'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ സനൽ ദേവൻ

Interviews

കാത്തിരിപ്പുകൾക്ക് ശേഷം 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ആദ്യചിത്രം റിലീസ് ചെയ്യുമ്പോൾ സംവിധായകൻ സനൽ ദേവന് ഓർക്കാൻ ഏറെയുണ്ട്. പ്ലസ്ടുവിന് പഠിക്കുമ്പോൾ തന്നെ തനിക്ക് സംവിധായകനാകണമെന്ന് വീട്ടിൽ പ്രഖ്യാപിച്ച ധീരനാണ് സനൽ. പ്രൊഫഷണൽ ബിരുദത്തിന് ശേഷം ഇഷ്ടമുള്ളതു പോലെ ചെയ്യാമെന്ന വീട്ടുകാരുടെ നിർദ്ദേശം പാലിച്ചുകൊണ്ടുള്ള പഠനകാലയളവിലും മനസിൽ അവിടവിടെയായി സിനിമ ചലിക്കുന്നുണ്ടായിരുന്നു. എൻജിനിയറിംഗ് ബിരുദശേഷം തന്റെ സ്വപ്‌നദേശത്ത്‌ സനലെത്തി. കുറേ ചിത്രങ്ങളിൽ അസിസ്റ്റന്റായി. അവിടെ നിന്ന് വില പിടിച്ച സൗഹൃദങ്ങൾ ലഭിച്ചു.  സിനിമ പാഷനായി കണ്ട ആ ചെറുപ്പക്കാരൻ ഇന്ന് സംവിധായകനാണ്.രസിക്കാൻ ഏറെ കാര്യങ്ങൾ തന്റെ ചിത്രത്തിലുണ്ടെന്ന് സനൽ ഉറപ്പ് തരുന്നു.  ''തീർച്ചയായും നിരാശ തോന്നുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. ആ സമയത്തും അടുത്തത് എന്താണ് എന്ന് ആലോചിക്കാനാണ് മനസ് പറഞ്ഞത്. വീട്ടുകാരാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും അടുത്തത് അടുത്തത് എന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ മുന്നോട്ട് തന്നെ പോയി.'' സനൽ ദേവൻ സംസാരിക്കുന്നു.

'കുഞ്ഞമ്മണീസ് ഹോസ്പിറ്റലി'ൽ എത്ര പ്രതീക്ഷയുണ്ട്?

ഹൊറർ കോമഡി, ഫാമിലി, ഫാന്റസി അങ്ങനെ ഇതുവരെ ആരും പറയാത്ത ജോർണറിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമയാണ്. പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് ഒരു പോയിന്റിലെത്തുന്ന നരേഷനും കാര്യങ്ങളുമാണ്. ഓരോ കഥാപാത്രത്തെയും ഓരോ ട്രാക്ക് വച്ച് രസകരമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പ്രേക്ഷകരെ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ രസിപ്പിക്കുമെന്നാണ് വിശ്വാസം.  

ഈ സിനിമ എവിടെ വച്ചാണ് തുടങ്ങിയതെന്ന്  പറയാമോ?

ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളായ അഭയകുമാറിൽ നിന്നും അനിൽ കുര്യനിൽ നിന്നും തുടങ്ങണം ആ കഥ.  വർഷങ്ങളായി എനിക്ക് പരിചയമുള്ളവരാണ്‌. അവർ നേരത്തെ ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് ചിത്രങ്ങൾക്ക് കഥ എഴുതിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ തന്നെ പരിചയപ്പെട്ടവരാണ്. രണ്ടു പേരും സംവിധായകൻ രഞജിത്ത് ശങ്കറിന്റെ കോ ഡയറക്‌ടേഴ്‌സായിരുന്നു. അദ്ദേഹത്തിന്റെ 'മോളി ആന്റി റോക്ക്‌സ്' സിനിമയിലൂടെയായിരുന്നു എന്റെ കരിയറിന്റെ തുടക്കം. അതിനുശേഷം പല സബ്ജക്ടുകളും പ്ലാൻ ചെയ്തു. പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. കൊവിഡിന്റെ രണ്ടാം തരംഗസമയത്താണ് അനിലേട്ടൻ എന്നെ വിളിച്ച് ഈ സിനിമ ചെയ്യാമോ  എന്ന് തിരക്കിയത്. കഥ കേട്ടപ്പോൾ തന്നെ ആ സബ്ജക്ട് എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചു. തുടർന്നുള്ള യാത്രയെല്ലാം അവരുടെ കെയറോഫിലായിരുന്നു. വളരെ പെട്ടെന്ന് രൂപപ്പെട്ട പ്രൊജക്ടാണ്.

