ഞത്.
ദ്രുപതിനോട് ചോദിച്ച ചില ചെറു ചോദ്യങ്ങളിൽ നിന്ന് തുടങ്ങാം... അതിൻ്റെ ഉത്തരം കേൾക്കുമ്പോൾ മനസിലാവും കുട്ടിപ്പുലി എന്ന് വിശേഷിപ്പിച്ചത് എന്തുകൊണ്ട് എന്ന്...!!
ഹലോ ദ്രുപത്...
ദ്രുപതിൻ്റെ ഏറ്റവും ഫേവറൈറ്റ് ആക്ടർ ആരാണ്?
ദ്രുപത്: ജോക്കർ.
ഓഹ്... ജോക്കർ സിനിമയിലെ ദിലീപ്...?
ദ്രുപത്: അല്ലാ... ഹീത് ലഡ്‌ജർ...!! പിന്നെ ജാക്വിന് ഫോണിക്‌സ്
(പെട്ടു... ആരാ... ആരാന്ന്.... ഒരു നിമിഷം ഒന്നും മനസിലായില്ലാ...!!)
ദ്രുപത്: ഇംഗ്ലീഷ് സിനിമ ദ ഡാർക്ക് നൈറ്റ് മൂവിയിലെ വില്ലൻ ഹീത് ലഡ്‌ജർ.
ഇനിയിപ്പോ എന്താ ചോദിക്കുക... കരുതിയിരുന്ന ചോദ്യങ്ങൾ ഒക്കെ സ്റ്റക്കായി...!!
Drupath1.jpg
രശ്മി: അതെ... അവൻ ഡാർക്ക് നൈറ്റ് സിനിമയിലെ ജോക്കറിൻ്റെ വലിയ ഫാനാണ്. ഇടക്ക് അത് ഇങ്ങനെ അഭിനയിച്ച് കാണിക്കുകയും, വരച്ച് കാണിക്കുകയും ഒക്കെ ചെയ്ത് അവസാനം ഞങ്ങൾക്ക് ടെൻഷനായി. പുള്ളി മരിച്ചുപോയ ആളാന്ന് ഗൂഗിളിൽ നോക്കി അവന് മനസിലായപ്പോ ഭയങ്കര സങ്കടമൊക്കെ ആയി. ആ ഒരു ജോക്കർ ഇഷ്ടം കൂടുന്നു എന്ന് തോന്നിയപ്പോ ഞങ്ങൾ അവനെ അത് കാണിക്കുന്നത് നിർത്തി. എന്നാലും അദ്ദേഹമാണ് അവൻ്റെ ഫേവററ്റ് നടൻ.
ഓകെ... ദ്രുപത്... മലയാളസിനിമയിൽ ഏത് ഹീറോയാ ദ്രുപതിന് ഏറ്റവും ഇഷ്ടം?
ദ്രുപത്: ജോസഫ്.
(പിന്നേം പെട്ടു...) ഇതാരാ ജോസഫ് എന്നു പേരുള്ള ഹീറോ മലയാളത്തിൽ...?
ദ്രുപത്: ജോസഫ് സിനിമയിലെ ജോസഫ്... ജോജു അങ്കിൾ.
(ഒരു നിമിഷം എൻ്റെ ബാല്യമൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നി. പറയുന്ന സിനിമകളുടെ സെലക്ഷൻസ് നോക്കണേ...!!)
ദ്രുപത്: ജയസൂര്യ അങ്കിളിനേം ഇഷ്ടാ...
