കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവേദ തോമസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന, ഗോഡ്‌ഫി ബാബു എന്ന പുതുമുഖ-സംവിധായകൻ്റ ‘എന്താടാ സജി‘യുടെ ടൈറ്റിൽ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്. പലതും ഒളിപ്പിച്ചുവച്ച ഒരു മനോഹര ടൈറ്റിൽ. ‘എന്താടാ സജി - Montpelliar to ഇല്ലിക്കൽ‘ എന്ന മുഴുവൻ പേരിൽ നിന്ന് ആദ്യം തോന്നിയത്, നായകനോ നായികയോ ഒരാൾ ഫ്രാൻസിലെ മോണ്ട്പെല്ലിയറില്‍ നിന്നും ഇല്ലിക്കലേക്ക് വരുന്നതാവും കഥ എന്നതായിരുന്നു. എന്നാൽ, കുഞ്ചാക്കോ ബോബൻ ഒരു പുണ്യാളൻ്റെ വേഷത്തിൽ ഉള്ള ‘എന്താടാ സജി‘യുടെ ടീസർ കണ്ടപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്...!!!
നേരത്തെ ഒരു പോസ്റ്ററിൽ കുഞ്ചാക്കോയുടെ കൈയിൽ കുരിശുള്ള, ഒരു വടിയും, വടിയുടെ മേലേ ആയി ഒരു ചെറുപൊതിയും കെട്ടി വച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. അതുപോലെ മറ്റൊരു പോസ്റ്ററിൽ, സൂപ്പർഹീറോ മോഡലിൽ പുറകിൽ ചുവന്ന കേപ്പ് ധരിച്ച ഒരു പട്ടിയേയും കണ്ടിരുന്നു.
ഇനി എല്ലാം ഒന്ന് കൂട്ടിവായിക്കാം...!!!
ഞാൻ ആദ്യം അന്വേഷിച്ചത്, മോണ്ട്പെല്ലിയറില്‍ നിന്നുള്ള പുണ്യാളന്മാർ ആരൊക്കെയെന്നായിരുന്നു. അതിൽ കിട്ടി കുറെ ഉത്തരങ്ങൾ...
1348 ൽ ഫ്രാൻസിലെ മോണ്ട്പെല്ലിയറില്‍ ജീവിച്ചിരുന്ന ഒരു പുണ്യാളൻ ആയിരുന്നു റോച്ച് (മലയാളത്തിൽ വിശുദ്ധ റോക്ക് / റോക്കിപുണ്യാളൻ).
മോണ്ട്പെല്ലിയറില്‍ ഒരു ഗവര്‍ണറുടെ മകനായിട്ടായിരുന്നു റോക്കിൻ്റെ ജനനം. 20 മത്തെ വയസിൽ മാതാപിതാക്കൾ മരിച്ചപ്പോൾ, ഉള്ള സ്വത്തെല്ലാം പാവങ്ങൾക്ക് കൊടുത്ത് റോക്ക് റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തുകയുണ്ടായി. അവിടെ നിരവധി ആളുകള്‍ പ്ലേഗ് ബാധ മൂലം യാതന അനുഭവിക്കുന്നത് കണ്ടു മനം മടുത്ത അദ്ദേഹം, ഇറ്റലിയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാന്‍ സ്വയം തീരുമാനിച്ചു. തുടർന്ന് റോക്കിനും പ്ലേഗ് പിടിപെട്ടു.
രോഗബാധിതനായതിനാല്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് റോക്ക് അടുത്തുള്ള വനത്തിലേക്ക് പോയി എന്നും, ആ വനത്തിലേക്ക് ഒരു നായ അദ്ദേഹത്തെ പിന്തുടർന്നു എന്നും പറയപ്പെടുന്നു. പിന്നീട് തീർത്തും വയ്യാതായ റോക്കിന് ഭക്ഷണം കണ്ടെത്തി കൊണ്ടു വന്നിരുന്നതും, റോക്കിൻ്റെ വൃണങ്ങള്‍ നക്കി വൃത്തിയാക്കി പരിചരിച്ചതും ആ പട്ടി ആയിരുന്നു. കത്തോലികസഭയുടെ പഠനമനുസരിച്ച്, റോക്കിൻ്റെ പ്രവർത്തനങ്ങളിലും വിശ്വാസത്തിലും സംപ്രീതനായ ദൈവം റോക്കിനെ സുഖപ്പെടുത്തി. ആ പട്ടിയെ ദൈവം തൻ്റെ സഹായത്തിനായി അയച്ചതായി റോക്ക് കരുതി കൂടെ കൂട്ടി.
പിന്നീട് റോക്കിൻ്റെ പ്രാർത്ഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും അത്ഭുതകരമായ രീതിയിൽ നിരവധി രോഗികൾ സുഖം പ്രാപിച്ചു. തുടര്‍ന്ന് മോണ്ട്പെല്ലിയറില്‍ തിരിച്ചെത്തിയ റോക്ക് കുറെ നാൾ ചാരനെന്ന് തെട്ടിദ്ധരിക്കപ്പെട്ട് ജയിൽ അടക്കപ്പെട്ടു. പിന്നീട് പുറത്തിറങ്ങി ആശ്രമ ജീവിതം നയിച്ചു. ആ പട്ടിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്രെ.
