ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി.

Info

ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനത്തിനാണ് അപൂർവ സംഗമത്തിൻ്റെ കൗതുകം പങ്കുവെയ്ക്കാൻ ഉള്ളത്. അച്ഛനും അമ്മയും ഒരേയൊരു മകളും ഒരു ചലച്ചിത്രഗാനത്തിന് വേണ്ടി ഒന്നിക്കുന്നു. ഡോ. സ്മിത എം പിഷാരടി എഴുതിയ വരികൾ സ്വരപ്പെടുത്തിയിരിക്കുന്നത് ഭർത്താവ് ജയ് ആണ്. ഇവരുടെ ഏകമകൾ, പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന ഹർഷിതയാണ് ചിത്രത്തിലെ നായിക.

മുത്തശ്ശനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രത്തിലെ 'കാലങ്ങളേറെ കടന്നുവോ...' എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഖിൽ മാത്യൂ ആണ്.

Kaalangalere | Nombarakoodu | Video Song | Nikhil Mathew | Dr Smitha Pisharody | Jay | Joshy Mathew

 

രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാസംഗീതരംഗത്തുള്ള ജയ്‌ ഫോര്‍ട്ട്‌ കൊച്ചി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി തുടക്കം കുറിച്ചത്. ഒരുപിടി ചിത്രങ്ങൾക്ക് ഗാനങ്ങളും പശ്ചത്തല സംഗീതവും ഒരുക്കിയ അദ്ദേഹത്തിന് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഫ്രോഗ് എന്ന ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് 2012ല്‍ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഡോ. സ്മിതയാവട്ടെ കർണ്ണാടക സംഗീതത്തിൽ ഗവേഷണബിരുദമുള്ള സംഗീതജ്ഞയും സംഗീത സംബന്ധമായ ഒരു പുസ്തകത്തിൻ്റെ രചയിതാവുമാണ്. സംഗീതത്തിനോടെന്നപോലെ എഴുത്തിനോടും ആഭിമുഖ്യം പുലർത്തുന്ന ആളാണ് ഡോ. സ്മിത. കേരളത്തില്‍ നിന്നും വനിതാ ഗാനരചയിതാവെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട IPRS (The Indian Performing Right Society Limited) അംഗവുമാണ് സ്മിത.

ഈ ദമ്പതികൾ ആദ്യമായിട്ടല്ല ചലച്ചിത്രഗാനത്തിന് വേണ്ടി ഒന്നിക്കുന്നത്. മുൻപ് സാൻവിച്ച് എന്ന ചിത്രത്തിന് വേണ്ടി പനിനീർ ചെമ്പകങ്ങൾ എന്ന ഗാനം ഇരുവരും ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട്.

ചെറുപ്പം മുതലേ അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന ഹർഷിത ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ജോഷി മാത്യുവിൻ്റെ നവയുഗ തിയറ്ററിൻ്റെ ഭാഗമാണ് 8 വർഷമായി ഹർഷിത.

Comment