രശ്മി: സിനിമകൾ വളരെ ഇഷ്ടമുള്ള ആൾക്കാരാണ് ഞങ്ങൾ. എല്ലാ ഭാഷകളിലും ഉള്ള സിനിമകൾ ഞങൾ കാണുക പതിവാണ്. ദ്രുപത് ഞങ്ങൾക്കൊപ്പമാണ് മലയാളം സിനിമകൾ കാണാറ്. അനിമേഷൻ മൂവികളും ഇംഗ്ലീഷ് സിനിമകളും ആണ് അവൻ കൂടുതൽ കാണാറുള്ളത്. മലയാളം കണ്ട് തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. പഴയ കോമഡി ചിത്രങ്ങൾ ഇരുന്നു കാണാൻ ആണ് കൂടുതൽ ഇഷ്ടം മമ്മുക്കോയ , ജഗതി ശ്രീകുമാർ , ജഗദീഷ് അവരുടെ പഴയകാല കോമഡി ചിത്രങ്ങൾ ഏട്ടൻ അവനെ കാണിച്ചു കൊടുക്കുമ്പോൾ അവരുടെ പേരൊക്കെ ചോദിച്ചു അറിയും. അങ്ങനെ ജോസഫ് സിനിമ ആണ് ആദ്യമായി മുഴുവനായും കണ്ട മലയാള സിനിമ. കണ്ടപ്പോൾ മുതൽ ജോജു ജോർജ്‌ജ്നെ ഭയങ്കര ഇഷ്ടമാണ്. ആളെ അനുകരിച്ച് ഒക്കെ കാണിക്കും. തീരെ കുഞ്ഞായിരിക്കുമ്പോൾ മുതലേ സിനിമാനടന്മാരെ ഒക്കെ അനുകരിച്ച് കാണിക്കാൻ ശ്രമിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അങ്ങനെ ജോസഫിലെ ജോജുവിൻ്റെ സ്റ്റയിൽ അനുകരിച്ച് പണ്ട് പാടവരത്തിമ്പിലൂടെ എന്ന പാട്ടിൽ ജോജുവിനെ അനുകരിച്ച് ചെയ്തത് ജോജുവിൻ്റെ അടുത്ത് എത്തുകയും. അദ്ദേഹം അഭിനന്ദനം അറിയിച്ച് മെസേജ് അയക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ജോജു ജോർജ്ജിനെയും ജയസൂര്യയെയും കാണാൻ പറ്റുമോ എന്നൊക്കെ ഇടക്ക് അവൻ ചോദിക്കും.
അപ്പോൾ ജയസൂര്യ?
രശ്മി: അത്... ക്യാപ്റ്റൻ സിനിമ കണ്ടപ്പോൾ മുതലാണ് ജയസൂര്യയോട് ഒരു താല്പര്യം ആയത്. പിന്നെ വെള്ളം സിനിമ അവൻ ഞങളുടെ കൂടെ ഇരുന്നു മുഴുവൻ കണ്ടൂ. അതിലെ ആകശമായവളെ പാട്ട് അവൻ കേട്ട് പഠിച്ചു.നന്നായി പാടും അങ്ങനെ ഒരുപാട് സിനിമകൾ ഒന്നും കണ്ടിട്ടില്ല. വളരെ കുറച്ചേ കണ്ടിട്ടുള്ളൂ .അതിൽ ഇഷ്ടപെട്ടത് ഇവരെയൊക്കെ ആണ് എന്ന് മാത്രം.
Drupath5.jpg
അപ്പൻ സിനിമ കണ്ടോ ദ്രുപത്?
ദ്രുപത്: ഞങ്ങൾ നേരത്തെ കണ്ടതാ.
രശ്മി: നേരത്തെ പ്രിവ്യു ഷോ വച്ചിരുന്നു... അപ്പോളെ കണ്ടതാ. ഇപ്പോൾ പിന്നെ ഇടക്ക് ഇരുന്ന് കാണും.
ദ്രുപതിനെ തന്നെ സിനിമയിൽ കണ്ടപ്പോൾ എങ്ങനെ തോന്നി? ഇഷ്ടപ്പെട്ടോ?
രശ്മി: ഇഷ്ടപ്പെടുക ഒക്കെ ചെയ്തു. പിന്നെ ചില സ്ഥലങ്ങളിലെ അവൻ്റെ തന്നെ അഭിനയം കണ്ടിട്ട്, ഇത് കുറച്ചൂടെ ശരിയാക്കാരുന്നു...!! ഇവിടെ ഞാൻ ഇങ്ങനെ നടന്നാ മതിയാരുന്നു. ഇങ്ങനെ സ്വയം വിലയിരുത്തലാണ്.
ദ്രുപതിന് ഷൂട്ടിംഗ് ഒക്കെ ഇഷ്ടമായോ? ഷൂട്ടിംഗ് ലൊകേഷനിൽ ആരാരുന്നു ദ്രുപതിൻ്റെ കൂട്ട്?