ആ അടുപ്പം സിനിമയിലും പ്രതിഫലിച്ചു എന്നു കരുതാം അല്ലേ?

തീർച്ചയായും. സിനിമയുടെ ഔട്ട് നന്നാവാൻ എന്തു കഷ്ടപ്പാടിനും ഞങ്ങൾ തയ്യാറായിരുന്നു. അതിനു വേണ്ടി ആരോഗ്യപരമായ എല്ലാ തല്ലുകൂടലും നടത്തിയിട്ടുണ്ട്. അതെല്ലാം പിന്നീട് വന്നപ്പോൾ സിനിമയ്ക്ക് ഗുണമായി എന്നു തന്നെ പറയാം. ഞങ്ങൾ മൂന്നുപേർക്കും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പമാണ്. ഇപ്പോൾ അനിലേട്ടൻ ഒരു കാര്യം പറഞ്ഞു, അഭയേട്ടൻ ഒരു കാര്യം പറഞ്ഞു, ഞാൻ ഒരു കാര്യം പറഞ്ഞു. മൂന്നുപേർക്കും അവരുടെ പോയിന്റുകൾ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയും. അതുകൊണ്ട്  തന്നെ ഈ പ്രൊജക്ടുമായുളള മുന്നോട്ടുള്ള യാത്ര തന്നെ എളുപ്പമായിരുന്നു.

ഇന്ദ്രജിത്തും നൈലയിലേക്കും എത്തിയതങ്ങനെ?

തിരക്കഥ പൂർത്തിയായശേഷമാണ് ഓരോ കഥാപാത്രങ്ങൾക്കും യോജിച്ചതെന്ന് തോന്നുന്ന അഭിനേതാക്കളെ കണ്ടെത്തിയത്. ബാബുരാജേട്ടന്റെ കാള വർക്കി എന്നൊരു കഥാപാത്രം ഉണ്ട്്. പുള്ളിയുടെ ഹ്യൂമർ അസ്സലായി മാച്ച് ചെയ്യുന്ന റോളാണത്. ഫസ്റ്റ് ചോയ്‌സ് തന്നെ ബാബുവേട്ടനായിരുന്നു. മറ്റാരും തന്നെ മനസിലുണ്ടായിരുന്നില്ല. ഇന്ദ്രേട്ടൻ കുറച്ചു കാലമായി ചെയ്യാത്ത തരത്തിലുള്ള ഹ്യൂമർ എലമെന്റുള്ള കഥാപാത്രമാണ് ഇതിലേത്. ഇന്ദ്രേട്ടൻ, നൈല എന്നിവരെല്ലാം ഫ്രെയിമിൽ നിൽക്കുമ്പോൾ തന്നെ ആ റേഞ്ച് നമുക്ക് ബോദ്ധ്യമാകും. അവരോട് പ്രത്യേകിച്ചൊന്നും പറയേണ്ട. എന്താണ് വേണ്ടത് അതു തന്നെ കൃത്യമായ നമുക്ക് കിട്ടും. അവരുടെ കഴിവും എക്‌സ്പീരിയൻസുമെല്ലാം ഒരു ഘടകമാണ്.  

മല്ലികാസുകുമാരനും ഇന്ദ്രജിത്തും ഒന്നിച്ചു വരുന്ന സന്ദർഭങ്ങളുണ്ടോ സിനിമയിൽ?