കത്തോലികസഭയിൽ എല്ലാ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകമായി മദ്ധ്യസ്ഥന്മാരുണ്ട്. ഓരോ കാര്യങ്ങൾക്കും ഈ പ്രസ്തുത മദ്ധ്യസ്ഥന്മാരോട് പ്രാർത്ഥിക്കാം. ഈ റോക്ക് പുണ്യാളനെ രോഗികളുടെയും മാറാവ്യാധികളൂടേയും മദ്ധ്യസ്ഥനായിട്ടാണ് പ്രധാനമായിട്ട് കാണുന്നത്. ഒപ്പം തന്നെ വളർത്തുനായക്കളുടെ മദ്ധ്യസ്ഥനായിട്ടും വിശുദ്ധ റോക്കിനെ കണ്ടു വരുന്നു.
‘എന്താടാ സജി‘യുടെ ടൈറ്റിലിൽ ഇനിയൊന്ന് നോക്കൂ... അതാ വള്ളിയിൽ വി. റോക്കിൻ്റെ ആ പട്ടി. റോക്കിൻ്റെ വടിയിൽ ഉള്ള ആ തുണിസഞ്ചി അതാ പട്ടിക്ക് താഴെയായി കെട്ടിവച്ചിരിക്കുന്നു. ആ വള്ളിയെ പുണ്യാളൻ റോക്കിൻ്റെ വടിയായി കാണാം. ആദ്യം ഇറങ്ങിയ ടൈറ്റിലിൽ ‘സ‘യിൽ റബർ മരം വെട്ടി വച്ചിരിക്കുന്നത് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ടീസറിലെ ടൈറ്റിലിൽ ഒരു കുപ്പി ആക്കിയിട്ടുണ്ട്. അക്കഥ സിനിമ കണ്ട് തന്നെ അറിയേണ്ടീയിരിക്കുന്നു. പിന്നെ വിശുദ്ധൻ്റെ പ്രഭയെ സൂചിപ്പിക്കുന്ന കുറെ വരകളും കാണാം ടൈറ്റിലിൽ. പിന്നെ ടൈറ്റിൽ ‘എന്താടാ സജി‘ എന്നത്, പുണ്യാളൻ നായികയെ വിളിക്കുന്നതോ, ചോദിക്കുന്നതോ ആവാം. കാരണം ഇവിടെ ‘സജി‘ എന്നത് നായിക കഥാപാത്രമായ ‘സജിമോൾ‘ എന്നതാണ് സൂചിപ്പിക്കുന്നത് എന്ന് നാന സിനിമ മാസികയിൽ വായിക്കുകയുണ്ടായി.
ഇനി ആ ടീസറിലെ പള്ളിയിൽ നോക്കിയാൽ അവിടെ ഒരു സൈഡിലെ രൂപക്കൂട്ടിൽ ഇരിക്കുന്നതും ഇതേ റോക്ക് പുണ്യാളൻ തന്നെ ആണ്. ‘പ്രാഞ്ചിയേട്ടൻ & ദി സെയിൻ്റ്‘നെ അനുസ്മരിപ്പിക്കും വിധം പള്ളിയിൽ പ്രാർത്ഥിക്കാൻ വന്ന നായികക്ക് പ്രത്യക്ഷപ്പെടുന്ന റോക്ക് പുണ്യാളൻ എന്നതാവും ഈ ചിത്രത്തിലെ പ്രധാന കോൺസപ്റ്റ് എന്ന് കരുതുന്നു. ആ പള്ളിക്ക് നടുവിലായി പ്രാർത്ഥനകളും മറ്റും എഴുതി ഇടാനായിട്ട് ഒരു ഗ്ലാസ് ബോക്സ് വച്ചിരിക്കുന്നതും കാണാം. അപ്പോൾ നായിക തൻ്റെ ആരുടെയോ, ഒരുപക്ഷെ നായകൻ ജയസൂര്യയുടെ എന്തോ മാറാരോഗത്തെ മാറിക്കിട്ടുന്നതിനായി പ്രാർത്ഥിക്കാനും, കുറിപ്പെഴുതി ഇടാനും വന്നതാവാം...!! അവിടെ നിന്നാവാം ബാക്കി കഥ ചുരുളഴിയുക. കഥ കൂടുതൽ അറിയാൻ ഇനി ട്രയിലറും പിന്നെ സിനിമ തന്നെയും വരാൻ കാത്തിരിക്കാം. ഇതിനോടകം പുറത്തു വന്ന ‘നീഹാരം‘ എന്ന് തുടങ്ങുന്ന ഗാനത്തിലെ ഒരു സീനിൽ നായികയുടെ മേശപ്പുറത്തും കാണാം റോക്ക് പുണ്യാളൻ്റെ ഒരു ചെറു രൂപം.
കേരളത്തിലും വിശുദ്ധ റോക്കിൻ്റെ നാമധേയത്തിലുള്ള മൂന്നോ - നാലോ പള്ളികൾ ഉണ്ട്. എർണാകുളം കാലടി ഭാഗത്തും കോട്ടയം അരീക്കരയിലും ഒക്കെ ഉള്ളതായി അറിവുണ്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...!! ‘എന്താടാ സജീ...!‘
© m3dbcafe | © Josemon Vazhayil