ദ്രുപത്: ജാനകി കുഞ്ഞെച്ചി, ഷീലാൻ്റി, ഹെയർ സ്റ്റൈലിസ്റ്റ് അമ്മു ആൻ്റി, ശീതളൻ്റി അനന്യാൻ്റിയും മഞ്ജു ബ്രോയും, പൗളി അമ്മമയും...പിന്നേം കുറേ പേരുണ്ടായിരുന്നു. സൗണ്ട് എൻജിനീയേഴ്സും, അസോസിയേറ്റ്സ് ഡയറക്ടേഴ്സും എല്ലാവരും ഉണ്ടായിരുന്നു.
രശ്മി: സിനിമയിലെ ഷീല... രാധിക രാധാകൃഷ്ണനോട് ഭയങ്കര കൂട്ട് ആയിരുന്നു. പിന്നെ അമ്മയായിട്ട് അനന്യയോടും കൂട്ട് ആയിരുന്നു. ഞ്ങ്ങളു അവനോടു നോ പറയുന്ന കാര്യങ്ള് ഒക്കെ അവിടെ എല്ലാവരും യെസ് പറഞ്ഞപ്പോൾ കിട്ടിയ സന്തോഷമായിരുന്നു. പട്ടികുട്ടികളുടെ കൂടെ കളിക്കാനും റബ്ബർ തോട്ടത്തിലൂടെ ഓടാനും തോട്ടിൽ ഇറങ്ങാനും അങനെ ഒക്കെ... എല്ലാവരുടേം ഫേവറൈറ്റ് ആയിട്ടാരുന്നു അവിടെ. പിന്നെ ഗ്രേസ് ആൻ്റണി വന്നപ്പോ അവര് പറമ്പിൽ കൂടി ഒക്കെ കറങ്ങുവാരുന്നു. അവിടെ അടിച്ചുപൊളിച്ചു അവൻ.
അലൻസിയർ എന്ന അപ്പനെ ദ്രുപതിന് പേടിയായില്ലേ?
ദ്രുപത്: ഇല്ലാ...
രശ്മി: അങ്ങനെ ഒരു ടെൻഷൻ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ അവൻ പേടിച്ചൊന്നും ഇല്ല. ഷൂട്ട് ഇല്ലാതിരിക്കുമ്പോൾ അലൻ ചേട്ടൻ്റെ അടുത്ത് പോയി അലൻസിയർ ചേട്ടൻ്റെ ഡയലോഗ് ഒക്കെ അവൻ അനുകരിച്ച് കാണിക്കുകയൊക്കെ ചെയ്യുമായിരുന്നു. ഇടക്ക് അലൻ ചേട്ടൻ തന്നെ അവനോട് പറയും “എന്നെ ഒന്ന് അഭിനയിച്ച് കാണിച്ചേടാ“ എന്ന്. അവനപ്പോ തന്നെ അഭിനയിച്ച് കാണിക്കും.
Drupath9.jpg
സണ്ണി വെയ്‌നുമായിട്ട് കൂട്ട് ആയിരുന്നോ?
രശ്മി: കൂട്ടൊക്കെ ആയിരുന്നു.. അദ്ദേഹം കൂടുതൽ സമയവും തിരക്കുള്ള ഒരു അവസ്ഥ ആയിരുന്നു. അതുകൊണ്ട് ബാക്കിയുള്ളവരെ അപേക്ഷിച്ച് അത്രയും സമയം ഒപ്പമില്ലായിരുന്നു. പക്ഷെ അഭിനയിക്കുമ്പോ നല്ല ഒരു അടുപ്പം ഉണ്ടാരുന്നു.
ദ്രുപതിന് ടെൻഷൻ ഉണ്ടാരുന്ന സീൻ എന്തായിരുന്നു?
രശ്മി: അത്... അങ്ങനെ ഒരിടത്തും ടെൻഷൻ ഒന്നും ഉണ്ടായില്ലാ... വെളുപ്പിന് ഷൂട്ട് പോയപ്പോൾ ഉറങ്ങിപോയി ആൾ ഒന്ന് ഇടക്ക് കരഞ്ഞു.ങ്ഹാ പിന്നെ അവനെ അനന്യ കുളിപ്പിക്കുന്ന സീനിൽ, അയ്യോ എല്ലാരും എൻ്റെ എല്ലാം കാണും എന്നൊക്കെ പറഞ്ഞ് കുറച്ചൊന്ന് ശങ്കിച്ചു. പിന്നെ ടേക്ക് എടുത്ത് കഴിയുമ്പോൾ തന്നെ അനന്യ അവനെ നൈറ്റി കൊണ്ട് മൂടി പിടിക്കും .ആരും കാണില്ല കേട്ടോ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചാണ് അത് ചെയ്തത്. പിന്നെ ഓകെ ആയിരുന്നു.