അവരുടെ കോംബിനേഷൻ സീനുകൾ സിനിമയിലുണ്ട്. അതു തന്നെ വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. മല്ലിക ചേച്ചിയെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല. അവരോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നത് തന്നെ അറിയില്ല. അത്രയും വൈബാണ്. നമുക്ക് എന്തു ടെൻഷനുണ്ടെങ്കിലും പത്തുമിനുറ്റ്  ചേച്ചിയോട് സംസാരിച്ചാൽ മാത്രം മതി.  ഓരോ വിഷയങ്ങളും രസകരമായാണ്  അവർ അവതരിപ്പിക്കുന്നത്. വളരെ പോസിറ്റീവായ ആളാണ്. അത്ര ഹ്യൂമറുമാണ്. ഏതു പ്രായക്കാരോടും ചേർന്നു പോകാനുള്ള കഴിവുണ്ട്.

സിനിമ പണ്ടേയുള്ള മോഹമായിരുന്നോ?

ചെറുപ്പത്തിൽ തന്നെ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണുമായിരുന്നു. സിനിമ അത്ര ഇഷ്ടമായിരുന്നു. കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് സംവിധാനം എന്ന മോഹമുണ്ടായതും പാഷനായതും. പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ ഡയറക്ടർ ആകാനാണ് താത്പര്യമെന്ന് വീട്ടിൽ നയം വ്യക്തമാക്കിയിരുന്നു ഞാൻ. പ്രൊഫഷണൽ ബിരുദമെടുത്തശേഷം ഇഷ്ടമുള്ള വഴിയിൽ പോകാമെന്ന് മറുപടി കിട്ടി. അങ്ങനെ എൻജിനിയറിംഗ് കഴിഞ്ഞു. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയുടെ കൂടെയായിരുന്നു ആദ്യം. പിന്നെ രഞ്ജിത്ത് ശങ്കറിന്റെ 'മോളി ആന്റി റോക്ക്‌സി'ൽ അസിസ്റ്റന്റായി. അതിനുശേഷം ദൈവാനുഗ്രഹമെന്നോണം ഇവിടെ എത്തി നിൽക്കുന്നു.

സിനിമ അനിശ്ചിതത്വത്തിന്റെ യാത്ര കൂടിയാണല്ലോ. കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടോ?

ഉറപ്പായും. ഒരു പാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ സിനിമയിൽ അസിസ്റ്റന്റായി വരാനൊക്കെ കുറച്ചു കൂടെ എളുപ്പമാണ്. പരിചയം വഴിയൊക്കെ അവസരങ്ങൾ ലഭിച്ചേക്കും. പക്ഷേ, അവിടെ നിന്നുള്ള വളർച്ച നമ്മൾ എത്ര കഠിനാദ്ധ്വാനം ചെയ്യുന്നു, എത്രത്തോളം സിനിമയെ സ്‌നേഹിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. നമ്മൾ ഗൗരവത്തോടെയാണ് സിനിമയെ കാണുന്നതെങ്കിൽ അതല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ആ റിസൽട്ട് ഉറപ്പായും നിങ്ങളുടെ സ്വപ്‌നങ്ങളെ സഫലമാക്കും. സംവിധായകരാകണമെന്ന പാഷനോടെ നടക്കുന്നവർ ആർട്ടിസ്റ്റുകളാകാൻ ആഗ്രഹിക്കുന്നവരേക്കാൾ ഇവിടെയുണ്ട്. അതിൽ എന്നേക്കാൾ കഴിവുള്ളവരുമുണ്ടാകും. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ അവിടെ നിന്ന് ഒരു സിനിമ ചെയ്തെടുക്കാൻ സാധിച്ചു എന്നതിൽ സന്തോഷമുണ്ട്.

ഒറ്റപ്പാലം ഒരു കാലത്ത് സിനിമയുടെ ശ്വാസം തന്നെയായിരുന്നു. അവിടാണല്ലോ നാടും. അതൊരു സ്വാധീനമാണോ?