ദ്രുപതിൻ്റെ സ്കൂളിലെ ഫ്രണ്ട്സ്സും ടീച്ചർമാരും ഒക്കെ കണ്ടോ സിനിമ? എന്ത് പറഞ്ഞു?
ദ്രുപത്: എല്ലാവരും കണ്ടൂ... സ്റ്റാറ്റസ് ഒക്കെ ഇട്ടത് ഞാൻ കണ്ടൂ . സ്കൂളിൽ മിസ്സ് എനിക്കിന്ന് ചോക്ലേറ്റും, കെട്ടിപ്പിടിച്ച് ഒരു കിസ്സും തന്നു.
രശ്മി: ഷൂട്ടിന് സെലക്ടായപ്പോൾ തന്നെ സ്കൂളിൽ പറഞ്ഞിരുന്നു. ഇതിപ്പോൾ മൂന്ന് നാല് ഭാഷകളിൽ റിലീസ് ആയതുകൊണ്ട് ടീചേഴ്സ് എല്ലാവരും തന്നെ ഹിന്ദിയിലും തമിഴിലും ഒക്കെ കണ്ടിട്ട് അഭിനന്ദിക്കുകയൊക്കെ ചെയ്തു. സ്കൂളിൽ കൂട്ടുകാർക്കോക്കെ പാർട്ടി കൊടുക്കണമെന്നൊക്കെ കൂട്ടുകാർ പറഞ്ഞൂന്നാ അവൻ പറയുന്നത്.
എങ്ങനെയാണ് ‘അപ്പൻ‘ സിനിമയിലേക്ക് ദ്രുപത് സെലക്ട് ആയത്?
രശ്മി: അത് അവനും അവൻ്റെ അച്ഛനും കൂടെ ഇൻസ്റ്റാ റീല്സ് ചെയ്യും. അങ്ങനെ കൊറോണ ലോകഡൗൺ സമയത്ത് ചെയ്ത ഒന്ന് രണ്ട് റീൽസ് വൈറൽ ആയി. അങ്ങനെ ഒരു റീൽ കണ്ടിട്ട് ‘സൗദി വെള്ളക്ക‘യിലേക്ക് ആണ് ആദ്യം വിളി വരുന്നത്. പക്ഷെ അവർക്ക് 10 വയസുള്ള കുട്ടി വേണമെന്ന് വന്നതുകൊണ്ട് അത് നടന്നില്ല. അങ്ങനെ 2021 ലെ ഓണത്തിൻ്റെ അന്നാണ് ‘അപ്പൻ‘ ടീമിൻ്റെ വിളി വരുന്നത്. അപ്പോൾ ഞങ്ങൾ തൊടുപുഴ അജേഷേട്ടൻ്റെ വീട്ടിൽ ആയിരുന്നു. അങ്ങനെ അവർ ഒന്ന് രണ്ട് ഡയലോഗ് തന്നു, ദ്രുപതിനെക്കൊണ്ട് അഭിനയിപ്പിച്ച് കാണിച്ചുകൊടൂത്തു. അവർ ഓകെ പറഞ്ഞു. അജേഷേട്ടൻ്റെ വീടിൻ്റെ തൊട്ട് അടുത്ത് തന്നെ ആയിരുന്നു ലൊകേഷനും. പക്ഷെ കൊറോണ ഒക്കെ കാരണം സിനിമാക്കാർക്കൊപ്പം ഹോട്ടലിലാണ് തങ്ങിയത്.ഭർത്താവ് അഭിനയ മോഹം നെഞ്ചിലേറ്റി നടന്ന ഓരാൾ ആണ്.പഠിക്കുന്ന സമയത്ത് അഭിനയമോഹവുമായിട്ട് കുറെ അലഞ്ഞിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റായിരുന്നു. ചാൻസും ചോദിച്ച് പോയിട്ട് സുരാജ് വെഞ്ഞാറമൂട്, ആൻ്റണി പെരുമ്പാവൂർ ഇങ്ങനെ കുറെപ്പേരുടെ മുന്നിൽ മിമിക്രി ഒക്കെ കാണിച്ച് പോന്നിട്ടുള്ള ആളാണ്. പിന്നെ കല്യാണമായി, പ്രാരാബ്ദമായി... അതൊക്കെ സൈഡിലേക്ക് മാറ്റിവച്ചു...!!! പിന്നെ മോൻ ജനിച്ചു... അങ്ങനെ, ഇന്നിപ്പോൾ സിനിമ കാണുമ്പോൾ ഞങ്ങൾ മോനേയും കൂടെ കൂട്ടും. അവനും നന്നായിട്ട് കാണുന്നതൊക്കെ അനുകരിക്കും.
ഈ ചോദ്യം മാതാപിതാക്കളായ രശ് മിയോടും അജേഷിനോടുമാണ്...!! ‘അപ്പൻ‘ ഒരു ഡാർക്ക് സിനിമയാണ്. പലയിടങ്ങളിലും അസഭ്യസംഭാഷണങ്ങളും ക്രൂരമായ പെരുമാറ്റങ്ങളും ഒക്കെയുണ്ട്... അപ്പോൾ അങ്ങനെ ഒരു സിനിമയിൽ മോനെ അഭിനയിക്കാൻ വിടാൻ മടീ തോന്നിയില്ലേ? സിനിമ കണ്ട് കഴിയുമ്പോൾ മറ്റുള്ളവർ എന്ത് പറയും എന്ന് തോന്നിയില്ലേ...?
രശ്മി: ഹേയ്.. അങ്ങനെ ഒന്നും പ്രശ്നം തോന്നിയില്ല. സ്ക്രിപ്റ്റ് വായിച്ച സമയത്ത് അവരു വളരെ വ്യക്തമായി തന്നെ എല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു . അതൊന്നും ഒരു സിനിമയുടെ പോരായ്മ ആണെന്ന് കരുതുന്നവരല്ല ഞങ്ങളും. പിന്നെ ദ്രുപതിനെ സംബന്ധിച്ച് ബാംഗ്ലൂർ പഠിക്കുന്ന കൊണ്ട് മലയാളം അത്ര വശമില്ല. മലയാളം പാട്ട് നന്നായി പാടും കേട്ട് പഠിക്കുന്നത് ആണ്. സ്ഫുടമയിട്ട് തന്നെ സംസാരിക്കും.. ഞങ്ങൾ വീട്ടിൽ മലയാളം പറയുന്നത് കൊണ്ട് അവനും നന്നായിട്ട് പറയുണ്ട് എന്നേ ഉള്ളു. ഇപ്പോൾ എഴുതാനും വായിക്കാനും ഒക്കെ അത്യാവശ്യം അറിയാം. പിന്നെ, ഞങ്ങൾ റീൽസ് ചെയുമ്പോഴും പല നെഗറ്റീവ് കമൻ്റുകളും കാണാറുണ്ട്. അതിനെ നോക്കി സങ്കടപ്പെട്ടിട്ട് എന്ത് കാര്യം. ഞങ്ങൾ ഓകെ ആണ്. ദ്രുപതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നുറപ്പ് ഞങ്ങൾക്കുണ്ട്. അതുമതിയല്ലോ.
വേറേ സിനിമയിലേക്ക് ക്ഷണം വല്ലതും വന്നോ ദ്രുപത്?
ദ്രുപത്: വേറെ ഒരെണ്ണം കൂടി ഉണ്ട്...
രശ്മി: അതൊരു ഷോട്ട് ഫിലിമാണ്. പക്ഷെ ദ്രുപത് ആണ് പ്രധാനവേഷം. അതിനു വേണ്ടീ നന്നായി വർക്ക് ചെയ്തിട്ടുണ്ട് ആള്. കുറച്ചു ബുദ്ധിമുട്ടി തന്നെ കുറെ കര്യങ്ങൾ അതിൽ ചെയ്തു. അതുകൊണ്ട് അത് വരാൻ കാത്തിരിക്കുകയാണ്.
ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ നിന്ന്, അപ്പനിലെ അഭിനയത്തിൽ നിന്ന്, അഭിനയിക്കുന്ന സമയത്ത് ദ്രുപതിന് 6 വയസെ ഉണ്ടായിരുന്നുള്ളു എന്നത് അത്ഭുതം ഉണ്ടാക്കുന്നു. പ്രായത്തിൽ കവിഞ്ഞ ഒരു മച്യൂരിറ്റി ഫീൽ ചെയ്യുന്നു...!
രശ് മി: അത് ഉണ്ടെന്ന് ഞങ്ങൾക്കും തോന്നിയിട്ടുണ്ട്. അവിടെ അഭിനയിക്കുമ്പോഴും, അത് സിനിമയാണ് അല്ലെങ്കിൽ അഭിനയമാണ് എന്ന് ഒരു അറിവുള്ളത് പോലെ തോന്നിച്ചിരുന്നു. അനന്യ ദേഷ്യത്തിൽ ചോറ് വാരികൊടുക്കുന്ന സീനിലും, അലൻസിയർ ദ്രുപതിനെ നോക്കി ചീത്ത പറയുന്ന സീനിലും ഒക്കെ അവൻ ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് അത്ഭുതം തോന്നി. അവിടെയൊക്കെ ഞങ്ങൾക്ക് നല്ല പേടിയുണ്ടായിരുന്നു. പിന്നെ സിനിമ ഷൂട്ടിനു മുൻപ് ഒരാഴ്ച ആക്ടിംഗ് ക്ലാസ് എടുത്തിരുന്നു.അതൊക്കെ അവനു നല്ല എക്സ്പീരിയൻസ് ആയിരുന്നു .
Drupath6.jpg
നിങ്ങൾ മാതാപിതാക്കളെക്കുറിച്ച് പറയൂ...!?
രശ്മി: ഞാൻ രശ്മി അജേഷ്, കണ്ടൻ്റ് റൈറ്റർ ആണ്. ആർക്കിടെക്ചർ ആണ് കൂടുതലും ചെയ്യുന്നത്.മലയാളം പബ്ലിക്കേഷണിൽ സെലിബ്രിറ്റി ഇൻ്റർവ്യൂ ചെയ്തു കൊടുക്കും.മണ്ടല ആർട്ടിസ്റ്റാണ്. ദ്രുപതിൻ്റെ അച്ഛൻ അജേഷ് മോഹനൻ, ഇവിടെ ബാംഗ്ലൂർ ഗ്രാസ്കോ സോല്യു ഷൻ എന്ന കമ്പനിയിൽ കമ്പനിയിൽ UI /UX ഡിസൈനർ ആയിട്ട് വർക്ക് ചെയ്യുന്നു. എൻ്റെ വീട് കൊച്ചിയിലാണ്. അജേഷേട്ടൻ്റെ വീട് തൊടുപുഴ. ഞങ്ങൾ ഇപ്പൊൾ ഇവിടെ ബാംഗ്ലൂരിൽ ആണ് താമസം.
ദ്രുപത്, ഇനിയെന്തെങ്കിലും പറയാനുണ്ടോ?
ദ്രുപത്: എല്ലാർക്കും താങ്ക്യു...!!!
(മതി, നിർത്തിക്കോ എന്നൊരു ഫീൽ... )
Drupath7.jpg
രശ്മി: താങ്ക്യൂ പറഞ്ഞ് തുടങ്ങിയാൽ നല്ല സമയം എടുക്കും. സംവിധായകൻ മജുക്കയോട് ആണ് നന്ദി. ഷൂട്ട് കഴിഞ്ഞപ്പോൾ മജുക്ക ഞ്ങ്ങളോടു പറഞ്ഞു " ഞാൻ എന്താണോ ഉദേശിച്ചത് അത് അവൻ എനിക്ക് തന്നിട്ടുണ്ട് എന്ന്.അത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. പിന്നെ അപ്പൻ സിനിമയുടെ പിന്നിലും മുന്നിലും വന്ന എല്ലാവർക്കും ഒരുപാട് നന്ദി. ദ്രുപതിനെ അത്ര നന്നായിട്ട് അവർ കൂടെ ചേർത്താണ് ഇത്ര നല്ല ഔട്ട്പുട്ട് അവൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
താങ്ക്യു ദ്രുപത്, രശ്മി & അജേഷ്. മുന്നോട്ട് ഒരുപാട് ചിത്രങ്ങളിൽ ദ്രുപതിനേ കൂടുതൽ കൂടുതൽ മികച്ച വേഷത്തിൽ കാണാൻ കഴിയട്ടെ എന്ന ആഗ്രഹത്തോടെ...
സൈനിംഗ് ഓഫ്...!!!