ഒറ്റപ്പാലം എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. ഞാൻ ആദ്യമായി ഷൂട്ടിംഗ് കാണുന്നത് നാട്ടിൽ വച്ചാണ്. 'പഞ്ചപാണ്ഡവർ' എന്ന സിനിമ. വിജയരാഘവൻ ചേട്ടനും കലാഭവൻ മണി ചേട്ടനുമൊക്കെയുണ്ടായിരുന്നു. ആദ്യമായി കിട്ടിയ ഓട്ടോഗ്രാഫ് മണിച്ചേട്ടന്റേതാണ്. അന്നും സിനിമ ഇഷ്ടമാണ്, ഷൂട്ടിംഗ് കാണാൻ ഇഷ്ടമാണ്. എന്നാൽ എന്നെങ്കിലും സിനിമയിൽ എത്തുമെന്നോ നമ്മുടെ പാഷനായി അത് മാറുമെന്നോ അങ്ങനെയുള്ള ചിന്തകളില്ല. പിന്നീട് ഈ സിനിമ ടി.വിയിൽ കാണുമ്പോഴൊക്കെ അന്ന് ഷൂട്ടിംഗ് കണ്ടതൊക്കെ ഓർക്കും. അടുത്തിരിക്കുന്നവരോടൊക്കെ ഈ ഷൂട്ട് നടക്കുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നെന്ന് പറയും. വർഷങ്ങൾ എത്ര കടന്നു പോയി. ഇന്നും ആ സിനിമ കാണുമ്പോൾ അന്നവിടെ നിൽക്കുമ്പോഴുള്ള അതേ ഫീലിംഗ് ആണ്. ആറാംതമ്പുരാൻ, ആകാശഗംഗ സിനിമകൾ ചിത്രീകരിച്ചതും വീടിനടുത്തായിരുന്നു.

സിനിമയ്ക്ക് പിന്നാലെയുള്ള യാത്രയിൽ ഒരു ദിവസം വരുമെന്ന് കഠിനമായി പ്രതീക്ഷിച്ചിരുന്നു അല്ലേ?

ഉറപ്പായും. സിനിമ മനസിൽ കയറിക്കൂടിയ കാലം മുതൽ സംവിധാനമായിരുന്നു മനസിലെന്ന് നേരത്തെ പറഞ്ഞല്ലോ. അസിസ്റ്റന്റ് ഡയറക്ടറായ സമയത്തും പ്രൊജക്ടുകൾ ചെയ്യാൻ നോക്കിയിട്ടുണ്ട്. രണ്ടുമൂന്ന് പ്രൊജക്ടുകൾ ആർട്ടിസ്റ്റുകളെല്ലാം റെഡിയായി ഇനി ഷൂട്ടിംഗ് തുടങ്ങിയാൽ മതി എന്ന പോയിന്റിലെത്തി മാറി പോയിട്ടുണ്ട്. സിനിമ അങ്ങനെയുമാണല്ലോ. ആ സമയത്ത് സ്വാഭാവികമായും  നമ്മൾ വിഷമിക്കും. എങ്കിൽപ്പോലും ഞാൻ എന്റെ സ്വപ്നത്തിൽ നിന്നും പുറകോട്ട് പോയിട്ടില്ല. കഠിനമായി പരിശ്രമിച്ചു മുന്നോട്ട് നടന്നു കൊണ്ടിരുന്നു.

sanal devan 1.jpg

സനലും ഭാര്യ സരയുവും

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെടാതെ പോസിറ്റീവായി നിന്നത്‌  എങ്ങനെയാണ്?

മോശം സാഹചര്യങ്ങൾ വരുമ്പോഴും ഇനി അടുത്തതെന്താണ് എന്നാണ് ആലോചിക്കാൻ നോക്കിയിട്ടുള്ളത്. അത് എന്റെ മാത്രം മിടുക്കല്ല. ഏത് സാഹചര്യത്തിലും അമ്മ രാജശ്രീയും ഭാര്യ സരയുവും കരുത്തായി കൂടെയുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ സപ്പോർട്ട്. എന്തു വന്നാലും അടുത്തതിലേക്ക് പോകുക എന്ന അവരുടെ നിലപാട്  എനിക്ക് പ്രതീക്ഷ തന്നു. കുടുംബത്തിന് പുറത്ത് അതേ പോലെ അഭയേട്ടനും അനിലേട്ടനും കൂടെ തന്നെ നിന്നു. ഇതല്ലെങ്കിൽ അടുത്തത് പിടിക്കാമെന്ന അവരുടെ സപ്പോർട്ട് വളരെ വലുതായിരുന്നു. നമ്മൾ അതു കേൾക്കുമ്പോൾ കുറച്ചുകൂടെ കൂളാകും. ഈ പ്രൊജക്ടിനെ കുറിച്ച്  എന്നോട് പറഞ്ഞതും ഈ സുഹൃത്തുക്കളാണ്. കൂടെ തന്നെ ഉള്ളതിനാൽ അവരുടെ പ്രൊജക്ടുകളെ കുറിച്ച്   എനിക്കും അറിയാമായിരുന്നു. ഒരു കഥയുടെ ത്രെഡുണ്ടാകുന്നതും അതു സിനിമയിലേക്ക് വളരുന്നതുമൊക്കെ നമ്മളിങ്ങനെ കൂടെ നിന്ന് അറിയുന്നതാണ്. അവർ കഥയെഴുതിയ 'ചതുർമുഖ'മാണെങ്കിലും 'പ്രിയൻ ഓട്ടത്തിലാ' ണെങ്കിലും ആദ്യ ഡിസ്‌കഷൻ മുതൽ ഞാനുണ്ട്. ഈ സിനിമയുടെ പ്രൊഡക്ഷൻ സൈഡാണെങ്കിലും ആർട്ടിസ്റ്റുകളെ കൊണ്ടു വരാനാണെങ്കിലും പ്രയത്നിച്ചത് ഇവർ രണ്ടുപേരാണ്. നമ്മളേക്കാൾ കൂടുതൽ കഠിനാദ്ധ്വാനം ചെയ്തതും അവരാണ്. ഫാമിലി കഴിഞ്ഞാൽ ഞാൻ ഡയറക്ടറാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച സുഹൃത്തുക്കളാണവർ. ഇൻഡസ്ട്രിയിൽ അങ്ങനെ ഒരു സപ്പോർട്ട് കിട്ടുക എന്നു പറഞ്ഞാൽ വളരെ അപൂർവമാണ്.

'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്നു കേൾക്കുമ്പോൾ ഇതെന്താ സംഭവമെന്ന് തോന്നുന്നില്ലേ...

പ്രൊജക്ട്‌  പറയുന്നതിന് മുമ്പ് ഇവർ എന്റടുത്ത് പറഞ്ഞത് ഈ ടൈറ്റിൽ ആണ്. സിനിമയും ടൈറ്റിലും തമ്മിൽ ഒരു ബന്ധമുണ്ട്.  അത് എനിക്ക് നന്നായി കാച്ച് ചെയ്തു. സിനിമ കാണുമ്പോൾ അത് മനസിലാകും. കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ എന്ന ടൈറ്റിലും പടത്തിന്റെ ജോർണറും ഒരൽപ്പം വ്യത്യസതമാണ്. ട്രെയ്ലർ കാണുമ്പോൾ ആ ടൈറ്റിൽ ഓകെയാണെന്ന് കുറേ പേർ പറഞ്ഞു.

സരയുവും സിനിമയിലുണ്ടല്ലോ?

സിനിമയുടെ ആദ്യ ചർച്ചയിൽ തന്നെ സരയു ഈ വേഷം ചെയ്താൽ നന്നായിരിക്കുമെന്ന ആലോചന വന്നിരുന്നു. അങ്ങനെയാണ് സരയു ഈ സിനിമയിൽ നല്ലൊരു വേഷം ചെയ്തത്. ഇനി സരയു അഭിനയിച്ചില്ലെങ്കിൽ പോലും ഈ പ്രൊജക്ടിന്റെ ഭാഗമായിരിക്കും. എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം ചർച്ച ചെയ്യാറുണ്ട്.

Kunjamminis Hospital - Official Trailer | Indrajith Sukumaran Nyla Usha | Sanal Devan | WOW Cinemas

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment